യാത്രയ്ക്കിടെ ഉറങ്ങിപ്പോയി, ബൈക്കിൽ നിന്ന് വീണു; 15,000 കിലോമീറ്റർ പിന്നിട്ട് പ്രശാന്തച്ചന്റെ യാത്ര


മനോജ് മേനോൻ

തേവര എസ്.എച്ച്. കോളേജിന്റെ ജനകീയ പ്രിൻസിപ്പൽ എന്നറിയപ്പെട്ട ഫാ. പ്രശാന്ത്, സേവനത്തിൽനിന്ന് വിരമിച്ചശേഷമാണ് ഇന്ത്യ കാണാനിറങ്ങിയത്.

ബൈക്കിൽ അഖിലേന്ത്യാപര്യടനം നടത്തുന്ന തേവര എസ്.എച്ച്. കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളിൽ ഡൽഹിയിൽ എത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി

കേരളത്തിൽനിന്ന് തുടങ്ങി പല നാടുകളും പല ഭാഷകളും കടന്ന് കശ്മീർ കണ്ട് രാജ്യതലസ്ഥാനത്തെത്തുമ്പോൾ പ്രശാന്ത് അച്ചന്റെ ബൈക്ക് പിന്നിട്ടത് പതിനയ്യായിരം കിലോമീറ്റർ. എൺപത്തിനാല് ദിവസങ്ങൾ പിന്നിട്ട് യാത്ര ബുധനാഴ്ച വിജയ് ചൗക്കിന് മുന്നിൽ ബൈക്ക് വട്ടംചുറ്റി നിൽക്കുമ്പോൾ പറന്നു പാറിയ താടിക്കിടയിൽ നിറചിരിയുമായി ഫാ. പ്രശാന്ത് പാലക്കാപ്പിള്ളിൽ. ‘‘നമ്മുടെ രാജ്യം എത്രയോ സുന്ദരം. വൈവിധ്യപൂർണം. എത്രയോ സ്വതന്ത്രമായി നമുക്ക് സഞ്ചരിക്കാം. എവിടെയും യാത്ര ചെയ്യാം.’’

തേവര എസ്.എച്ച്. കോളേജിന്റെ ജനകീയ പ്രിൻസിപ്പൽ എന്നറിയപ്പെട്ട ഫാ. പ്രശാന്ത്, സേവനത്തിൽനിന്ന് വിരമിച്ചശേഷമാണ് ഇന്ത്യ കാണാനിറങ്ങിയത്. ‘വിശ്വാസം, ഹരിതം, സമാധാനം’ എന്ന സന്ദേശമുയർത്തി കഴിഞ്ഞ ഓഗസ്റ്റ് 10- നാണ് ഫാ. പ്രശാന്ത് കേരളത്തിൽനിന്ന് യാത്ര പുറപ്പെട്ടത്. കോട്ടയം, കന്യാകുമാരി, മധുര, രാമേശ്വരം, പുതുച്ചേരി, ധനുഷ്‌കോടി, ആന്ധ്രയിലെ മദനപ്പിള്ളി, ബെംഗളൂരുര്, അനന്തപൂർ, ഹൈദരാബാദ്, ഛത്തീസ്ഗഡ്, ഒഡീഷ, ബംഗാൾ, സിഖിം പിന്നിട്ട് അസം, മേഘാലയ, ത്രിപുര, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽപ്രദേശ്, ബിഹാർ, യു.പി, ഉത്തരാഖണ്ഡ് വഴി ഹരിയാന, പഞ്ചാബ്, കശ്മീർ, ഡൽഹി എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള യാത്രാ ഡയറി. ഈ മാസം 15-ന് തിരികെ കൊച്ചിയിൽ.

പതിമൂന്നുവർഷം പഴക്കമുള്ള ബൈക്കും ഒരു സ്ലീപ്പിങ്‌ ബാഗടക്കമുള്ള സാമഗ്രികളുമായിരുന്നു ഇതുവരെയുള്ള സഹയാത്രികർ. ‘‘മുൻകൂട്ടി ആസൂത്രണം ചെയ്യാതെ ഒരു ദിവസം യാത്രതിരിക്കുകയായിരുന്നു. ഏപ്രിലിലാണ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ചത്. ഉടൻ യാത്ര പുറപ്പെടാൻ ഒരുങ്ങിയെങ്കിലും കോവിഡ് ലോക്ഡൗൺമൂലം യാത്ര മാറ്റിവെച്ചു. ഇടയ്ക്ക് എനിക്കും കോവിഡ് വന്നു. അതുകൊണ്ടാണ് രണ്ടുമാസം വൈകിയത്.’’

യാത്രയ്ക്കിടയിൽ ഒരിടത്തും പ്രയാസങ്ങളുണ്ടായില്ലെന്ന് ഫാ. പ്രശാന്ത് പറയുന്നു.

‘‘പ്രശ്നമേഖലകളിലൂടെയെല്ലാം യാത്ര ചെയ്തു. മാവോ മേഖലയെന്ന പറയപ്പെടുന്ന പ്രദേശങ്ങളിലൂടെയും യാത്രചെയ്തു. ഒരു പ്രശ്നവും നേരിടേണ്ടിവന്നില്ല. ത്രിപുരയിലെത്തിയപ്പേൾ ഒരു വഴിതടയലുണ്ടായി. സമരക്കാർ എല്ലാവരോടും ദേഷ്യത്തോടെയാണ് പെരുമാറിയത്. എന്നാൽ, അരമണിക്കൂർ കഴിഞ്ഞപ്പോൾത്തന്നെ എന്നെ യാത്രചെയ്യാൻ അനുവദിച്ചു. പ്രായമുള്ളയാളെന്നതും അഖിലേന്ത്യാ യാത്രയ്ക്കിറങ്ങിയ ഒരാളെന്നതുമായിരിക്കാം അവർ പരിഗണിച്ചതെന്ന്’’ പ്രശാന്ത് അച്ചൻ.

എന്നാൽ, ഒഡിഷയിലെ യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോയത് അപകടത്തിനിടയാക്കി. ‘‘പകൽസമയമായിരുന്നു. യാത്രാക്ഷീണത്താൽ അറിയാതെ കണ്ണടഞ്ഞുപോയി. ഹൈവേയിൽനിന്ന് വണ്ടിയും ഞാനും മൂന്നടി താഴ്ചയിലേക്ക് വീണു. വണ്ടി എന്റെ ദേഹത്തേക്ക് മറിഞ്ഞു. എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. കുറെ നാട്ടുകാർ ഓടിവന്ന് എടുത്തുയർത്തി. വീഴ്ച മൺതിട്ടയിലേക്കായതിനാൽ എനിക്ക് കുഴപ്പമൊന്നും പറ്റിയില്ല. വണ്ടിക്ക് ചില്ലറ പരിക്കേറ്റു.’’

ഇന്ത്യൻ ഗ്രാമങ്ങളിലൂടെയുള്ള യാത്ര അനുഭവങ്ങളുടെ പുസ്തകമാണെന്ന് അച്ചൻ പറയുന്നു. ‘‘ബിഹാറിലെ ഗ്രാമങ്ങൾ വായിച്ചുകേട്ടതിനെക്കാൾ പിന്നാക്കമാണ്. റോഡുകളൊക്കെ വളരെമോശം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ഏറ്റവും മോശം റോഡുകൾ ബിഹാറിലാണ്. കശ്മീർവരെ എല്ലായിടങ്ങളിലും ബിഹാറികളാണ് ജോലിചെയ്യുന്നത്. എന്നാൽ, ബിഹാർ ഒരുപാട് പിന്നാക്കമാണെന്ന്’’ പ്രശാന്ത് അച്ചൻ അഭിപ്രായപ്പെട്ടു.

യാത്രകൾക്കിടയിൽ മലയാളികളെ നിരവധി കണ്ടുമുട്ടി. ബൈക്ക് റൈഡർമാരിൽ ഏറെയും മലയാളികളാണെന്ന് ഫാ. പ്രശാന്ത് പറഞ്ഞു. കേരളത്തിൽനിന്നുള്ള വണ്ടിനമ്പർ കാണുമ്പോൾ അവർ ഓടിയെത്തി പരിചയപ്പെടും.

ഒന്നിലേറെ പുസ്തകങ്ങൾക്കുള്ള അനുഭവങ്ങളാണ് യാത്ര പ്രശാന്ത് അച്ചന് നൽകിയത്. ‘പുസ്തകം എഴുതുമോ’ എന്ന ചോദ്യത്തിന് അച്ചൻ നൽകിയ മറുപടി ഇങ്ങനെ: ‘‘പുസ്തകം എഴുതാൻ ആഗ്രഹമുണ്ട്. ഞാൻ ഒരുവലിയ എഴുത്തുകാരനൊന്നുമല്ല. കുറച്ച് കുറിപ്പുകൾ എഴുതിവെച്ചിട്ടുണ്ട്. അതൊക്കെ ആളുകൾക്ക് വായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പുസ്തകമാക്കാം.’’

Content Highlights: Fr Prashanth, Solo bike trip to Ladakh, Solo bike ride in India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented