മാനന്തവാടിയില്‍ നിന്നുമുളള ബസ്സ് യാത്ര തിരുനെല്ലിയിലേക്കാണ്. ചെറിയ നഗരക്കാഴ്ചകളെ പിന്നിട്ട് പച്ചപ്പണിഞ്ഞ കാടിന്റെ കുളിരിലേക്ക് നിറയെ യാത്രക്കാരുമായി നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സി ഇരമ്പി പായുന്നു. കാഴ്ചകളില്‍ തേക്കിന്‍കാടുകള്‍ പിന്നോട്ട് പായുമ്പോള്‍ കാട്ടുമൃഗങ്ങളെ തേടി ആകാംക്ഷയോടെ അനവധി സഹയാത്രക്കാര്‍.

നഗരത്തിരക്കിന്റെ പാരവശ്യത്തില്‍ നിന്നും മനസ്സിനെ കുളിര്‍പ്പിക്കാന്‍ ഈ യാത്ര തെരഞ്ഞെടുത്തവരും കൂട്ടത്തിലുണ്ട്. ശുദ്ധമായ കാറ്റിന്റെ തലോടലേറ്റ് ഇടവിട്ടുള്ള ആദിവാസി സങ്കേതത്തിന്റെ ഗ്രാമീണതയി ലേക്ക് ലയിച്ച് പിന്നെയും പിന്നെയും യാത്രതീരുമാനിച്ചവരും തിരുനെല്ലിക്ക് ടിക്കറ്റെടുത്തവരുടെ കൂടെയുണ്ട്. വനഗഹ്വരതയുടെ ഇടുങ്ങിയ മലയടിവാരത്തിലെ ചെറിയ കവലയില്‍ ബസ്സ് ഓട്ടം അവസാനിക്കുമ്പോള്‍ തിരുനെല്ലിയുടെ വിശാലമായ ലോകം മുന്നിലേക്ക് തുറക്കുകയായി.

പൗരാണികതയില്‍ നിന്നും മുഴങ്ങുന്ന അമ്പലമണികള്‍ക്ക് പിന്നില്‍ ബ്രഹ്മഗിരി. അതിനുതാഴെ തിരുനെല്ലിയെന്ന മോക്ഷകവാടം. പാപനാശിനിക്കരയിലെ കുളിരുള്ള യാഥാര്‍ത്ഥ്യത്തിലേക്ക് പിന്നീടായി ഓരോ ചുവടുകളും.  ജന്മകല്‍പ്പനയിലെ മറ്റൊരു ലോകത്തേക്ക് മോക്ഷ കര്‍മങ്ങള്‍ക്കായി മനസ്സൊരുക്കിയവര്‍ക്ക്  പിറകെ കാലത്തിന്റെ കല്‍പ്പടവുകള്‍ കടന്നായിരുന്നു ഈ യാത്ര.

ഇടതൂര്‍ന്ന് വളര്‍ന്ന മഴക്കാടുകള്‍ തണല്‍ വിരിക്കുന്ന തിരുനെല്ലിയുടെ പാദപത്മങ്ങളില്‍ മോക്ഷത്തിന്റെ പണ്യം തളം കെട്ടി നില്‍ക്കുന്നു. ഏതു വേനലിലും കൊടും തണുപ്പ് ശിഖരം നീട്ടുന്ന വഴികളില്‍ ബ്രഹ്മഗിരി ഇന്നും തപസ്സനുഷ്ഠിക്കുകയാണ്. തുലാവര്‍ഷം കലിതുള്ളി പെയ്യുന്ന കാലത്ത് പോലും ആമലകത്തുക്ഷേത്രത്തില്‍ ജനത്തിരക്കുണ്ട്.

2

ശരീരം കൊണ്ട് മാത്രം പിരിഞ്ഞുപോയ  പ്രിയപ്പെട്ടവര്‍ക്ക് ബലിയര്‍പ്പിക്കാന്‍ പൗരാണികതയുടെ മടിത്തട്ടില്‍ കുടുബസമേതം എത്തിയവരാണ് കൂടുതലും. പെരുമാള്‍ കാഴ്ച ശീവേലിയില്‍ എഴുന്നള്ളുമ്പോള്‍ അങ്ങകലെ നിന്നും ഗോത്രഗ്രാമങ്ങള്‍ ഒരു ഉച്ചനേരത്തിന്റെ തിരക്കിലാവുന്നു. കൂമന്‍ കൊല്ലിയിലെ പകലുകള്‍ക്കും രാത്രികള്‍ക്കുമെല്ലാം ഈ ക്ഷേത്രത്തിന്റെ മണിയൊച്ചകള്‍ അകമ്പടിയാണ്. സമയമാപിനികള്‍ ഈ ഗ്രാമത്തില്‍ വരുന്നതിന് മുമ്പേ അമ്പലവുമായി ഇണങ്ങിച്ചേർന്നതാണ് ഇവരുടെ കണക്കുകൂട്ടലുകളും ജീവിതക്രമങ്ങവുമെല്ലാം.

