ഏതു നഗരത്തില്‍ പറന്നിറങ്ങിയാലും ആ നഗരഹൃദയത്തില്‍ക്കൂടി ഒരു നടത്തം പതിവാണ്. ചരിത്രവും സംസ്‌കാരവും രുചിഭേദങ്ങളും ഹൃദയത്തില്‍ പതിയാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയില്ല. ഒരു ജോഡി ലൈറ്റ് വെയ്റ്റ് വോക്കിങ് ഷൂസും സിറ്റി മാപ്പും ഗൂഗിളും ഉണ്ടെങ്കില്‍ നഗരം നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങും. ട്രോപ്പിക്കല്‍ കാലാവസ്ഥയുള്ള നഗരങ്ങളില്‍ നല്ല സണ്‍സ്‌ക്രീനും സണ്‍ഗ്ലാസും കുടയും കരുതണം. ഇടയ്ക്ക് മെട്രോ ട്രെയിനുകളെയും ട്രാമുകളെയും സൈക്കിളുകളെയും ഉള്‍പ്പെടുത്തി നിങ്ങളുടെ വാലറ്റിനെ ശൂന്യമാക്കാതെ സുന്ദരമായി യാത്ര ചെയ്യാം. അങ്ങനെ പോകാവുന്ന ലോകത്തിലെ നാലു നഗരങ്ങള്‍ ഇതാ.
ഇസ്താംബുള്‍
പൗരാണികതയും ആധുനികതയും ഇഴചേര്‍ന്നു കിടക്കുന്ന ഇസ്താംബുള്‍ നഗരം സഞ്ചാരികളുടെ സ്വപ്ന സ്ഥലമാണ്. യൂറോപ്പിന്റെയും ഏഷ്യയുടെയും സങ്കലനം. തലസ്ഥാനനഗരം അങ്കാറയെങ്കിലും തുര്‍ക്കിയുടെ സാംസ്‌കാരിക തലസ്ഥാനം ഇസ്താംബുള്‍ ആണ്. പുരാതനമായ കൂറ്റന്‍ മതിലുകളുടെ അവശേഷിപ്പുകളാണ് ഇസ്താംബുളില്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്നും രാജ്യസംരക്ഷണത്തിനായി അവര്‍ മതിലുകള്‍ പണിഞ്ഞു കൊണ്ടേയിരിക്കുന്നു.
പഴയ തെരുവായ ഇസ്തിക്കല്‍ സ്ട്രീറ്റും തുര്‍ക്കിയുടെ താജ്മഹലായ ഹയ സോഫിയയും ബ്ലൂ മോസ്‌കും ഒക്കെ ഇങ്ങനെ നടന്നു കാണാവുന്ന സ്ഥലങ്ങളാണ്. ഇസ്തിക്കല്‍ സ്ട്രീറ്റിലെ തിരക്കും അതീവ രുചികരമായ ഭക്ഷണവും പൗരാണികത തുടിക്കുന്ന കെട്ടിടങ്ങളും ആസ്വദിച്ചു മടങ്ങാം. ഓള്‍ഡ് ടൗണ്‍ ഇസ്താംബുള്‍ റോഡ് മ്യൂസിയങ്ങളും ഓട്ടോമന്‍ തുര്‍ക്കുകളുടെയും ഗ്രീക്ക് സെറ്റില്‍മെന്റുകളുടെയും പാദമുദ്രകളും നിറഞ്ഞയിടമാണ്. സുല്‍ത്താന്‍ അഹ്മദ് മോസ്‌ക്, തൊല്‍കാപ്പി മ്യൂസിയം, ഹയ സോഫിയ, ഏതു ലോകോത്തര ബ്രാന്‍ഡ് വസ്ത്രങ്ങളും ലെതറും കരകൗശല വസ്തുക്കളും കിട്ടുന്ന ഗ്രാന്‍ഡ് ബസാര്‍, എല്ലാ സുഗന്ധവ്യഞ്ജനങ്ങളും കിട്ടുന്ന സ്പൈസ് മാര്‍ക്കറ്റ്. ഇവയെല്ലാം ഒരു നടത്തത്തില്‍ ഉള്‍പ്പെടുത്താം.
വിസ: fsglobal വഴി തുര്‍ക്കി വിസയ്ക്ക് അപേക്ഷിക്കാം. നേരിട്ടോ അല്ലെങ്കില്‍ ട്രാവല്‍ ഏജന്റ് മുഖേനയോ അപേക്ഷിക്കാം.അപേക്ഷ നല്‍കി ആറു ബിസിനസ് ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. കാലാവധിയുള്ള ഷെന്‍ഗെന്‍, ഇല്ലെങ്കില്‍ യു എസ് വിസ ഉണ്ടെങ്കില്‍ https://www.evisa.govt.r/en/ എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈന്‍ ആയി വിസയ്ക്ക് അപേക്ഷിച്ചാല്‍ മതി.
ഫ്ളൈറ്റ്: തുര്‍ക്കിയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് ഫ്ളൈറ്റുകള്‍ ഇല്ല. ഡല്‍ഹിയില്‍ നിന്നാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് നടത്തുന്ന നേരിട്ടുള്ള സര്‍വീസ് . ചെലവ് കുറച്ച് ടിക്കറ്റ് ലഭിക്കാന്‍, മിഡില്‍ ഈസ്റ്റ് വഴിയുള്ള കണക്ഷന്‍ ഫ്ളൈറ്റുകള്‍ ആണ് നല്ലത്.

സഞ്ചാരം: പൊതു ഗതാഗതം മികച്ചു നില്‍ക്കുന്ന രാജ്യമാണ് തുര്‍ക്കി. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് റോഡ്, റെയില്‍, വ്യോമ ഗതാഗത സൗകര്യങ്ങള്‍ ഉണ്ട് പൊതു ഗതാഗതം മികച്ചു നില്‍ക്കുന്ന രാജ്യമാണ് തുര്‍ക്കി. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് റോഡ്, റെയില്‍, വ്യോമ ഗതാഗത സൗകര്യങ്ങള്‍ ഉണ്ട്. tsianbulkart എന്ന ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് വാങ്ങിയാല്‍ ഇസ്താംബുള്‍ സിറ്റിയിലെ പൊതു ഗതാഗത സൗകര്യങ്ങളില്‍ എല്ലായിടത്തും ഉപയോഗിക്കാം. ആവശ്യാനുസരണം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയില്‍ ഉള്ളതാണ് കാര്‍ഡ്.
ടാക്സി സര്‍വീസ് ഉപയോഗപ്പെടുത്താന്‍ 'BiTaksi'എന്ന ടാക്സി സര്‍വീസ് ആപ്ലിക്കേഷന്‍ ലഭ്യമാണ്. ടാക്സിക്കാര്‍ എപ്പോഴും പറ്റിക്കാറുള്ള ഇടം കൂടിയാണിത്. ടര്‍ക്കിഷ് കോഫിയും ടര്‍ക്കിഷ് ഡിലൈറ്റും വിവിധതരം കബാബുകളും ഉള്‍പ്പെടുന്ന രുചികളുടെ പറുദീസ കൂടിയാണ് ഈ നഗരമെന്നു മറക്കേണ്ട.
സിംഗപ്പുര്‍
സിംഗപ്പുരില്‍ നിങ്ങള്‍ക്ക് നിങ്ങളെ ഒരിക്കലും മിസ്സാകില്ല. ഒരറ്റം മുതല്‍ മറ്റേയറ്റം വരെ 50 കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ തീര്‍ന്നു പോകുന്ന ഒരു രാജ്യം. റാഫിള്‍ സ്ട്രീറ്റ് മുതല്‍ മറീന ബേ സാന്‍ഡ് വരെ നീണ്ടുകിടക്കുന്ന നാലര കിലോമീറ്റര്‍ കാഴ്ചകളുടെ പെരുമഴയാണ്. മൂന്നര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന മറീന ബേയുടെ ചിത്രങ്ങള്‍ യാത്രാ വിവരണങ്ങളില്‍ എല്ലാവര്‍ക്കും പരിചിതമാണ്. സിംഗപ്പൂരിന്റെ നദീ മുഖത്താണ് കമേഴ്സ്യല്‍ സ്‌ക്വയര്‍ ആയ സിംഗപ്പൂര്‍ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്. തലയുയര്‍ത്തി നില്‍ക്കുന്ന ബാങ്ക് സമുച്ചയങ്ങളും വെയര്‍ ഹൗസുകളുമെല്ലാം ചേര്‍ന്ന സിംഗപ്പൂരിന്റെ ന്യൂക്ലിയസ്. ലോകത്തിന്റെ സമ്പദ്ഘടനയെത്തന്നെ നിയന്ത്രിക്കുന്നയിടം. അംബര ചുംബികളുടെ ആകാശരേഖ. അത്യന്തം ഒരു പനോരമിക് ദൃശ്യം.
മറീന ബേയിലാണ് സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീ എന്നറിയപ്പെടുന്നഫോര്‍മുല വണ്‍ മോട്ടോര്‍ റേസിന്റെ സര്‍ക്യൂട്ട്. ദീപാലംകൃതമായ ഇതിന്റെ രാത്രിചിത്രം അതിമനോഹരമാണ്. നദിക്കഭിമുഖമായി ഡുറിയാന്‍ പഴത്തിന്റെ ആകൃതിയിലുള്ള എസ്പ്ലനേഡ് തിയേറ്റര്‍. സിംഗപ്പൂരിന്റെ തനതു കലകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഒരുക്കിയ സ്ഥലം. യൂറോപ്യന്‍ ഒപ്പറ ഹൗസുകളെ പോലെ ഡിസൈന്‍ ചെയ്തിരിക്കുന്ന ഉള്‍ഭാഗം. നഗരത്തിന്റെ അതിവേഗമുള്ള വളര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന, ഡി .എന്‍. എ യുടെ ഘടനയുള്ള ഹെലിക്സ് ബ്രിഡ്ജ്. സിംഹത്തിന്റെ തലയും മത്സ്യത്തിന്റെ ഉടലുമുള്ള സിംഗപ്പൂരിന്റെ ഭാഗ്യ ചിഹ്നം മെര്‍ലയണ്‍. അതില്‍ നിന്നും നദിയിലേക്കു തുറക്കുന്ന ജലധാര... താമര വിരിയുമ്പോലെയുള്ള ആര്‍ട്ട് ആന്‍ഡ് സയന്‍സ് മ്യൂസിയവും ഹെലിക്സ് ബ്രിഡ്ജും മറീന ബേ സാന്‍ഡ് ഹോട്ടലും മെര്‍ലയണ്‍ പ്രതിമയും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിസ്മയം സഞ്ചാരികള്‍ക്കു സ്ഥല ജല വിഭ്രമം സമ്മാനിക്കും.
സിംഗപ്പൂരിന്റെ സ്‌കൈലൈനിലെ വീനസ് നക്ഷത്രമാണ് മറീന ബേ സാന്‍ഡ് നക്ഷത്ര ഹോട്ടല്‍. മൂന്ന് ടവറുകളുടെ മീതെ കപ്പലിരിക്കും പോലുള്ള രൂപകല്‍പ്പന. മുകളില്‍ 480 മീറ്റര്‍ നീളമുള്ള ഇന്‍ഫിനിറ്റി പൂള്‍ കാസിനോകളും കണ്‍വെന്‍ഷന്‍ സെന്ററും എക്സിബിഷന്‍ പവലിയനുകളുമൊക്കെ നിറഞ്ഞ് അത്യാഢംബരത്തിന്റെ അവസാന വാക്കുപോലെയാണിവിടം. 55 നിലകളും 2560 മുറികളുമായി ഒരു ബൊട്ടീക് ഹോട്ടല്‍. സിംഗപ്പൂര്‍ വാര്‍ മെമ്മോറിയലും കൂടി കണ്ട് മടങ്ങാം. സിംഗപ്പൂര്‍ ഡോളര്‍ 50 രൂപയ്ക്കു തുല്യം ആണ്. ഇന്ത്യന്‍ സഞ്ചാരികള്‍ക്കു താരതമ്യേന ചെലവ് കൂടിയ രാജ്യം. വിസയ്ക്കായി ട്രാവല്‍ ഏജന്‍സി ആണ് അഭികാമ്യം. എയര്‍ ഏഷ്യ ഓപ്പറേറ്റ് ചെയ്യുന്ന സ്ഥലമാണ് സിംഗപ്പൂര്‍. ക്വലാലംപൂരിനെ ട്രാന്‍സിറ്റ് വച്ചാല്‍ ഒരു 12 മണിക്കൂര്‍ ആ നഗരവും കാണാം. മലേഷ്യന്‍ വിസ കൂടി വേണമെന്ന് മാത്രം.

ആംസ്റ്റര്‍ഡാം
നെതര്‍ലന്റ്സിന്റെ തലസ്ഥാന നഗരമാണിത്. യൂറോപ്യന്‍ നഗരമെന്നു കേട്ടാല്‍ ഏതൊരു സഞ്ചാരിയുടെയും ഹൃദയത്തിലെത്തുന്ന സ്ഥലം.യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു നോര്‍ത്ത് സീ യോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം. ട്യൂലിപ് പുഷ്പങ്ങളുടെ നാട്. മൂന്ന് പ്രധാന കനാലുകളെ ചുറ്റിപ്പറ്റിയാണ് ആംസ്റ്റര്‍ഡാമിലെ ജീവിതം ചലിക്കുന്നത്. ഹെറെന്‍ഗ്രാട്ട്, കീസേഴ്സ്ഗ്രാട്ട്, പ്രിന്‍സെന്‍ഗ്രാട്ട് എന്നിവയാണ് ഈ കനാലുകള്‍.
സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന സ്ഥലമാണിത്. വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഈ നഗരം ചുറ്റിക്കാണാനായി സൈക്കിളുകളെയും ആശ്രയിക്കാം. ആംസ്റ്റര്‍ഡാം സെന്‍ട്രല്‍ സ്റ്റേഷന് ചുറ്റും തന്നെ സൈക്കിളുകളും ബോട്ടുകളും വാടകയ്ക്ക് കൊടുക്കുന്ന സ്ഥലങ്ങളുണ്ട്. ഇടയ്ക്ക് ക്ഷീണിക്കുമ്പോള്‍ ഹോപ്പ് ഓണ്‍ ഹോപ് ഓഫ് കനാല്‍ ബസുകളെ ആശ്രയിക്കാം. റൈസ് മ്യൂസിയം, വാന്‍ഗോഗ് മ്യൂസിയം, ഡയമണ്ട് മ്യൂസിയം എന്നിവയെല്ലാം ഒറ്റനടത്തത്തില്‍ കവര്‍ ചെയ്യാം.
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ആംസ്റ്റര്‍ഡാം കാര്‍ഡ് വാങ്ങിയാല്‍ യഥേഷ്ടം ട്രാമിലും ബസിലും സഞ്ചരിക്കാം. മെട്രോ ട്രെയിനുകളും കനാല്‍ ബസുകളുമായി നഗരം നന്നായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇടയ്ക്കിടെ ട്രാവല്‍ മോഡ് മാറ്റി മാറ്റി സെറ്റ് ചെയ്യാം. ഡാം സ്‌ക്വയര്‍ നിറയെ കനാലുകളും പാലങ്ങളുമാണ്. റോയല്‍ പാലസും ഗോഥിക് ചര്‍ച്ചുകളും നാഷണല്‍ മോണമെന്റും കണ്ട് ഡാംറാക്കില്‍ എത്താം.
യൂറോപ്പ് കാണാന്‍ വളരെ കുറഞ്ഞ ചെലവില്‍ സഹായിക്കുന്ന ഒന്നാണ് ഷെന്‍ഗന്‍ വിസ. യൂറോപ്പിലെ 26 രാജ്യങ്ങളില്‍ കൂടി പോയി വരാന്‍ ഇതു മതിയാകും. ഏതു രാജ്യത്താണോ ഇറങ്ങുന്നത് ആ രാജ്യത്തിന്റെ എംബസിയില്‍ ആണ് അപേക്ഷിക്കേണ്ടത്.

ടോക്യോ
കിഴക്കനേഷ്യയിലെ ദ്വീപ് രാഷ്ട്രമായ ജപ്പാനിലെ പഴയ ജാപ്പനീസ് തെരുവുകളില്‍ക്കൂടി നടക്കണമെങ്കില്‍ ടോക്യോ ആണ് തിരഞ്ഞെടുക്കേണ്ടത്. തലസ്ഥാന നഗരമായ ടോക്യോ ലോകത്തെ മനോഹരമായ നഗരങ്ങളിലൊന്നാണ്. അഖിബാരയില്‍ തുടങ്ങി ജപ്പാന്റെ ദേശീയ പുഷ്പമായ ചെറി പുഷ്പങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്ന ഈനോ പാര്‍ക്കിലവസാനിക്കുന്ന നടത്തം. ചരിത്രത്തിലേക്ക് തിരിച്ചു പോകാന്‍ പുരാതന നഗരമായ എനാക്ക തിരഞ്ഞെടുക്കാം. എയര്‍ ഏഷ്യ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റുകളാണ് ജപ്പാനിലേക്ക് യാത്ര ചെയ്യാന്‍ എല്ലാവരും ഉപയോഗിക്കുന്നത്. ജപ്പാന്‍ അത്യാവശ്യം ചെലവേറിയ രാജ്യം കൂടിയാണ്. (1000 Yen = 640 INR)
ജപ്പാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമാണ്. ചെന്നൈയിലുള്ള ജപ്പാന്‍ എംബസി മുഖേന കേരളത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് ആറ് മാസം വാലിഡിറ്റിയുള്ള പാസ്പോര്‍ട്ട് വേണം. ട്രാവല്‍ പ്ലാന്‍, ആറുമാസത്തെ പേഴ്സണല്‍ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഫ്ളൈറ്റ് ടിക്കറ്റ്, ആപ്ലിക്കേഷന്‍ ഫോം, ഹോട്ടല്‍ വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കണം. ഡല്‍ഹിയില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങളുണ്ടെങ്കിലും കൊളംബോ വഴിയോ മറ്റോ ഉള്ള കണക്ഷന്‍ ഫ്ളൈറ്റ് ടിക്കറ്റ് എടുക്കുന്നതാണ് ലാഭകരം. ഇന്ത്യന്‍ സമയത്തേക്കാള്‍ മൂന്നര മണിക്കൂര്‍ മുന്നിലാണ് ജപ്പാന്‍ സമയം.
Content Highlights: Four world cities for budget travel, Singapore Travel, Amsterdam Travel, Tokyo Travel, Istanbul Travel, mathrubhumi yathra