യാത്രകൾ ജീവിതത്തിന്റെ ഭാ​ഗമാക്കിയവർ നിരവധിയാണ് ഇക്കാലത്ത്. യാത്രകൾ എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമാക്കാനാണ് ഓരോരുത്തരം ശ്രമിക്കുന്നത്. അങ്ങനെയൊരു യാത്രയിലാണ് സുഹൃത്തുക്കളായ മൂന്നുപേർ. ഹിച്ച് ഹൈക്കിങ് നടത്തി ഇന്ത്യ മുഴുവൻ ചുറ്റി വരാനാണ് മൂവർസംഘത്തിന്റെ പരിപാടി. ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശികളായ അനന്തു വെഞ്ഞാറമ്മൂട്, ശ്രീലാൽ, സിസിടിവി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൃശ്ശൂർ സ്വദേശി  അമൽ ആന്റോ എന്നിവരാണവർ.

മലയാളികള്‍ക്കിടയില്‍, പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍, അടുത്തിടെ പ്രചാരത്തിലായ യാത്രാരീതിയാണ് ഹിച്ച്‌ഹൈക്കിങ്. തമ്പിങ്, ഹിച്ചിങ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. കിട്ടുന്ന വാഹനങ്ങളില്‍ കയറി ഉദ്ദേശിച്ച സ്ഥലത്തെത്തുകയെന്നതാണ് രീതി. അപരിചിതരായവരോടായാലും വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിക്കും. കിട്ടിയാല്‍ കയറും. പ്രത്യേകിച്ച് പദ്ധതിയൊന്നും തയ്യാറാക്കില്ല. കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് പതിവ്. വിദേശത്ത് പണ്ടുമുതലേ ഹിച്ച് ഹൈക്ക് ചെയ്യുന്നവരുണ്ട്. പരമാവധി ചിലവ് കുറവായിരിക്കുമെന്നതാണ് ഇതിന്റെ മേന്‍മ. അപരിചിതരായവരോടൊപ്പം യാത്ര ചെയ്യേണ്ടി വരുമ്പോഴുള്ള സുരക്ഷാപ്രശ്‌നങ്ങള്‍ ഇതിനുണ്ട്. യാത്രകള്‍ ചിലപ്പോള്‍ സുഖകരമായിരിക്കണമെന്നില്ല. പൊതുസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടി വരും. എന്നാല്‍ സാധാരണ യാത്രകളില്‍ നിന്ന് ലഭിക്കാത്ത വ്യത്യസ്തമായ അനുഭവങ്ങളാണ് ഹിച്ച് ഹൈക്കിന്റെ ത്രില്‍. അതുകൊണ്ടാണ് യുവാക്കളേറെ ഇതിലേക്ക് ആകൃഷ്ടരാകുന്നതും.

Ananthu and Friends

അനന്തുവിന്റെ മൂന്നാമത്തെ അഖിലേന്ത്യാ യാത്രയാണിത്. ആദ്യത്തെ യാത്ര കാറിനും രണ്ടാമത്തെ ബൈക്കിനും പോയി. മൂന്നാമത് ഇന്ത്യ മുഴുവൻ പോകണമെന്ന് കുറച്ചുനാളായുള്ള ആലോചനയായിരുന്നു. ഇന്ത്യയിലെ വിവിധ ​ഗ്രാമങ്ങളും അവിടത്തെ സംസ്കാരവും അടുത്തറിയുക എന്നതായിരുന്നു ലക്ഷ്യം. ഒരേ മേഖലയിൽത്തന്നെ ജോലി ചെയ്യുന്ന അമലിനോടാണ് യാത്രയേക്കുറിച്ച് ആദ്യം പറയുന്നത്. ശ്രീലാൽ ഈ കൂട്ടത്തിലേക്ക് പിന്നീട് വരികയാണുണ്ടായത്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള ആലോചനയായിരുന്നു ആദ്യം. പക്ഷേ ചർച്ച ചെയ്തുവന്നപ്പോൾ അത് വലുതായി. അങ്ങനെയാണ് ഹിച്ച് ഹൈക്കിങ്ങിലേക്ക് വരുന്നത്. പണത്തിന്റെ മാത്രമല്ല, ആ ഒരുനുഭവം എങ്ങനെയാണെന്നറിയണം. അതിന്റെ ബുദ്ധിമുട്ടുകളറിയണം. അങ്ങനെയാണാ യാത്ര തുടങ്ങിയത്.

