പ്രകൃതിയുമായുളള ജൈവബന്ധം ക്യാമറയിൽ പകർത്തിയ മുതിർന്ന ഫൊട്ടൊഗ്രഫർ ശ്രീധരൻ വടക്കാഞ്ചേരിക്ക് അന്താരാഷ്ട്ര ഫൊട്ടൊഗ്രഫി പുരസ്കാരം. 52 രാജ്യങ്ങളിൽ നിന്നുളള ഫൊട്ടൊഗ്രഫർമാർ പങ്കെടുത്ത ഗ്രീൻസ്‌റ്റോം നേച്ചർ ഇന്റർനാഷണൽ ഫൊട്ടൊഗ്രഫി മത്സരത്തിൽ അഞ്ചാം സ്ഥാനമാണ് ശ്രീധരന് ലഭിച്ചത്. 6811 എൻട്രികൾ പരിഗണിച്ച മത്സരത്തിൽ ബംഗ്ലാദേശുകാരനായ റഹായത്തുൽ കരീമിനാണ് ഒന്നാം സ്ഥാനം.

ഫൊട്ടൊഗ്രഫിയിൽ അമ്പതാണ്ട് പിന്നിട്ട ശ്രീധരന്റെ തുടക്കം യു.എ.ഇ.യിൽ നിന്നായിരുന്നു. 40 വർഷമായി വടക്കാഞ്ചേരിയിൽ സത്യ ഡിജിറ്റൽ സ്റ്റുഡിയോ നടത്തുന്നു. പ്രായം 73 ആയതിനാൽ ഔട്ട്‌ഡോർ പരിപാടികൾക്കൊന്നും ഇപ്പോൾ പോവാറില്ല. ഭാരതപ്പുഴയും ഉത്രാളിക്കാവും വാഴാനിയും മച്ചാട് മലയും അസുരൻകുണ്ടും ചാത്തൻചിറയുമെല്ലാം ശ്രീധരന്റെ ഇഷ്ട ലൊക്കേഷനുകളാണ്.

Sreedharan Wadakkanchery Photo
ഗ്രീൻസ്‌റ്റോം അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹമായ ചിത്രം

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് ആരംഭിച്ച് പുതിയ സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെട്ട ശ്രീധരന് സംസ്ഥാന സർക്കാരിന്റെ മണ്ണും മനുഷ്യനും അവാർഡ് ഉൾപ്പെടെ അമ്പതിലധികം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രായം കൂസാതെ പുലർച്ചെ ക്യാമറയുമായി ശ്രീധരൻ വടക്കാഞ്ചേരി ശാന്തി നഗറിലെ പെരിങ്ങായിൽ വീട്ടിൽ നിന്നിറങ്ങും. 

നല്ല ചിത്രങ്ങൾ തേടിയുളള പതിവ് യാത്രകൾ വീട്ടുകാരും തടസ്സപ്പെടുത്താറില്ല. മകൻ സുഹാസും മികച്ച ഡിസൈനറും ഫൊട്ടൊഗ്രഫറുമാണ്.

Content Highlights: Greenstorm Nature Photography Contest, Sreedharan Wadakkanchery, Photography Contest