അണ്ടിപ്പരിപ്പും ബദാമുമിട്ട എന്തരക്ക്യോ പുട്ട്, പൊട്ടിത്തെറിച്ച മുട്ട; തിരോന്തരത്തെ പൊളപ്പൻ രുചികൾ


അജ്മൽ പഴേരി

തലസ്ഥാനത്തെ കൗതുകം നിറഞ്ഞ രുചിവഴികളിലൂടെ..

തിരുവനന്തപുരത്തെ രുചിവൈവിധ്യങ്ങൾ | ഫോട്ടോ: സിദ്ദീഖുൽ അക്ബർ | മാതൃഭൂമി

ശ്രീപദ്മനാഭന്റെ നാട്, പൊങ്കാലപ്പെരുമ, തലസ്ഥാനഭൂമി... തിരുവനന്തപുരത്തെക്കുറിച്ച് കേട്ടതെല്ലാം ഇങ്ങനെയെല്ലാമായിരുന്നു. അനന്തപുരിയുടെ രുചിപ്പെരുമയെക്കുറിച്ച് അധികമാരും പറഞ്ഞുകേട്ടിട്ടില്ല. എങ്കിൽ പിന്നെ അതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം എന്ന് കരുതിയാണ് തിരുവനന്ത പുരത്തേക്ക് വെച്ചുപിടിച്ചത്. തമ്പാനൂരിൽ ട്രെയിനിറങ്ങുമ്പോൾ മനസ്സുനിറയെ കൗതുകമായിരുന്നു, എന്തെല്ലാം രുചിഭേദങ്ങളായിരിക്കും ഈ മണ്ണ് കാത്തുവെച്ചിരിക്കുന്നത്! വർഷങ്ങളായി തിരുവനന്തപുരത്തുള്ള സുഹൃത്തായിരുന്നു സ്റ്റേഷനിൽ കൂട്ടാൻ വന്നത്.

"ഇവിടെ ഒരുപാട് വിഭവങ്ങളുണ്ട്. പക്ഷെ മറ്റു സ്ഥലങ്ങൾക്ക് കിട്ടുന്നപോലെ ഹൈപ്പ് തിരുവനന്തപുരത്തിന് കിട്ടുന്നില്ല. ഇത്രയും നല്ല മട്ടൻ വിഭവങ്ങൾ ഇവിടത്തെ പോലെ കേരളത്തിൽ എവിടെയും കിട്ടില്ല. തട്ടുകടയിൽ കിട്ടുന്ന ഭക്ഷണങ്ങളെല്ലാം വേറെ ലെവലാണ്. വിഴിഞ്ഞം ഏരിയയിലെ രുചികളും അടി പൊളി', തിരുവനന്തപുരം രുചികളെക്കുറിച്ച് കൂട്ടുകാരൻ വാചാലനായി.

തട്ടും പുട്ടും

“ഇങ്ങൾ പുട്ടാണെങ്കിൽ നമ്മൾ പുട്ടുംകുറ്റ്യാണ്.. ശീകണ്ഠേശ്വരത്തെ തട്ടുകടയിലെ പുട്ടുകടയിൽ വണ്ടി സ്റ്റോപ്പിടുമ്പോൾ ആദ്യം മനസ്സിലേക്ക് കയറിവന്നത് എവിടെയോ കേട്ടുമറന്ന പാട്ടാണ്. വ്യത്യസ്തമായ പുട്ടുകളാണ് ഇവിടത്തെ പ്രത്യേകത. അകത്തേക്ക് കടക്കുമ്പോൾ വലിയൊരു ബോർഡുണ്ട്. അതിൽ നിറയെ വിഭവങ്ങളുടെ പേരുകളും. ഗോതമ്പ് പുട്ട്, പുഴുക്കലരി പുട്ട്, അണ്ടിപ്പരിപ്പ് പുട്ട്, ബദാം പുട്ട്, ഈന്തപ്പഴം പുട്ട്, ചെറി പുട്ട്, കപ്പലണ്ടി പുട്ട്, ഉണക്കമുന്തിരി പുട്ട്, ഫ്രൂട്ടി പുട്ട്, പൈനാപ്പിൾ പുട്ട്... ഇങ്ങനെ 60-ൽ പരം പുട്ടുകളുടെ മഹാ സമ്മേളനമാണ് ഇവിടെ.

