വാരാണസി ഏറെക്കാലമായി പോകണമെന്നാഗ്രഹിച്ച സ്ഥലങ്ങളിലൊന്നായിരുന്നു. സമയമില്ലാത്തതിനാൽ യാത്ര പലതവണ മാറ്റിവെക്കേണ്ടിവന്നു. ജംഷേദ്പുരിലെ കളിയൊന്നും വിചാരിച്ചതുപോലെ സംഭവിക്കാത്തതിനാൽ ഒരല്പം ഉണർവിനുവേണ്ടി എവിടെയെങ്കിലും പോകണമെന്ന് തോന്നി. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ കാടുകളാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്.

5

ഒഡിഷയിലെ കളി കഴിഞ്ഞ് അഞ്ചുദിവസത്തെ അവധി കിട്ടിയപ്പോൾ ആദ്യം നാട്ടിലേക്ക് വരാമെന്ന് കരുതി. പിന്നെയാണ് പെട്ടെന്ന് വാരാണസിയിലേക്ക് റൂട്ട് മാറ്റിയത്. 

4

ആദ്യമായാണ് ഇത്തരമൊരു യാത്ര ഒറ്റയ്ക്ക് പോകുന്നത്. യാതൊരു തയ്യാറെടുപ്പുമില്ലാതെയായിരുന്നു യാത്ര. താമസസ്ഥലംപോലും അവസാനനിമിഷമാണ് ഉറപ്പാക്കിയത്.

3

ആദ്യദിവസം കടവുകളിലൂടെ കിലോമീറ്ററുകളോളം വെറുതേ നടന്നു. വാരാണസിയുടെ തീരത്തെ ചടങ്ങുകളൊക്കെ കണ്ടു. എന്നാൽ എന്നെ ഏറ്റവും ആകർഷിച്ച കാര്യം അവിടെ കണ്ട മുഖങ്ങളാണ്. ഓരോ ദിവസവും ഓരോ മുഖങ്ങൾ. തിരക്കുണ്ടെങ്കിലും ഓരോ ദിവസവും വ്യത്യസ്തമാണവിടം. 

2

അഘോരി സന്ന്യാസികളെക്കുറിച്ച് ഏറെ കേട്ടിരുന്നു. കാണാനാഗ്രഹിക്കുകയും ചെയ്തു. എന്നാൽ കുംഭമേളയുടെ സമയത്തൊക്കെയേ അഘോരികൾ അവിടെയെത്താറുള്ളൂ എന്നാണറിഞ്ഞത്. സാധാരണ സന്ന്യാസിമാരാണ് അവിടെയുണ്ടായിരുന്നത്. മിക്കവരോടും ഞാൻ സംസാരിച്ചു. പലരും കുട്ടികളും കുടുംബാംഗങ്ങളുമുള്ളവരാണ്. വർഷത്തിലൊരിക്കലോ മറ്റോ അവർ വീട്ടിൽ പോകും. തിരിച്ചുവരും.

1

ഭിക്ഷയെടുത്താണ് പല സന്ന്യാസിമാരും ഭക്ഷണം കഴിക്കുന്നത്. ഇത് ബിസിനസായി എടുത്തവരുമുണ്ട്. ഫോട്ടോയെടുക്കണമെങ്കിൽ പണം വേണമെന്ന് പറഞ്ഞവരുമേറെ. എത്രയെത്ര മുഖങ്ങൾ...

(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Footballer C.K Vineeth shares pictures of Varanasi, Mathrubhumi Yathra