ഗംഗാതീരത്തുനിന്നൊരു കാഴ്ച | ഫോട്ടോ: ഡിന്നു ജോർജ്
രഹസ്യമാര്‍ന്ന ദൂരദേശങ്ങള്‍ക്കുവേണ്ടിയുള്ള ഒരു തീക്ഷ്ണമോഹത്തില്‍ വലഞ്ഞും അപരിചിത പുഷ്പങ്ങളുടെ സൗരഭ്യം മനസ്സാശ്വസിച്ച് മതിമറന്നും അകലെയേതോ ആകാശങ്ങളില്‍ താനറിയാത്ത നക്ഷത്രസംഘങ്ങള്‍ തുടിക്കുന്നുണ്ടാവാമെന്നോര്‍ത്തു വിഷാദിച്ചും അജ്ഞാതമായ കൊടുമുടിത്താഴ്ചകളില്‍ കണ്ണാടിപോലെ തിളങ്ങിയൊഴുകി പാറകളില്‍ പൊടിഞ്ഞു ചിതറിപ്പായുന്ന പുഴകളുടെ കിലുക്കം ഹൃദയത്തില്‍ ശ്രവിച്ചും കുഴങ്ങി ഒരു ഗ്രീഷ്മകാലാന്ത്യത്തില്‍ ഒരു തവള തന്റെയരുവിയില്‍ നിന്നു പിടഞ്ഞുകയറി ഒരു യാത്ര പുറപ്പെട്ടു. - പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍, സക്കറിയ
ഹിമാലയശൃംഗങ്ങളിലൊന്നായ പാര്‍വതിപര്‍വ്വതത്തിന്റെ താഴ് വരകളിലെ ആ ഗ്രാമങ്ങളിലേക്ക് പ്രതീക്ഷിക്കാതെ ചെന്നെത്തിയതായിരുന്നു. കോഴിക്കോട്ടെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ബാഗും തൂക്കി ഇറങ്ങുമ്പോള്‍ ഈ യാത്രയ്ക്ക് മുന്‍പേ നിശ്ചയിച്ച വഴികളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏകാകിയുടെ ഭാണ്ഡവും തൂക്കി രാജന്‍ കാക്കനാടന്‍ ഹിമവാന്റെ മുകള്‍ത്തട്ടിലേക്ക് നടന്നുകയറിയ പാത. തണുക്കുന്ന ഗംഗയുടെയും, മന്ദാകിനിയുടെയും ഒഴുക്കുകള്‍ക്കരികിലൂടെ കേദാര്‍നാദിലേക്കും ബദരീനാഥിലേക്കും നീണ്ടുപോകുന്ന ആ പാതയിലൂടെയാവും എന്റെ യാത്ര എന്ന് അനേകദൂരം ചെല്ലുംവരെ ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ യാത്ര ദൂരെയാരിടത്ത് വെച്ച് അനിശ്ചിതത്തിന്റെ മറ്റൊരു വഴിതിരിയുന്നു. എന്റെ യാത്ര മറ്റ് സ്ഥലങ്ങളിലേക്കും മനുഷ്യരിലേക്കുമെത്തുന്നു.
2021 സെപ്തംബര്‍, ദൂരേയ്ക്കു പോകുന്ന തീവണ്ടികള്‍ ഇപ്പോള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.
ഹോസ്റ്റല്‍ വരാന്തയിലെ ആ മരബെഞ്ചില്‍, അപ്പോള്‍ വന്നുവീഴുന്ന ഉച്ചയുടെ വെയിലില്‍ ആരുമില്ലാതെ ഇരിക്കുമ്പോള്‍ എനിക്ക് പെട്ടെന്ന് പോകണമെന്ന് തോന്നി. ഹിമാലയം എന്ന് മനസ്സ് കൊതിക്കുന്നു. ഒരുപാട് അകലത്തില്‍ മഞ്ഞുവീണുകൊണ്ടിരിക്കുന്ന ആ പര്‍വ്വതദേശത്തേക്ക് എത്രയും വേഗം എത്താനായി മനസ്സ് തിടുക്കപ്പെട്ടുകൊണ്ടിരുന്നു. വായിച്ച ചില പുസ്തകങ്ങളില്‍ നിന്നനുഭവിച്ച, ചാര്‍ധാം എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ സ്ഥലങ്ങളാണ് ഹിമാലയ യാത്രയ്ക്കായി എന്നെ ആഗ്രഹിപ്പിക്കുന്നത്. ഇവിടെ എത്തിപ്പെടുന്നതിനുള്ള ആദ്യത്തെ പ്രവേശനകവാടമായി അറിയപ്പെടുന്നത് ഹരിദ്വാറാണ്.

ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസ് മുറികളിലുള്ള യാത്രയ്ക്കും ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുന്‍കൂട്ടിയുള്ള ബുക്കിങ് ആവശ്യമാണ്. യാത്ര ചെയ്യുക എന്ന ഈ നിമിഷത്തിന്റെ തോന്നലിനെ എനിക്ക് നഷ്ടമാകും മുന്‍പ് വേഗം ഇവിടെ നിന്നും ഇറങ്ങണം. പരപ്പനങ്ങാടി സ്റ്റേഷനില്‍ നിന്ന് ഹരിദ്വാറിലേക്ക് നേരിട്ട് ട്രെയിനുകളില്ല. ഡല്‍ഹിയിലെത്തിയാല്‍ അവിടെ നിന്ന് ഒരു രാത്രിയുടെ ദൂരത്തിനപ്പുറം ഹരിദ്വാറിലെത്താം. പിറ്റേന്ന് പുറപ്പെടുന്ന മംഗളലക്ഷദ്വീപ് എക്‌സ്പ്രസിലെ ഒരു സെക്കന്റ് ക്ലാസ്മുറിയില്‍ എനിക്ക് സീറ്റ് തരപ്പെട്ടു. ഇനി മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞുള്ള ഒരു ഉച്ചനേരം ഞാന്‍ ഡല്‍ഹിയിലെത്തും. അവിടെ നിന്നും ഒരു രാത്രി തീര്‍ന്നു വരുന്ന പ്രഭാതത്തില്‍ ഹരിദ്വാറിലും.
ഞാന്‍ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. ചുമരിലൂടെ വെളിച്ചത്തിന്റെ യാത്ര മെല്ലെ മെല്ലെ നീങ്ങിപ്പോകുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ട്രെയിന്‍. അത്യാവശ്യമായവ ബാഗിലെടുത്തുവെച്ച് യാത്രയുടെ ഭാണ്ഡമൊരുക്കി. അടുത്ത ചില സുഹൃത്തുക്കളോട് മാത്രം പറഞ്ഞ് ഇറങ്ങി. വണ്ടി വരാന്‍ പിന്നെയും സമയം ബാക്കിയുണ്ടായിരുന്നു. പ്ലാറ്റ്‌ഫോമിലെ ഒഴിഞ്ഞ കാത്തിരിപ്പുബെഞ്ചില്‍, എത്താന്‍ പോകുന്ന സ്ഥലത്തെപ്പറ്റിയുള്ള ചിന്തകളില്‍ ഇരിക്കുമ്പോള്‍ ആ സമയങ്ങള്‍ പെട്ടെന്ന് ഓടിത്തീര്‍ന്നതുപോലെ.

മുന്‍പ് കൊല്‍ക്കത്തയിലേക്കും, മധുരൈയിലേക്കുമൊക്കെ എന്നെ എടുത്തുപോയ ട്രെയിന്‍ ഇപ്പോള്‍ പോകുന്നതിന്റെ എതിര്‍ദിശയിലുള്ള പാളത്തിലൂടെ ഒരുപാട് പിറകിലേക്കാണ് സഞ്ചരിച്ചിട്ടുള്ളത്. കുടജാദ്രിയിലെത്താനായി ഒരിക്കല്‍ ഈ വഴിയിയെ ബൈന്തൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയിട്ടുണ്ട്. അതിനപ്പുറം ആരംഭിക്കുന്ന, പശ്ചിമഘട്ടത്തിന്റെ മലകളെ തുരക്കുന്ന കൊങ്കണ്‍പാതയും പിന്നീട് കാണുന്ന സ്റ്റേഷനു
കളുമെല്ലാം എനിക്ക് അപരിചിതം.
വണ്ടിയില്‍ തിരക്ക് കുറവായിരുന്നു. ജനലരികിലെ സീറ്റ് തന്നെയാണ് എന്റേത്. ഇതിനോടകം ശീലിക്കപ്പെട്ടിരുന്നതുകൊണ്ട് സെക്കന്റ് ക്ലാസ് മുറിയുടെ മുഷിപ്പ് എനിക്ക് കാര്യമായ പ്രയാസം ഉണ്ടാക്കിയില്ല. ബര്‍ത്തുകള്‍ നഷ്ടപ്പെടാതിരിക്കാനായി വളരെ നേരത്തെ തന്നെ ചിലര്‍ അതില്‍ കിടപ്പുറപ്പിച്ചിട്ടുണ്ട്. സ്ഥലങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. അകലുംതോറും ജനലിനുപുറത്ത് രാത്രിയ്ക്ക് വരാനായി പകലിനെ അജ്ഞാതദേശങ്ങളില്‍ നഷ്ടപ്പെട്ടുപോകുന്നു. മലനിരകളെ മുറിക്കുന്ന ഗുഹാപാതയിലൂടെ വണ്ടി നീങ്ങുമ്പോള്‍ നിര്‍ത്താതെയുള്ള ചുളംവിളിയുടെ ഒച്ച. അത് തീരുമ്പോള്‍ ഗ്രാമങ്ങളും നഗരങ്ങളും തെളിയുന്നു. വയലുകളില്‍ പ്രകാശിക്കുന്ന ചെറിയ കൂരകള്‍. രാത്രിയുടെ വെട്ടം വീണുകിടക്കുന്ന, യാത്രചെയ്യുന്ന പുഴകള്‍.
ഉറക്കം കണ്ണുകളെ നന്നായി ക്ഷീണിപ്പിച്ചപ്പോള്‍ ബാഗുകളും മറ്റ് ഭാണ്ഡങ്ങളും വെച്ചിരിക്കുന്ന ബര്‍ ത്തിലേക്ക് കയറി അല്‍പ്പം സ്ഥലമുണ്ടാക്കി കണ്ണുകളച്ച് കിടന്നു. തൊട്ടിലിലെന്നപോലെയുള്ള തീവണ്ടിയുടെ അനക്കങ്ങളില്‍ ഞാന്‍ പെട്ടെന്ന് ഉറങ്ങിയെന്ന് തോന്നുന്നു.
ഡല്‍ഹിയില്‍
രണ്ടുദിവസങ്ങള്‍ കഴിഞ്ഞുള്ള ഉച്ചനേരത്ത് ഹസ്‌റത്ത് നിസാമുദ്ദീനില്‍ ട്രെയിനിറങ്ങി. വലിയ സ്റ്റേഷന്‍. മഴ പൊടിയുന്നുണ്ടായിരുന്നു. ഒരു വലിയ മഴ തീരുന്നതിന്റെ ചാറ്റലുകള്‍. പ്ലാറ്റ്‌ഫോമിലെ സിമന്റു ബെഞ്ചുകളിലും മറ്റും അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നു. ആളുകള്‍ ഭാണ്ഡങ്ങളും മറ്റുമായി തിരക്കുപിടിച്ച് പാഞ്ഞു.
ശരീരത്തിന് മുഷിപ്പും ക്ഷീണവുമുണ്ട്. ആദ്യമൊന്ന് കുളിക്കണം. സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ അതിനായി ഒരുക്കിയ സൗകര്യത്തില്‍ കുളി കഴിച്ചു. പിറ്റേ ദിവസം പുലര്‍ച്ചെ 1.45 ന് പുറപ്പെടുന്ന വണ്ടിയിലാണ് എനിക്ക് ഹരിദ്വാറിലെത്തേണ്ടത്. അതുവരെയുള്ള സമയം ഞാന്‍ ഈ നഗരത്തിലാണ്.

വീട്ടുകാരെ അറിയിക്കാതെയുള്ള യാത്രയായിരുന്നു ഇത്. രണ്ടുവര്‍ഷമായി സഹോദരിയും പങ്കാളിയും ഡല്‍ഹിയില്‍ താമസിക്കുന്നു. തിരക്കുപിടിച്ച ഈ നഗരത്തില്‍ ആള്‍ക്കൂട്ടങ്ങളുടെ വലിയ മറവുകളുണ്ടായിട്ടും ഞാന്‍ അവരുടെ മുന്നില്‍ പെട്ടേക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ട്രെയിനിലായിരിക്കുമ്പോള്‍ കാര്യമായൊന്നും കഴിക്കാത്തതിനാല്‍ നന്നേ വിശക്കുന്നു. ബാഗുമെടുത്ത് വെളിയിലേക്ക് നടന്നു. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന കവാടത്തിനടുത്ത് ടാക്‌സികളുമായി അനേകമനേകം റിക്ഷാവാലകള്‍. പേടി തോന്നിക്കുന്ന ഒച്ചയില്‍ അവര്‍ ആളുകളെ തങ്ങളുടെ വണ്ടിയില്‍ കയറാനായി നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഈ നഗരം എനിക്ക് വളരെ പരിചിതമാണ് എന്ന് എന്നെ കാണുന്നവര്‍ക്ക് തോന്നുംവിധം ഭാവചലനങ്ങളുണ്ടാക്കി ആ ശബ്ദങ്ങള്‍ക്കിടയിലൂടെ ഞാന്‍ നീങ്ങി. രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് കേരളഫുഡ് ലഭിക്കുന്ന ഒരു റെസ്റ്റോറന്റ് ഉണ്ടെന്ന് ഗൂഗിള്‍ നോക്കി അറിഞ്ഞു. അവിടെ എത്തിപ്പെട്ടാല്‍ ഊണ് കഴിക്കാമായിരിക്കും.
മാപ്പ് തെളിച്ചുതരുന്ന പാത. നഗരത്തിനോട് ചേര്‍ന്നുള്ള ചേരിയുടെ ഇടുങ്ങിയ ഉള്‍വശം. ഒരിടത്ത് പഴം വില്‍ക്കുന്ന ഒരാളുടെ ഉന്തുവണ്ടിയ്ക്കടുത്ത് അഞ്ചാറ് കുട്ടികള്‍ കൂടിനില്‍ക്കുന്നു. ചതഞ്ഞു പൊട്ടിയ പഴങ്ങള്‍ വില്‍പ്പനക്കാരന്‍ അവര്‍ക്കുനേരെ നീട്ടുമ്പോള്‍ ആര്‍ത്തിയോടെ അവര്‍ തട്ടിപ്പറിക്കുന്നു. വഴിയില്‍ വേറെയും ജീവിതങ്ങള്‍..
ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോള്‍ ഇനി എവിടേക്കെന്ന അന്വേഷണത്തില്‍ ഹൂമയുണ്‍ ടോമ്പിനെ പറ്റി അറിഞ്ഞു. അല്‍പ്പം ദൂരമുണ്ട്. എങ്കിലും നടക്കാമെന്ന് വിചാരിച്ചു. ഒരു സൈക്കിള്‍ റിക്ഷാക്കാരന്‍ അപ്പോള്‍ ഒപ്പം കൂടി. അയാള്‍ വളരെ നിര്‍ബന്ധിച്ചപ്പോള്‍ ഇരുപത് രൂപ പറഞ്ഞുറപ്പിച്ച് റിക്ഷയില്‍ കയറിയിരുന്നു.
മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ മരണശേഷം, 1565 70 കാലഘട്ടത്തില്‍ അയാളുടെ പത്‌നിയായ ഹമീദ ബാനു ബീഗമാണ് ഈ കുടീരം പണികഴിപ്പിച്ചത്. ഭീമാകാരമായ ആ കോട്ടയ്ക്കകത്ത് മുഗളരായ വേറെയും ആളുകളുടെ ശവകൂടീരങ്ങളും നമസ്‌ക്കാര പള്ളികളുമുണ്ട്. മണിക്കൂറുകളെടുത്ത് ചുറ്റിക്കാണാനുള്ള ആ അത്ഭുത കെട്ടിടത്തിന്റെ സമുച്ചയങ്ങളിലൂടെ ഞാന്‍ നടന്നു. വിദേശികളും തദ്ദേശികളുമായ അനേ കം ആളുകള്‍. കോട്ടയോട് ചേര്‍ന്ന പുല്‍മൈതാനിയിലും മരച്ചുവടുകളിലും പ്രേമിക്കപ്പെടുന്നവര്‍. ഒരു മരത്തിനുകീഴെ ഏകാന്തമായി ഞാനും കിടന്നു. ഏതൊക്കെയോ ഓര്‍മ്മകളുടെ ക്ഷീണങ്ങള്‍ അപ്പോള്‍ വന്നും പോയുമിരുന്നു.

വൈകുന്നേരം സന്ധ്യയിലേക്ക് നഷ്ടപ്പെട്ടുപോകുന്നു. സെക്യൂരിറ്റികളായ ഏതാനുംപേര്‍ ആളുകളെ ആ കോട്ടയില്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടിരുന്നു. ഭീമാകാരമായ വാതിലുകള്‍ അവര്‍ തള്ളിയടയ്ക്കുമ്പോള്‍ ഏതോ അജ്ഞാതവാദ്യത്തില്‍ നിന്നും പുറപ്പെടുന്ന സംഗീതം പോലെ ഒച്ച. ആള്‍ക്കൂട്ടത്തിനൊപ്പം ഞാനും പുറത്തേക്കൊഴുകി.
നഗരവിളക്കുകള്‍ പ്രകാശിച്ചുതുടങ്ങിയിട്ടുണ്ട്. നിസാമുദ്ദീന്‍ ദര്‍ഗ്ഗയില്‍ ഈ നേരത്ത് നടക്കാറുള്ള ഖവാലിയെപറ്റി മുന്‍പ് ഒരു സുഹൃത്ത് പറഞ്ഞതോര്‍മ്മിച്ചു. ആബിദ പര്‍വീനെയും നുസ്‌റത്ത് അലി ഫത്തേ ഖാനെയും കേള്‍ക്കാറുള്ള എനിക്ക് ഖവാലി സംഗീതം പ്രിയപ്പെട്ടതാണ്. ദര്‍ഗ്ഗയിലെത്തിയപ്പോഴാണ് അറിഞ്ഞത് അത് നടക്കാറുള്ളത് വ്യാഴാഴ്ച്ചകളില്‍ മാത്രമാണെന്ന്. ആ തെരുവിന്റെ ഇടുങ്ങിയ ഗലികളിലൂടെ മനുഷ്യ രെയും വഴിവാണിഭങ്ങളെയും നോക്കി പിന്നെയും ഏറെ അലഞ്ഞു. രാത്രി വൈകിയപ്പോള്‍ എനിക്ക് പോകാനുള്ള വണ്ടിയ്ക്കായി സ്‌റ്റേഷനിലേക്ക്.
അവിടെ ഇരിക്കുമ്പോള്‍ ആദിലിനെ പരിചയപ്പെട്ടു. മലയാളിയാണെന്ന് തോന്നി ഇങ്ങോട്ട് വന്ന് മിണ്ടിത്തുടങ്ങിയതാണ്. മൂന്ന് ദിവസമായി അവന്‍ ഈ സ്റ്റേഷനില്‍ ജീവിക്കുന്നു. ഇവിടുത്തെ സിമന്റുഞ്ചുകളിലും കാത്തിരിപ്പുമുറികളിലും ഉറങ്ങി... പകലുകളില്‍ ഡല്‍ഹി നഗരത്തിലൂടെ അലയും. നാട്ടില്‍ നിന്നും എത്തിച്ചേരണ്ട ഒരു സുഹൃത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഭാഗമായാണ് ഡല്‍ഹിയിലിങ്ങനെ. അവരും യാത്ര പോകുകയാണ്. കാശ്മീരിലേക്ക്. അനേകം യാത്രികര്‍ക്ക് വഴിയമ്പലമാകുന്ന ഡല്‍ഹി. ഞങ്ങള്‍ ഏറെ സംസാരിച്ചു. പിന്നെ എനിക്ക് പുറപ്പെടാനുള്ള വണ്ടി വന്നുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമിലെ ഒരു ഒഴിഞ്ഞ ബെഞ്ചിന്റെ ഏകാന്തതയിലേക്ക് ഞാന്‍ നടന്നു. അരികില്‍ മരങ്ങള്‍ വളര്‍ത്തിയ, ഇരുട്ടും വെളിച്ചവും ഒരുമിച്ചുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമിന്റെ അറ്റം.
വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. വന്നുകിട്ടിയാല്‍ അതില്‍ കയറി കണ്ണുകളടയ്ക്കണം. മനസ്സ് ക്ഷീണിക്കുമ്പോള്‍ ഓടിച്ചെന്ന് തലചായ്ക്കാന്‍ ആഗ്രഹം തോന്നുന്ന മടിത്തട്ടിനോടെന്നപോലെ ഞാന്‍ കാത്തിരുന്ന തീവണ്ടിയോട് എനിക്കപ്പോള്‍ സ്‌നേഹം തോന്നി.
ട്രെയിനിറങ്ങി സ്റ്റേഷനില്‍ നിന്ന് എളുപ്പം പുറത്തുകടക്കാനായില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ മാത്രമെ ആ ദേശത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളു. അല്ലാത്തവര്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഡല്‍ഹിയിലെ തിരക്കുപിടിച്ച തെരുവുകളില്‍ അധികവും മാസ്‌ക് ധരിക്കാത്ത മനുഷ്യര്‍ക്കിടയിലൂടെ അലഞ്ഞ എനിക്ക് രോഗത്തെപറ്റി ചിന്ത വന്നപ്പോള്‍ ഒരു ആശങ്കയും വന്നുപെട്ടു. ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യം സ്റ്റേഷനകത്ത് തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിനുമുന്നില്‍ നില്‍ക്കുന്നവരുടെ വരിയിലേക്ക് ഞാനും ചേര്‍ന്നു. അരമുക്കാല്‍ മണിക്കൂര്‍. പിന്നെ ആശ്വാസമായി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വെളിയിലേക്ക് അഥവാ ആ ദേശത്തിന്റെ അകത്തേക്ക് ഞാന്‍ നീങ്ങി.
ഹരിദ്വാറില്‍
ഹരിദ്വാര്‍ സ്‌റ്റേഷന്റെ മുഖം ഒരു ഹൈന്ദവക്ഷേത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. മുന്നില്‍ കല്ലിലോ മറ്റോ നിര്‍മ്മിച്ചെടുത്ത ഒരു വലിയ ശിവവിഗ്രഹത്തിന്റെ പ്രതിഷ്ഠ. സ്റ്റേഷനോട് ചേര്‍ന്ന ഭാഗങ്ങളില്‍ വേറെയും ദേവതാപ്രതിഷ്ഠകളുണ്ട് കാവിയുടുത്ത സ്വാമിമാര്‍ മുറ്റത്ത് അങ്ങിങ്ങായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. ഭക്തരും യാത്രികരുമായ ആളുകളെക്കൊണ്ട് ആ സ്റ്റേഷന്‍ മുറ്റം നിറഞ്ഞുകിടന്നു. അവിടെ ഒരു കല്‍ക്കെട്ടിനുമുകളില്‍ കുറച്ചുനേരം ഇരുന്നു. മുന്നില്‍ തിരക്കുപിടിച്ചൊഴുകുന്ന മറ്റൊരു നഗരം. ടാക്‌സിവണ്ടികളും മറ്റും പാഞ്ഞുപോകുന്ന റോഡിന്റെ അരികിലൂടെ ആളുകളെ കയറ്റി സാവാധാനം നീങ്ങുന്ന കുതിരവണ്ടികളും സൈക്കിള്‍റിക്ഷകളും. ഇവിടെ എത്രദിവസം തങ്ങണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. ഇന്ന് താമസിക്കുവാനായി ഒരു ലോഡ്ജുമുറി ഈ നഗരത്തോട് ചേര്‍ന്ന തുള്‍സി ചൗക് എന്ന സ്ഥലത്ത് ഓയോ വഴി ബുക്ക് ചെയ്തിട്ടുണ്ട്. അവിടേക്ക് പോകും മുന്‍പ് ശരീരത്തിന്റെ വിശപ്പ് മാറ്റണം. റോഡരികുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടികളില്‍ പ്രധാനമായും ചായയും പുരിയും റൊട്ടികളും വില്‍ക്കുന്ന കച്ചവടക്കാരുണ്ട്. ഒരിടത്തു നിന്നും വിശപ്പുമാറ്റി. വലിയകെട്ടിടങ്ങള്‍ അതിരിട്ടുനില്‍ക്കുന്ന ഇടുങ്ങിയ ഊടുവഴികളിലൂടെ പിന്നെ തുളസി ചൗക്കിലേക്ക് നടന്നു.