വൈകുന്നേരമാണ്, തിരക്ക് തുടങ്ങുന്നേയുള്ളൂ. പുട്ടുകളുടെ വെറൈറ്റികൾ കണ്ടപ്പോൾ ആകെ കൺഫ്യൂഷൻ. ഏത് കഴിക്കണം? അപ്പോഴാണ് അപ്പുറത്തെ ടേബിളിലെ ചേട്ടനെ ശ്രദ്ധിച്ചത്. ചിക്കൻ റോസ്റ്റ് പുട്ടായിരുന്നു പ്ലേറ്റിൽ, നന്നായി ആസ്വദിച്ച് കഴിക്കുന്നുണ്ട്. എങ്കിൽ പിന്നെ അതുതന്നെയാവാം. ഓർഡർ ചെയ്തു. അഞ്ച് മിനിറ്റിനുള്ളിൽ സുന്ദരിയായി പുട്ട് ഒരുങ്ങി വന്നു. നല്ല മഞ്ഞയും ഓറഞ്ചും കലർന്ന നിറം. പുട്ടിനുള്ളിൽ ചിക്കൻ റോസ്റ്റ് മിക്സ് ചെയ്താണ് നിർമാണം.

ആവി പറക്കുന്ന ചൂടുണ്ട്. കുറച്ച് നേരം കാത്തിരുന്നു. ചൂടാറിയപ്പോൾ പുട്ടിനെ മെല്ലെയൊന്ന് തൊട്ടു. അപ്പോഴേക്കും അതങ്ങ് പൊടിഞ്ഞ് വീണു. അത്രയും മൃദുലം. ചെറിയ ഉരുളയാക്കി കഴിച്ചു തുടങ്ങി, ആവശ്യത്തിന് മാത്രമാണ് എരിവ്, ഒന്നാന്തരം ബിരിയാണി കഴിക്കുന്ന സ്വാദ്. ചിക്കൻ ഉള്ളിലുള്ളത് കൊണ്ട് കൂടെ വേറെയൊന്നും ഓർഡർ ചെയ്യേണ്ട ആവശ്യമില്ല.

ഏഴുവർഷം മുമ്പാണ് ശ്രീകണ്ഠേശ്വരത്ത് സതീഷ് ഈ തട്ടുകട തുടങ്ങിയത്. ആദ്യം റോഡിനരികിൽ ഉന്തുവണ്ടിയിലായിരുന്നു. പിന്നീട് കഴിക്കാൻ ആളുകളുടെ എണ്ണം കൂടിയപ്പോൾ അടുത്തുള്ള വീട്ടിലേക്ക് ടേബിളിട്ടു. തുടക്കത്തിൽ മുപ്പതിനടുത്ത് പുട്ടുകളായിരുന്നു. പിന്നീട് എണ്ണം കൂട്ടി. ഭാര്യ ആശയാണ് സതീഷിനെ സഹായി ക്കാൻ കൂടെയുള്ളത്.

"എന്തരക്ക്യോ പുട്ട്'.. ഒന്ന് രുചിച്ചാലോ..?' ഇറങ്ങാൻ നേരം ആശ മറ്റൊരു ചോദ്യമെറിഞ്ഞു. പേര് കേട്ടപ്പോൾ അദ്ഭുതം തോന്നി. “ഈ പുട്ടിനുള്ളിൽ ഒരുപാട് മിക്സസുകളുണ്ട്. ചിക്കൻ, ബീഫ്, മുട്ട, അണ്ടിപ്പരിപ്പ്, കപ്പലണ്ടി, ബദാം, ഉണക്ക മുന്തിരി... അതുകൊണ്ടാണ് എന്തരക്ക്യോ എന്ന് പേര് നൽകിയത്'. ആശ തുടർന്നു. പേരും അതിന്റെ ഉള്ളടക്കവും കേട്ടപ്പോൾ കഴിക്കാനൊരു ആഗ്രഹം തോന്നി. എന്നാൽ, പോകാനിരിക്കുന്ന ദൂരവും കഴിക്കാനിരിക്കുന്ന ഭക്ഷണവും ആലോചിച്ചപ്പോൾ അത് സ്നേഹപൂർവം നിരസിച്ചു.

