ന്നായി മൊരിഞ്ഞൊരു അപ്പം കമിഴ്ത്തിയിട്ട പോലെയാണ് കേരളം. തിരിച്ചും മറിച്ചുമിട്ട് നോക്കിയാല്‍ ഓരോ അരികിലും ഓരോ രുചിയാണ്.വടക്കിന് എരിവാണ്പ്രിയം. മധ്യത്തിലെത്തുമ്പോള്‍ പുളി മുഖ്യം. തെക്ക് ഭാഗത്തിനാണേല്‍ മധുരത്തോടാണ് കമ്പം. ഒരേ നാട്ടില്‍തന്നെ തിരഞ്ഞാല്‍ നൂറു കൗതുകങ്ങള്‍. വടക്കുനിന്ന് തെക്കോട്ട് ഒന്നു മൂക്കു വിടര്‍ത്തിനോക്കി. ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും. അപ്പോഴാണ് കാസര്‍കോട് മയ്യിച്ചയിലെ രവിയേട്ടന്റെ ചെമ്പല്ലിയില്‍ കണ്ണുടക്കി വീണുപോയത്, പിന്നാലെ പയ്യന്നൂരിലെത്തി മുരളിയുടെ കഞ്ഞിക്കാര്യത്തില്‍ തലവെച്ചു. എല്ലാംകഴിഞ്ഞ് താമരശ്ശേരി ചൊരം കേറുമ്പോള്‍ അരികിലുള്ള ചന്ദ്രേട്ടന്റെ കാന്താരിചമ്മന്തി കൂട്ടി ഒറ്റയിരുപ്പിന് ഇടങ്ങഴി ചോറ് അകത്താക്കി. തീര്‍ന്നില്ല, വയനാട് വഴി കറങ്ങുമ്പോള്‍ തോല്‍പ്പെട്ടിയില്‍നിന്ന് 'സസസ' (സുഗുണ,സുനിത, സിന്ധു) സഹോദരിമാരുടെ വിളി. ബീഫ് വരട്ടിയ പ്ലേറ്റ് മുന്നിലെത്തിയപ്പോള്‍ പിന്നെ ചുറ്റിലുള്ളതൊന്നും കണ്ടതേയില്ല.

 വയനാടന്‍ കാറ്റിന്റെ കുളിര്‍മയേറ്റ് തിരിച്ചിറങ്ങി കുറ്റിപ്പുറം പാലം കടക്കുമ്പോള്‍ അരികില്‍നിന്നൊരു ചായയടി ശബ്ദം. ശ്രീഗണപതിഭവന്‍ ഹോട്ടലില്‍നിന്ന് ചായ മാമന്‍ കടുപ്പത്തിലൊരു ചായ വെച്ചുനീട്ടുന്നു. പാലും മധുരവും കറകറക്ട്. അവിടുന്ന് വിട്ടത് വള്ളുവനാട്ടിലേക്ക്. തനിഗ്രാമീണ മനസ്സുമായി പത്മനാഭന്‍നായരും കമലാക്ഷിയമ്മയും കാത്തിരിപ്പുണ്ടായിരുന്നു. 'ഒരു ചെറു ഉണ്ണിയപ്പമാവാം' പനയൂരില്‍നിന്ന് എരിവും മധുരവുള്ള ചെറുകടികള്‍ നുകര്‍ന്ന് ചാലക്കുടിയിലെ കോഴിവാസുവേട്ടന്റെ കടയിലെത്തിയപ്പോഴേക്കും മറ്റൊരു ഉച്ചനേരമായിരുന്നു. വാസു പോയിട്ട് മൂന്നുവര്‍ഷമായി. പക്ഷേ അദ്ദേഹത്തിന്റെ പാതി പാറുക്കുട്ടിയമ്മ ദിവസവും ചിക്കന്‍കറി ആളുകള്‍ക്ക് വെച്ച് വിളമ്പുന്നു.  അവിടുത്തെ തേങ്ങാക്കൊത്തുള്ള ചിക്കന്‍വരട്ടിയതിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമ്പോള്‍ ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. എന്റെ രുചികേരളമേ, നന്ദി, നന്ദി.

വലിയ ഹോട്ടലുകളുടെ പൊലിമയോ പത്രാസോഇല്ല.  പക്ഷേ ഭക്ഷണത്തില്‍ തനികേരളീയതയുടെ ഊടും പാവും സൂക്ഷിച്ച് വെച്ചിരിക്കുന്നുണ്ടണ്ടിവര്‍. വീടുവിട്ടാല്‍ മറ്റൊരു കൂടുപോലെ കയറിച്ചെല്ലാവുന്ന ഇടങ്ങള്‍. ഇനി ഇതു വഴി പോവുന്നുണ്ടെങ്കില്‍ ധൈര്യസമേതം ഒഴിഞ്ഞ വയറുമായി കയറിച്ചെല്ലൂ. ഇവര്‍ വിളമ്പുന്ന സ്‌നേഹപാനം നുകര്‍ന്ന് തിരിച്ചുപോരൂ. 

ചെറുവത്തൂരില്‍ ബസ്സിറങ്ങി. രവിയേട്ടന്റെ മയ്യിച്ചയിലേക്ക് വണ്ടി കാത്തുകിടന്നു. വഴിയില്‍ കാര്യങ്കോട് പുഴ കടക്കുന്നതിന് തൊട്ടുമുമ്പ് ബോര്‍ഡ് 'അപകടം, സൂക്ഷിക്കുക.' സംഗതി സത്യം. കാരണം തൊട്ടടുത്ത് മറ്റൊരു ബോര്‍ഡുമുണ്ട്. 'രവീസ് മയ്യിച്ച ഹോട്ടല്‍.'