നാനൂറ് രൂപയ്ക്ക് ലഭിച്ച മുറി സാമാന്യം ഭേദപ്പെട്ടതായിരുന്നു. മുറിയോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ നിന്നാല്‍ താഴെ, ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്ന തെരുവ് കാണാം. അവിടെ കുതിരവണ്ടികളും സൈക്കിള്‍ റിക്ഷകളും പലമാതിരിയുള്ള ജീവിതങ്ങളും തെളിയുകയും മറയുകയും ചെയ്യുന്നു. ബാഗില്‍ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം എടുത്ത് കഴുകി ബാല്‍ക്കണിയില്‍ വീണുകൊണ്ടിരുന്ന വെയിലിന്റെ ചൂടിയിലേക്ക് ഉണക്കാനിട്ടു. പിന്നെ കുളിച്ച് ശുചിവരുത്തി ശരീരത്തിന്റെ ക്ഷീണം തീര്‍ക്കാനുള്ള സുഖമുള്ള ഉറക്കത്തിലേക്ക് പോയി.
ഗംഗയിലെ ആരതി
ഉണര്‍ന്നശേഷവും കുറേനേരം മുറിയില്‍ തന്നെ ഇരുന്നു. വൈകുന്നേരം വെയിലാറിത്തുടങ്ങിയപ്പോള്‍ വാതില്‍ പൂട്ടി ഇറങ്ങി. അലക്ഷ്യമായ നടത്തം. ഹരിദ്വാറില്‍ സവിശേഷമായി എന്താണ് കാണാനുള്ള തെന്നും എവിടെയൊക്കെ പോകണമെന്നും ഉള്ള മുന്‍കൂര്‍ ധാരണകളൊന്നും വരുത്തിയിരുന്നിയില്ല. ബദരീ, കേദാര്‍ സ്ഥാനങ്ങളിലേക്കുള്ള യാത്രയില്‍ ഈ സ്ഥലത്തെ വിശ്രമത്തിനുള്ള ഒരു വഴിയമ്പലം എന്നേ കണക്കാക്കിയിരുന്നുള്ളു. കാണുന്ന പല ഊടുവഴികളിലൂടെയും നടന്നു. ആ നടത്തം തിരക്കുപിടിച്ച ഒരു മാര്‍ക്കറ്റിനു മുന്നിലെത്തിച്ചു. അകത്തേക്ക് കയറുംതോറും തിരക്ക് ഏറി വരുന്നു. ഇരുദിശകളിലും പലതരം വാണിഭങ്ങള്‍. കടും നിറങ്ങളിലുള്ള കുപ്പായങ്ങളും ആഭരണങ്ങളും പൂജാസാമഗ്രികളും വില്‍ക്കുന്ന കടകളുടെ മുന്നിലാണ് ഏറെയും ആള്‍ത്തിരക്കുള്ളത്. ഇന്ത്യയുടെ നാനാത്വങ്ങളെ അനുഭവിപ്പിക്കുന്ന സവിശേ ഷവും പരമ്പരാഗതവുമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തിയ സ്ത്രീകളുടെ കൂട്ടങ്ങള്‍ പല ഭാഗങ്ങളിലുമുണ്ട്. കളിപറഞ്ഞും, ചിരിച്ചും അവര്‍ തങ്ങള്‍ക്കുവേണ്ട സാധനങ്ങള്‍ക്കായി കടകളിലൂടെ കയറിയിറങ്ങുന്നു. എല്ലാം കണ്ടുകൊണ്ട് ഞാന്‍ നടന്നു.

കുറേ നീങ്ങിയപ്പോള്‍ ആ മാര്‍ക്കറ്റിനുള്ളിലെ ശബ്ദകോലാഹലങ്ങള്‍ പതുക്കെയാവുകയും അതിനു മുകളിലേക്ക് മണിയൊച്ചകളുടേയും മന്ത്രോച്ചാരണങ്ങളുടെയും അവയ്ക്കിടയിലൂടെ നേര്‍ത്ത, ഒഴുകുന്ന ഒരു ജലപ്രവാഹത്തിന്റെയും ശബ്ദം എന്റെ കാതിലേക്ക് കയറിവരാന്‍ തുടങ്ങി. ഗംഗാനദിയുടെ അടുത്തേക്ക് ഞാന്‍ എത്തികൊണ്ടിരിക്കുകയായിരുന്നു. ഇരുട്ട് വീണുതുടങ്ങുന്നതേയുള്ളു. പ്രസിദ്ധമായ ആരതിപൂജ ഗംഗയുടെ ഘാട്ടുകളില്‍ ആരംഭിച്ചിട്ടുണ്ട്. ശംഖുനാദങ്ങളുടെ ശബ്ദം ഗംഗയെ സ്തുതിക്കുന്ന ശ്ലോകങ്ങളോടൊപ്പം ഇടവിട്ട് പൊങ്ങുന്നു.
നദിയുടെ ഇരുകരകളെ ബന്ധിപ്പിക്കുന്ന പാലത്തിലും ആളുകള്‍ നടന്നുപോകുന്ന പാതകളുടെ ഇരുവശങ്ങളിലും ഭസ്മങ്ങള്‍ പൂശിയ സന്ന്യാസിമാര്‍ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ട്. ചിലരുടെ കൈകളില്‍ പുകയുന്ന ചില്ലം കുഴലുകള്‍. ഒരിടത്ത് ഒരു വൃദ്ധസ്വാമി തന്റെ മുന്നില്‍ കൂടിനില്‍ക്കുന്ന ചെറുപ്പക്കാരായ ആളുകള്‍ക്കുവേണ്ടി ചില്ലത്തിലേക്ക് ചരസ്സ് തിരുമ്മി നിറച്ചുകൊണ്ടിരുന്നു. പത്തിന്റെയോ മറ്റോ കുറച്ച് നോട്ടുകള്‍ സ്വാമിയ്ക്ക് ചെറുപ്പക്കാര്‍ നല്‍കുമ്പോള്‍ അദേഹം ആ ചില്ലം അവര്‍ക്ക് കൈമാറുന്നു. തങ്ങള്‍ നല്‍കിയ രൂപയ്ക്കുള്ള പുക ചില്ലത്തില്‍ നിന്നും വലിച്ചെടുത്ത് അവര്‍ മറ്റ് അനുഭൂതികളിലേക്ക് മറയുന്നു.
ആരതിപൂജ നടക്കുന്ന പ്രധാനസ്ഥലത്തെ തിരക്കിനുള്ളില്‍ ഞാന്‍ കുറച്ചുനേരം നിന്നു. പിന്നെ ഗംഗയുടെ ഒഴിഞ്ഞ ഘാട്ടുകളിലേക്ക് നടന്നു. നദിയിലൂടെ ആരതിവെളിച്ചങ്ങള്‍ ഒഴുകി. വെളിച്ചത്തിന്റെ മറ്റൊരു യാത്ര. ഹനുമാന്‍ ഘാട്ടിനുമുന്നിലെ പടവുകളില്‍ അധികം ആളുകളുണ്ടായിരുന്നില്ല. ഒരു കുടുംബം കുറച്ചപ്പുറത്ത്, ആരതി തെളിച്ച് നദിയിയിലേക്കൊഴുക്കിവിടുന്നു. അതിനുശേഷം കൈയ്യില്‍ കരുതിയ കുപ്പികളിലും കന്നാസുകളിലും ഗംഗാജലം ശേഖരിച്ചുകൊണ്ടിരുന്നു.

വെള്ളത്തിലേക്കിറങ്ങിനില്‍ക്കുന്ന ഒരു പടിക്കെട്ടില്‍ ഞാനിരുന്നു. എനിക്ക് ഏതാനും അടുത്തായി വളരെ പ്രായം ചെന്ന ഒരു വൃദ്ധനും ഇരിക്കുന്നുണ്ടായിരുന്നു. എന്തോ ആലോചനയില്‍ മുഴുകിയിട്ടെന്നപോലെ അയാളുടെ കണ്ണുകള്‍ ഗംഗയുടെ ഒഴുക്കുകളിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ആ മനുഷ്യന്‍ മെല്ലെ എഴുന്നേറ്റ് വെള്ളത്തിലേക്കിറങ്ങി. ഒഴുക്കില്‍പെട്ടുപോവാതിരിക്കാന്‍ കൈവരിയായി കെട്ടിയ ചങ്ങലയില്‍ പിടിച്ചുകൊണ്ട് കണ്ണുകളടച്ച് എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിട്ടു. ശേഷം എത്രയോവട്ടം മുങ്ങിനിവര്‍ന്നു. തിരികെ പടിക്കെട്ടിലേക്ക് കയറാന്‍ പാടുപെട്ടപ്പോള്‍ അയാള്‍ എനിക്കുനേരെ കൈകള്‍ നീട്ടി.

ദിവസങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു വൃദ്ധന്റെ കൈകള്‍ എനിക്ക് നേരെ നീണ്ടുവന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അതൊരു തീവണ്ടിയാത്രയിലായിരുന്നു. അഞ്ചാറുപേര്‍ പല സീറ്റുകളിലായി ഇരുന്നതൊഴിച്ചാല്‍ മിക്കാവാറും ഒഴിഞ്ഞുകിടന്ന ബോഗി. ട്രെയിനില്‍ കയറി എന്റെ സീറ്റിലേക്ക് നടക്കുന്നതിനിടയ്ക്ക് ആ കൈകള്‍ എന്നെ വന്നു തട്ടി. രണ്ടുപേര്‍ക്കിരിക്കാവുന്ന ജനാലയരികില്‍ കിടക്കുകയായിരുന്ന വൃദ്ധന്‍ എഴുന്നേല്‍ക്കാനായി പ്രയാസപ്പെടുകയാണ്. ഞാന്‍ അദേഹത്തെ താങ്ങി മെല്ലെ ഇരുത്താന്‍ ശ്രമിച്ചു. പക്ഷേ ആ ശരീരം കിടപ്പിലേക്ക് തന്നെ മറിഞ്ഞുപോകുന്നു. ഒരുവിധം സീറ്റിലേക്ക് ചാഞ്ഞുകൊണ്ട് ആ മനുഷ്യന്‍ ഇരുന്നു. 'പാനീ.. ' എന്ന് അയാളുടെ ശബ്ദം ഒരു ഞരക്കം പോലെ പൊങ്ങുന്നുണ്ട്. കുപ്പിയില്‍ നിന്നും വെള്ളം ഇത്തിരിയായി ഞാന്‍ അയാളുടെ വായിലേക്ക് പകര്‍ന്നു. അയാള്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുകയും കിതയ്ക്കുകയും ചെയ്യുന്നു. ഈ വൃദ്ധന് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി എന്റെ ഉള്ളില്‍ കയറിക്കൂടുന്നുണ്ടായിരുന്നു.
വലതുവശത്തെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീ അപ്പോഴാണ് ഗ്രദ്ധയില്‍പ്പെട്ടത്. അവര്‍ കിടക്കുന്നതിനു താഴെ സഞ്ചികളും മറ്റുഭാണ്ഡങ്ങളും വെച്ചിരിക്കുന്നതോടൊപ്പം പുരുഷന്റേതായ ഒരു ജോഡി ചെരിപ്പുകളും കാണുന്നുണ്ട്. അത് ഈ വൃദ്ധന്റേതായിരിക്കും. ഞാന്‍ വിചാരിച്ചു. അദേഹത്തിന്റെ ഭാര്യ, അല്ലെങ്കില്‍ വേണ്ടപ്പെട്ട മറ്റാരോ ആയിരിക്കാം ഈ സ്ത്രീ. തടിച്ച ശരീരമുള്ള സ്ത്രീയ്ക്ക് വൃദ്ധനോളം പ്രായം തോന്നുകയില്ല. ഞാന്‍ അവരെ ശബ്ദമുണ്ടാക്കി വിളിച്ചു. കണ്ണുതുറന്നപ്പോള്‍ വൃദ്ധനെ ചൂണ്ടിക്കാണിച്ചു. ആ കിടപ്പില്‍ അവര്‍ വൃദ്ധനെ ചരിഞ്ഞ് ഒന്ന് നോക്കി. എന്നിട്ട് എന്തോ പറഞ്ഞു. വൃദ്ധന്റെ ശബ്ദവും മറുപടിയായി ഞരക്കങ്ങള്‍ പോലെ എന്തോ പറയാന്‍ ശ്രമിക്കുന്നു. മറാത്തിഭാഷയായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി. ആ സ്ത്രീ പിന്നീട് എന്റെ നേരെ തിരിഞ്ഞ് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ദൈവങ്ങളുടേയും ക്ഷേത്രങ്ങളുടെയും പരാമര്‍ശങ്ങളും അവരുടെ ഭാണ്ഡങ്ങളില്‍ നിന്ന് പുറത്തേക്ക് തള്ളിനിന്ന പൂജാ സാമഗ്രികളും ഏതോ ക്ഷേത്രദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ത്ഥാടകരാണ് അവരെന്ന് ധരിപ്പിക്കുന്നുണ്ട്. സ്ത്രീ പിന്നെയും കണ്ണുകളച്ച് ഉറക്കത്തിലേക്ക് പ്രവേശിച്ചു.
അവരുടെ പരിഭ്രമമില്ലായ്മയും ഇടപെടലും കണ്ടപ്പോള്‍, വൃദ്ധന് ഒന്നും സംഭവിക്കുകയില്ല, ആ മനുഷ്യന്‍ എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കും എന്ന് ഞാന്‍ കരുതി. കുറച്ചുനേരം അദേഹത്തെ നിരീക്ഷിച്ചുകൊണ്ട് സീറ്റില്‍ തന്നെ ഇരുന്നു. ചാരിയുള്ള ഇരുത്തത്തില്‍ നിന്ന് വൃദ്ധന്‍ പിന്നെ ഞരങ്ങി ഞരങ്ങി കിടന്നു. ഉറങ്ങാനായി ഞാനും അപ്പോള്‍ ബര്‍ത്തിലേക്ക് കയറി കണ്ണുകളടച്ചു.
ആളുകളുടെ കലപില ശബ്ദം കേട്ടാണ് കണ്ണുതുറന്നത്. വൃദ്ധനുചുറ്റും കുറച്ചുപേര്‍ കൂടിനില്‍ക്കുന്നു. ടിക്കറ്റ് കണ്ടക്ടറും ഉണ്ട്. ഒരാള്‍ പൂസ്തകമുപയോഗിച്ച് വൃദ്ധന് വീശികൊടുത്തുകൊണ്ടിരുന്നു. ഞാന്‍ ആ സ്ത്രീയെ നോക്കി. അവര്‍ അപ്പോഴും കിടക്കുക തന്നെയാണ്. കൂടിനില്‍ക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ ആ കിടപ്പില്‍ അവര്‍ മറുപടി പറയുന്നുണ്ട്. അവിടെ നിന്നവരില്‍ ഒരാള്‍ ദേഷ്യപ്പെട്ടപ്പോള്‍ ആ സ്ത്രീ സീറ്റില്‍ എഴുന്നേറ്റിരുന്ന് ഭാണ്ഡങ്ങളഴിച്ച് എന്തൊക്കെയോ ഗുളികകള്‍ പുറത്തെടുത്ത് കാണിച്ചു. അടുത്ത സ്റ്റേഷനില്‍ വണ്ടിനിന്നപ്പോള്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ഒരു ഡോക്ടര്‍ വന്നു. പരിശോദ്ധിച്ച ശേഷം വൃദ്ധനെ ഏതെങ്കിലും ഹോസ്പിറ്റലില്‍ ഉടനെ അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞു. ആ സ്ത്രീ പക്ഷേ അതിന് തയ്യാറാവുന്നില്ല. ഞങ്ങള്‍ വീട്ടിലേക്ക് പൊയ്‌ക്കൊള്ളാം എന്നാണ് അവര്‍ പറയുന്നത്. ഗവണ്‍മെന്റ് ഹോസ്പിറ്റലാണ്. പൈസ ആവശ്യമില്ല. എന്നും മറ്റും പറഞ്ഞ് നിര്‍ബന്ധിച്ചപ്പോള്‍ വൃദ്ധനെയും കൊണ്ട് അടുത്ത സ്റ്റേഷനില്‍ ഇറങ്ങാന്‍ ആ സ്ത്രീ തയ്യാറായി.
അടുത്ത സ്റ്റേഷനില്‍ വണ്ടിനിന്നു. കമ്പാര്‍ട്ട്‌മെന്റിന് പുറത്ത് വാതില്‍ക്കല്‍ സ്‌ട്രെച്ചറുമായി മൂന്ന് നാലു പോലീസ് ഉദ്യോഗസ്ഥര്‍ നിന്നിരുന്നു. രണ്ടുപേര്‍ വൃദ്ധനെ താങ്ങിയെടുത്ത് പുറത്തേക്ക് പോയി. പിറകില്‍ ഭാണ്ഡങ്ങളുമായി ആ മറാത്തിസ്ത്രീ ഒപ്പമെത്താനായി നടന്നു. ഗംഗയുടെ ഘാട്ടുകളില്‍ ഇരുട്ട് വീണുകൊണ്ടിരുന്നു. ഏറെനേരം ആ വഴികളിലൂടെ വീണ്ടും ഞാന്‍ അലഞ്ഞു. പിന്നെ തുളസിചൗക്കിലെ എന്റെ മുറിയിലേക്ക് നടന്നു.