ഇവിടുത്തെ ഉത്സവുമായി ചേര്‍ത്താണ് കാര്‍ഷിക കലണ്ടര്‍ പോലും. ചേകാടിയില്‍ ചെട്ടിമാരുടെ ഗന്ധകശാല പാടങ്ങള്‍ തൊട്ട് ബേഗൂരിലെ ആദിവാസികളുടെ മുത്താറി പാടങ്ങള്‍ വരെ തിരുനെല്ലിയുടെ ഉത്സവങ്ങള്‍ക്ക് കാതോര്‍ത്തു നില്‍ക്കുന്നു. ഗ്രാമീണതയുടെ കുലീനമായ കാഴ്ചകള്‍ ഇന്നും തിരുനെല്ലിയില്‍ നിന്നും അടര്‍ന്ന് മാറിയിട്ടില്ല. സമ്പന്നതയുടെ വലിയ അടയാളങ്ങള്‍ ഒട്ടും തന്നെയില്ലാത്ത തിരുനെല്ലിയുടെ ഗ്രാമചിത്രം കാടിന്റെ നടുവിലെ അപൂര്‍വ്വകാഴ്ചയാണ്.

3

ജമദ മഹര്‍ഷിയും ആധുനികയുഗത്തിലെ പരിഷ്‌കര്‍ത്താവായ ശങ്കരാചാര്യരും ബലിതര്‍പ്പണം നടത്തിയെന്ന് വിശ്വസിക്കുന്ന തിരുനെല്ലിയുടെ പടവുകളില്‍ നിന്നും തുടങ്ങുന്നു വയനാടെന്ന ദേശത്തിന്റെ ചരിത്രമെല്ലാം. മണിപ്രവാള കൃതികളില്‍ പോലും തിരുനെല്ലിയുടെ പഴമകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. കാലം ഏറെ കഴിയുമ്പോഴും എന്തിനൊക്കയോ സാക്ഷ്യമായി ശിലപാളികള്‍ തെറ്റിയ കല്‍ത്തൂണുകളുമായി തിരുനെല്ലി ബ്രഹ്മഗിരിയുടെ നെറുകയിലേക്ക് നോക്കിനില്‍ക്കുകയാണ്.

ഇടിമിന്നലും ഘോരവര്‍ഷവും നൂറ്റാണ്ടുകളായി ഈ ഗിരി മുത്തച്ഛനെ കടന്നുപോയി. കാലത്തിന് സാക്ഷിയായി ശിഖരമുടിയില്‍ കാറ്റ് തലോടിപ്പോകുമ്പോള്‍ പാദം തഴുകി പാപനാശിനി കാളിന്ദിയിലേക്ക് ഇഴഞ്ഞുപോവുകയാണ്. മഴക്കാലത്ത് പാറക്കെട്ടില്‍ തലയടിച്ച് ആര്‍ത്തലച്ച് ഒഴുകുമ്പോഴും വേനലില്‍ ഒരു നൂലുപോലിഴയുമ്പോഴും പാപനാശിനിയുടെ പുണ്യത്തിനായി ഇവിടെ കാടിനുള്ളിലെത്തു്ന്നവരുടെ നീണ്ട നിരകള്‍ക്ക് അവസാനമില്ല.

4

ഓര്‍മകളുടെ പുണ്യത്തില്‍ ഉറ്റവരുടെ ആത്മാക്കള്‍ ഇവിടെ ഉറങ്ങുമ്പോള്‍ പാപനാശിനിക്കരയിലെ കല്ലിലിരുന്ന്  ദര്‍ഭ മോതിരമണിഞ്ഞ് ഒരു നുള്ള് എള്ളും പൂവും നല്‍കി മോക്ഷം നേടി തിരിച്ചുനടക്കുവരാണ് തിരുനെല്ലിയില്‍ നിന്നുമുള്ള വഴികളിലെല്ലാമുളളത്.

പച്ചപ്പിനുള്ളിലെ ഉരുളന്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന വഴികളില്‍ നഗ്നപാദരായി നടന്ന് പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തിയവരെല്ലാം പിന്നീട് എപ്പോഴൊക്കയോ പലതവണ മനസ്സുകൊണ്ട് ഇവിടെ വന്നു മടങ്ങിയിട്ടുണ്ടാവാം. ഓരോ തിരിച്ചുപോക്കും വീണ്ടുമുള്ള വരവിനുവേണ്ടിയുള്ള യാത്രയാകാം. ഇതാണ് തിരുനെല്ലിയുടെ വശ്യതകള്‍. ജീവിതയാത്രയിലെ മോക്ഷത്തിനുവേണ്ടിയുള്ള തീര്‍ഥാടനം. ഉറ്റവരുടെ ഓര്‍മകള്‍ ബ്രഹ്മഗിരിയോളം വളര്‍ന്ന് നില്‍ക്കുമ്പോള്‍ തലമുറകളുടെ കണ്ണികള്‍ ഇവിടെ കൈകോര്‍ത്ത് നില്‍ക്കുന്നു.

വനസ്ഥലിയിലെ തീര്‍ത്ഥാടകര്‍

5

വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയ ചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എറിയപ്പെടുന്ന തിരുനെല്ലി. പാപമോചനത്തിനും പിതൃമോക്ഷത്തിനും ഈ കല്‍പ്പടവുകള്‍ താണ്ടി ബലിയര്‍പ്പിക്കുക എത് നിയോഗമാണ്. കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട ജീവിതചര്യയുമാണിത്. 

കേരളത്തിന്റെ അതിര്‍ത്തികള്‍ പിന്നിട്ട് ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് ഇതിനകം ഖ്യാതി പടര്‍ന്ന് ഈ ക്ഷേത്രം സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരുപോലെ വിസ്മയം പകരുന്നു. തെറ്റ് റോഡ് പിന്നിട്ട് നിബിഡവനങ്ങള്‍ക്ക് ഇടയിലൂടെ അമ്പലത്തിലേക്കുള്ള യാത്രതന്നെ മനസ്സിന് കുളിര്‍മ പകരുന്നതാണ്.

മണിപ്രവാളകാലകൃതിയായ ഉണ്ണിയച്ചീചരിതത്തിലും ഭാസ്‌കരരവിവര്‍മയുടെ തിരുനെല്ലി ശാസനത്തിലും വരെ ഈ ക്ഷേത്രത്തെക്കുറിച്ച് വിവരങ്ങളുണ്ട്. സംഘകാലത്തില്‍ പൂഴിനാട്ടില്‍ ഉള്‍പ്പെട്ടപ്രദേശമായിരുന്നു തിരുനെല്ലി. 

6

എ.ഡി.ഒമ്പതു മുതല്‍ 12വരെ ചേര രാജാക്കന്മാരുടെ കൈവശമായിരുന്നുവെങ്കെിലും പിന്നീട് ചോള യുദ്ധകാലഘട്ടത്തോടെ രാജവംശം തകര്‍ന്നടിയുകയായിരുന്നു. ഈ കാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ പലതും നശിച്ചെങ്കിലും ഇതിനെ അതിജീവിക്കുകയായിരുന്നു തിരുനെല്ലിക്ഷേത്രം. 

ബ്രഹ്മഗിരിയുടെ താഴ്‌വാരത്തിലാണ് പൗരാണികത കൈവെടിയാത്ത പാപനാശിനിയും അമ്പലവുമുള്ളത്. കിണറില്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം എ ന്ന പ്രത്യേകതയും തിരുനെല്ലിക്ക് സ്വന്തമാണ്. ബ്രഹ്മഗിരിയിലെ ശുദ്ധജലം അങ്ങകലെയുള്ള മലഞ്ചെരിവുകളില്‍ നിന്നും കല്‍പ്പാത്തിയിലൂടെയാണ് തിടപ്പള്ളിയിലെത്തുന്നത്.

കര്‍ണാടകയില്‍ നിന്നും വന്ന കെട്ടിലമ്മയാണ് ക്ഷേത്രത്തിലേക്ക് കിലോമീറ്ററുകളോളം നീളത്തില്‍ കല്‍പ്പാത്തി നിര്‍മിക്കാനുള്ള ചെലവുകള്‍ വഹിച്ചത്. ഇതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രധാനമായും നാലു വാവുകള്‍ക്കാണ് പ്രസക്തി. കര്‍ക്കടവാവ്, തുലാവാവ്, കുംഭവാവ്, വൈശാഖവാവ് എന്നിവയാണത്. കര്‍ക്കടക വാവിന് പതിനായിരങ്ങളാണ് പാപനാശിനിയില്‍ മുങ്ങിക്കുളിച്ച് ബലിയര്‍പ്പിക്കുക. അമ്പലത്തോട് ചേര്‍ന്ന് അറുപത്തിനാല് തീര്‍ത്ഥങ്ങള്‍ മുമ്പ് ഉണ്ടായിരുന്നു എന്ന് നിഗമനമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ത്ഥം.

7

ഇതിനു നടുവിലായി ഉയര്‍ന്നു നില്ക്കുന്ന പാറയില്‍ ശംഖ് ഗദാപത്മവും പാദവും കൊത്തിവെച്ചിട്ടുണ്ട്. പെരുമാളെ അഭിഷേകം ചെയ്യു ജലം ഭൂമിക്കടിയിലൂടെ പഞ്ചതീര്‍ത്ഥത്തില്‍ പതിക്കുന്നുവെന്നാണ് ഐതിഹ്യം.

ഗുണ്ഡിക ശിവക്ഷേത്രവും പാപനാശിനിക്കരയിലാണ്. ഇതൊരു ഗുഹാക്ഷേത്രമാണ്. പ്രധാന ക്ഷേത്രത്തിലെ ബ്രഹ്മ സാന്നിധ്യവും വിഷ്ണുപ്രതിഷുയും ഗുണ്ഡികാശിവനും ചേരുമ്പോള്‍ ത്രിമൂര്‍ത്തികളുടെ സംഗമസ്ഥാനമായ തിരുനെല്ലി ദേവലോകമായി മാറുകയാണ്. പരശുരാമന്റെ പിതാവായ ജമദ മഹര്‍ഷി തിരുനെല്ലിയില്‍ പിതൃതര്‍പ്പണം നടത്തിയെന്നതിന്് ഐതിഹ്യമുണ്ട്. ശങ്കരാചാര്യരും പാപനാശിനിയില്‍ മുങ്ങി മോക്ഷം തേടിയിട്ടുണ്ട്. 'ആമലകക്ഷേത്രം', 'ദക്ഷിണഗയ' എന്നീ അപരനാമങ്ങളിലും തിരുനെല്ലി അറിയപ്പെടുന്നു.

ആത്മാക്കളുടെ ഒളിത്താവളം

ബ്രഹ്മഗിരി മലനിരകളുടെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാല്‍ ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി. ഇതാണ് ഇന്നും നിഗൂഢതകള്‍ മാത്രം ബാക്കിയാക്കുന്ന പക്ഷിപാതാളം. നൂറ്റാണ്ടുകളായി അനേകം മഴപക്ഷികളും വവ്വാലുകളും ഈ ശിലാഗുഹയില്‍ അഭയം തേടിയിരിക്കുന്നു. അടുക്കുകളായുള്ള പാറകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി വഴിപിരിഞ്ഞ് താണിറങ്ങിയാല്‍ മഴപക്ഷികളുടെ ഗന്ധം വമിക്കുന്ന ഇരുള്‍ നിറഞ്ഞ ഗുഹയിലെത്താം.

8

ഇരുട്ടിനെ പ്രണയിച്ചെത്തിയ ആത്മാക്കളുടെ വാസസ്ഥലമാണിത്. സദാസമയം അന്ധകാരത്തിലാണ്ടു നില്‍ക്കുന്ന  പാതാളത്തിലേക്ക് ഭൂമിയില്‍ നിന്നുമുള്ള ഏകവഴിയായാണ് ഇതിനെ കണക്കാക്കുന്നത്. നിഗൂഡതകളുടെ വന്യതകള്‍ എന്നും സൂക്ഷിക്കുന്ന  ഈ പാതാളത്തിന്റെ ഗുഹാമുഖം അതുകൊണ്ടുതന്നെ മനുഷ്യരില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നു. ഇരുട്ടിലേക്ക് വഴി തിരഞ്ഞുപോയവരെല്ലാം പാതിവഴിയില്‍ യാത്ര മതിയാക്കി തിരിച്ചു പോയിട്ടുണ്ട്. പ്രകൃതി ഒളിപ്പിച്ചുവെച്ചത് അങ്ങിനെ തെന്നയിരിക്കട്ടെ എന്ന ഏറ്റു പറ

ച്ചിലുകളോടെ മലയിറങ്ങുന്നവരും കുറവല്ല. അങ്ങകലെ പക്ഷിപാതാളത്തില്‍ മഴപക്ഷികളുടെ ചിറകടികളുണ്ട്. മോക്ഷം തേടിയ ആത്മാക്കള്‍ പക്ഷികളുടെ രൂപം പ്രാപിച്ച് പാതാളത്തിന്റെ ഇരുട്ടറയില്‍ തപസ്സനുഷ്ഠിക്കുകയാണ്. പുതുമഴ പെയ്യുമ്പോള്‍ മാത്രം ചിറകടിച്ച് പുറത്തിറങ്ങുന്ന കടവാതിലുകളും നരിച്ചീറുകളും തുരുനെല്ലിയുടെ മാത്രം പുണ്യമാണ്. സന്ധ്യയാകുമ്പോള്‍ ഇരുട്ടിനുള്ളിലേക്ക് തന്നെ ഇവയെല്ലാം ചേക്കേറും.