ചിക്കൻ റോസ്റ്റ് പുട്ട്; തട്ടുകടയിലെ പുട്ടുകടയിൽ നിന്ന് | ഫോട്ടോ: സിദ്ദീഖുൽ അക്ബർ \ മാതൃഭൂമി

ബാലരാമപുരത്തെ മട്ടൻ പെരുമ

ബിസ്മി ഹോട്ടലിലെ മട്ടൻ വിഭവങ്ങൾ | ഫോട്ടോ: സിദ്ദീഖുൽ അക്ബർ \ മാതൃഭൂമി

നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ബാലരാമപുരം. ഇവിടത്ത ബിസ്മി ഹോട്ടലിലെ മട്ടൻ വിഭവങ്ങൾ പ്രസിദ്ധമാണ്. ബാലരാമപുരം ജങ്ഷനിൽ നിന്ന് വിഴിഞ്ഞം റോഡിലേക്ക് തിരിയുമ്പോൾ ഇടതുഭാഗത്തായി ബിസി ഹോട്ടലിന്റെ പ്രവേശന കവാടം കാണാം. അൽപം ഉള്ളിലേ ക്കായാണ് ഹോട്ടൽ. അകത്തേക്ക് കടക്കുമ്പോൾ തന്നെ ഹോട്ടലിൽ നിന്ന് പൊറോട്ടയടിയുടെ മണം കിട്ടും. പുറത്തെ റൂമിൽ വെച്ചാണ് പൊറോട്ടയടി. അതിനോട് ചേർന്ന് ഫ്രഷ് ആട്ടിറച്ചി വിൽപ്പനയുമുണ്ട്. അതിന് നേരെ എതിർവശത്താണ് ഹോട്ടൽ. ബിസ്മിയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ തൊട്ടടുത്ത മുസ്ലിം പള്ളി യിൽ നിന്ന് മഗ്രിബ് ബാങ്ക് വിളിക്കുന്നുണ്ട്.

അകത്ത് അത്യാവശ്യം തിരക്കുണ്ട്. കാഷ്യറുടെ കൗണ്ടറിൽ തൂവെള്ള ഡസ്സിട്ട് ഒരാളിരിക്കുന്നുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടു. മുഹമ്മദ് ഇസ്മായിൽ, അദ്ദേഹമാണ് ഉടമ. 1979-ലാണ് അദ്ദേഹം ബിസ്മി ഹോട്ടൽ തുടങ്ങുന്നത്. ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു. പിന്നാലെ ഒഴിഞ്ഞ് കിടന്ന ഒരു ടേബിളിൽ ഇടം പിടിച്ചു. വാഴയിലയിലാണ് ഇവിടെ വിഭവങ്ങൾ വിളമ്പുന്നത്. എന്തൊക്കെയുണ്ടെന്ന് ചോദിച്ചപ്പോൾ കേരളത്തിലെ മറ്റൊരു ഹോട്ടലിലും കേൾക്കാത്തതം മട്ടൻ വിഭവങ്ങളെ സപ്ലെയർ പരിചയപ്പെടുത്തി. "മട്ടൻ ഞല്ലി, മട്ടൻ ബ്രെയിൻ, മട്ടൻ കറി, മട്ടൻ ലിവർ, മട്ടൻ പെരട്ട്, മട്ടൻ ഫ്രൈ...' ആ ലിസ്റ്റ് അങ്ങനെ നീണ്ടു. “കൂടെ കഴിക്കാനോ..' ചോദ്യം തീരും മുമ്പേ അദ്ദേഹം പറഞ്ഞുതുടങ്ങി.. "അരിപ്പുട്ട്, അരിപ്പത്തിരി, ഇടിയപ്പം, ഒറോട്ടി, പൊറോട്ട.. അദ്ദേഹത്തെ മുഴുവനാക്കാൻ സമ്മതിച്ചില്ല. അതിന് മുമ്പേ അരിപ്പത്തിരിക്ക് ഓർഡർ ചെയ്തു. കൂടെ മട്ടൻ പെരട്ടിനും.