മയ്യിച്ചയില്‍ രവിയേട്ടന്‍മാര്‍ ഒരുപാടുണ്ടാവും. പക്ഷേ ആരോടു ചോദിച്ചാലും അറിയുന്നൊരാള്‍ ഈ രവിയേട്ടനാണ്. ഊണിനൊപ്പമുള്ള സൗജന്യചിക്കന്‍കറിയും മീന്‍പൊരിച്ചതുമാണ് മൂപ്പരെ ഫേമസാക്കിയത്. എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് ഇടയ്ക്കിടെ ആ ചിക്കന്‍കറി കൂട്ടി ഊണ് കഴിക്കാന്‍ പോവാറുണ്ട്. നടന്‍ പ്രേംകുമാറും അങ്ങ് തലസ്ഥാനത്തുനിന്ന് ഓടിവരും. ആ കഥയൊക്കെ കേട്ടാണ് ഈ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒരു അഭ്യാസത്തിന് പുറപ്പെട്ടത്.

വണ്ടികള്‍ക്കിടയിലൂടെ നൂണ്ടുകടന്ന് ചെന്നപ്പോള്‍ പഴയൊരു നെടുംപുര. വയറുനിറച്ച് വിയര്‍ത്തുകുളിച്ച് ഇറങ്ങി വരുന്നവര്‍. യുദ്ധസന്നദ്ധരായി മേശയ്ക്ക് അരികില്‍ ഊഴംകാത്തുനില്‍ക്കുന്നവര്‍. ആള്‍ക്കൂട്ടത്തിനിടയിലൂടെ വലിയ ചോറ്റുപാത്രവുമായി ഓടിക്കൊണ്ടിരിക്കുന്ന രവിയേട്ടനും. 'ഒരു മിനിറ്റ്. ഞാന്‍ ഓര്ക്ക് പൊരിച്ചത് കൊടുത്തിറ്റ് ഇപ്പ വരാ' രവിയേട്ടന്‍ തിരക്കില്‍ മുങ്ങി.

അടുക്കളയില്‍ നിരത്തിവെച്ച പാത്രത്തില്‍ നിറയെ എരിവും മുളകും പുരട്ടി വെച്ച പുഴമീനുകള്‍. ഇതെല്ലാം പാതിരാത്രി മൂപ്പരുടെ വീട്ടിലേക്ക് പുഴകയറി വരുമത്രേ. പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നുമണിക്കുമെല്ലാം മീന്‍പിടിത്തക്കാര്‍പുഴമീനുംകൊണ്ട് രവിയേട്ടന്റെ വീട്ടില്‍ വന്ന് മുട്ടും. ലോകം ഉറങ്ങുന്ന നേരത്ത് രവിയേട്ടന്‍ ആ മീനിനായി കാവലിരിക്കും. രാവിലെ മുളകും മഞ്ഞളും പുരട്ടും. ഉച്ചയ്ക്ക് അത് ചൂടുകല്ലിലിട്ട് പൊരിച്ച് മേശപ്പുറത്ത് വെക്കും. അപ്പോഴേക്കും ദാ ഈ കാണുന്ന പൂരവും തുടങ്ങും. മുപ്പതുവര്‍ഷമായി തുടരുന്ന ഈ രുചിനാടകത്തില്‍ രംഗങ്ങളൊന്നും മാറുന്നേയില്ല.

സാധാരണ ഹോട്ടലിലൊന്നും ചോറിന് ചിക്കന്‍ചാറ് പതിവില്ല. പക്ഷേ രവിയേട്ടനാണേല്‍ ചിക്കനില്ലാതെ ചോറിറങ്ങില്ല.''തുടക്കത്തിലേ ചിക്കന്റെ ചാറ് കൊടുക്കാന്‍ തുടങ്ങി. പിന്നെ അതുവേണ്ടെന്ന് വെച്ചില്ല.''രവിയേട്ടന്റെ ന്യായം. ആളുകള്‍ പറയുന്നതിന് അനുസരിച്ച് ഓരോകാലത്തും മൂപ്പര്‍ ഓരോ കറി കൂട്ടിച്ചേര്‍ക്കും. ഇപ്പോ സാമ്പാര്‍, അവിയല്‍, മീന്‍കറി, ചിക്കന്‍കറി, പെരക്ക്, വറവ്, അച്ചാര്‍, പപ്പടം, പായസം. അങ്ങനെ കുറെയെണ്ണമായി.
 
മീനിനെ നന്നായി മെരുക്കുന്നയാളല്ലേ. ഒരു കാര്യം ചോദിക്കാം. ഭൂമുഖത്തെ ഏറ്റവും ടേസ്റ്റുള്ള മീന്‍ ഏതാണ്. രവിയേട്ടന്‍ കണ്ണടച്ച് കാച്ചി.'ചെമ്പല്ലിയും തിരുതയും' പിന്നണിയില്‍ ആരോ പാടിയോ ' ചെമ്പല്ലി കരിമീന്‍ ചെമ്മീന് പെണ്ണിന്റെ കൊട്ടയില്‍.' പാട്ടുതീരുമ്പോഴേക്കും കരിമീന്‍ രണ്ടെണ്ണം ആവിയായിതീര്‍ന്നിരുന്നു.

ബെസ്റ്റ് കോമ്പിനേഷന്‍: പുഴ മീന്‍ പൊരിച്ചതും ചോറും. കാഞ്ഞങ്ങാടിനും ചെറുവത്തൂരിനുമിടയില്‍ കാര്യങ്കോട് പാലത്തിന് താഴെ 

മീനില്‍ സാധാരണ മസാലയാണ് ചേര്‍ക്കുന്നതെങ്കിലും ചൂടോടെ കഴിച്ചാല്‍ സംഗതി കേമം.

Phone: 8281085671