Ananthu and Team 2

തയ്യാറെടുപ്പുകൾ ഒന്നമുണ്ടായിരുന്നില്ല എന്നതായിരുന്നു യാത്രയുടെ പ്രത്യേകത. ഇന്ന് നിൽക്കുന്ന സ്ഥലത്തുനിന്ന് അടുത്തത് എവിടേക്ക് പോകണമെന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ഇന്ന സ്ഥലത്ത് പോകണം, ഇത്രാം തിയതി ഈ സ്ഥലത്തെത്തണം എന്നുള്ള ആലോചനകളൊന്നുമില്ലായിരുന്നു. യാത്ര തുടങ്ങേണ്ട തീയതി ഉറപ്പിച്ച് അങ്ങോട്ട് ഇറങ്ങുകയാണ് ചെയ്തത്. പോകേണ്ട സ്ഥലമോ എന്ന്, എങ്ങനെ തിരിച്ചുവരുമെന്നും പ്ലാൻ ചെയ്തിട്ടില്ല. ഒക്ടോബർ 29-ന് തിരുവനന്തപുരത്തുനിന്നാണ് യാത്ര തുടങ്ങിയത്. തമ്പാനൂരു നിന്ന് ഒരു തമിഴ്നാട് രജിസ്ട്രേഷൻ ലോറി. അത് ബാലരാമപുരം വരെയുണ്ടായിരുന്നു. അവിടുന്ന് മൂന്ന് ബൈക്കുകളിലായി നെയ്യാറ്റിൻകരയെത്തി. മൂന്നുപേരും ഓരോ സമയത്താണ്  അവിടെയെത്തിയത്. എല്ലാവരും ഒരുമിച്ചുകണ്ടപ്പോഴേക്കും ഒന്നൊന്നര മണിക്കൂർ കഴിഞ്ഞിരുന്നു. ആ സമയത്ത് നല്ല മഴയായിരുന്നു. വണ്ടികളൊന്നും കിട്ടാതെയായി. ട്രെയിൻ ടിക്കറ്റ് എടുക്കാമെന്ന് വച്ചപ്പോൾ കൗണ്ടറിൽ ആരുമില്ല. അപ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ഓൺലൈനായി ചെയ്യാമെന്ന് വച്ചപ്പോൾ അവിടേയും ടിക്കറ്റില്ല. ശരിക്ക് പറഞ്ഞാൽ ടിക്കറ്റെടുക്കാതെയാണ് നാ​ഗർകോവിൽ വരെയെത്തിയത്.

  

കന്യാകുമാരിയായിരുന്നു അടുത്ത ലക്ഷ്യം. നാ​ഗർകോവിലെത്തിയപ്പോൾ ഒരുനേരമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ കണ്ട ഒരു ഓട്ടോ റിക്ഷാഡ്രൈവർ പറഞ്ഞു ഇനിയാ സമയത്ത് വാഹനങ്ങളൊന്നും കിട്ടില്ല. ഓട്ടോ വിളിച്ച് പോകേണ്ടിവരും എന്ന്. മൂന്നാൾക്കും കൂടി 500 രൂപയോളമാവും. ഹിച്ച് ഹൈക്കിങ് എന്നുപറഞ്ഞുവന്നിട്ട് ഇത്രയും കാശുകൊടുത്ത് ഓട്ടോയിൽ പോകുന്നതെന്തിനാ, നടക്കാമല്ലോ എന്നുവിചാരിച്ചു. ഏതുവഴിയാണ് പോകേണ്ടതെന്ന് ഓട്ടോക്കാരൻ വഴി കാട്ടിത്തന്നു. ആ വഴി നാലഞ്ച് കിലോ മീറ്റർ നടന്നു. വഴിയിൽ കണ്ട വേറെ ഒരാളോട് ഹൈവേയിലേക്കുള്ള വഴി ഏതാണെന്ന് ചോദിച്ചപ്പോൾ അയാൾ ഞങ്ങൾ വന്ന വഴിയേ തന്നെ തിരിച്ചുപോകണമെന്ന് പറഞ്ഞു. ഓട്ടോ വിളിക്കാത്തതുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ കണ്ട ഡ്രൈവർ ഞങ്ങളെ വഴി തെറ്റിക്കുകയായിരുന്നു. ഭക്ഷണം പാകം ചെയ്യാനുള്ള ​ഗ്യാസടക്കം പതിനെട്ട് കിലോയോളം ഞങ്ങളുടെ ചുമലിലുണ്ടായിരുന്നു. അതും പേറി തിരിച്ചു നടന്നു.

Ananthu and Friends 2

ബസ് സ്റ്റാൻഡ് കണ്ടുപിടിച്ച് അവിടെയെത്തിയപ്പോഴേക്കും പിന്നാലെ മഴയുമെത്തി. പുലർച്ചെ മൂന്ന് മണി വരെ സ്റ്റാൻഡിലിരുന്നു. ആ റൂട്ടിൽ ലോറികളൊക്കെ കുറവായിരുന്നു. അന്വേഷിച്ചപ്പോൾ ഒരു കന്യാകുമാരി ബസ് വരാനുണ്ടെന്നറിഞ്ഞു. അങ്ങനെ ആ ബസ് കിട്ടി കന്യാകുമാരി എത്തിയപ്പോഴേക്കും നല്ല മഴ.  കയ്യിലുണ്ടായിരുന്നതെല്ലാം നനഞ്ഞു. അലഞ്ഞുനടന്ന് ഒരു പള്ളിയുടെ അടുത്തെത്തി. അവിടെ കണ്ട ഒരു മലയാളിയോട് അതിനടുത്ത് ടെന്റടിച്ചോട്ടെ എന്ന് ചോദിച്ചു. കുഴപ്പമില്ല അടിച്ചോളാൻ പറഞ്ഞു. ടെന്റൊരുക്കി നാലുമണി വരെ കിടന്നു. അപ്പോഴുണ്ട് നേരത്തെ വന്നയാൾ വേറൊരാളെയും കൂട്ടി വരുന്നു. ഇവിടെ മോഷണം നടന്നതാണ് എത്രയും പെട്ടന്ന് ടെന്റ് അഴിക്കാൻ പറഞ്ഞു. ക്ഷീണിച്ചിരുന്നെങ്കിലും അതഴിച്ചുമാറ്റി. ടെന്റ് നനഞ്ഞുപോയതിനാൽ വേറെ ഒരു മുറിയെടുക്കേണ്ടി വന്നു. പിന്നെ അതൊക്കെ ഉണക്കിയ ശേഷം പിറ്റേന്നാണ് അവിടെ നിന്ന് വണ്ടി കയറി.

കന്യാകുമാരിയിൽ നിന്ന് നേരെ തോവാളയ്ക്കാണ് പോയത്. ആറുവണ്ടി കയറി അവിടെയെത്താൻ. പിന്നെ തിരുനെൽവേലി, ശിവകാശി വഴി മധുരയെത്തി. മധുരയിലെത്തിയപ്പോൾ ദീപാവലി ആയതിനാൽ അവിടെ ഹോട്ടലുകളൊന്നും ഒഴിവുണ്ടായിരുന്നില്ല. അങ്ങനെ അന്വേഷിച്ച് വീണ്ടും ഒരു പള്ളിക്ക് മുന്നിലെത്തി. താമസിച്ചോട്ടെ എന്നു പറഞ്ഞപ്പോൾ നിങ്ങൾ കേരളക്കാരാണ്, മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തരുന്നില്ല എന്നൊക്കെ രൂക്ഷമായി സംസാരിച്ചു. അവസാനം അയാൾ വാതിൽ ദേഷ്യപ്പെട്ട് വലിച്ചടച്ചു. അങ്ങനെ അപ്പുറത്തുണ്ടായിരുന്ന പെട്രോൾ പമ്പിൽ പോയി ടെന്റടിച്ചുകിടന്നു. പിറ്റേന്ന് യാത്ര തുടർന്നു. 

ആ യാത്രയിലാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ടുപേരെ പരിചയപ്പെട്ടത്. ഹൈവേയിൽ ഞങ്ങൾക്ക് സവാരി തന്ന തമിഴ്നാട്ടുകാരൻ മനോജേട്ടനാണ് ആദ്യത്തെയാൾ. കൈകാണിച്ച് വണ്ടി നിർത്തിച്ചപ്പോൾ ആൾക്ക് 400 രൂപവേണമെന്ന് പറഞ്ഞു. പക്ഷേ ഞങ്ങളുടെ യാത്രയുടെ ഉദ്ദേശമറിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ വണ്ടിയിൽ കയറ്റി, സ്വന്തം സഹോദരനേപ്പോലെ ആഹാരം വാങ്ങിത്തന്നു. ഞങ്ങൾക്കുവേണ്ടി 80 കിലോ മീറ്ററോളം യാത്ര ചെയ്ത് ഞങ്ങളെ ആന്ധ്രയുടെ അതിർത്തിയിൽ കൊണ്ടാക്കി. അതുവരെയുള്ള എല്ലാ ചിലവും മനോജേട്ടനാണ് വഹിച്ചത്. അവിടെ നിന്ന് ലോറിത്താവളത്തിലെത്തി ഒരാളെ പരിചയപ്പെട്ടു. രാത്രി ഒരുമണിയാവുമ്പോൾ വന്നാൽ മതി പോവാം എന്നു പറഞ്ഞു. പക്ഷേ ആ സമയത്ത് ഞങ്ങൾ ചെന്നപ്പോഴേക്കും അയാൾ ലോറിയുമായി പോയിരുന്നു. പിന്നെ അടുത്തുള്ള പെട്രോൾ പമ്പിനോടുചേർന്ന് ടെന്റുകെട്ടി താമസിച്ചു. രാവിലെ ആയപ്പോൾ ചുറ്റും പശുക്കളും നായ്ക്കളും. അവിടന്ന് നേരെ കാളഹസ്തി പോയി ടെന്റടിച്ചു. ക്ഷേത്രത്തിലൊക്കെ പോയി. പിന്നെ തിരുപ്പതി സൈഡ് പിടിച്ചു. ഇടയ്ക്ക് വിശാലമനസ്കരായ പലരും ലിഫ്റ്റും ഭക്ഷണവും തന്നു.

 

