'അയ്യപ്പാ'യിലെ മട്ടൻ, 'യു.ബി.എമ്മി'ലെ മത്സ്യ-മാംസ സദ്യ; നാവിൽ പൂരം തീർക്കുന്ന ഈറോഡ് രുചികൾ


എഴുത്ത്: അജ്മൽ പഴേരി | ചിത്രങ്ങൾ: പി. ജയേഷ്

വെജ് - നോൺവെജ് വിഭവങ്ങളാൽ നാവിൽ രുചിപ്പൂരം തീർക്കുകയാണ് കാവേരിനദിയുടെ തീരത്തെ ഈറോഡ് എന്ന കൊച്ചുപട്ടണം. ഭക്ഷണപ്രിയർക്ക് ഈറോഡിലേക്കുള്ള യാത്ര ഒഴിവാക്കാൻ കഴിയില്ല.

കണ്ടുനിറയും- കരുണവേലും സ്വർണലക്ഷ്മിയും യു.ബി.എം.നമ്മവീട് സാപ്പാടിലെ മത്സ്യ-മാംസ സദ്യയ്ക്ക് മുൻപിൽ

കോഴിക്കോട് സ്റ്റേഷനിലെ ഒരു ഞായറാഴ്ച രാത്രി. നല്ല തിരക്കുണ്ട്. യശ്വന്ത്പുർ എക്സ്പ്രസിനായാണ് കാത്തിരിപ്പ്. രാത്രി 7.15-ഓടെ ട്രെയിൻ ഞങ്ങളുടെ മുന്നിൽ ബ്രേക്കിട്ടു. ഫുട്ബോളിലെ കൂട്ടപ്പൊരിച്ചിലിനിടെ മുന്നേറ്റതാരം ഗോൾ കണ്ടെത്തുന്നപോലെ ഉള്ളിലേക്കു കയറി. കുറച്ചുനേരം വിശ്രമിച്ചു. പിന്നെ രണ്ടുഭാഗത്തെയും സഹയാത്രക്കാരെ നോക്കി. വലത്തേഭാഗത്തെയാൾ സ്നേഹത്തോടെ പുഞ്ചിരിച്ചു ചോദിച്ചു

"എവിടേക്കാ"

"ഈറോഡ്."

“ഞാനും അങ്ങോട്ടാ", അദ്ദേഹം പറഞ്ഞു.

കാസർകോട്ട് തളങ്കരക്കാരനാണ്, പേര് അബ്ദുൽ ഹഖ്. തുണിത്തരങ്ങളുടെ ഹോൾസെയ്ൽ ഡീലറാണ്. മാസത്തിൽ അഞ്ചോ ആറോ തവണ ഈറോഡിലെത്തും. അവിടത്തെ മുക്കും മൂലയും അറിയാം.

“മഞ്ഞൾപ്പൊടിക്കും തുണിത്തരങ്ങൾക്കും ഈറോഡ് പേരുകേട്ടതാണ്, അബ്ദുൽ ഹഖ് തുടർന്നു.

“ഭക്ഷണത്തിന്റെ കാര്യമോ'', ഞാൻ ചോദിച്ചു. “അതിനും നമ്പർ വൺ, ഇഷ്ടംപോലെ ട്രൈചെയ്യാനുണ്ട്, മറുപടിയെത്തി.

“ഈറോഡിലെ രുചിവൈവിധ്യം തേടിയാണ് പോകുന്നത് ഞാൻ യാത്രയുടെ ലക്ഷ്യം പറഞ്ഞുകൊടുത്തു.

