'വീട് വിട്ടാല്‍ മറ്റൊരു വീട്', വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി ഹോംസ്‌റ്റേകള്‍


വി.പി.ശ്രീലന്‍

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയാണ് ഹോംസ്റ്റേകള്‍. കടല്‍കടന്നുവന്ന ഊഷ്മളമായ സൗഹൃദത്തിന്റെ കഥകള്‍ എത്രവേണമെങ്കിലും ഇവിടെനിന്ന് കേള്‍ക്കാം...

Home Stays Kerala
ധികമാരും കേള്‍ക്കാത്ത, സൗഹൃദത്തിന്റെ പുതിയ വര്‍ത്തമാനങ്ങളാണ് കൊച്ചിയിലെ ഹോംസ്റ്റേകളില്‍നിന്ന് കേള്‍ക്കുന്നത്. കടല്‍കടന്നുവന്ന ഊഷ്മളമായ സൗഹൃദത്തിന്റെ കഥകള്‍ എത്രവേണമെങ്കിലും ഇവിടെ കേള്‍ക്കാം. സ്നേഹവും സാഹോദര്യവും പ്രണയവുമൊക്കെ ഇഴചേരുന്ന കഥകള്‍. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയാണ് ഹോംസ്റ്റേകള്‍. വീടിന്റെ ഒന്നോ, രണ്ടോ മുറികള്‍ അതിഥികള്‍ക്ക് താമസിക്കാന്‍ വിട്ടുകൊടുക്കുന്നവര്‍ക്ക് ഇത് വരുമാനം ലഭിക്കുന്ന ഒരു ബിസിനസ് മാത്രമല്ല, ഹൃദയഹാരിയായ അനുഭവംകൂടിയാണ്. ഹോംസ്റ്റേ സംരംഭകര്‍ക്ക്, അതിഥികള്‍ മനോഹരമായ പൂക്കളംപോലെയാണ്. ആ പൂക്കളുടെ സാമീപ്യം അവര്‍ ആഘോഷമാക്കുകയാണ്.

കൊച്ചിയിലെ ഹോംസ്റ്റേകളെക്കുറിച്ച് സഞ്ചാരികള്‍ക്ക് കേട്ടറിവ് മാത്രമാണുണ്ടാകുക. പരിചയമില്ലാത്ത വീടുകളിലേക്കും സാഹചര്യങ്ങളിലേക്കും അല്‍പ്പം സങ്കോചത്തോടെ വരുന്ന സഞ്ചാരി, പിന്നീട് അവരുടെ സുഹൃത്തായി മാറുന്നു. അതിഥിക്ക് മനസ്സിനിഷ്ടമുള്ള സാഹചര്യമൊരുക്കുന്നത് ഒരു ചുമതലയായി വീട്ടുകാര്‍ ഏറ്റെടുക്കുന്നു. വൃത്തിയുള്ള മുറിയുണ്ടാകും. വായിക്കാന്‍ സൗകര്യം, ഇഷ്ടമുള്ള ഭക്ഷണം, സ്നേഹമുള്ള പെരുമാറ്റം ഇതെല്ലാമാകുമ്പോള്‍ സഞ്ചാരിയുടെ മനം നിറയുകയാണ്.

അതൊരു സന്തോഷമല്ലേ...

'ഇതൊരു ബിസിനസാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, അതിനേക്കാള്‍ വലുത് ഇതില്‍നിന്ന് കിട്ടുന്ന സന്തോഷമാണ്'-ഫോര്‍ട്ടുകൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന ജെയ്‌സണ്‍ മാത്യു പറയുന്നു. 'സീസണില്‍ മാത്രമേ അതിഥികളുണ്ടാകൂ. അതുകൊണ്ട് എല്ലാ സമയത്തും ചെയ്യാവുന്ന ബിസിനസല്ല ഇത്. മറ്റേതെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് അഡീഷണല്‍ വരുമാനം എന്ന രീതിയില്‍ ഇത് ചെയ്യാമെന്നുമാത്രം'-ജെയ്‌സണ്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷമായി ജെയ്‌സണ്‍ ഹോംസ്റ്റേ നടത്തുകയാണ്. നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന ജെയ്‌സണ്‍, ഇപ്പോള്‍ കരാര്‍ സ്ഥാപനവും നടത്തുന്നുണ്ട്.

ഓഫ് സീസണിലും അതിഥികള്‍...

'ഞങ്ങള്‍ക്ക് സീസണൊന്നും പ്രശ്നമല്ല. ഏത് സമയത്തും അതിഥികളുണ്ട്. ഒരിക്കല്‍ വന്നവര്‍ വീണ്ടും വരുന്നു'. പള്ളുരുത്തിയില്‍ ഹോംസ്റ്റേ നടത്തുന്ന ബെയ്‌സില്‍ മൈലന്തറ പറയുന്നു. ഭാര്യ ആനിയും അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. ഗ്ലാക്സോ കമ്പനിയില്‍ ഡിവിഷന്‍ മാനേജരായിരിക്കെ ജോലിവിട്ടാണ് ബെയ്‌സില്‍ വീട്ടില്‍ ഹോംസ്റ്റേ തുടങ്ങിയത്. പൊതുപ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. ഒരിക്കല്‍ ന്യൂസിലന്‍ഡില്‍ നിന്നൊരു സഞ്ചാരി വന്നു. ഹോംസ്റ്റേയിലെ താമസം മാത്രമല്ല, ബെയ്‌സിലിന്റെ പെരുമാറ്റവും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അദ്ദേഹം പുതുതായി തുടങ്ങിയ കമ്പനിയില്‍ ബെയ്‌സിലിനെ പാര്‍ട്ണറാക്കി. ബെയ്‌സില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായി. എല്ലാ വര്‍ഷവും ന്യൂസിലന്‍ഡിലെ സുഹൃത്ത് ബെയ്‌സിലിന്റെ വീട്ടിലെത്തും. ആ ബന്ധം ഇപ്പോഴും തുടരുന്നു. സാങ്കേതികകാരണങ്ങളാല്‍ കമ്പനിയിലെ പാര്‍ട്ണര്‍ഷിപ്പില്‍നിന്ന് ബെയ്‌സില്‍ പിന്നീട് പിന്മാറി. പക്ഷേ, സായ്പ് ഇപ്പോഴും ബെയ്‌സിലിനെ തേടിവരുന്നു. 'അതൊരു വിശ്വാസമാണ്'-ബെയ്‌സില്‍ പറയുന്നു. സീസണ്‍ മാറുമ്പോള്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ വരുമെന്നും അതുകൊണ്ട് ബിസിനസ് നല്ലരീതിയില്‍ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഊഷ്മളമായ ബന്ധങ്ങള്‍

ഹോളണ്ടുകാരന്‍ കെന്‍ എല്ലാ വര്‍ഷവും ഫോര്‍ട്ടുകൊച്ചിയില്‍ വരും. കൊച്ചിയിലേക്ക് വരുമ്പോള്‍ ഭാര്യ ഡോക്ടര്‍ യൂവാനും ഒപ്പമുണ്ടാകും. ഫോര്‍ട്ടുകൊച്ചിയില്‍ വന്നാല്‍ ആന്റണിയുടെ ഹോംസ്റ്റേയിലാണ് ഇവര്‍ താമസിക്കുക. കഴിഞ്ഞ 13 വര്‍ഷമായി ഇതിന് മാറ്റമില്ല. 'ഞങ്ങള്‍ ഇപ്പോള്‍ ഒരു കുടുംബംപോലെയാണ്. വീട്ടില്‍ താമസിക്കുന്നതിന് അവരോട് ഇപ്പോള്‍ പണം ആവശ്യപ്പെടാറില്ല. അവര്‍ വരുമ്പോള്‍ ഇവിടെയുണ്ടാക്കുന്ന ഭക്ഷണം കൊടുക്കും. രാത്രി അവരുടെ നാട്ടിലെ രീതിയിലുള്ള ഭക്ഷണം അടുക്കളയില്‍ക്കയറി അവര്‍തന്നെ ഉണ്ടാക്കും' -ആന്റണിയുടെ ഭാര്യ ഉഷ പറയുന്നു.

കെന്നും യുവാനുമൊക്കെ ഇപ്പോള്‍ ഇവര്‍ക്ക് കുടുംബാംഗങ്ങളെ പോലെയാണ്. ഇടയ്ക്ക് ആന്റണിയുടെ മകന്‍, ഹോളണ്ടിലേക്ക് പോകും. കെന്നാണ് കൊണ്ടുപോകുന്നത്. ഹോംസ്റ്റേയില്‍ താമസിക്കാനെത്തി ഒടുവില്‍ വിട്ടുപിരിയാനാവാത്ത വിധം അടുത്തവരുടെ കഥയാണിത്. ഊഷ്മളമായ സൗഹൃദത്തിന്റെ കഥകളാണ് അവര്‍ക്ക് പറയാനുള്ളത്. മകന്‍ സാമുവലിന് ഹോളണ്ടില്‍ ജോലികൊടുക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആന്റണിക്കും കുടുംബത്തിനും കൊടുക്കാന്‍ എന്തെങ്കിലും സമ്മാനവുമായാണ് കെന്‍ കൊച്ചിയിലേക്ക് എത്തുക. തിരിച്ചുപോകുമ്പോള്‍, കെന്നിനും ഭാര്യയ്ക്കും ആന്റണിയും സമ്മാനങ്ങള്‍ നല്‍കും. 'അതിഥികള്‍ക്കെല്ലാം ചെറിയ സമ്മാനങ്ങള്‍ ഞങ്ങള്‍ കൊടുക്കും. അതുമൊരു സന്തോഷം...'-ഉഷ പറയുന്നു. നാട്ടിലേക്ക് പോയശേഷം അവര്‍ അയയ്ക്കുന്ന മറുപടിസന്ദേശങ്ങള്‍ മറക്കാനാവാത്തതാണ്. അതാണ് അവരുടെ വിലപ്പെട്ട സമ്മാനം...

ഹോംസ്റ്റേകളെ പിഴിയരുതേ...

നമ്മുടെ സംസ്‌കാരം, ജീവിതരീതി ഇതൊക്കെ സഞ്ചാരികളിലേക്ക് കൈമാറുന്നത് ഹോംസ്റ്റകളിലൂടെയാണ് എന്നുവേണമെങ്കില്‍ പറയാം. ഹോട്ടലില്‍ താമസിക്കുന്ന സഞ്ചാരിക്ക് ഇതുപോലെ സംസ്‌കാരത്തെ അടുത്തറിയാനാവില്ല. അതുകൊണ്ട് വിനോദസഞ്ചാരമേഖലയില്‍ ഹോംസ്റ്റേകള്‍ക്കുള്ള ഉത്തരവാദിത്വം വലുതാണ്. പക്ഷേ, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഹോംസ്റ്റേകള്‍ക്ക് ഒരു സഹായവും കിട്ടുന്നില്ല. മാത്രമല്ല, പല കാര്യങ്ങള്‍ പറഞ്ഞ് ഹോംസ്റ്റേകളെ പിഴിയാനാണ് ശ്രമമെന്ന് സംരംഭകര്‍ പറയുന്നു. 'ഇപ്പോള്‍ സര്‍ക്കാര്‍ കുറച്ചൊക്കെ മാറി, എന്നാലും ചില പ്രശ്നങ്ങളുണ്ട്. അതുകൂടി പരിഹരിക്കണം'-ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എം.പി. ശിവദത്തന്‍ പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പാണിപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വീടിന്റെ ഒന്നോ, രണ്ടോ മുറികള്‍ ഹോംസ്റ്റേ ആയി ഉപയോഗിച്ചാല്‍ കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍പ്പെടുത്തി കൂടിയ നിരക്കില്‍ നികുതി ഈടാക്കുന്നതാണ് പ്രധാന പ്രശ്നം. ഇതനുസരിച്ച് വാട്ടര്‍ച്ചാര്‍ജ് കൂടും. വര്‍ഷത്തില്‍ മൂന്ന് മാസമാണ് സഞ്ചാരികള്‍ വരുന്നത്. അതിന്റെ പേരില്‍ നികുതി കൂട്ടും. പക്ഷേ, എല്ലാക്കാലവും കൂടിയ നിരക്കില്‍ നികുതി നല്‍കണം. ഇത് വലിയ പോരായ്മയാണ്. 'ഹോംസ്റ്റേകള്‍ക്ക് സഹായം നല്‍കിയില്ലെങ്കിലും ഇതുപോലെ നികുതി അടിച്ചേല്‍പ്പിച്ച് അവയെ കൊല്ലരുതെ'ന്ന് ഹോംസ്റ്റേ ഉടമ ജെയ്‌സണ്‍ പറയുന്നു.

സര്‍ക്കാര്‍ അംഗീകാരം പുലിവാല്‍

ഹോംസ്റ്റേ നടത്തിപ്പിന് സര്‍ക്കാര്‍ അംഗീകാരം വേണമെന്നാണ് ചട്ടം. ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ ഹോംസ്റ്റേകളെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഇതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ടൂറിസം വകുപ്പാണ്. ഇതിന് വലിയ ഫീസ് അടയ്ക്കണം. പിന്നീട് എല്ലാ വര്‍ഷവും അത് പുതുക്കണം. ഇങ്ങനെ ലൈസന്‍സ് കിട്ടിയ ഹോംസ്റ്റേകളെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ അംഗീകാരത്തിന് പിറകെപോകാന്‍ ഇപ്പോള്‍ ആരും കൂട്ടാക്കുന്നില്ല. നേരത്തെ ലൈസന്‍സ് നേടിയവര്‍തന്നെ പിന്നീട് വഴിമാറിപ്പോയി. കേരളത്തില്‍ 6000-ത്തോളം ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ അംഗീകാരമുള്ളത് 700-ല്‍ താഴെ മാത്രം.

അംഗീകാരമല്ല പ്രശ്നം, സഞ്ചാരികളോടുള്ള ഇടപെടലാണ്. സ്നേഹവും വിശ്വാസവും നിലനിര്‍ത്താന്‍കഴിഞ്ഞാല്‍ സഞ്ചാരി അന്വേഷിച്ചുവരും. ഇത് കൊച്ചിയിലെ സംരംഭകര്‍ക്കറിയാം. മൗത്ത് പബ്ലിസിറ്റിയിലൂടെ ബിസിനസ് വരുമെന്ന് അവര്‍ക്കുറപ്പുണ്ട്.

നികുതിഭാരം അടിച്ചേല്‍പ്പിക്കരുത്

ഹോംസ്റ്റേകള്‍ വിനോദസഞ്ചാരമേഖലയുടെ പ്രധാന ഘടകമായി മാറുകയാണ്. അവയെ വാണിജ്യ സ്ഥാപനങ്ങളായി കാണുകയും നികുതി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് സംരംഭകരെ നിരാശരാക്കുന്നുണ്ട്. വൈദ്യുതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ചില തീരുമാനങ്ങളെടുത്തതിനാല്‍ പരാതികള്‍ ഒഴിവായി. ഇനി വസ്തുക്കരം, വെള്ളക്കരം, തൊഴില്‍നികുതി തുടങ്ങിയവയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകണം. തൊഴിലാളികളുടെ വേതനം സംബന്ധിച്ച കാര്യങ്ങളിലും സംരംഭകര്‍ക്ക് പ്രശ്നങ്ങളുണ്ട്.

ഹോം എവേ ഫ്രം ഹോം

'വീടുവിട്ടാല്‍ മറ്റൊരു വീട്' ഇങ്ങനെ ഒരനുഭവമാണ് ഹോംസ്റ്റേകളില്‍ ലഭിക്കേണ്ടത്. സൗഹൃദംനിറഞ്ഞ അന്തരീക്ഷം, ഹൃദ്യമായ പെരുമാറ്റം, മായംചേരാത്ത ഭക്ഷണം, സമ്പന്നമായ ഇടവേളകള്‍, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കല്‍, ഗ്രാമസന്ദര്‍ശനം ഇതൊക്കയാണ് അതിഥികള്‍ക്കായി ഹോംസ്റ്റേ സംരംഭകര്‍ കരുതിവെയ്ക്കുന്നത്. നാടിന്റെ ജീവിതം അടുത്തറിയാനാണ് സഞ്ചാരി വരുന്നത്. അവര്‍ക്ക് നമ്മുടെ ജീവിതമാണ് അറിയേണ്ടത്. ഹോട്ടല്‍മുറികളില്‍ താമസിച്ചാല്‍ അതിന് കഴിഞ്ഞെന്നുവരില്ല. അതാണ് സഞ്ചാരി ഹോംസ്റ്റേകളിലേക്ക് എത്തുന്നത്.

സഞ്ചാരിക്ക് ഇഷ്ടം നാടന്‍ ഭക്ഷണം

കൊച്ചി കാണാനെത്തുന്ന വിദേശസഞ്ചാരിക്ക് ഇഷ്ടം നാടന്‍ ഭക്ഷണമാണ്. വെള്ളയപ്പവും ദോശയും എരിവുകുറഞ്ഞ സാമ്പാറും ഓംലെറ്റുമൊക്കെ അവര്‍ കഴിക്കും. എരിവ് കൂടരുതെന്നുമാത്രം, ഒപ്പം കാപ്പിയുമാകാം. വീട്ടുകാര്‍ ഭക്ഷണം പാകംചെയ്യുന്നത് അവര്‍ക്ക് വലിയ കാഴ്ചയാണ്. പാചകം അവര്‍ കൗതുകത്തോടെ നോക്കിനില്‍ക്കും. അവരുടെ ഭക്ഷണം പാകംചെയ്യുന്നതിന് സൗകര്യം ലഭിച്ചാല്‍ അതും അവര്‍ക്ക് സന്തോഷം.

Content Highlights: Home stays in Kerala, KTDC, Kerala Tourism

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented