പഞ്ചാബിലെ സുവർണക്ഷേത്രത്തിനു മുമ്പിൽ വൈശാഖും സുദീപും
മിക്കദിവസങ്ങളിലും മകനെ ഫോണില്‍ കിട്ടും. അവനെന്തു കഴിച്ചു എന്നറിഞ്ഞാലേ വീട്ടിലുണ്ടാക്കിയ ഭക്ഷണം ആ അമ്മയുടെ തൊണ്ടയില്‍നിന്ന് ഇറങ്ങൂ. ഒരു ദിവസം കാത്തുകാത്ത് വിളിവന്നത് രാത്രിയില്‍. എന്തു കഴിച്ചുവെന്ന ചോദ്യത്തിനു റസ്ക് എന്നായിരുന്നു മറുപടി. മകന്റെയും ബന്ധുവായ കുട്ടിയുടെയും അന്നത്തെ ആദ്യഭക്ഷണം അത്താഴസമയത്ത് ആരോ ദയതോന്നി കൊടുത്ത റസ്ക് ആണെന്നു കേട്ടപ്പോള്‍ അവരുടെ ഉള്ളുപിടഞ്ഞു. എന്തുചെയ്യാന്‍? നയാ പൈസ കൈയിലില്ലാതെ, പണം കൈകൊണ്ട് തൊടില്ലെന്ന ശപഥവുമായി ഇന്ത്യ ചുറ്റാനിറങ്ങിയതായിരുന്നു സുജാതയെന്ന ആ അമ്മയുടെ 21-കാരനായ മകന് വൈശാഖ്. സമാനദുഃഖമായിരുന്നു ബന്ധുവും യാത്രയുടെ പിറവിക്ക് കാരണക്കാരനുമായ സുദീപിന്റെ അച്ഛന് സുധാകരനും. ഒരുനാള്‍ ഗ്വാളിയോറില്നിന്നൊരു ഫോണ്‍വിളി. അങ്ങേത്തലയ്ക്കല്‍നിന്ന് പറയുന്നതുകേട്ടു തരിച്ചിരിക്കാനേ മുന്‍ പട്ടാളക്കാരനായ ആ അച്ഛനു കഴിഞ്ഞുള്ളൂ: ''പത്തു മിനിറ്റ് മക്കളെ കണ്ടില്ലെങ്കില്‍ ബേജാറാണ്. ഇത്ര ദിവസം നിങ്ങള്‍ക്കെങ്ങനെ അവനെ കാണാതിരിക്കാന്‍ കഴിയും. അടുത്തദിവസംതന്നെ ഞാന്‍ അവനെ കേരള എക്സ്പ്രസില്‍ കയറ്റിവിടും.'' -അജ്ഞാതനായ അയാള്‍ പറഞ്ഞുനിര്‍ത്തി. ''അതു വേണ്ടാ, ദയവുചെയ്ത് വിമാനത്തില്‍ തന്നെ കയറ്റിവിടണം. ബാങ്ക് അക്കൗണ്ട് നമ്പര്‍ തന്നാല്‍ അപ്പൊത്തന്നെ പണം ഇടാം. അച്ഛന്റെ അഭ്യര്‍ഥന...'' പക്ഷേ, വിമാനം കയറി തിരിച്ചുവരാനായിരുന്നില്ല രണ്ടു മക്കളും യാത്രതിരിച്ചത്. അവര്‍ യാത്ര തുടരുകതന്നെ ചെയ്തു... ട്രക്കുകളിലും ബൈക്കുകളിലും അഞ്ചുമാസമെടുത്ത് ജമ്മുമുതല് കന്യാകുമാരിവരെ വൈശാഖും സുദീപും സഞ്ചരിച്ചു.
നിരത്തില്‍ ബൈക്കുകള്‍ക്കും ചെറുതും വലുതുമായ ട്രക്കുകള്‍ക്കും കൈകാണിച്ചുനിര്ത്തിച്ച് തരപ്പെടുത്തിയത് സൗജന്യയാത്ര. യാത്രയുടെ ഭൂരിഭാഗവും ഏതെങ്കിലും ബൈക്കുയാത്രികന്റെ പിറകിലായിരുന്നു. നാലുവര്‍ഷംമുമ്പ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകള്‍ വാങ്ങിയപ്പോഴാണ് സുദീപിനും കസിന് വൈശാഖിനും അങ്ങനെയൊരു ചിന്ത ഉണ്ടായത്. ഇന്ത്യ മുഴുവന്‍ ഒരു യാത്ര. വെറുതേയൊരു യാത്രയല്ല. ഇന്ത്യയെ കണ്ടെത്താനുള്ള യാത്ര. ദാരിദ്ര്യമില്ലാത്ത സമ്പന്നമായ ഒരു ഇന്ത്യയെ എങ്ങനെ നിര്‍മിക്കാമെന്ന് അറിയാനുള്ള യാത്ര. എത്രയെത്ര ജനവിഭാഗങ്ങള്‍, എന്തൊക്കെ അനുഭവങ്ങള്‍!
പാലക്കാട് ആലത്തൂര്‍ മേലാര്‍കോട് കല്ലയിലുള്ള വീട്ടില്‍നിന്ന് 2019 സെപ്റ്റംബര്‍ എട്ടിനു പുറപ്പെട്ട ആ യാത്ര അവസാനിച്ചത് 2020 ജനുവരി 30-ന്. ബൈക്കിലുള്ള യാത്രയായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഒടുവിലത് വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചുള്ള യാത്രയായി മാറുകയായിരുന്നു. കൈയില്‍ ചില്ലിക്കാശുപോലും കരുതേണ്ടതില്ല എന്ന് നേരത്തേ തീരുമാനിച്ചിരുന്നു. കൂട്ടുകാരോട് ആശയം പങ്കുവെച്ചപ്പോള്‍ പരിഹാസമായിരുന്നു പ്രതികരണം. അതോടെ അഭിപ്രായംതേടല്‍ വേണ്ടെന്നുവെച്ചു. സുദീപ് അമ്മയോടും ഇക്കാര്യം പറഞ്ഞപ്പോള്‍ എന്തു നല്ല നടക്കാത്ത സ്വപ്നമെന്നമട്ടില് അമ്മ ചിരിച്ചു. കൈയില്‍ കാല് പണമില്ലാതെ എങ്ങനെ ഇന്ത്യ ചുറ്റാന്‍? ആര്‍ക്കും മനസ്സിലായില്ല. പക്ഷേ, പുറപ്പെടുന്ന ദിവസം ബാഗില്‍ മൂന്നു ജോടി ഉടുപ്പ് എടുത്തുവെച്ചപ്പോള്‍ അമ്മ ശരിക്കും ഞെട്ടി. വൈശാഖും അമ്മയോട് കാര്യം പറഞ്ഞിരുന്നു. യാത്ര തുടങ്ങിയശേഷമാണ് സുദീപ് അച്ഛനോട് ഫോണില്‍ കാര്യം പറഞ്ഞത്. ശകാരപ്പെരുമഴയായിരുന്നു ആദ്യം. പിന്നെ അതു കഴിഞ്ഞ് അനുനയമായി. തിരിച്ചുവരാനായി അഭ്യര്‍ഥന. വിമാനത്തിലോ തീവണ്ടിയിലോ എങ്ങനെ വേണേലും യാത്ര തുടരാമെന്നും. നാലുവര്‍ഷം ചര്‍ച്ചചെയ്ത് എടുത്ത തീരുമാനം എങ്ങനെ മാറ്റാന്‍? വീട്ടില്‍നിന്ന് നേരെ കുനിശ്ശേരിക്ക് സുഹൃത്ത് ഒരു ബൈക്കില്‍ രണ്ടുപേരെയും കൊണ്ടുവിട്ടു. അവിടന്ന് ബസില്‍ വാളയാറിലേക്ക്. തുടര്‍ന്ന് സേലത്തേക്ക്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനുമായി കൈയില്‍ കരുതിയത് 700 രൂപ.
സേലം മുതല്‍ തീര്‍ത്തും ദരിദ്രര്‍
വാളയാറില്‍നിന്ന് മൂന്നുനാലു ട്രക്കുകളിലായി സേലത്തെത്തിയപ്പോള്‍ കൈയില്‍ ബാക്കിയായത് പത്തു രൂപ. അത് ചെലവിട്ട് ശൗചാലയം ഉപയോഗിച്ചു. അതോടെ രണ്ടുപേരും കുചേലന്മാര്. മേലെ ആകാശം, താഴെ ഭൂമി. ട്രക്കിലും ബൈക്കിലുമൊക്കെയുമായി ലിഫ്റ്റ് ചോദിച്ചുള്ള യാത്രയായി പിന്നെ. സേലം, ബെംഗളൂരു, ഹുബ്ലി, ബെല്‍ഗാം, സത്താറ, ഗുജറാത്ത്, രാജസ്ഥാന്, ഹരിയാണ, പഞ്ചാബ്, ജമ്മു. തിരിച്ച് ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, യു.പി., മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കന്യാകുമാരി വഴി വീട്ടിലേക്ക്. അഞ്ചുമാസത്തെ യാത്രയ്ക്കിടയില്‍ സഞ്ചരിച്ചത് പതിനായിരത്തിലേറെ കിലോമീറ്റര്‍. പരിചയപ്പെട്ടത് എത്രയോ മനുഷ്യരെ. അലിവുള്ളവരും സംശയത്തോടെ നോക്കിയവരുമെല്ലാം അക്കൂട്ടത്തില്‍പ്പെടും.. ക്ഷേത്രം, മുസ്ലിം, ക്രിസ്ത്യന്‍ പള്ളികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു അന്തിയുറക്കം. ചിലയിടങ്ങളില്‍ തിരസ്കരിക്കപ്പെട്ടു. മറ്റുചിലയിടങ്ങളില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ തണുത്തുവിറയ്ക്കുന്നതുകണ്ട ഒരു മനുഷ്യസ്നേഹി രണ്ടുപേര്‍ക്കും കമ്പിളി ഉടുപ്പുകളടക്കം ആവശ്യമുള്ളതെല്ലാം വാങ്ങിത്തരാമെന്നു പറഞ്ഞു. പക്ഷേ, അത് സ്നേഹപൂര്‍വം നിരസിച്ച്, ഉപയോഗിച്ചവ മാത്രം മതിയെന്നു പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ അന്തിയുറക്കത്തിനു തയ്യാറെടുക്കുമ്പോള്‍ പാവങ്ങള്‍ക്കും ദളിതര്‍ക്കും കിടക്കാനുള്ള ഇടം ചൂണ്ടിക്കാണിച്ച് അങ്ങോട്ടു മാറാന്‍ പറഞ്ഞു ചിലര്‍. യാത്രയുടെ കഥകേട്ട് ലോഡ്ജില്‍ മുറിയെടുത്തുതരാമെന്ന് പറഞ്ഞു, മറ്റു ചിലര്‍. വാഗ്ദാനങ്ങളെല്ലാം വിനയത്തോടെ വേണ്ടെന്നുവെച്ചു.
കടകളില്‍ കുടിവെള്ളം ചോദിച്ച സമയം ജാതി ചോദിച്ചവരെയും കണ്ടു. ദളിതര്‍ക്കുവേണ്ടി അവിടെ പ്രത്യേകം ഗ്ലാസ് ഉണ്ടായിരുന്നു. ജാതിയില്‍ താഴ്ന്നവന് വെള്ളം കൈക്കുടന്നയില്‍ ഒഴിച്ചുകൊടുക്കും. പാത്രം കൈയില്‍ തൊട്ടുപോകാത്തവിധം. ഭക്ഷണത്തിനായി ഹോട്ടലുകളെ സമീപിച്ചില്ല. ചോദിച്ചത് നാട്ടുകാരോടു മാത്രം. പലപ്പോഴും ഒരു നേരത്തെ ഭക്ഷണംകൊണ്ട് തൃപ്തിപ്പെട്ടു.
ഫ്ളാസ്ക് കവര്‍ന്ന് ട്രക്ക് ഡ്രൈവര്‍
മൂന്നു ജോടി ഉടുപ്പുകള്ക്കുപുറമേ കൈയിലുണ്ടായിരുന്ന ആര്ഭാടവസ്തു ഒരു ഫ്ലാസ്ക് മാത്രം. രാജസ്ഥാനില്‍ ട്രക്കില്‍ കയറ്റിയ ഡ്രൈവര്‍ക്ക് കൈയില്‍ പണം ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ വിശ്വാസം പോരാ. ബാഗ് പരിശോധിക്കണമെന്നായി അയാള്‍. നോക്കിയപ്പോള്‍ കണ്ടത് ഫ്ളാസ്ക്. അത് കൈവശപ്പെടുത്തിയശേഷം രണ്ടുപേരെയും ഇറക്കിവിട്ടു. അതോടെ കുടിവെള്ളം ശേഖരിച്ചുവെക്കാനുള്ള മാര്‍ഗവും അടഞ്ഞു. പിന്നെ വെള്ളത്തിന് ആശ്രയം പെട്രോള്‍ പമ്പുകള്‍. കുളിയും അലക്കും ആരാധനാലയങ്ങള്‍, വഴിയരികിലെ ധാബകള്‍ എന്നിവിടങ്ങളില്‍. ബൈക്കില്‍ ലിഫ്റ്റ് കിട്ടിയപ്പോള്‍ പലപ്പോഴും രണ്ടുപേരും വേര്‍പിരിഞ്ഞു. ഒന്നും രണ്ടും ദിവസങ്ങള്‍ ചിലപ്പോള്‍ തനിച്ചാവേണ്ടിവന്നു. മധ്യപ്രദേശില്‍ റോഡില്‍ നില്‍ക്കുമ്പോഴാണ് അടുത്ത മലയിലൂടെ ഒരാള്‍ തോക്കുമായി പോകുന്നത് സുദീപ് കണ്ടത്. മാവോവാദികളെന്നു കരുതി പേടിച്ചപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു. അവിടത്തെ കുപ്രസിദ്ധ ഗുണ്ടകളിലൊരാളാണെന്ന്. പോലീസുകാര്‍ക്കൊക്കെ ഗുണ്ടകളെയും നാട്ടുകാരെയും പേടി.
നിയമങ്ങള്‍ പലപ്പോഴും പേശിയുടെ കരുത്തിലാവും തീരുമാനിക്കപ്പെടുക. റെയില്‍പ്പാളത്തില്‍ കാണുന്ന മിക്കവാറും മൃതദേഹങ്ങളുടെ അന്ത്യയാത്ര പിന്നാമ്പുറക്കഥകള്‍ പുറംലോകത്തോട് പറയാതെയാവും. ഒരിടത്ത് റോഡരികില്‍ രണ്ടുപേര്‍ തല്ലുകൂടുന്നത് നോക്കിനില്ക്കുന്ന പോലീസും നാട്ടുകാരും. ആരും പിടിച്ചുമാറ്റാനില്ല. ഉത്തര്‍പ്രദേശിലെ മധുരയില്‍നിന്ന് ലഖ്നൗവിലേക്ക് പോകാന്‍ തുനിഞ്ഞപ്പോള്‍ പോലീസുകാരന് വിലക്കി. അവിടെ പൗരത്വബില്ലിനെതിരേ പ്രക്ഷോഭം നടക്കുകയാണ്. അതോടെ വാരാണസി തുടങ്ങിയ സ്ഥലങ്ങളില്‍ പോകാനുള്ള മോഹം കൂമ്പടഞ്ഞു.
പഠ്നി ടോപ്പില്‍നിന്ന് മടക്കം
കശ്മീരിലേക്കുള്ള വഴിയില്‍ ഉദംപുര്‍ കഴിഞ്ഞു പഠ്നി ടോപ്പിനടുത്തെത്തിയപ്പോള് പോലീസ് തടഞ്ഞു. 370-ാം വകുപ്പ് നീക്കിയതിനെതിരേ സമരം നടക്കുകയാണ്. പുറത്തുനിന്നുള്ളവര്‍ക്ക് അങ്ങോട്ടുപോകാന്‍ അനുവാദമില്ല. ഹിമാചലില്‍ കഞ്ചാവ് ലഹരിയിലായിരുന്ന മൂന്നുപേരുടെ കാറിന് കൈകാണിച്ച് കുടുക്കിലായ അനുഭവവുമുണ്ട് സുദീപിന്. കാറു നിര്‍ത്തിയപ്പോള്‍ പന്തിയല്ലെന്നുകണ്ട് കയറേണ്ടന്നു തീരുമാനിച്ചു. പക്ഷേ, അവര്‍ വിട്ടില്ല. എന്തുകൊണ്ട് കയറുന്നില്ല എന്നറിയണം. ഒടുവില്‍ നാട്ടുകാരെത്തി ഇടപെട്ട് ഒരുവിധം രക്ഷപ്പെടുത്തി. ഹിന്ദി അറിയില്ലെന്നു കേട്ടപ്പോള്‍ രാജസ്ഥാനില്‍ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് സംശയം -ഹിന്ദി അറിയാത്തവര്‍ ഇന്ത്യയിലുണ്ടോ? കേരളത്തില്നിന്നാണെന്നു പറഞ്ഞപ്പോള്‍ അങ്ങനെയൊരു സംസ്ഥാനം ഇന്ത്യയില്‍ ഇല്ലെന്നായി അയാള്‍. പിന്നെ തന്റെ സംശയം ചോദിക്കാനും മടിച്ചില്ല: നിങ്ങള്‍ ശരിക്ക് പാകിസ്താന്‍കാരാണോ! എന്നാല്‍, കേരളം മനോഹരവും മലയാളികള്‍ നല്ലവരുമാണെന്നു പറഞ്ഞവരും ഏറെ.
ഹിമാചലില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടുകാരുടെ സ്നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നതും ഹൃദ്യമായ ഓര്മ. പ്രസവം കഴിഞ്ഞ പെണ്‍കുട്ടിയെ കുറെനാള്‍ ഒറ്റയ്ക്ക് ഒരു കുടിലില്‍ പാര്‍പ്പിക്കുന്നതും ജാതി ആചാരങ്ങളിലൊന്ന്.

ഒറ്റ ഇന്ത്യ, ദരിദ്രരില്ലാത്ത സമ്പന്നവും പരിസ്ഥിതി സൗഹൃദവുമായ ഇന്ത്യ എന്ന സങ്കല്പങ്ങള് എങ്ങനെ നടപ്പാവും എന്നറിയുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം. അതിനു ചില നിര്‍ദേശങ്ങളൊക്കെ തയ്യാറാക്കിയിട്ടുണ്ട് ഇരുവരും. രാജ്യം മുഴുവന്‍ സ്കൂളുകളില്‍ ഒറ്റ സിലബസ്, മാസം പത്തുലക്ഷം വരുമാനമുള്ളവര്‍ അതിന്റെ ഒന്നോ രണ്ടോ ശതമാനം പഞ്ചായത്തുതലത്തില്‍ ആളുകള്‍ക്ക് അവര്‍ക്കാവശ്യമുള്ള പണിയായുധം വാങ്ങുന്നതിനായി ചെലവഴിക്കുക തുടങ്ങി അവര്‍ക്കുള്ള ആശയങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരനും രമ്യാ ഹരിദാസ് എം.പി.ക്കും സമര്പ്പിക്കാനൊരുങ്ങുകയാണിരുവരും.
ഫിലിം എഡിറ്റിങ്ങില്‍ ഡിപ്ലോമയുള്ള സുദീപിന് സിനിമാ സംവിധായകനാവാനാണ് മോഹം. വൈശാഖിന് ബിസിനസ് മാനേജ്മെന്റില്‍ പി.ജി. കഴിഞ്ഞ് ബിസിനസിലേക്ക് കടക്കാനും. യാത്ര കഴിഞ്ഞപ്പോള്‍ എന്തുതോന്നി എന്ന ചോദ്യത്തിന് രണ്ടുപേര്‍ക്കും പറയാനുള്ളത് ഒറ്റ ഉത്തരം: ''ജീവിക്കാന്‍ ഏറ്റവും മനോഹരമായ സ്ഥലം നമ്മുടെ കേരളം തന്നെ...''
Content Highlights: Hitchhiking, All India Travel of Two Kerala Boys
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..