യാത്രയുടെ തുടക്കത്തില്‍ മഞ്ഞുപുതഞ്ഞുനില്ക്കുന്ന ബ്രഹ്മഗിരിയുടെ വിദൂരദൃശ്യമാണ് കണ്ണില്‍പ്പെടുക. മൂന്നുകിലോമീറ്റര്‍ പിന്നിട്ട്് കഴിഞ്ഞാല്‍ വാച്ച്ടവറിന് താഴെയെത്താം. കര്‍ണാടക കേരള വനാതിര്‍ത്തിയിലെ ഈ ടവറിനു മുകളില്‍ കയറിയാല്‍ താഴെ സമതലത്തില്‍ കണ്ണെത്താദൂരം വരെ ഇരുസംസ്ഥാനങ്ങളിലെയും ഗ്രാമങ്ങള്‍ കാണാം. കൂട്ടമായെത്തുന്ന സഞ്ചാരികള്‍ ഇതിനു മുകളിള്‍ മണിക്കൂറുകളോളം കാഴ്ചകള്‍ ആസ്വദിക്കാറുണ്ട്.

തിരുനെല്ലി അമ്പലത്തില്‍ നിന്നും ഏഴുകിലോമീറ്റര്‍ വനപാത പിന്നിട്ട് വേണം പക്ഷിപാതളത്തിലെത്താന്‍. വനംവകുപ്പിന്റെ വാച്ചര്‍മാര്‍ വഴികാട്ടിയാകും. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ വനം വകുപ്പിന്റെ തന്നെ ഡോര്‍മിറ്ററിയും തിരുനെല്ലിയിലുണ്ട്. മുന്‍കൂട്ടി യാത്ര ബുക്ക് ചെയ്തുവേണം ഇവിടെയെത്താന്‍.കാല്‍നട യാത്രയും കുത്തനെയുള്ള മലകയറ്റവും ഇറക്കവുമെല്ലാം സഞ്ചാരികള്‍ക്ക് അടങ്ങാത്ത ആവേശമാണ് മനസ്സില്‍ നിറയ്ക്കുക. 

മല്ലനും മാരയ്ക്കും ഇന്നും ചെറുപ്പം

9

വയനാടിന്റെ പശ്ചാത്തലത്തില്‍ പരന്ന വയനയ്ക്ക് വഴിയൊരുക്കിയ നെല്ല് എന്ന നോവലിനും ആഖ്യാനങ്ങള്‍ക്കും നാലു പതിറ്റാട്ടിന്റെ ചെറുപ്പമുണ്ട്. തിരുനെല്ലിയുടെ ഗ്രാമീണ വഴിയില്‍ ഇന്നും അലയുന്ന ജീവിത ചിത്രങ്ങളെ  കോര്‍ത്തിണക്കിയ പി.വത്സലയുടെ നോവല്‍ ഗൃഹാതുരമായ നാട്ടുജീവിതത്തോട് ഇന്നും അടുത്തു നില്‍ക്കുകയാണ്. എഴുപതുകളിലെ ശക്തമായ ആവിഷ്‌കാരത്തിന് ഊടും പാവും നല്‍കിയ കഥാപാത്രങ്ങള്‍ ഇന്നും മായാതെ വനഗ്രാമങ്ങളിലുണ്ട്.

വായിച്ചു തീര്‍ന്ന വഴികളില്‍ പുനര്‍ വായനയ്ക്കായി ഒരു പുസ്തകം തെരഞ്ഞെടുക്കുമ്പോള്‍ മലയാളത്തിന്റെ ഗ്രന്ഥപുരകളില്‍ ഈ പുസ്തകം തിരയുന്നവര്‍ ഇപ്പോഴും  അനേകമുണ്ടായിരിക്കാം. ഇവര്‍ക്കെല്ലാം തിരുനെല്ലി എന്ന ഗ്രാമത്തില്‍ എത്തുമ്പോള്‍ കഥാപാത്രങ്ങളെ ജീവനോടെ കാണുന്നതായി അനുഭവപ്പെടും.

ജന്മി അടിയാന്‍ വ്യവസ്ഥിതിയുടെ ഇരകളായി മാറിയ ആദിവാസി ജീവിതങ്ങളിലേക്ക് വെളിച്ചം വീശിയ സൂഷ്മനിരീക്ഷണമുള്ള കൃതി എന്ന നിലയില്‍ ഈ പുസ്തകത്തിലൂടെ കടന്നുപോകാതെ വയനാടന്‍ ജീവിത ചരിത്രങ്ങള്‍ പൂര്‍ണ്ണമാകുന്നില്ല. തൃശ്ശിലേരിയിലെയും തിരുനെല്ലിയിലെയും ബാവലിയിലെയുമെല്ലാം ഭൂമിശാസ്ത്രവും സാമൂഹ്യജീവിതവുമെല്ലാം അടിവരയിടുന്ന നോവലില്‍ മാരയും മല്ലയും കുറുമാട്ടിയുമെല്ലാം ഇക്കാലത്തും ഈ നാടിന്റെ ഓര്‍മ്മകളിലുണ്ട് . 1972-ലാണ് നെല്ല് എന്ന നോവല്‍ സമന്വയം മാസികയില്‍ അച്ചടിച്ചു വരുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം വനവാസി സമൂഹം അതിജീവനത്തിന്റെയും പുനരധിവാസത്തിന്റെയും പുതിയ അധ്യായം എഴുതി ചേര്‍ക്കുമ്പോള്‍ നെല്ല് എന്ന ജീവിത കഥ ഇവര്‍ക്കും പാരമ്പര്യത്തിന്റെ മറക്കാനാവാത്ത ചിഹ്നമായി മാറുകയാണ്. പ്രകൃതിയുടെ ജൈവ ഭാവങ്ങള്‍ കൂടിയാണ് ഈ കൃതിയിലെ പ്രതിപാദ്യം. കാടും നാടും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ജീവിത വ്യവസ്ഥയെയും  ഇവ തമ്മില്‍ പാരസ്പര്യ മത്സരമില്ലാത്ത ഒരു കാലത്തെയും ഈ നോവല്‍ വയനക്കാര്‍ക്കായി പങ്കുവെക്കുന്നു.

വന്യജീവിതത്തിനോട് പൊരുതി  നിന്ന് കൃഷിയെ പരിപാലിക്കുന്ന കര്‍ഷകനാണ് വയനാടിന്റെ പൂര്‍വ്വകാല  ജന്മി. സ്വന്തമെന്ന് പറയാന്‍ ഒന്നുമില്ലാത്ത പട്ടിണി പാവങ്ങളാണ് അടിയാന്‍മാരും. ഇവര്‍ക്കിടയില്‍ ഒരുപാടു കാലം ഉറച്ചുനിന്ന ജീവിതക്രമങ്ങളില്‍ നിന്നാണ് വയനാടിന്റെ ചരിത്രം തുടങ്ങുന്നത് അതിനു മുമ്പ് വേടരാജാക്കാന്‍മാരുടെയും വനസ്ഥലികളുടെയും മാത്രമായിരുന്നു വയനാട് എന്ന ദേശം.

പഴശ്ശി വിപ്ലവവും കുറിച്യ ലഹളയുമെല്ലാം ജന്മി അടിയാന്‍ വ്യവസ്ഥകളില്‍ വരുത്തിയ മാറ്റവും അതിനു ശേഷമുള്ള  വയനാടിനെയും നേരിട്ടറിയാന്‍ നെല്ല് എന്ന നോവലിലെ കഥാംശം മതിയാവും. ആദിവാസി ജീവിതത്തെയും സംസ്‌കാരത്തെയും കേന്ദ്രമാക്കി നാട്ടുജീവിതത്തിന്റെ യുക്തികളെയാണ് ഈ പുസ്തകം തിരിച്ചറിയുന്നത്. പൂര്‍ണ്ണമായും അടിയാളപക്ഷത്തുള്ള വീക്ഷണത്തില്‍ മാത്രം നെല്ല് എന്ന കൃതി ഒതുങ്ങുന്നില്ല. ആദിവാസി  സംസ്‌കാരത്തെയും ജീവിതത്തെയും ഇത്രയും അധികം ആഴത്തില്‍ പഠിച്ച മറ്റൊരു എഴുത്തുകാരിയും വേറെയില്ല.

മേലാളന്റെ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം ചലിക്കുന്ന പാവകളായി ജീവിച്ച അടിയാന്മാരെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കഥകള്‍ക്കൊപ്പം വയനാടും പരിഗണിക്കപ്പെടുന്നു. രാമു കാര്യാട്ട്  പിന്നീട്  ചലച്ചിത്രാ വിഷ്‌കാരം നടത്തിയപ്പോഴും നെല്ല് വായനാലോകത്തിന് കൂടുതല്‍ സ്വീകാര്യമാവുകയായിരുന്നു. 