“വെജ്, നോൺ; എല്ലാത്തിനും ഈറോഡിൽ അടിപൊളി സ്ഥലങ്ങളുണ്ട്. അയ്യപ്പാ കഫേയിലെ മട്ടൻ, യു.ബി.എമ്മിലെ മത്സ്യ-മാംസ സദ്യ, കൊടിവേരിയിലെ മീൻ പൊരിച്ചത്, സൂരാമ്പട്ടിയിലെ തട്ടു കടകൾ. എല്ലാം സൂപ്പറാ.... അദ്ദേഹം ഈറോഡിന്റെ രുചിയെക്കുറിച്ച് വാചാലനായി. ട്രെയിൻ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. രാത്രി ഏകദേശം ഒരുമണിയായി. ട്രെയിൻ ഈറോഡിൽ ബ്രേക്കിട്ടു. ഞങ്ങൾ അവിടെയിറങ്ങി. അബ്ദുൽ ഹഖ് ഞങ്ങൾക്ക് ഓരോ ചായ ഓഫർ ചെയ്തു. തണുപ്പുകൊണ്ടാണോ എന്നറിയില്ല, ചായക്ക് വല്ലാത്ത രുചി. അബ്ദുൽ ഹഖ് കാസർകോട് സ്റ്റൈലിൽ മറുപടിതന്നു: “പിക്ചർ അഭീ ബാക്കി ഹെ ഭായ്. ശരിയായിരുന്നു, പിന്നീടുള്ള രുചിയാത്രകൾക്കു മുൻപുള്ള ട്രെയ്ലർ ആയിരുന്നു ആ ചായ.

Erode Night
ഈറോഡിലെ രാത്രിദൃശ്യം

മട്ടൻ ചാപ്‌സും നാട്ടുകോഴിയും

ഈറോഡിൽ പ്രഭാതഭക്ഷണത്തിന് ബെസ്റ്റ് അയ്യപ്പാ മെസ്സാണ്. അബ്ദുൽ ഹഖ് പറഞ്ഞതിനുശേഷം ഗൂഗിളിലും യൂട്യൂബിലും അയ്യപ്പാ മെസ്സിനെക്കുറിച്ച് റിവ്യൂകൾ നോക്കി. നല്ല റിവ്യൂകൾ മാത്രം. ഞങ്ങൾ ഹോട്ടലിനു പുറത്തിറങ്ങി. നഗരം സജീവമാകുന്നതേയുള്ളൂ. തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെത്തി. വരിയിലെ ആദ്യത്തെ ഓട്ടോയിൽത്തന്നെ കയറി. ഈറോഡിലെ ബൃന്ദാ സ്ട്രീറ്റിലാണ് അയ്യപ്പാ മെസ്സ്. ഓട്ടോ ബൃന്ദാ സ്ട്രീറ്റിൽ നിർത്തി. എവിടെയാണ് അയ്യപ്പാ മെസ്സ് എന്ന് ചോദിച്ചപ്പോൾ ഡ്രൈവർ വിരൽ ചൂണ്ടി കാണിച്ചു. നോക്കിയപ്പോൾ മുന്നിലൊരു കാളവണ്ടി, അതിലൊരാൾ നിൽക്കുന്നു. കുറേ പാർസലുകളും. ഹോട്ടലിന്റെ അന്തരീക്ഷമൊന്നുമില്ല. ഞാൻ വീണ്ടും ചോദിച്ചു: “എവിടെയാണ് അയ്യപ്പാ മെസ്സ്."

അദ്ദേഹം വീണ്ടും കൈ ചൂണ്ടിക്കാണിച്ചു. നീല ബോർഡ് കണ്ടില്ലേ, അതിലൂടെയുള്ള കോണി കയറിയാൽ മതിയെന്ന് പറഞ്ഞു. ഞങ്ങൾ മുന്നോട്ടുനീങ്ങി. കോണിപ്പടി ഓരോന്നായി താണ്ടി അകത്തുകയറി. ഹോട്ടലിൽ അല്പം തിരക്കുണ്ട്. മെസ്സിന്റെ ചുമർ നിറയെ ചിത്രങ്ങളാണ്. അയ്യപ്പസ്വാമിയുടേതാണ് കൂടുതലും. ഇടയ്ക്ക് വേറെ രണ്ട് ചിത്രങ്ങളുണ്ട്. ഒന്ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെത്. മറ്റൊന്ന് പട്ടാളവേഷം ധരിച്ച ആളുടേത്. ചെറിയ ടേബിളുകളാണ് മെസ്സ് ഹൗസിൽ. ആളുകളില്ലാത്ത ടേബിളിൽ വാഴയില വെച്ചിട്ടുണ്ട്. ആളുകൾ വരുമ്പോൾ വാഴയില ഇട്ടിരിക്കുന്ന ടേബിളിൽ ഇരിക്കും. അതാണ് സ്റ്റൈൽ. അവിടത്തെ കാഷ്യറിലുണ്ടായിരുന്ന മാരിമുത്തുവിനോട് വിശേഷങ്ങൾ തിരക്കി. അദ്ദേഹമാണ് ഇപ്പോഴത്തെ നടത്തിപ്പുകാരൻ, പട്ടാള ഫോട്ടോയിലെ ആളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം തുടങ്ങി. “ചിന്നപ്പൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. പട്ടാളത്തിൽനിന്ന് റിട്ടയർ ചെയ്ത ശേഷം ചിന്നപ്പനാണ് മെസ്സ് തുടങ്ങിയത്. 1955-ൽ. ചിന്നപ്പന്റെ മകളെയാണ് മാരിമുത്തു വിവാഹം ചെയ്തിരിക്കുന്നത്. 35 വർഷംമുമ്പ് മെസ്സ് മാരിമുത്തു ഏറ്റെടുത്തു.

സംസാരത്തിനിടെ മാരിമുത്തു ഞങ്ങൾക്കൊരു ടേബിൾ കണ്ടെത്തി. എന്നിട്ട് വിഭവങ്ങളെ പരിചയപ്പെടുത്തി. മട്ടൻ ചാപ്സാണ് പ്രധാന ഐറ്റം. മട്ടന്റെ കുടൽക്കറിയുമുണ്ട്. നാട്ടുകോഴി പെപ്പറാണ് മറ്റൊരു പ്രധാന വിഭവം. ഇതിലേക്ക് പൊറോട്ട, ഇഡ്ഡലി, ദോശ എന്നീ കോമ്പിനേഷനുകൾ കൂടി ചേർന്നാൽ സംഗതി പൊളിക്കും. മട്ടൻ ചാപ്സും ഇഡ്ഡലിയും പരീക്ഷിക്കാൻ അദ്ദേഹം പറഞ്ഞു. രണ്ടും ഓർഡർ ചെയ്തു.

ആദ്യമെത്തിയത് ഇഡ്ഡലിയാണ്. പിന്നാലെ മട്ടനുമായി ആളെത്തി. കൈയിൽ വലിയൊരു പ്ലേറ്റുണ്ട്. ആ പ്ലേറ്റിന് നടുവിലായി സ്റ്റീൽ കപ്പും. പ്ലേറ്റിൽ നിറയെ മട്ടൻ പീസുകളാണ്. കപ്പിൽ മട്ടന്റെ ചാറും. നാട്ടിലെ ഹോട്ടലിൽ പൊരിച്ച മീൻ തിരഞ്ഞെടുക്കുന്ന പോലെയാണ് ഇവിടെ മട്ടൻ തിരഞ്ഞെടുക്കുക. അധികം നെയ്യില്ലാത്ത പീസ് നോക്കി ഞാൻ കൈ ചൂണ്ടി. അദ്ദേഹം അത് ഇലയിലേക്കിട്ടു.

മട്ടൻപീസിൽ ഒന്നു തലോടി. അല്പം മൃദുലമാണ്. തൊടുമ്പോഴേക്കും കൊഴിഞ്ഞുവീഴുന്നു. നല്ല ടേസ്റ്റുണ്ട്. അധികം എരിവില്ല. പക്ഷേ, മല്ലി അല്പം കൂടുതൽ. ശേഷം ഒരു ഇഡ്ഡലിയെടുത്തു. അതിന്മേൽ നേരത്തെത്തന്നെ മട്ടന്റെ ചാറ് ഒഴിച്ചിട്ടുണ്ട്. ചാറുകൂടി വന്നതോടെ ഇഡ്ഡലി ഗംഭീരം. രണ്ട് ഇഡ്ഡലിയിൽ തീർക്കാമെന്ന് കരുതിയതാണ്. രുചി കൂടിയതോടെ ഇഡ്ഡലിയുടെ എണ്ണവും കൂടി.

Ayyappa Mess
ഇതു താൻടാ കോമ്പിനേഷൻ! അയ്യപ്പ മെസ്സിലെ മട്ടൻചാപ്സും ഇഡ്ഡലിയുമായി മാരിമുത്തു

നേരേ എതിർവശത്തെ ആൾ മട്ടൻ കുടൽക്കറിയാണ് കഴിക്കുന്നത്. എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ അദ്ദേഹം സബാഷ് എന്ന് ആംഗ്യം കാണിച്ചു. ചിക്കനും ട്രൈ ചെയ്യണമെന്നുണ്ടായിരുന്നു. എന്നാൽ, മട്ടൻ തീർന്നപ്പോഴേക്കും എന്റെ എനർജി തീർന്നിരുന്നു.

അയ്യപ്പ സ്വാമിക്ക് വണക്കംചൊല്ലി ഇറങ്ങാൻ നിന്നപ്പോൾ പിറകിൽ നിന്ന് മലയാളത്തിലൊരു ചോദ്യം. “എങ്ങനെയുണ്ടായിരുന്നു പൊറോട്ടയടിക്കുന്ന ആളാണ്, പാലക്കാട്ടുകാരൻ ശശി കുമാർ. 15 വർഷമായി ഇവിടത്തെ പൊറോട്ട മേക്കറാണ് അദ്ദേഹം, ഉച്ചഭക്ഷണത്തിന് യു.ബി.എം. ട്രൈ ചെയ്യൂ എന്ന് ഒരു ഉപദേശം കൂടി തന്നു കക്ഷി.

ഹോട്ടലിൽ നിന്നിറങ്ങിയപ്പോൾ ബൃന്ദാ സ്ട്രീറ്റിലാകെ ബഹളം. അതിനിടെ അവിടെ കണ്ട തൊഴിലാളികളിൽ ഒരാളോട് ബസ് സ്റ്റാൻഡിലേക്കുള്ള വഴി ചോദിച്ചു. അദ്ദേഹം പി.എസ്. പാർക്കിലൂടെയുള്ള വഴി കാണിച്ചു. ഞങ്ങൾ നടന്നു നീങ്ങി.

കനത്ത വെയിൽ കാരണം എവിടെയെങ്കിലും വിശ്രമിക്കാൻ തോന്നി. തൊട്ടടുത്ത ചായക്കടയിലേക്ക് കയറി. കടയിൽ നിറയെ എം.ജി. ആർ. ചിത്രങ്ങൾ. അൻപഴകനാണ് കടയുടമ. ചായയ്ക്ക് കാത്തിരിക്കുമ്പോഴാണ് അലമാരയിലെ സമൂസ കണ്ടത്. നാട്ടിലെ രണ്ട് സമൂസയുടെ വലിപ്പമുണ്ട്. ചായയുടെ കൂടെ രണ്ട് സമൂസയും ഓർഡർ ചെയ്തു. എന്നാൽ, ഞങ്ങൾ രണ്ട് പേർക്കും കൂടി ഒരു സമൂസ പൂർത്തിയാക്കാനേ കഴിഞ്ഞുള്ളൂ. ബാക്കിവന്നത് കവറിൽ പൊതിഞ്ഞെടുത്ത് വീണ്ടും നടത്തം തുടങ്ങി.

MGR chayakkada
പി.എസ്.പാർക്കിലെ എം.ജി.ആർ.ചായക്കടയിലെ ചായയും സമൂസയും

നമ്മ വീട്ട് സാപ്പാട്

പി.എസ്. പാർക്ക് അവസാനിക്കുന്നിടത്ത് ബസ്റ്റോപ്പ് കാണാം. ഇവിടെ നിന്നാൽ പെരുന്തുറയിലേക്കുള്ള ബസ് കിട്ടും. പെരുന്തുറയിൽ നിന്ന് ഓട്ടോ വിളിച്ചിട്ട് വേണം യു.ബി.എം. നമ്മ വിട്ട് സാപ്പാടിലെത്താൻ. തലേദിവസം ബുക്ക് ചെയ്താൽ മാത്രമേ ഭക്ഷണം കിട്ടൂ. തലേന്ന് വിളിച്ചപ്പോൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് എത്താനായിരുന്നു നിർദേശം. ചിക്കനും മട്ടനും കാടയും മീനുമടങ്ങുന്ന വിശാലമായ സദ്യയാണ് ഇവിടത്തെ വിഭവം. പറഞ്ഞതിനും ഒരു മണിക്കൂർ മുമ്പ് ഞങ്ങൾ അവിടെയെത്തി. വീടിനുള്ളിലാണ് ഹോട്ടൽ. എത്തിയയുടനെ കരുണവേൽ ഒരു കുപ്പി വെള്ളം എടുത്തുതന്നു. എന്നിട്ട് വിശ്രമിക്കാൻ പറഞ്ഞു. രണ്ടു മണിയായപ്പോൾ മുൻവാതിൽ തുറന്നു. കരുണവേലും ഭാര്യ സ്വർണലക്ഷ്മിയും ഓരോരുത്തരെയും അകത്തേക്ക് സ്വീകരിച്ചു. ഒരു ടേബിളിൽ രണ്ടുപേർക്ക് മാത്രമേ ഇരി ക്കാനാവൂ. ആദ്യം വാഴയില എത്തി. ഒരു വാഴയില മൊത്തമുണ്ട്. രണ്ട് പേർക്കുള്ളതാണ്.

പിന്നാലെ ഓരോ വിഭവങ്ങളായി എത്തി തുടങ്ങി. ഉപ്പായിരുന്നു ആദ്യം. പിന്നെ റൈസുകളെത്തി. രണ്ടുതരം റൈസുകളാണ്. വൈറ്റ്സും ചിക്കനും മട്ടനും ടർക്കി കോഴിയും മിക്സ് ചെയ്തുണ്ടാക്കിയ ബിരിയാണിയും. പിന്നെ നേരെ മട്ടനിലേക്കായിരുന്നു. ആദ്യം രക്തപൊരിയൽ, പിന്നാലെ മട്ടൻ ബോട്ടി, മട്ടൻ തലക്കറി, മട്ടൻ ലിവർക്കറി, മട്ടൻകറി, മട്ടൻ എല്ല് കറി... മട്ടൻ രംഗം കൊഴുപ്പിച്ച് കഴിഞ്ഞതിന് ശേഷം ചിക്കനെത്തി.

ചിക്കൻ കറിയായിരുന്നു ആദ്യത്തെ ഐറ്റം. പിന്നാലെ ചിക്കൻ ചിന്നവെങ്കായം. നമ്മുടെ ചുവന്ന മുളക് കൊണ്ടുണ്ടാക്കിയ കറിയാണിത്. പെപ്പർ ചിക്കൻ പെപ്പർ ചില്ലിചിക്കൻ, ചിക്കൻ ലെഗ് പീസ് എന്നിവയും വന്നു. ടർക്കി കോഴിക്കറിയുമെത്തി. പുഴുങ്ങിയ മുട്ടയും വന്നതോടെ ഇല നിറഞ്ഞു. അവിടെ തീർന്നില്ല. കരുണവേൽ വീണ്ടും വിഭവങ്ങളുമായെത്തി. മീൻകൊളന്ത്, ഫിഷ് ഫ്രൈ, കാട ഫ്രൈ... തുടക്കത്തിൽ ഞാൻ എണ്ണി. എന്നാൽ, ഭക്ഷണം കഴിച്ച് തുടങ്ങിയതോടെ എണ്ണം തെറ്റി. കഴിച്ച് കഴിയുന്നത് വരെ ഓരോരോ വിഭവങ്ങൾ വന്നു.

ചിക്കനും മട്ടനും മീനുമെല്ലാം കൊള്ളാം. ചിലതിന് അല്പം എരിവ് കൂടുതൽ. പക്ഷേ, ഇതുമുഴുവൻ കഴിച്ച് തീർക്കുക എന്നത് ഭീകരദൗത്യമാണ്. എങ്കിലും പരമാവധി ശ്രമിച്ചു. പക്ഷേ, പാതി വഴിയിലെവിടെയോ ഇടറി വീണു.

ഭക്ഷണം കഴിച്ചുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കരുണവേൽ യു.ബി.എമ്മിന്റെ ചരിത്രം പറഞ്ഞു. 29 വർഷമായി തുടങ്ങിയിട്ട്. തുടക്കത്തിൽ വെജ് മാത്രമായിരുന്നു. ഇപ്പോൾ എല്ലാ ദിവസവും നോൺവെജ് മാത്രം. 16-മുതൽ 25 വരെ വിഭവങ്ങൾ ഓരോ ദിവസവും ഉണ്ടാകും. ഞാനും ഭാര്യ സ്വർണലക്ഷ്മിയുമാണ് എല്ലാ ഭക്ഷണവും ഉണ്ടാക്കുന്നത്.

ഇറങ്ങാൻ നേരം ഒരു ബോർഡ് കണ്ടു. സന്ദർശകരുടെ അഭിപ്രായം രേഖപ്പെടുത്തിയതാണ്. അതിൽ തമിഴ് കവി വൈരമുത്തു ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. “കുറവ് ഒൻട്രുമില്ലേ... ഇന്ത ഇടമേ കോവിൽ പോലിരുക്ക്.

മീൻരുചി തേടി

Kodiveri Fish Fry
കൊടിവേരി മീൻകടയിൽ പൊരിക്കാനുള്ള മീനുമായി ശാന്തി

ഈറോഡിലെ ഏറ്റവും മികച്ച മീൻരുചി ഏതാണെന്ന അന്വേഷണമാണ് ഞങ്ങളെ കൊടിവേരി വെള്ളച്ചാട്ടത്തിലെത്തിച്ചത്. ഈറോഡ് നിന്ന് ബസ്സിൽ 50 കിലോമീറ്റർ സഞ്ചരിക്കണം. ഞങ്ങൾ അവിടെ എത്തുമ്പോൾ വൈകുന്നേരമായിരുന്നു. ഡാമിൽനിന്ന് പിടി ക്കുന്നതും അല്ലാത്തതുമായ മീനുകളാണ് ഇവിടെയുള്ളത്. എല്ലാം മസാല തേച്ചുവെച്ചിരിക്കുന്നു. ഓർഡർ ചെയ്യുന്നതിന് അനുസരിച്ച് പൊരിച്ച് തരും.

തിരക്ക് കുറഞ്ഞ കടയിൽ കയറി. മീനിന്റെ പേര് ചോദിച്ചു. “കട്ല, ജിലേബി, റോഹു”. കടയിലുള്ള ശാന്തി എന്ന സ്ത്രീ മറുപടി പറഞ്ഞു. 80 രൂപയുടെ ശരാശരി വലുപ്പമുള്ള ഒരു മീനിന് ഓർഡർ ചെയ്തു. ശാന്തി അക്ക മീൻ എണ്ണയിലേക്കിട്ടു. അഞ്ചുമിനിറ്റിനുള്ളിൽ മീൻ റെഡി. നല്ല രുചിയുണ്ട്. ചൂടു കാരണം തുടക്കത്തിൽ മീനിന്റെ എരിവറിഞ്ഞില്ല. പക്ഷേ, കഴിക്കുന്തോറും എരിവ് കൂടിവന്നു. കൂടെ കഴിക്കാൻ വേറെയെന്തെങ്കിലും കിട്ടുമോ എന്ന് ചോദിച്ചപ്പോൾ ശാന്തി മറുപടി പറഞ്ഞു: “വേറെ എന്തെങ്കിലും കൂടെ കഴിച്ചാൽ മീനിന്റെ രുചി കിട്ടില്ല. അതുകൊണ്ട് മീൻ മാത്രമേയുള്ളൂ. ആ മറുപടി ഞങ്ങളെക്കൊണ്ട് വേറെയൊരു മീൻകൂടി ഓർഡർ ചെയ്യിപ്പിച്ചു. ഇത്തവണ 50 രൂപയുടെ ചെറിയ പീസുകളായിരുന്നു. അതിനും സൂപ്പർ ടേസ്റ്റ്. പക്ഷേ, ആദ്യം കഴിച്ചതു കൊണ്ടാണോ എന്നറിയില്ല, ആദ്യത്തെ മീനിന്റെയത്ര രുചി രണ്ടാമത്തേതിന് തോന്നിയില്ല.

സൂരാമ്പട്ടിയിലെ രാത്രി

കൊടിവേരിയിൽനിന്ന് ഈറോഡിൽ തിരിച്ചെത്തിയപ്പോഴേക്കും രാത്രിയായി. സ്റ്റാൻഡിൽ ബസ്സിറങ്ങി സൂരാമ്പട്ടി സ്ട്രീറ്റിലേക്ക് കയറി. തട്ടുകടകളിലെ രാത്രിരുചികൾ ഏറെ പ്രസിദ്ധം, നാഗൂർ റോഡിലേക്കു തിരിഞ്ഞാൽ തട്ടുകടകളുടെ നിര തുടങ്ങും. എം.ജി.ആർ. മെസ്സ്, ഗണപതി മെസ്സ്, തൂത്തുക്കുടി പൊറോട്ട, രാജ തട്ടുകട, മധുര ഇഡ്ഡലി അങ്ങനെയങ്ങനെ...

ചിക്കൻ കൊത്തുപൊറോട്ടയാണ് എം.ജി.ആറിലെ പ്രധാന വിഭവം. ഗണപതി മെസ്സിൽ എല്ലാം കിട്ടും. രാജാ മെസ്സിലെ മഷ്റൂം ബിരിയാണി ഏറെ പ്രസിദ്ധം. മധുര ഇഡ്ഡലിയും ചട്ട്ണിയുമാണ് മധുര ഇഡ്ഡലിക്കടയിലെ പ്രധാന ഐറ്റം. എം.ജി.ആറിനെയും ഗണപതിയെയും ഒരുമിച്ച് മനസ്സിൽ വിചാരിച്ച് തൂത്തുക്കുടി പൊറോട്ട കഴിക്കാമെന്ന് വിചാരിച്ചു.

Touticorn Porotta
തൂത്തുക്കുടി പൊറോട്ടയും ലോലിപോപ്പ് ചിക്കനും

കട്ട് റൊട്ടി, സാധാരണ പൊറോട്ട, ദോശ, പൂരി എന്നിവയൊക്കെയാണ് മറ്റ് പ്രധാന വിഭവങ്ങൾ. രണ്ട് തൂത്തുക്കുടി പൊറോട്ടയ്ക്ക് ഓർഡർ ചെയ്തു. നമ്മുടെ ഓർഡർ നാട്ടിലെ പൊരിച്ച പത്തിരി പോലെയാണ് തൂത്തുക്കുടി പൊറോട്ട, മൈദമാവ് മടക്കുകളാക്കി എണ്ണയിൽ പൊരിച്ചെടുക്കുന്നതാണ് സംഭവം. കൂടെ കഴിക്കാൻ കറിയുടെയൊന്നും ആവശ്യമില്ല. എങ്കിലും ഉടമ ശങ്കറിന്റെ നിർബന്ധത്തിനു വഴങ്ങി ലോലിപോപ്പ് ചിക്കന് ഓർഡർ ചെയ്തു.

ലോലിപോപ്പ് ചെറിയ പീസുകളാക്കി മുറിച്ച് പൊറോട്ടയുടെ ഉള്ളിലേക്കുവെച്ച് കഴിക്കാൻ പറഞ്ഞു. സംഭവം കിടിലൻ. നാട്ടിലെ പൊറോട്ടയും ബീഫും പോലെ ഒരു അടിപൊളി കോമ്പോ. പിന്നാലെ ചിക്കൻ കൊളന്ത് ഓംലെറ്റും ടേബിളിലെത്തി. സാധാരണ ഓംലെറ്റിലേക്ക് ചിക്കൻ കറി ഒഴിച്ചതാണ് സംഭവം. അവിടത്തെ കട്ട് റൊട്ടിയും മറ്റു വിഭവങ്ങളും കഴിക്കാൻ ശങ്കർ നിർബന്ധിച്ചു. എന്നാൽ, ദിവസം മുഴുവൻ ഭക്ഷണം മാത്രമായിരുന്നുവെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പിൻമാറി. ശങ്കറിന്റെ സ്നേഹത്തിനും പൊറോട്ടയ്ക്കും നന്ദിപറഞ്ഞ് അവിടെനിന്നിറങ്ങി.

Porotta Stall
തൂത്തുക്കുടി പൊറോട്ട സ്റ്റാൾ

സമയം രാത്രി 11 ആയിരിക്കുന്നു. പുലർച്ചെ രണ്ടുമണിക്കാണ് ട്രെയിൻ. സൂരാമ്പട്ടിയിൽ നിന്ന് ആദ്യം കണ്ട ഓട്ടോയ്ക്ക് കൈകാണിച്ചു. ഓട്ടോ നിർത്തി. പൈസ കൊടുക്കാൻ നേരം അദ്ദേഹത്തെ എവിടെയോ കണ്ടപോലെ. രാവിലെ കൊണ്ടുവിട്ട അതേ ഓട്ടോ ഡ്രൈവർ. രാവിലെ കണ്ട കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ““ഭൂമി ഉരുണ്ടതല്ലേ സാർ! നമ്മൾ ഇനിയും കണ്ടുമുട്ടിയേക്കാം. അതുതന്നെയായിരുന്നു എന്റെയും മനസ്സിൽ. ഭൂമി ഉരുണ്ടുകിടക്കുകയല്ലേ, ഈറോഡിന്റെ മറക്കാനാവാത്ത രുചിക്കൂട്ടുകൾ വീണ്ടും നാവിലെത്തിയേക്കാം.

TRAVEL INFO

Erode is a city in Tamil Nadu. One of the best things about Erode its a town for foodies. Non-vegetarians have a lot of choices to choose from Ayyappa mess to Namma veetu sappadu.

Yathra Cover
യാത്ര വാങ്ങാം

GETTING THERE

By Train: From Calicut, you can reach Erode by travelling in train. Calicut to Erode train takes approximately 5 h 40 m. You can catch at rain from Calicut and get down at Erode Railway station

By Flight: The nearest Airport from Erode is Coimbatore International Airport. Travellers can board a flight till Coimbatore and then travel rest of the distance to Erode by road.

SITES AROUND

►Cauvery River Vellode Bird Sanctuary

►Chennimalai Murugan Temple

Contact: Ayyappa Mess Ph: 09791627950, UBM Hotel Ph: 09362947900


(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: food travel to erode, famous food spots in erode, famous tamil nadu foods

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section
Most Commented