മലമുകളിലെ ക്ഷേത്രം
ഋഷികേശിലേക്ക് പോയി ഒരു ദിവസം അവിടെ തങ്ങി അടുത്ത ദിവസം കേദാര്‍നാഥിലേക്ക് പോകാമെന്നാണ് വിചാരിച്ചത്. എന്നാല്‍ ഒരു ദിവസംകൂടി ഹരിദ്വാറില്‍ ജീവിക്കണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു. തുളസിചൗക്കിലെ മുറിയുടെ ചാവി രാവിലെ തന്നെ ഏല്‍പ്പിച്ച് അവിടം ഉപേക്ഷിച്ച് ഇറങ്ങി. എവിടേക്ക് എന്ന നിശ്ചയമുണ്ടായിരുന്നില്ല. വെറുതെ നടന്നു. പ്രധാന നിരത്തെത്തിയപ്പോള്‍ ഒരു സ്ത്രീ ഒപ്പം കൂടാനായി ശ്രമിക്കുന്നു. കടുംനിറത്തിലുള്ള സാരി അലസമായി ധരിച്ച അവരുടെ നഗ്‌നത ഏറെക്കുറെ പ്രദര്‍ശിതമാണ്. കണ്ണുകളിലും ചുണ്ടുകളിലും വശ്യതയുടെ മുദ്രകള്‍ വിരിയിച്ച് അടുത്തേക്ക് വന്ന് അവര്‍ എന്തൊക്കെയോ പറഞ്ഞു. 'ഹസാര്‍ റുപ്പേ....' അത് എത്രയാണെന്ന് എനിക്കറിയാം. ഏകാന്തമായ ശരീരത്തെ ഗ്രസിക്കുന്ന തൃഷ്ണകള്‍. ഞൊടിവേഗത്തില്‍ അപ്പോള്‍ മറ്റൊന്നിലേക്ക് അലിഞ്ഞ് ചേരാന്‍ മനസ്സ് വെമ്പുന്നു. ഇന്നലെ താമസിച്ച മുറിയുടെ ഏകാന്തതയിലേക്ക് ആ സ്ത്രീയെ വിളിച്ചുകൊണ്ടുപോകാന്‍ എനിക്ക് തോന്നുന്നുണ്ട്. പക്ഷേ...

ഞാന്‍ അവരെ മറികടന്നുനീങ്ങി. കുറച്ചു ദൂരത്തെത്തി പിന്തിരിഞ്ഞപ്പോള്‍ ആ സ്ത്രീ അവിടെ നിന്നിരുന്ന പഴം വില്‍പ്പനക്കാരനോട് എന്തോ പറഞ്ഞ് ചിരിക്കുന്നു. ഞാന്‍ ആ വഴിയിലൂടെ വന്ന ഒരു കുതിരവണ്ടി കൈകാണിച്ചു നിര്‍ത്തി. മുന്‍പൊരിക്കലും ഇങ്ങനെയൊന്നില്‍ കയറിയിട്ടില്ല. വിനോദസഞ്ചാരത്തിന്റെ വഴികളില്‍ പഴമയെ അനുഭവിക്കുവാനായി ഒരുക്കി നിര്‍ത്തിയ കുതിരകളെ പലയിടങ്ങളിലും കാണാമെങ്കിലും ഇത് അങ്ങനെയല്ല. സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ലക്ഷ്യങ്ങളല്ല ഈ തെരുവില്‍ കുതിരകള്‍ വലിച്ചുപോകുന്ന വണ്ടികള്‍. സാധാരണ ആളുകള്‍ കുറഞ്ഞ പൈസ നല്‍കി തങ്ങള്‍ക്ക് എത്തിച്ചേരേണ്ട ചെറിയ ദൂരങ്ങളിലേക്ക് ഇതില്‍ യാത്ര ചെയ്യുന്നു. പിന്നിലെ ചതുരക്കൂട്ടിനുള്ളിലേക്ക് കയറിയിരിക്കാന്‍ ശ്രമിക്കുമ്പോള്‍ കുതിരക്കാരന്‍ എന്നെ മുന്നില്‍ അയാള്‍ക്കടുത്തിരിക്കാന്‍ ക്ഷണിച്ചു. 'കഹാം ജാനാ ഹേ..? അയാള്‍ ചോദിച്ചു. കയറി എന്നല്ലാതെ എവിടേക്കാണ് പോകേണ്ടത് എന്ന് പറയാന്‍ എനിക്ക് പ്രത്യേകിച്ചൊരു സ്ഥലം ഉണ്ടായിരുന്നില്ല. എന്റെ പരുങ്ങല്‍ കണ്ട പ്പോള്‍ അയാള്‍ തന്നെ ഒരു സ്ഥലം പറഞ്ഞു. ഞാന്‍ അതെ എന്ന് തലയാട്ടി. കുറച്ചങ്ങ് നീങ്ങിയപ്പോള്‍ വഴിയില്‍ നിന്ന ഒരു വൃദ്ധസ്വാമി വണ്ടി നിര്‍ത്തിച്ച് പിന്നിലെ സീറ്റിലേക്ക് കയറിയിരുന്നു. അയാളും കുതിരക്കാരനും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ആ സ്വാമി പിന്നെ എന്നെ ശ്രദ്ധിച്ചുകൊണ്ട് മലയാളി ആണോ എന്ന് തിരക്കി. ഇവിടെ എത്തിപ്പെട്ടശേഷം ആദ്യമായി മലയാളം കേള്‍ക്കുകയാണ്. പക്ഷേ പെട്ടെന്ന് മുറിഞ്ഞുപോയ ഭാഷണം. ആ സ്വാമി എനിക്കു മുന്‍പ് ഏതോ ഒരു സ്ഥലത്ത് ഇറങ്ങി.
പാത ഒരു ഇടുങ്ങിയ വഴിയിലേക്ക് ചേരുന്നതിനു മുന്‍പുള്ള ഒരിടത്ത് വണ്ടി ഒതുക്കിയശേഷം കുതിരക്കാരന്‍ ഇറങ്ങികൊള്ളാന്‍ പറഞ്ഞു. ഇരുപത് രൂപ നല്‍കി ഞാന്‍ മുന്നിലേക്ക് നടന്നു. ആ സ്ഥലം എനിക്ക് പരിചിതമായി അനുഭവപ്പെടുന്നുണ്ട്. ഇന്നലെ മറ്റേതോ വഴിയിലൂടെ ഞാന്‍ അലഞ്ഞെത്തിയ മാര്‍ക്കറ്റിന്റെ മുന്‍വശം. അതേ തിരക്ക്.

ഗംഗയുടെ ഘാട്ടിലേക്ക് പ്രവേശിക്കും മുന്‍പ് ഇന്നലെ എന്റെ കാഴ്ച്ചയില്‍ പതിയാതിരുന്ന ഒരു മന്ദിരം ശ്രദ്ധയില്‍പ്പെട്ടു. തടിച്ചുകൊഴുത്ത ഒരു പശുവിനെ അതിനു മുന്നില്‍ നിര്‍ത്തിയിരിക്കുന്നു. അധികം ദൂരത്തിലല്ലാതെ ഒരു വലിയ പുല്‍ക്കൂനയുണ്ട്. അവിടേക്ക് നീങ്ങുന്നവര്‍ നിശ്ചിത പണം നല്‍കി ആ കൂനയില്‍ നിന്ന് കുറച്ച് പുല്ലെടുത്ത് പശുവിന് നല്‍കുന്നു. അതിന്റെ അകിടിലും മറ്റും തൊട്ട് വണങ്ങുകയും, കൈകള്‍ കൂപ്പി പ്രാര്‍ത്ഥനാനിരതരാവുകയും ചെയ്യുന്നു. ഭക്തിയുടെ ആ മാര്‍ഗങ്ങള്‍ വീക്ഷിച്ചുകൊണ്ട് കുറച്ച് നേരം ഞാന്‍ ആ മന്ദിരത്തിനുള്ളില്‍ ചുറ്റിപ്പറ്റിനിന്നു. പിന്നെ ഗംഗയുടെ പ്രധാന ഘാട്ടിലേക്ക് നീങ്ങി. നല്ല വെയിലുദിച്ചിരുന്നു. തണലു ലഭിക്കുന്ന ഒരിടം കണ്ടുപിടിച്ച് ഇരുന്നു. ആരതിപൂജ സന്ധ്യയോടെ ആരംഭിക്കുകയുള്ളുവെങ്കിലും ദൂരദേശങ്ങളില്‍ നിന്നും എത്തിയ ഭക്തരുടെയും മറ്റും തിരക്ക്.

ഒരു കുടുംബം കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ഇരിക്കുന്ന തണലിലേക്ക് വന്നിരുന്നു. സഞ്ചികളില്‍ നിന്ന് വീട്ടില്‍ നിന്നും ശേഖരിച്ച പ്രാതലിന്റെ പൊതികളഴിച്ച് കഴിക്കാനായി ഒരുങ്ങുകയാണ്. എനിക്ക് അവിടെ നിന്നും എഴുന്നേറ്റ് പോകണമെന്നുണ്ട്. പക്ഷേ ആ ഇരിക്കുന്നവരെ എഴുന്നേല്‍പ്പിക്കാതെ ഇനി അവിടെ നിന്നും നീങ്ങാന്‍ സാധിക്കുകയില്ല. ഭക്ഷണം ഓരോരുത്തര്‍ക്കായി വിളമ്പികൊണ്ടിരുന്ന സ്ത്രീ എന്നെ നോക്കി കഴിക്കാന്‍ ക്ഷണിച്ചു. വേണ്ട എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ തലകുലുക്കിയത്. ആ സ്ത്രീ ദാലൊഴിച്ച റൊട്ടിയും മറ്റെന്തോ പലഹാരവും ഒരു പാത്രത്തില്‍ വെച്ച് എനിക്ക് നീട്ടി.
അവര്‍ പോയശേഷവും കുറേനേരം ഞാന്‍ ആ തണലില്‍ തന്നെ ഇരുന്നു. ഇന്ന് രാത്രി ഗംഗയുടെ തീരത്തെ ഈ ഘാട്ടില്‍ എവിടെയെങ്കിലും ഉറങ്ങാമെന്ന് ഉറപ്പിച്ചിരുന്നു. രാത്രിയിലേക്കെത്താന്‍ ഇനിയും ഏറെ സമയമുണ്ട്. അതുവരെ എന്തുചെയ്യണമെന്ന ആലോചന... ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ എന്ന മുകുന്ദന്റെ രചനയില്‍ പരാമര്‍ശിക്കുന്ന മാനസാദേവിക്ഷേത്രം ഒരു സുഹൃത്ത് പറഞ്ഞ് മനസ്സിലേക്ക് വന്നു. ഒരു മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രം. നാലോ അഞ്ചോ കിലോമീറ്ററുണ്ട് അവിടേക്ക്. കാലുകളുടെ ക്ഷീണം നടക്കാന്‍ മടിതോന്നിപ്പിക്കുന്നു. ഒരു റിക്ഷാക്കാരനോട് റേറ്റ് ചോദിച്ചു. എണ്‍പത് രൂപ. നടക്കാമെന്ന് തന്നെ വിചാരിച്ചു. അടുത്ത് എന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരു റിക്ഷാക്കാരന്‍ അപ്പോള്‍ നാല്‍പ്പത് രൂപയ്ക്ക് എത്തിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി. എന്നെ പിന്നിലിരുത്തി അയാള്‍ അരകിലോമീറ്റര്‍ പോലും സൈക്കിള്‍ ചവിട്ടിയിട്ടുണ്ടാവില്ല. ഒരുടിക്കറ്റ് കൗണ്ടറിനു മുന്നിലാണ് ഇറക്കിവിട്ടത്. നൂറിനു മുകളില്‍ ചാര്‍ജ് കൊടുത്ത് റോപ്പ് വേ മാര്‍ഗത്തില്‍ മലയുടെ മുകളിലെത്തണം. ആ റിക്ഷാക്കാരന്‍ നാല്‍പ്പത് വാങ്ങി എന്നെ പറ്റിച്ചതാണ്.
ഇരുമ്പുറോപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന തൂക്കുവാഹനത്തില്‍ പരമാവധി നാലുപേര്‍ക്കാണ് ഇരിക്കാവുന്നത്. എനിക്കു മുന്നില്‍ അഞ്ച് പേരുള്ള ഒരു കുടുംബമാണ് നിന്നിരുന്നത്. ദമ്പതികളെ കൂടാതെ രണ്ടുകുട്ടികളും ഒരു വൃദ്ധയും. ദമ്പതികളും അവരുടെ മക്കളും ആദ്യമേ നീങ്ങിയ വാഹനത്തില്‍ കയറിപോയപ്പോള്‍ ആ വൃദ്ധ ഒറ്റയ്ക്കായി. ഞാനും തനിച്ചായതിനാല്‍ അവര്‍ എനിക്കൊപ്പം കയറി. അഞ്ഞൂറടിയോളം പൊക്കത്തില്‍ ആകാശത്തിലൂടെയുള്ള യാത്ര. ആ ഇരിപ്പില്‍ എനിക്ക് ഹരിദ്വാര്‍ ദേശം ഏതാണ്ട് മുഴുവനായും കാണാം. താഴെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ തെളിയുന്ന ചെറിയ പാതകളും അതിനെ ചുറ്റിപറ്റുന്ന തെരുവുകളും. ഞാന്‍ കാഴ്ച്ചകളില്‍ മുഴുകിയിരിക്കെ ആ സ്ത്രീ പ്രാര്‍ത്ഥനകളിലായിരുന്നു. മാനസാദേവിയോടുള്ള ഏതോ പ്രാര്‍ത്ഥനയുടെ മന്ത്രങ്ങള്‍ അവരുടെ ചുണ്ടുകള്‍ ഉരുവിടുന്നു. അതില്‍ നിന്നും ഉണര്‍ന്ന് പിന്നെ എന്നെ നോക്കി അവര്‍ ചിരിക്കുകയും ഹിന്ദിയില്‍ എന്തൊക്കെയോ മിണ്ടുകയും ചെയ്തു. ഞാന്‍ കേരളത്തില്‍ നിന്നാണെന്നും ഹിന്ദി എനിക്ക് വശമില്ലെന്നും അറിയാവുന്ന ഭാഷയൊപ്പിച്ച് പറയാന്‍ ശ്രമിച്ചു. ചിത്രങ്ങള്‍ പകര്‍ത്തികൊണ്ടിരിക്കെ അവരെയും എടുക്കൂവെന്ന് ആംഗ്യം കാണിച്ചു. അമ്മയോടെപോലെ എനിക്ക് ആ സ്ത്രീയോട് പെട്ടെന്ന് സ്‌നേഹം തോന്നി. ക്ഷേത്രസമീപത്തെത്തിയ ശേഷവും അവരുടെ കുടുംബത്തെ കാണുംവരെ ഞാന്‍ ആ വൃദ്ധയ്‌ക്കൊപ്പം തന്നെയാണ് നീങ്ങിയത്. പിന്നെ ഞാന്‍ ഒറ്റയ്ക്കായി.

| ഫോട്ടോ: ഡിന്നു ജോർജ്
റോപ് വേ മാര്‍ഗമല്ലാതെ നടന്നും നിശ്ചിത പൈസ നല്‍കി ട്രിപ്പടിക്കുന്ന ബൈക്കുകളുടെ പിന്നിലിരുന്നും ആളുകള്‍ ഈ മലമുകളിലേക്ക് വരുന്നുണ്ട്. വളകള്‍, മാലകള്‍ പൂജാസാമഗ്രികള്‍ എന്നിങ്ങനെ പലതരം വാണിഭങ്ങള്‍ വില്‍ക്കുന്ന ഒരു മാര്‍ക്കറ്റിലേക്കാണ് ഇവിടേക്കെത്തുന്നവര്‍ ആദ്യം ആകര്‍ഷിക്കപ്പെടുക. ഞാന്‍ അതിലൂടെ അല്‍പ്പനേരം ചുറ്റിത്തിരിഞ്ഞ് ക്ഷേത്രനുള്ളിലേക്ക് പ്രവേശിച്ചു. മിക്ക സ്ഥലങ്ങളിലും ചുവന്ന നിറംകൊണ്ടുള്ള അലങ്കാരങ്ങള്‍. ചുവപ്പ് ചുറ്റിയ പ്രതിഷ്ഠകള്‍. ക്ഷേത്രകാര്‍മ്മികളായി അനേകംപേരുണ്ട്. അവര്‍ ചുവന്ന മുണ്ടും ഷാളും ധരിച്ചിരിക്കുന്നു. അധികവും യുവാക്കളാണ്. ഭ്രാന്തമായ ഭക്തികളിലും വിശ്വാസങ്ങളിലും ദൃഢപ്പെട്ട പുതിയ കണ്ണികള്‍
ദേവതാപ്രതിഷ്ഠകള്‍ക്കു മുന്നിലെത്തി നിമിഷനേരം വണങ്ങുന്നതിനായി ആളുകള്‍ നീണ്ടവരികളില്‍ ക്ഷമയോടെ കാത്തിരിക്കുന്നു. കൈകള്‍ കൂപ്പിയ ഭക്തവേഷം കെട്ടി ഞാനും അവരിലൊരാളായി. പ്രതിഷ്ഠാസ്ഥലങ്ങളിലെല്ലാം ഭണ്ഡാരപാത്രങ്ങളുമായി പൂജാസഹായികള്‍ നില്‍ക്കുന്നുണ്ട്. നിര്‍ബന്ധമായും ഇതില്‍ പൈസ ഇടൂ എന്ന മട്ടിലാണ് വഴിയെ പോകുന്നവരുടെ മുന്നിലേക്ക് അവര്‍ ആര്‍ത്തിയുടെ ആ പാത്രങ്ങള്‍ നീട്ടുന്നത്.
അനേകം ചരടുകള്‍ കെട്ടിവെച്ച ഒരു മരത്തൂണ്‍ ശ്രദ്ധയില്‍പ്പെട്ടു. ആളുകള്‍ അതിനുമേല്‍ അപ്പോഴും ചരടുകള്‍ കെട്ടിക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും ആഗ്രഹത്തെ ധ്യാനിച്ച് ആ തൂണില്‍ ചരട് കെട്ടി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലീകരിക്കപ്പെടും എന്നാണ് വിശ്വാസം. അപ്രകാരം ആഗ്രഹം സഫലമായാല്‍ ചരടുകള്‍ അഴിക്കാനായി വിശ്വാസികള്‍ വീണ്ടും ഈ ക്ഷേത്രത്തിലേക്ക് വരുന്നു. പിന്നെയും ഏതൊക്കെയോ കാഴ്ച്ചകളിലൂടെ അലഞ്ഞുതിരിഞ്ഞ് വൈകിയാണ് ഞാന്‍ മലയിറങ്ങിയത്.

ഗംഗാതീരത്തെ രാത്രി
തിരിച്ച് ഘാട്ടിലെത്തുമ്പോള്‍ സൂര്യന്‍ അസ്തമിച്ച് കെടാറായിരുന്നു. സന്ധ്യയിലേക്ക് നിറം മങ്ങുന്ന ആകാശം. നദിയിലൂടെ ആരതിവെളിച്ചങ്ങളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. മണിയൊച്ചകളും മന്ത്രനാദങ്ങളും മുഴങ്ങുന്നു. ഹനുമാന്‍ഘാട്ടിനു മുന്നില്‍ ഇന്നലെ ഇരുന്ന ആളൊഴിഞ്ഞ ആ പടവിലേക്ക് പോയി വിശ്രമിച്ചു. ദീര്‍ഘമായ നടത്തത്തിന്റെ ക്ഷീണം അപ്പോഴത്തെ ഇരുപ്പിന്റെ സുഖത്തെ കൂടുതലാക്കുന്നു. ശരീരം വിയര്‍പ്പും പൊടിയും പറ്റി മുഷിഞ്ഞിട്ടുണ്ട്. കുളിക്കാനായി ഒരു തോര്‍ത്തുടുത്ത് ഞാന്‍ നദിയിലേക്കി റങ്ങി. ഉത്ഭവസ്ഥാനത്തില്‍ നിന്നും അധികം ദൂരത്തിലേക്ക് സഞ്ചരിച്ചെത്താത്ത ഗംഗ. ഒഴുക്കിന് വല്ലാത്ത വേഗതയുണ്ട്. ഇനിയും അനേകം ദേശങ്ങളെ തൊടാനുള്ള വ്യഗ്രത പോലെ...
കൈവരിയില്‍ പിടിച്ചുകൊണ്ട് ശരീരത്തെ കഴുത്തുവരെ വെള്ളത്തിനുള്ളിലാക്കി നിന്നു. ഹിമാനിയില്‍ ഉറയുന്ന മഞ്ഞുകട്ടകളുടെ ശൈത്യം നദിയെ വല്ലാതെ തണുപ്പിച്ചിരുന്നു. ഇത്രയും തണുപ്പുള്ള ജലത്തില്‍ മുന്‍പൊരിക്കലും ഞാന്‍ കുളിച്ചിട്ടില്ല. കരയ്ക്കു കയറി ഇരിക്കുമ്പോള്‍ രണ്ട് കുട്ടികള്‍ അടുത്തേക്ക് വന്നു. ഏഴോ എട്ടോ വയസ് തോന്നിക്കുന്ന സമപ്രായക്കാര്‍. സഹോദരങ്ങളാണ്. മുതിര്‍ന്ന ആരുടെയോ അളവിനൊത്ത വലിയ ഷര്‍ട്ടിനും നിക്കറിനും ഉള്ളില്‍ അവരുടെ ചെറിയ ശരീരങ്ങള്‍ ഒന്നുകൂടി ചെറുതായി. നിലത്ത് വിരിക്കുന്ന ഒരു പ്ലാസ്റ്റിക് പായ ഒരാള്‍ കൈയ്യില്‍ പിടിച്ചിരിക്കുന്നു. പൂജയ്ക്കും മറ്റും എത്തുന്നവര്‍ക്ക് വിശ്രമിക്കാനായി ഇത്തരം പായകള്‍ ഘാട്ടുകളില്‍ ധാരാളമായി വില്‍പ്പന ചെയ്യുന്നുണ്ട്.
ഭയ്യാ... ദസ് റുപ്യ..' ആ പായ അവര്‍ എനിക്ക് നീട്ടി. രാത്രിയിലെ ഉറക്കത്തിനായി നിര്‍ബന്ധമായും എനിക്ക് ഇങ്ങനെയൊന്ന് വേണ്ടിയിരുന്നു. അത് വാങ്ങി കൈയ്യില്‍ പിടിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. ഈ കുട്ടികള്‍ എന്നെ കബളിപ്പിക്കുകയാണ്. നിറയെ മണ്ണും പൊടിയും പുരണ്ടിരിക്കുന്നു. ആരോ ഉപയോഗിച്ച ശേഷം കളഞ്ഞതിനെ കുട്ടികള്‍ എവിടെ നിന്നോ പെറുക്കിയെടുത്ത് രണ്ടാമതും എനിക്ക് വില്‍ക്കുകയാണ്. ഞാന്‍ അറി യാവുന്ന ഹിന്ദിയൊപ്പിച്ച് അവരുടെ പേരും ദേശവും ചോദിച്ചു. ഒറീസ്സയില്‍ നിന്നുള്ള ഏതോ രണ്ട് പേരുകള്‍. ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. കുറച്ച് മാസങ്ങളായി അവര്‍ പിതാവിനോടൊത്ത് ഹരിദ്വാറിലെ ഈ ഘാട്ടുകളിലും സമീപസ്ഥങ്ങളിലുമായി ജീവിക്കുന്നു. അമ്മ മരിച്ചുപോയി. ഞാന്‍ കീശയില്‍ നിന്നും പത്ത് രൂപയെടുത്ത് നല്‍കി. പൈസ കിട്ടിയതിന്റെയോ, എന്നെ കബളിപ്പിച്ചതിന്റെയോ സന്തോഷം അവരുടെ മുഖത്ത്. പരസ്പരം എന്തോ സംസാരിച്ചുകൊണ്ട് എന്നെ തിരിഞ്ഞ് നോക്കി ഹരിദ്വാറിന്റെ തിരക്കിനുള്ളിലേക്ക് അവര്‍ വേഗം ഓടിപോയി.

സമയം നീങ്ങിയപ്പോള്‍ എനിക്ക് വിശക്കാന്‍ തുടങ്ങി. അധികം ദൂരത്തിലല്ലാതെ ചെറിയ കടകളുണ്ട്. ഒരിടത്ത് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശങ്കര്‍ഗിരി സ്വാമിയെ പരിചയപ്പെട്ടത്. ഹരിദ്വാറില്‍ എത്തിയശേഷം പലതരക്കാരായ സ്വാമിമാരെ കണ്ടിട്ടുണ്ടായിരുന്നു. ഇന്നലത്തെ എന്റെ അലച്ചിലിനിടയില്‍, ഗംഗാസമീപത്തെ ഒരു വലിയ ഷെഡ്ഡിനുള്ളില്‍ ശരീരമാസകലം ഭസ്മങ്ങള്‍ പൂശിയ സ്വാമിമാര്‍ ഇരുന്നിരുന്നു. അതില്‍ രണ്ടോ മൂന്നോപേര്‍ നഗ്‌നഭിക്ഷുക്കളാണ്. ഷെഡ്ഡിനകത്തെ തണലില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട് വളരെ കുറച്ച് ഭക്തര്‍ ഇരിക്കുന്നു. ഭക്തരിലൊരാളായി എന്നെ തോന്നുംവിധം വിശ്വാസിയുടെ മാര്‍ഗങ്ങള്‍ ശരീരഭാവങ്ങളില്‍ വരുത്തി ഞാന്‍ ആ ഷെഡ്ഡിനകത്തേക്ക് കയറിയിരുന്നു. ജഡ പിടിച്ച മുടിയും താടിയും ഉള്ള ആ നഗ്‌നസ്വാമികളില്‍ ഒരാള്‍ എന്നെ തുറിച്ച് നോക്കുന്നു. എന്റെ നോട്ടം ആ നോട്ടവുമായി സന്ധിച്ച നിമിഷം ആംഗ്യത്തിലൂടെ അയാള്‍ എന്നെ അരികിലേക്ക് വിളിച്ചു. ആ കണ്ണുകളില്‍ കണ്ട, ഭസ്മങ്ങള്‍ വാരിപ്പൊത്തിയ ആകാരത്തില്‍ എനിക്ക് തോന്നിയ ഏതോ ഭയം പെട്ടെന്ന് എന്നെ അവിടെനിന്നും മറ്റൊരിടത്തേക്ക് നയിച്ചു.

ആളുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വം പൈസ വാങ്ങാനായി വേഷം കെട്ടി ഹരിദ്വാറിലൂടെ അലയുന്ന വ്യാജ സന്ന്യാസികളും ഏറെയാണ്. ശങ്കര്‍ഗിരി സ്വാമി വ്യത്യസ്തനായി എനിക്ക് തോന്നി. മിക്കവരെയുംപോലെ കാവി ജുബ്ബയും മുണ്ടും രുദ്രാക്ഷമാലകളുമൊക്കെയാണ് വേഷമെങ്കിലും മുഷിപ്പിന്റേയോ ചുളിവുകളുടെയോ പാടുകളില്ല. കൃത്യമായ നിഷ്ഠകളെ ആചരിക്കുന്ന ഒരാളാണ് എന്ന് കാണുന്നവര്‍ക്ക് തോന്നലുണ്ടാകുംവിധം താടിയും മീശയും വടിച്ച് മിനുസപ്പെടുത്തിയിരിക്കുന്നു. എന്തു സംസാരിക്കുമ്പോഴും ആ മുഖത്ത് നിന്നും ഒഴിഞ്ഞുപോകാത്ത ഭാവമായി പ്രസാദാത്മകമായ ഒരു നേര്‍ത്ത ചിരി നിഴലിച്ചു. ഭക്ഷണം കഴിച്ചുതീരുവോളം പിന്നെ തിരിച്ച് ഘാട്ടിലേക്ക് നടക്കുന്ന സമയങ്ങളിലും ഞങ്ങള്‍ സംസാരിച്ചു. രണ്ടുപേര്‍ക്കും പരിമിത ജ്ഞാനമുള്ള ഇംഗ്ലീഷില്‍. ബദരി, കേദാര്‍ സ്ഥാനങ്ങളിലേക്കുള്ള യാത്രയിലാണ് ഞാന്‍ എന്ന് അറിയിച്ചപ്പോള്‍ ആ സ്വാമി നല്ലത് എന്ന് ചിരിച്ചു. ഹരിദ്വാറില്‍ ഏറെ നാളായി ജീവിക്കുന്നുവെങ്കിലും അദേഹം ഇനിയും ഈ രണ്ടുസ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടില്ല. എന്റെ യാത്രയെപ്പറ്റി നല്ലത് എന്ന സ്വാമിയുടെ അഭിപ്രായത്തില്‍ എന്നെ ഒരു തീര്‍ത്ഥയാത്രികനായ ഭക്തനായി അദേഹം ധരിച്ചുവെച്ചിരിക്കുമെന്ന് ഞാന്‍ ഈഹിച്ചു. കേരളത്തെപ്പറ്റിയുള്ള സംസാരത്തില്‍ കന്യാകുമാരിയും ബാംഗ്ലൂരിലെ ഒരു ക്ഷേത്രവും സ്വാമിയ്ക്ക് പരിചിതം. കന്യാകുമാരി ഇപ്പോഴും കേരളത്തിലാണ് എന്നാണ് അദേഹം വിചാരിക്കുന്നത്.
പിരിയാന്‍ നേരം ഒരു കൗതുകം ഉദിച്ചപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു. 'എവിടെയാണ് താമസിക്കുന്നത് ? ഉറങ്ങുന്നത് ?' അദേഹം രണ്ടുകൈകളും വിടര്‍ത്തി ചിരിച്ചു. 'എവിടെയും.. എവിടെയായാലും ഹരിസ്വാമി നോക്കികൊള്ളും.'
മണിയൊച്ചകളും മന്ത്രനാദങ്ങളും നിന്നു. രാത്രിയിലൂടെ ഏതോ സിംഫണീനാദം പോലെ ഒച്ച കേള്‍പ്പിച്ച് ഗംഗ ഒഴുകി. കുട്ടികളുടെ കൈയ്യില്‍ നിന്നും വാങ്ങിയ പായ സമീപത്തെ നിലത്ത് വിരിച്ച് നദിയെ നോക്കി ഞാന്‍ കിടന്നു. പുരാണങ്ങളിലും പാഠപുസ്തകങ്ങളിലും വര്‍ഷങ്ങള്‍ക്കു മുമ്പ് പരിചയിച്ച ഗംഗ. വൈദ്യുതവിളക്കുകളില്‍ നിന്നും വീഴുന്ന വെളിച്ചങ്ങള്‍ അതിനെ ഭംഗിപ്പെടുത്തുന്നു. ഒഴുക്കിന് ശക്തി ഉണ്ടെങ്കിലും ഗംഗ ഇപ്പോള്‍ ശാന്തമാണെന്ന് തോന്നി. അകലെ മലമുകളില്‍ കാണുന്ന വെളിച്ചം മാനസാദേവി ക്ഷേത്രത്തിലേതാണ്.
തണുപ്പിന് കട്ടിയേറിവരുന്നു. ബാഗില്‍ നിന്നും കമ്പിളിയെടുത്ത് പുതച്ചു. എനിക്ക് പിന്നിലൂടെ കത്തിയ ചരസ്സിന്റെയും കഞ്ചാവിലകളുടെയും ഗന്ധങ്ങള്‍ ഒഴുകി. ആ ലഹരികളില്‍ ഉന്മത്തരായവരുടെയും ഭ്രാന്ത് വന്നവരുടെയും പിച്ചുംപേച്ചുകള്‍... രാത്രി ഏറെ വൈകിയപ്പോള്‍ ഒരു സ്ത്രീ രണ്ട് മൂന്ന് കവറുകളില്‍ വേസ്റ്റുകള്‍ നിറച്ച് നദിയിലേക്ക് കൊണ്ടിട്ടു. ശാപവും പാപവും കഴുകും എന്ന് വിശ്വസിക്കപ്പെടുന്ന പൂണ്യതീര്‍ത്ഥം. ആ സ്ത്രീ ഒരു ജിപ്‌സി സംഘത്തില്‍പ്പെട്ട ആളായിരുന്നു. ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ വാണിഭങ്ങള്‍ നടത്തിയും മറ്റുമായി ദേശാന്തരങ്ങളിലൂടെ അലഞ്ഞ് ജീവിക്കുന്നവര്‍. അവര്‍ക്ക് ഭക്തി ഉണ്ടായിരുന്നില്ല എന്ന് എനിക്ക് തോന്നി. ഭക്തരല്ലാത്തവരും ഗംഗായുടെ ഈ തീരത്തെത്തുന്നു. മുഖത്തേക്ക് വീശുന്ന കാറ്റിന്റെ അലയിളക്കങ്ങളില്‍ കണ്ണുകളുടയ്ക്കാന്‍ തോന്നുന്നു. ഞാന്‍ കണ്ണുകള്‍ പൂട്ടി കിടന്നു.
ഋഷികേശില്‍ നിന്ന്..
ആ നദീതീരത്ത് എനിക്ക് നല്ല ഉറക്കം ലഭിച്ചു. ഉണരുമ്പോള്‍ പ്രഭാതം വന്നുകഴിഞ്ഞിരുന്നു. പരിസരങ്ങളിലായി കിടന്നിരുന്നവരില്‍ ചിലര്‍ പുതച്ചുമൂടി അപ്പോഴും ഉറങ്ങുന്നു. കുറച്ചുപേര്‍ തണുപ്പിനെ വകവെയ്ക്കാതെ നദിയിലേക്കിറങ്ങി കുളി നടത്തുന്നു. ഞാന്‍ എഴുന്നേറ്റിരുന്നു. ഇനി പേകേണ്ടത് ഋഷികേശിലേക്കാണ്. അവിടുന്ന് കേദാര്‍നാഥ്..
ബദരി, കേദാര്‍ സ്ഥാനങ്ങളിലേക്കുള്ള പ്രവേശനവാതില്‍ യഥാര്‍ത്ഥത്തില്‍ ഋഷികേശാണെന്ന് അറിഞ്ഞു. ഹരിദ്വാറില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ ദൂരം. യാത്രയുടെ മാര്‍ഗം ഗൂഗിളില്‍ തപ്പിയപ്പോള്‍ പെട്ടെന്ന് ആ നിരാശ എന്നെ ബാധിച്ചു. കേദാറിലേക്കും ബദരിയിലേക്കും പോകാന്‍ സാധിക്കുകയില്ല. കോവിഡ് കാരണത്താല്‍ മുന്‍കൂറായി പാസ് എടുത്തപ്രകാരം പരിമിതമായ തീര്‍ത്ഥാടകരെ മാത്രമേ അവിടങ്ങളിലേക്ക് അനുവദിക്കുന്നുള്ളു. ഒരുപാട് അകലെ നിന്നും രണ്ടായിരത്തിയഞ്ഞൂറിലേറെ കിലോമീറ്ററുകള്‍ താണ്ടി ഞാനെന്റെ ലക്ഷ്യസ്ഥാനം അടുക്കാറായപ്പോള്‍ ആ കാഴ്ച്ചകളുടെ വാതില്‍ എനിക്കുമുന്നില്‍ അടയുകയാണ്. ഋഷികേശിലും സമീപദേശങ്ങളിലുമായി കുറച്ച് ദിവസം തങ്ങിയാല്‍കൂടിയും അടുത്തനാളുകളിലേക്കൊന്നും പാസ് ലഭിക്കുകയില്ല. എന്തുചെയ്യുമെന്ന ആശങ്ക. യാത്രയുടെ ലക്ഷ്യം അനിശ്ചിതത്തിലാവുമ്പോള്‍ ഒരു കവലയില്‍ തെളിയുന്ന അനേകം വഴികള്‍ പോലെ പല സ്ഥലങ്ങളും മനസ്സിലേക്ക് വരുന്നു. എവിടേക്ക് എന്ന ചോദ്യം.

തണുപ്പിനെ വകവെയ്ക്കാതെ ഞാന്‍ നദിയിലേക്കിറങ്ങി. കുളിച്ചു. പിന്നെ ജഷികേശിലേക്ക് പുറപ്പെടുന്ന വണ്ടിയ്ക്കായി നടന്നു. ഘാട്ടിലെത്തും മുന്‍പ് തിരക്കുകളില്‍ മാത്രം കണ്ടിട്ടുള്ള മാര്‍ക്കറ്റ് ഇപ്പോള്‍ ഏകാന്തമാണ്. പലഭാഗങ്ങളില്‍ തുറന്നുവെച്ച കുറച്ച് ചായക്കടകളൊഴിച്ചാല്‍ മറ്റെല്ലാം അടഞ്ഞുകിടന്നു. പ്രഭാതത്തിന് കുറച്ചുകൂടി കനം വെയ്ക്കുമ്പോള്‍ ഹരിദ്വാറിന്റെ ബഹളങ്ങള്‍ ഇവിടെ പുനരാരംഭിക്കും.
ഏതാണ്ട് പതിനൊന്നോടെ ഋഷികേശെത്തി. വെയില്‍ പിന്നെയും പരന്നു. ബസ് സ്റ്റേഷനില്‍ നിന്നും രണ്ടുകിലോമീറ്ററോളം നടന്നപ്പോള്‍ പ്രസിദ്ധമായ റാം ഝുല എത്തി. ഗംഗാനദിയക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള തൂക്കുപാലം. മനുഷ്യരും ഇരുചക്രവാഹനങ്ങളും അതിലൂടെ മറുകരപറ്റുന്നു. സമീപത്തായി സവിശേഷവാണിഭങ്ങളും ദൈവവിഗ്രഹങ്ങളും വില്‍പ്പനചെയ്യുന്ന തെരുവ്. അവിടെ അമ്പലങ്ങളും ആശ്രമങ്ങളും ധാരാളമായി നിന്നു. ഉയരുന്ന പ്രാര്‍ത്ഥനാസ്തുതികള്‍. ഹരിദ്വാറിന്റെ ഭക്തിഭാവങ്ങള്‍ ജഷികേശില്‍ തുടരുന്നുണ്ടെങ്കിലും ഈ ദേശം കുറേകൂടി ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതാണ് എന്ന് തോന്നി. ആരതിപൂജകളുടെയും പുണ്യസ്‌നാനഘട്ടങ്ങളുടെയും ഗംഗാ കരയിലെ മറ്റൊരു ഭാഗത്ത് ബോട്ടിംഗും റാഫ്റ്റിങ്ങുമായി വിനോദിക്കുന്ന സഞ്ചാരികള്‍. കാവിയും രുദ്രാക്ഷ മാലകളും ചുറ്റിയ സന്ന്യാസിമാര്‍ക്ക് സമാന്തരമായി പശ്ചാത്യ സംസ്‌കൃതിയുടെ വേഷങ്ങളില്‍ പ്രത്യക്ഷരായവര്‍.
റാം ഝുലപോലെ മറ്റൊന്നായ ലക്ഷ്മണ്‍ ഝുലയിലേക്ക് ഞാന്‍ നടന്നു. അവിടെ നിന്ന് വേറെയും ഏതൊക്കെയോ വഴികളിലേക്ക്.. മനസ്സില്‍ സൂക്ഷിച്ച ഋഷികേശിന്റെ പല കാഴ്ച്ചകളിലേക്കും എത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഈ സ്ഥലം എന്നെ ആഴത്തിലൊന്നും അനുഭവിപ്പിക്കാത്തതു പോലെ. കേദാറിലൂടെയും ബദരിയിലൂടെയുമുള്ള എന്റെ സഞ്ചാരപഥങ്ങളുടെ നഷ്ടും ഉണ്ടാക്കിയ നിരാശയായിരിക്കാം കാരണം. ഇവിടെ നിന്ന് ഇനി എങ്ങോട്ടാണ് നീങ്ങുക... മഞ്ഞിലെ വിമലയുടെ നൈനിറ്റാളും, ഷിംലയുമെല്ലാം മനസ്സിലേക്ക് വരുന്നു. ഇടയ്ക്കപ്പെഴോ, ഞാന്‍ എവിടെയോ വായിച്ച പാര്‍വതി താഴ് വരകളിലെ ആ പുരാതനമായ ഗ്രാമങ്ങളെപ്പറ്റി ഓര്‍ത്തു. ഹിമാലയ ശൃംഗങ്ങളുടെ മറ്റൊരു ഭാഗം.
ഉത്തരാഖണ്ഡില്‍ നിന്നും മാറി അവ ഹിമാചല്‍പ്രദേശിലാണ്. ചണ്ഡിഗഢിലെത്തിയാല്‍ അവിടേക്കുള്ള ബസ്മാര്‍ഗങ്ങള്‍ ലഭിക്കും. ഓര്‍ക്കുന്തോറും ബദരിയെയും കേദാര്‍നാഥിനെയും മറന്ന് ആ ഗ്രാമങ്ങളിലേക്കോടാന്‍ മനസ്സ് തിടുക്കപ്പെടുന്നു. അതിനായി ഋഷികേശ് റെയില്‍വേസ്റ്റേഷനിലെ ഒരു കാത്തിരിപ്പു ബെഞ്ചില്‍, വളരെ നേരത്തെതന്നെ ഛണ്ഡിഗഢിലേക്ക് പുറപ്പെടുന്ന ട്രെയിനിനായി ഞാന്‍ കാത്തിരിപ്പ് തുടങ്ങി.
(തുടരും)
Content Highlights: Haridwar Travel, Humayun Tomb, ganga aarti rishikesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..