കടപ്പയായിരുന്നു അടുത്ത ലക്ഷ്യം. അവിടെയെത്തി ​ഗണ്ഡിക്കോട്ട എന്ന സ്ഥലത്ത് ടെന്റടിക്കാനായിരുന്നു പരിപാടി. തെലുങ്കറിയാത്തത് വെല്ലുവിളി തന്നെയായിരുന്നു. ‍ഞങ്ങൾ പറയുന്നത് അവർക്കോ അവർ പറയുന്നത് ഞങ്ങൾക്കോ മനസിലാവുന്നില്ല. എ.ടി.എം സംവിധാനം അങ്ങനെയില്ലാത്ത ഒരു കു​ഗ്രാമത്തിൽ നിന്ന് ബസിൽ കയറിയപ്പോൾ ടിക്കറ്റെടുക്കാൻ നേരം പണമില്ല. ഞങ്ങളെ മൂന്നുപേരെയും ഇറക്കിവിട്ടു. പൈസയൊക്കെ എടുത്ത് വന്ന വണ്ടിക്ക് കൈ കാട്ടി ജമാലുമഡുവു എന്ന സ്ഥലത്തേക്ക് യാത്രതിരിച്ചു. പക്ഷേ ഞങ്ങളെ ഇറക്കിയത് 35 കിലോമീറ്റർ അപ്പുറത്തായിരുന്നു. ഭാഷ അറിയാത്തതുകൊണ്ട് ഒന്നും നീങ്ങാത്ത അവസ്ഥ. അങ്ങനെ അവിടെ ഇറങ്ങി കിട്ടിയ വണ്ടിയിൽ യാത്ര തുടർന്നപ്പോൾ ഒരു ഫാദറിനെ കണ്ടു. അദ്ദേഹമാണ് ഞങ്ങളുടെ യാത്രയിൽ കണ്ട രണ്ടാമത്തെ നല്ല മനസിനുടമ. ജമാലുമഡുവിൽ നിന്ന് 16 കലോമീറ്റർ അകലെയാണ് ​ഗണ്ഡിക്കോട്ട. അദ്ദേഹം പറഞ്ഞു, രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ അവിടെ താമസിക്കുക, അല്ലെങ്കിൽ ഓട്ടോ വിളിച്ച് തരാം. അദ്ദേഹത്തോട് ഞങ്ങൾ യാത്രാ ലക്ഷ്യം പറഞ്ഞു. അത് കേട്ടതോടെ ഫാദർ പള്ളിയിൽ നിന്ന് രണ്ടുപേരെ ഏർപ്പാടാക്കി ​ഗണ്ഡിക്കോട്ടയെത്തിച്ചു. ടെന്റടിച്ച് തീരും വരെ ഞങ്ങൾക്കൊപ്പം നിന്നു. രാവിലെ വിളിക്കണമെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ അദ്ദേഹം ഞങ്ങളെ വിളിപ്പിച്ച് പ്രഭാത ഭക്ഷണം തന്നു. വിശ്രമിക്കാൻ സ്ഥലം തന്നു. ഉച്ചക്കും ഭക്ഷണം അവിടെ നിന്ന് തന്നെ.

Ananthu and team 1
ഫാദർക്കൊപ്പം യാത്രാസംഘം

ഇങ്ങനെയാണ് അനന്തുവിന്റേയും കൂട്ടരുടേയും ഇതുവരെയുള്ള ഹിച്ച് ഹൈക്ക് ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങൾ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തൊട്ടുകൊണ്ടുള്ള യാത്രയാണ്  ഈ മൂവർ സംഘത്തിന്റെ ഉദ്ദേശം. ഹൈദരാബാദ്, തെലങ്കാന, ഒറീസ, ബിഹാർ, ബം​ഗാൾ, ത്രിപുര, മേഘാലയ, നാ​ഗാലാൻഡ് കറങ്ങി അപ്പുറത്ത് രാജസ്ഥാൻ ​ഗുജറാത്ത്, ​ഗോവ, കർണാടക വഴി തിരിച്ചെത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പുതിയ ആളുകളെ കണ്ടു, നല്ല ബന്ധങ്ങൾ കിട്ടി, ഭാഷകൾ പരിചയപ്പെട്ടു എന്നിങ്ങനെ കഴിഞ്ഞ ഹിമാലയൻ യാത്രയേക്കാൾ എത്രയോ അധികം അനുഭവങ്ങൾ ഈ ഹിച്ച്ഹൈക്കിങ് നൽകിയെന്നാണ് അനന്തു പറയുന്നത്.

Content Highlights: Hitchhiking, Malayali hitchhikers, hitchhiking in India