കൂരിരുട്ടുള്ള  രാത്രിയിലും ഉണര്‍ന്ന് നില്‍ക്കുന്ന കാടുകള്‍. അടിയാന്റെ കുടിലില്‍ ബഹളങ്ങളെല്ലാം അടങ്ങിയാല്‍ മെല്ലെ കൃഷിയിടങ്ങള്‍ ലക്ഷ്യമാക്കിയിറങ്ങുന്ന വന്യജീവികള്‍. ഇതിനെല്ലാം അപ്പുറത്തായിരുന്നു തിരുനെല്ലിയിലെ ജന്മിമാര്‍ക്ക് എഴുപതുകളിലെ ഭയം നിറച്ച രാവുകള്‍. നേരിട്ട് ശിക്ഷ വിധിക്കു നക്‌സല്‍ബാരികളായിരുന്നു ജന്മിമാരുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നത്. ഏതുനിമിഷവും വാതിലില്‍ നക്‌സലൈറ്റുകള്‍ വന്ന് മുട്ടിയേക്കാം.സായുധരായ നക്‌സലൈറ്റുകളെ നേരിടാനുള്ള ചങ്കുറപ്പ് ഈ നാട്ടില്‍ ആര്‍ക്കുമില്ലെന്ന് തന്നെ പറയേണ്ടിവരും.

ജന്മി അടിയാന്‍ ജീവിത വ്യവസ്ഥയിലെ ചൂഷണത്തിനെതിരെ രക്തം കൊണ്ട് പരിഹാരം കാണാന്‍ ഇറങ്ങി തിരിച്ചവരുടെ നാടായിരുന്നു ഒരു കാലത്ത് വയനാട്. നക്‌സല്‍ സമര ചരിത്രത്തിലെ തീഷ്ണമായ സമരങ്ങള്‍ക്ക് ചോരപുരട്ടിയതിന്റെ ഓര്‍മ്മകള്‍ക്ക് സാക്ഷിയായി വര്‍ഗ്ഗീസ് പാറയും തിരുനെല്ലി കൂമ്പാരക്കുനിയിലുണ്ട്.

ഉണര്‍ന്നിരിക്കുന്ന ഏറുമാടങ്ങള്‍

ലോകം ഉറങ്ങുമ്പോള്‍ ഒരു ഗ്രാമീണര്‍ ഇവിടെ ഉണര്‍ന്നിരിക്കുകയാണ്. പച്ചപ്പിനുളളിലെ ഗോത്ര ഗ്രാമങ്ങളില്‍ ചെറിയ ചെറിയ വയലുകളുടെ തീരത്തായി ഏറുമാടങ്ങള്‍ കാണാം. രാത്രിയാവുമ്പോള്‍ ഉണരുന്ന മാടങ്ങളില്‍ ഉറക്കമൊഴിയുന്ന ഗ്രാമീണര്‍. ഇതിനിടയില്‍ വന്യമൃഗങ്ങളോട് പൊരുത്തപ്പെട്ടു കഴിയുന്ന ഇവരുടെ ജീവിതം ആര്‍ക്കും ഒരു വിസ്മയമാണ്. വയനാടിന്റെ വേറിട്ട കാഴ്ചയില്‍ കാവല്‍മാടങ്ങളുടെ സ്വന്തം ഗ്രാമമാണിത്.

വനദൃശ്യങ്ങളെ തൊട്ടുനില്ക്കുന്നവയാണ് കൃഷിയിടങ്ങള്‍. അധികം വിശാലമല്ലാത്ത വയലുകളുടെ ഓരങ്ങളിലായി അഞ്ചും ആറും വീടുകളുടെ ചെറിയ ചെറിയ സങ്കേതങ്ങളും അവയ്ക്ക് എന്നും ഭീഷണിയായി കാട്ടിയും കാത്തുപോത്തുമടങ്ങു വന്യമൃഗങ്ങളുമുണ്ട്. ഇതിനെല്ലാം കാവല്‍ നില്ക്കുകയാണ് ഒറ്റപ്പെട്ട മരത്തിനു മുകളില്‍ ജാഗ്രത പുലര്‍ത്തു ഏറുമാടങ്ങള്‍. ഒന്നും രണ്ടുമല്ല നിരനിരയായി നില്‍്ക്കുന്ന നിരവധി മാടങ്ങളാണ് ഓരോ ഗ്രാമത്തിനും സ്വന്തമായുള്ളത്.

വിനോദസഞ്ചാരവകുപ്പിന്റെ ലഘുലേഖയില്‍ ഈ ഗ്രാമമില്ലെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സന്ധ്യ കഴിയുന്നതോടെ കാവല്‍മാടങ്ങളിലെ ശരറാന്തലുകള്‍ തിരിതെളിയും. ഓരോ കുടുംബത്തിലെയും നിയോഗിക്കപ്പെട്ടവര്‍ ഗ്രാമത്തിനു കാവല്‍ നില്ക്കാന്‍ മാടങ്ങളിലേക്ക് കയറുകയായി. പിന്നീട് നേരമിരുട്ടി പുലരുന്നതുവരേക്കും മാടങ്ങളില്‍ നിന്ന് അങ്ങിങ്ങായി മുഴങ്ങുന്ന പെരുമ്പറകളാണ് ഗ്രാമത്തിന്റെ തപ്പുതാളം. ഇതിനെയൊന്നും വകവെക്കാതെയെത്തു കാട്ടാനകള്‍ പലപ്പോഴും ഗ്രാമീണര്‍ക്ക് ഉറക്കമില്ലാത്ത രാത്രി പകരുന്നു.ഒരു ആഫ്രിക്കന്‍ ജീവിത പരിസരമായി മറുനാടന്‍ സഞ്ചാരികള്‍ ഈ ഗ്രാമങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

നീളത്തില്‍ മുറിച്ചെടുത്ത ഇല്ലിമുളകളാണ് മാടങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒറ്റപ്പെട്ട മരത്തിന്റെ ചാഞ്ഞ ശിഖരങ്ങളിലേക്ക് ഒന്നിനുപിറകെ ഒന്നായി മുളകള്‍ ചേര്‍ത്തുവെച്ച് കാട്ടുവള്ളികള്‍ കൊണ്ട് വരിഞ്ഞ് ഇരിപ്പിടം നിര്‍മ്മിക്കുക എന്നതാണ് ആദ്യപണി. പിന്നീട് തെരുവപ്പുല്ല് പിടികെട്ടി മേല്‍്ക്കൂരയും അണിയിച്ചൊരുക്കുന്നു.

നിലത്തു നിന്ന് ഇരുപത് മുതല്‍ നൂറുമീറ്റര്‍ വരെ ഉയരത്തിലുള്ള കാവല്‍മാടങ്ങള്‍ ഇവിടെയുണ്ട്. സാഹസികത നിറഞ്ഞതാണ് ഇതിനുള്ളിലെ കാവല്‍. പെരുമ്പറ മുഴങ്ങുമ്പോഴേക്കും പാഞ്ഞടുക്കുന്ന കാട്ടാനക്കൂട്ടങ്ങളെ നേരിടണമെങ്കില്‍ അസാമാന്യ ധൈര്യം തന്നെ വേണം. ഗ്രാമീണരുടെ ഈ ധൈര്യങ്ങളിലാണ് വിനോദ സഞ്ചാരികളുടെ സാഹസികതകള്‍.

ഏറുമാടങ്ങള്‍ എന്ന് ഗ്രാമീണര്‍ വിളിക്കുന്ന മരത്തിനു മുകളിലെ ഇത്തരം ഹട്ടുകളില്‍ താമസിക്കാന്‍ സഞ്ചാരികള്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറുണ്ട്. 

വന്യജീവികളെയും കാടും അടുത്തറിയാനുള്ള വിധത്തില്‍ ഹട്ടുകള്‍ നിര്‍മ്മിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന സ്വകാര്യ സംരംഭങ്ങളും ഈയടുത്ത് ഇവിടെ വിരുന്നെത്തി. വന്‍ നഗരങ്ങളില്‍ നിന്നും തിരക്കുകള്‍ക്കെല്ലാം അവധി പറഞ്ഞെത്തുന്ന ടൂറിസ്റ്റുകള്‍ ഈ സങ്കേതങ്ങളില്‍ അന്തിയുറങ്ങുന്നു.
 
അപ്പപ്പാറയില്‍ നിന്നു വടക്കുകിഴക്കുമാറി ബ്രഹ്മഗിരി മലയിലെ കുടക് അതിര്‍ത്തിയിലെ മല്ലികപ്പാറ, മധ്യപ്പാടി, കാജാഗഡി, സര്‍വാണി, റസ്സല്‍ക്കു്... മനോഹരങ്ങളായ ഗ്രാമങ്ങളുടെ പട്ടിക നീളുകയാണ്.

വനസംരക്ഷണ സമിതികള്‍ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തില്‍ വനയാത്രയ്ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്നു ണ്ട്. ഇതിനായി മൂന്നു പാക്കേജുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പത്തുപേരടങ്ങു ന്ന ഗ്രൂപ്പുകളെയാണ് ഓരോതവണയും പാത്തിപ്പാറ, മൂലപ്പാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വഴികാട്ടുക.

പ്രദേശത്തിന്റെ ചരിത്രം, പാരിസ്ഥിതിക പ്രാധാന്യം എന്നിവയില്‍ പ്രാവീണ്യം നേടിയ ആദിവാസികളാണ് കൂടെയുണ്ടാവുക. ഓരോ പാക്കേജിലും യാത്രയിലാവശ്യമായ ഭക്ഷണം, വെള്ളം എന്നിവയെല്ലാം അവര്‍ നല്കും. സര്‍വീസ് ചാര്‍ജ്ജ് അടച്ചുകഴിഞ്ഞാല്‍ തിരുനെല്ലിയിലെ വികസന സമിതി ഓഫീസില്‍നിന്നും സഞ്ചാരികള്‍ക്ക് യാത്രാപാസുകള്‍ ലഭിക്കും.