അധികം വൈകാതെ സാധനമെത്തി. വലിയ കഷണങ്ങളായാണ് മട്ടൻ പെരട്ട്. നല്ല കട്ടിയുള്ള ​ഗ്രേവി. അത്യാവശ്യത്തിന് എരിവ്. അരിപ്പത്തിരി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് പെരട്ടിൽ മുക്കി കഴിക്കുമ്പോൾ വേറെ ലെവൽ ടേസ്റ്റ്. അത് കഴിഞ്ഞപ്പോഴേക്കും മട്ടന്റെ ഫ്രൈ ഓർഡർ ചെയ്തു. ഉടനെ തന്നെ അതും വന്നു. ഫ്രൈ ആക്കിയിട്ടും മട്ടൻ നല്ല സോഫ്റ്റായി നിൽക്കുന്നുണ്ട്. മട്ടന് ഇത്രത്തോളം ടേസ്റ്റുണ്ടെന്ന് മനസ്സിലാകുന്നത് ഇവിടെ നിന്നാണ്. കഴിക്കുന്നതിനിടെ ഇസ്മായിലിന്റെ പേരമകൻ ആസിഫ് ഞങ്ങളുടെ അടുത്തെത്തി. അവൻ ഹോട്ടലിന്റെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞു. "ആട് വിഭവങ്ങൾ തേടി ഒരുപാട് പേർ വരാറുണ്ട് ഇവിടെ, എല്ലാത്തിനും നല്ല അഭിപ്രായമാണ്. പണ്ടൊക്കെ 24 മണിക്കൂറും തുറന്നിരുന്നു. കോവിഡിന് ശേഷം സമയം കുറച്ചു. എങ്കിലും ആളുകൾ ഒരുപാട് വരുന്നുണ്ട്'. ആസിഫ് പറഞ്ഞതിനെ ശരിവെക്കുന്ന കാഴ്ചകളായി രുന്നു ഹോട്ടലിൽ. ബിസ്മിയിൽ ആളുകൾ ഒഴിയുന്നതിന് അനുസരിച്ച് പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. എല്ലാവരുടെയും വരവ് മട്ടൻ തേടിയാണ്. ആസിഫ് സംസാരം തുടർന്നതോടെ കഴിച്ചുകൊണ്ടിരുന്ന പത്തിരിയുടെ എണ്ണവും കൂടി. അതിനിടെ വയർ സ്റ്റോപ്പ്മെമോ തന്നു. ആസിഫിനും ഇസ്മായിൽ ഇക്കയ്ക്കും നന്ദിയറിയിച്ച് അവിടെ നിന്ന് പടിയിറങ്ങി.

വിഴിഞ്ഞത്തെ ചിക്കനും മീനും

ബാലരാമപുരത്ത് നിന്ന് നേരെ വിഴിഞ്ഞത്തേക്കായിരുന്നു. വിഴിഞ്ഞം ജങ്ഷനിൽ ഹോട്ടലുകളുടെ നീണ്ട നിരയുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് അഫ്സൽ ചിക്കൻ ഫ്രൈ. വിഴിഞ്ഞത്തെ പെട്രോൾ പമ്പിന് എതിർവശമാണ് അഫ്സൽ ഹോട്ടൽ.

പെട്രോൾ പമ്പിന് മുന്നിൽ നിൽക്കുമ്പോൾ തന്നെ അഫ്സലിലെ പൊരിച്ച കോഴിയുടെ മണം കിട്ടും. പിന്നെ കണ്ണുംപൂട്ടി നടന്നാൽ മതി, എത്തുന്നത് അവിടേക്കാണ്. കയറി ചെല്ലുന്ന ഏരിയയിൽ തന്നെ കോഴി പൊരിച്ചെടുക്കുന്നു. മുസ്തഫക്കാണ് ചിക്കൻ പൊരിച്ചെടുക്കുന്നതിന്റെ ചുമതല. ഹോട്ടലിൽ വിരലിലെണ്ണാവുന്ന ടേബിളുകൾ മാത്രമാണുളളത്. ഉള്ളതെല്ലാം ഫുൾ, ചിക്കൻ മാത്രമാണ് ഇവിടെ ലഭിക്കുക. കോയിൻ പൊറോട്ടയാണ് ചിക്കന്റെ കോമ്പിനേഷൻ.

ഈ രണ്ട് ഓപ്ഷനുകൾ മാത്രമായത് കൊണ്ട് തന്നെ ഇരുന്നപ്പോഴേക്കും സാധനം മുന്നിലെത്തി. നല്ല ചൂടുണ്ട്. മൊരിഞ്ഞിട്ടുമുണ്ട്. ചിക്കന് മേലെയായി മുളക് തരിയൊക്കെ ചേർത്ത് ഒരു പ്രത്യേക പൊടിയുണ്ട്. കൂടെ സാലഡും. ചൂടൊന്ന് ആറിയപ്പോൾ ടേസ്റ്റ് നോക്കി, ഒന്നാന്തരം ചിക്കൻ, അല്പം കൂടുതൽ എരിവുണ്ട്. കഴിക്കുന്തോറും എരിവ് കൂടി വരികയാണ്. എല്ലായിടത്തും നല്ലവണ്ണം വെന്തിട്ടുണ്ട്. എല്ലാ ഭാഗത്തും ഒരേ ടേസ്റ്റ്.

22 കൊല്ലം മുമ്പാണ് അമീർ എന്ന വിഴിഞ്ഞം കാരൻ മകൻ അഫ്സലിന്റെ പേരിൽ ഹോട്ടൽ തുടങ്ങുന്നത്. ഇപ്പോൾ അഫ്സൽ തന്നെയാണ് ഹോട്ടൽ നടത്തുന്നത്. ഉമ്മ സക്കീനയുടെ സഹായവുമുണ്ട്. ജോലിക്കാരായ മാഹിനും മുസ്തഫയും കൂടെയുണ്ട്. വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് തുറക്കുക.

അഫ്സൽ ഹോട്ടലിൽ നിന്ന് ലൈറ്റ് ഹൗസ് റോഡ് വഴി പോയാൽ ഉസ്താദ് ഹോട്ടലിൽ എത്താനാവും. മീൻ വിഭവങ്ങളാണ് ഇവിടത്തെ സ്പെഷ്യൽ, കടലിൽ കിട്ടുന്ന ഏത് മീനും ഉസ്താദ് ഹോട്ടലിലും കിട്ടും. വലിയൊരു കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഹോട്ടൽ. രണ്ട് വർഷം മുമ്പാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്. അതുവരെ വിഴിഞ്ഞം കടപ്പുറത്തായിരുന്നു.

വിശാലമായ സ്ഥലമുണ്ട് ഹോട്ടലിൽ. അതുകൊണ്ട് തന്നെ ആവശ്യത്തിന് ടേബിളുകളുമുണ്ട്. മീനിന്റെ കൂടെ വെള്ളപ്പം, പൊറോട്ട, കപ്പ, പുട്ട് എന്നിവയാണ് കഴിക്കാനുളളത്. മീൻ ഏതൊക്കെയുണ്ടെന്ന് ചോദിച്ചാൽ, നിങ്ങൾക്ക് എന്ത് കഴിക്കണമെന്ന് ആഗ്രഹമുണ്ടോ അതൊക്കെ ഇവിടെയുണ്ടെന്നാകും മറുപടി.

ചെമ്മീനും കൂന്തളിനും കല്ലുമ്മക്കായയ്ക്കും ഓർഡർ ചെയ്തു. മൂന്ന് മിനിറ്റിനുള്ളിൽ സാധനം മുന്നിലെത്തി. നല്ല അടിപൊളിയായിട്ടാണ് മീനുകൾ സർവ് ചെയ്യുന്നത്. കല്ലുമ്മക്കായയ്ക്ക് മഞ്ഞയും ഓറഞ്ചും കലർന്ന നിറം. മുകളിലായി മുളക് കൊണ്ടുണ്ടാക്കിയ പ്രത്യേക മസാല വിതറിയിട്ടുണ്ട്. പ്ലേറ്റിന് നടുവിലായി ഉള്ളിസാലഡും. വലിയ കൂന്തളും അതിനേക്കാൾ വലിപ്പമുള്ള ചെമ്മീനുമാണ്. രണ്ടും നല്ലവണ്ണം മൊരിഞ്ഞിട്ടുണ്ട്.

വെള്ളപ്പമാണ് കൂടെ ഓർഡർ ചെയ്തത്. തൂവെള്ളയല്ലെങ്കിലും നല്ല സോഫ്റ്റാണ് വെള്ളപ്പം. വെള്ളപ്പം ചെറിയ കഷണങ്ങളാക്കി കല്ലുമ്മക്കായയിൽ മുക്കി കഴിക്കുമ്പോൾ സംഭവം കിടിലൻ. ചെമ്മീനും കൂന്തളും ഇടയ്ക്കിടയ്ക്ക് ടേസ്റ്റ് ചെയ്തു. എല്ലാം ഒന്നിനൊന്ന് മികച്ചത്.

കഴിക്കുന്നതിനിടെ ഉസ്താദ് ഹോട്ടലിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരിലൊരാളായ മൊയ്തീൻ അടുത്തേക്ക് വന്നു. വേറെ വല്ലതും രുചിക്കണോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിശേഷങ്ങളൊക്കെ തിരക്കി. കൂടെ അദ്ദേഹത്തിന്റെ വിശേഷവും പറഞ്ഞു. " 25 വർഷം മുമ്പ് ഉപ്പ് ഹസ്സനാജി പിളളയാണ് വിഴിഞ്ഞം കടപ്പുറത്ത് ഹോട്ടൽ തുടങ്ങുന്നത്. രണ്ട് വർഷം മുമ്പ് ഇവിടേക്ക് മാറ്റി. എങ്കിലും അവിടെ എത്തിയിരുന്ന ആളുകളൊക്കെ ഇവിടേക്കും വരുന്നുണ്ട്. ഉസ്താദ് ഹോട്ടൽ സിനിമ ഇറങ്ങുന്നത് വരെ ഹോട്ടലിന് പേരില്ലായിരുന്നു. സിനിമ ഹിറ്റായതോടെയാണ് ഈ പേരിട്ടത്. ഞാനും സഹോദരൻ മാഹിനും ഇവിടെയുണ്ടാകും. ബാപ്പയും ഇടയ്ക്ക് വരും. ദൈവത്തിന്റെ അനുഗ്രഹത്താൽ കച്ചവടവം നന്നായി പോകുന്നു'. മൊയ്തീന്റെ സ്നേഹത്തിനും രുചിക്കും നന്ദി പറഞ്ഞ് അവിടെ നിന്നിറങ്ങി.

കോയിൻ പൊറോട്ടയും ചിക്കൻഫ്രൈയും; അഫ്സൽ ഹോട്ടലിൽനിന്ന് | ഫോട്ടോ: സിദ്ദീഖുൽ അക്ബർ \ മാതൃഭൂമി

ദേ അളിയൻ വിളിക്കുന്നു...

'ദേ അളിയൻസി'ലെ പൊട്ടിത്തെറിച്ച മുട്ട | ഫോട്ടോ: സിദ്ദീഖുൽ അക്ബർ \ മാതൃഭൂമി

തിരുവനന്തപുരത്ത രാത്രിയാത്രയിലെ അവസാനത്തെ ഇടമായിരുന്നു ദേ അളിയൻസ് തട്ടുകട. കേശവദാസപുരം ജങ്ഷനിലാണ് ഈ തട്ടുകട. മുട്ട പൊട്ടിത്തെറിച്ചത്, മുട്ട അള്ളിപ്പിടിച്ചത്, മുട്ട ഞെരിച്ചത് എന്നിവയൊക്കെയാണ് ഇവിടത്തെ സ്പെഷ്യലുകൾ. അവിടെയെത്തുമ്പോൾ ഭയങ്കര തിരക്കായിരുന്നു. എല്ലാവരും അവർ ഓർഡർ ചെയ്ത വിഭവത്തിനായുള്ള കാത്തിരിപ്പിലാണ്. കാത്തിരിക്കുന്ന സമയംകൊണ്ട് ഐറ്റംസ് ഉണ്ടാക്കുന്നത് കാണാമെന്നു കരുതി.

ആദ്യം ഓംലെറ്റ് ഒരുക്കും. അത് മറിച്ചിടാതെ അതിന് മുകളിലേക്ക് പൊറോട്ട വെയ്ക്കും . പൊറോട്ടയ്ക്ക് മുകളിലായി ചിക്കന്റെയോ ബീഫിന്റെയോ കഷണം വരും, അതിന് ശേഷം ഉടമ ബിനു ചേട്ടൻ തന്നെ തയ്യാറാക്കിയ സ്പെഷ്യൽ മസാലയും ചേർക്കും. അൽപം കുരുമുളകും... എന്നിട്ട് പ്ലേറ്റിലേക്ക് മടക്കിയെടുക്കും. ഇതാണ് സംഭവം. ഈ പൊട്ടിത്തെറിച്ച വിഭവത്തിന് തിരുവനന്തപുരത്ത് ഗംഭീരമായ ഫാൻബേസുണ്ട്. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം നമ്മുടെ ഐറ്റവും റെഡിയായി, നല്ല പൊളപ്പൻ സാധനം... മുട്ടയുടെയും ബീഫിന്റെയും കിടിലൻ കോംബോ, ജീവിതത്തിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു വെറൈറ്റി ഐറ്റം.

ഓരോ വിഭവങ്ങളെയും പറ്റി തിരക്കുന്നത് കണ്ടപ്പോൾ അവിടത്തെ സ്ഥിരം കസ്റ്റമറായ ഒരാൾ ബിനു ചേട്ടനെ പരിചയപ്പെടുത്തി. "നിങ്ങൾ വിചാരിക്കുന്ന പോലെയല്ല. ബി.ടെക്. കഴിഞ്ഞ ആളാണ്, അഹമ്മദാബാദിലായിരുന്നു', അത് പൂർത്തിയാക്കിയത് ബിനുച്ചേട്ടനായിരുന്നു. "കുറേ ജോലികൾ ചെയ്തു. എല്ലാം ബോറടിച്ചു. ഏഴുവർഷം മുമ്പാണ് ഇങ്ങനെയൊരു ഐഡിയ തോന്നിയത്. പിന്നെ ഒന്നും നോക്കിയില്ല. ഇവിടെ തട്ടുകടയിട്ടു. ഇപ്പോൾ ജീവിതം ഹാപ്പിയായി പോകുന്നു'.

രാത്രി ഏറെ വൈകിയിരിക്കുന്നു. വൈകുന്നേരം തുടങ്ങിയതാണ് യാത്ര. അതിനിടെ തിരുവനന്തപുരത്തിന്റെ അഞ്ച് വ്യത്യസ്ത രുചികൾ പരീക്ഷിച്ചു. ഒരുദിവസം കൂടി അവസാനിക്കുമ്പോൾ ഞാനും ഹാപ്പിയായിരുന്നു. തിരുവനന്തപുരത്തിന്റെ രാത്രി രുചികൾ അത്രയും മികച്ച അനുഭവമാണ് സമ്മാനിച്ചത്.

TRAVEL INFO
Foodies can find a wide variety of food choices in Trivandrum. From Chicken stuffed puttu and mattuon perattu to the tasty world of fried frishes and much more..

  • Thattukadayile Puttukada :8281716271
  • Bismi Hotel :7736299709
  • Afsal Chickenfry :9895321773
  • Usthad Hotel :9995853502
  • Dhe Aliyans :9447158325 \

(മാതൃഭൂമി യാത്ര 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ചത്)

യാത്ര വാങ്ങാം

Content Highlights: Varieties of Foods in Thiruvananthapuram, Food Travel, Mutton chicken Tastes of Trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented