Photo: Madhuraj
പരീക്ഷാക്കാലം എത്താനായി. ഫിബ്രവരി പകുതിയോടെ വീടുകളിലെല്ലാം പഠനത്തിന്റെ ചൂട് ഉയരും. കുട്ടികളുടെ പരീക്ഷയ്ക്ക് മുമ്പ് ഒരു യാത്ര പോയാലോ...വേനല്‍ക്കാലമെത്തുന്നതോടെ പുറത്തെ ചൂടിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അപ്പോള്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിര് തരുന്ന സ്ഥലം തന്നെ തിരഞ്ഞെടുക്കാം. കാടുകളാണ് ഇതിന് ബെസ്റ്റ്. കുറഞ്ഞ ചിലവില്‍ കുടുംബത്തോടൊപ്പം കാട്ടിനുള്ളില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. അത്തരം അഞ്ച് സ്ഥലങ്ങളിതാ:
ഗവി
ഓര്‍ഡിനറി എന്ന ചലച്ചിത്രത്തിലൂടെ മലയാളികളെ മുഴുവന്‍ ആകര്‍ഷിച്ച സ്ഥലമാണ് ഗവി. പരിസ്ഥിതിപ്രേമികളുടെ ഇഷ്ടസങ്കേതം. പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന ഗവി പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമാണ്. പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി കുമളിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സുണ്ട്. ഇതിലുള്ള യാത്ര ഏറെ രസകരമാണ്. വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ നിന്ന് പാസെടുത്ത് സ്വന്തം വാഹനത്തിലും പോകാം. വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയില്‍ നിന്നും ജീപ്പ് വിളിച്ചും ഗവിയിലെത്താം. കാട്ടിന് നടുവില്‍ ടെന്റായും അല്ലാതെയും താമസസൗകര്യങ്ങളുണ്ട്. കേരള വനംവികസന കോര്‍പ്പറേഷനാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഒരു ദിവസത്തേക്ക് ഒരു കുടുംബത്തിന് 7000 രൂപ മുതല്‍ 10000 രൂപ വരെയുള്ള പാക്കേജുകളാണ് ഗവിയിലുള്ളത്. താമസവും ഭക്ഷണവും ഗൈഡ് ഫീസും ഇതിലുള്‍പ്പെടും. ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://gavi.kfdcecotourism.com/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍: 04869 - 253270, 9947492399, 8289821306.

നെല്ലിയാമ്പതി
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാനും താമസിക്കാനും പറ്റിയ സ്ഥലമാണ്. പോത്തുണ്ടി ചുരം കയറി നെല്ലിയാമ്പതിയിലെത്താം. പാലക്കാട്ടെ പൊള്ളുന്ന ചൂടൊന്നും നെല്ലിയാമ്പതിക്കാടുകള്‍ക്കുള്ളിലെത്തിയാല്‍ അറിയില്ല. സീതാര്‍കുണ്ടും കേശവന്‍പാറയും മാന്‍പാറ വ്യൂ പോയന്റുകളും സര്‍ക്കാറിന്റെ ഓറഞ്ച് ഫാമുമെല്ലാം കാണേണ്ട കാഴ്ചകളാണ്. എന്നാല്‍ യഥാര്‍ഥ അനുഭവം കാടിനുള്ളിലാണ്. കാടിനുള്ളിലേക്കുള്ള ട്രെക്കിങ്ങും താമസവുമെല്ലാം ഏറെ രസകരമാണ്. താമസിക്കാന്‍ ഒട്ടേറെ സ്വകാര്യ റിസോര്‍ട്ടുകളുണ്ട്. കേരള വനംവികസന കോര്‍പ്പറേഷന്റെ ഗസ്റ്റ് ഹൗസാണ് കാട്ടിനുള്ളിലുള്ളത്. ഭക്ഷണം, താമസം, ട്രെക്കിങ്, ക്യാമ്പ് ഫയര്‍ എന്നിവയടക്കം ലഭിക്കുന്ന പാക്കേജിന് ഒരു ദിവസത്തെ ഒരാള്‍ക്ക് 2000 രൂപയാണ് നിരക്ക്. ജി.എസ്.ടി. കൂടി കൂടുതലായി നല്‍കേണ്ടി വരും. വിശദവിവരങ്ങള്‍ക്ക്: 8289821503, 8289821502.
തെന്‍മല
കുടുംബത്തിനൊപ്പം കാടിന് നടുവില്‍ സുരക്ഷിതമായി താമസിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ തെന്‍മലയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന ഒട്ടേറെ പാക്കേജുകള്‍ നിലവിലുണ്ട്. ട്രെക്കിങ്, സാഹസികവിനോദങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, ചിത്രശലഭ സഫാരി, നക്ഷത്രവനം തുടങ്ങിയ ഒട്ടേറെ രസകരമായ അനുഭവങ്ങള്‍ തെന്‍മലയില്‍ നിന്ന് ലഭിക്കും. കാടിന് നടുവില്‍ താമസിക്കാന്‍ വ്യത്യസ്ത സൗകര്യങ്ങള്‍ തെന്‍മലയിലുണ്ട്. മികച്ച സൗകര്യമുള്ള ടെന്റിലെയും പുഴയോരത്തെയും താമസത്തിന് 1430 രൂപയും കാടിന് നടുവില്‍ ഉയര്‍ത്തിക്കെട്ടിയ ഹട്ടിലെ താമസത്തിന് 840 രൂപയുമാണുള്ളത്. ചിലപ്പോള്‍ ജി.എസ്.ടി. കൂടി കൂടുതലായി നല്‍കേണ്ടി വരും. ഭക്ഷണവും താമസവുമെല്ലാം ആവശ്യാനുസരണം തിരഞ്ഞെടുത്ത് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് https://www.thenmalaecotourism.com/index.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.
ഫോണ്‍: 0475-2344800, 9496344800.

ശെന്തുരുണി
ഒരു മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി. ശെന്തുരുണി മരങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ സങ്കേതത്തിന് ആ പേര് ലഭിച്ചത്.
കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനവും തെന്‍മല തന്നെയാണ്. തെന്‍മലയില്‍ നിന്ന് വ്യത്യസ്തമായ ചില പാക്കേജുകള്‍ ശെന്തുരുണിയിലുണ്ട്. അതിലേറ്റവും പ്രധാനം സ്ത്രീകള്‍ക്കായുള്ള പ്രത്യേക പാക്കേജുകളാണ്. ട്രെക്കിങ് വിത്ത് പ്രൊട്ടക്ഷനും കാമ്പിങ് വിത്ത് പിങ്ക് പ്രൊട്ടക്ഷനും. ആദ്യത്തേതില്‍ രണ്ടുേപര്‍ക്ക് 1000 രൂപയും പിന്നീട് വരുന്ന ഓരോരുത്തര്‍ക്കും 500 രൂപവീതവുമാണ് ഈടാക്കുക. മൂന്നുമണിക്കൂര്‍ പരിപാടിയില്‍ പരമാവധി 10 പേരാണുണ്ടാകുക. രണ്ടാമെത്ത പാേക്കജില്‍ ഒരു ദിവസെത്ത താമസവും ട്രെക്കിങ്ങും ബോട്ടിങ്ങുമെല്ലാം ഉള്‍പ്പെടും. ഇതില്‍ രണ്ട് പേര്‍ക്ക് 7500 രൂപയും പിന്നീട് വരുന്നവര്‍ക്ക് 1500 രൂപയുമാണ്. ആറ് പേരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. താമസത്തിനായി കുറുന്തോട്ടി ടോപ് ഹട്ടുകളും ലേക്ക് വ്യൂ ബംഗ്ലാവുകളും കിട്ടും. രണ്ട് പാേക്കജുകളും വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ സാന്നിധ്യമുണ്ടായിരിക്കും. സ്ത്രീകള്‍ക്കുള്ള പ്രത്യേക പാക്കേജുകള്‍ക്കുപുറമേ സാധാരണ പാക്കേജുമുണ്ട്. ഇതില്‍ രണ്ടുപേര്‍ക്ക് ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും 7500 രൂപയാണ്. പിന്നീടുള്ള ഓരോരുത്തരും 1500 രൂപ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547602931, 85475 67935.

കമ്പമല
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ വയനാട്ടില്‍ ധാരാളം ജംഗിള്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമുണ്ട്. വൈത്തിരിയിലും മേപ്പാടിയിലും തിരുനെല്ലിയിലുമൊക്കെ കാടിന്റെ കുളിരറിഞ്ഞ് താമസിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ തയ്യാറാണ്. മാനന്തവാടിയ്ക്കടുത്ത് തലപ്പുഴയിലെ കമ്പമലയിലെ കാടിനുള്ളില്‍ താമസിക്കാന്‍ കേരള വനവികസന കോര്‍പ്പറേഷന്‍ തന്നെ അവസരമൊരുക്കിയിട്ടുണ്ട്. തലപ്പുഴ 44-ാം മൈലില്‍ നിന്ന് നാലര കിലോമീറ്റര്‍ കിഴക്കാണ് താമസസൗകര്യമുള്ളത്. തലശ്ശേരി വഴി വന്നാല്‍ 70 കിലോമീറ്റര്‍ ദൂരമാണ് ഇങ്ങോട്ടുള്ളത്. ട്രക്കിങ്ങിനുള്ള സൗകര്യങ്ങളുമുണ്ട്. താമസവും ഭക്ഷണവും ഗൈഡ് ഫീസുമെല്ലാമടക്കം ഒരാള്‍ക്ക് 2200 രൂപയുടെ പാക്കേജാണ് ഇവിടെയുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04935-246841, 9446594495.
* വനംവകുപ്പ് ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുക.
* കാട്ടില്‍ ബഹളം വെക്കുന്നത് ഒഴിവാക്കുക
* കാട് മദ്യപാനത്തിനുള്ള സ്ഥലമല്ലെന്ന് ഓര്‍ക്കുക
* യാതൊരു കാരണവശാലും കാട്ടില്‍ മാലിന്യം തള്ളരുത്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും കാട്ടില്‍ തള്ളാതെ തിരിച്ചുകൊണ്ടുവരണം.
* മൃഗങ്ങളെ കണ്ടാല്‍ അവയുടെ ശ്രദ്ധയാകര്‍ഷിക്കാനോ അടുത്തുചെന്ന് ഫോട്ടോയെടുക്കാനോ ശ്രമിക്കരുത്.
* കടുത്ത ഗന്ധമുള്ള പെര്‍ഫ്യൂമും മേക്കപ്പും ഒഴിവാക്കണം. നിറം കുറഞ്ഞ വസ്ത്രങ്ങളാണ് നല്ലത്.
* കാട്ടില്‍ നിന്ന് ഒന്നും പുറത്തേക്ക് കൊണ്ടുപാകാന്‍ ശ്രമിക്കരുത്. കൗതുകത്തിനുവേണ്ടി ഇങ്ങനെ ചെയ്ത പലരും വലിയ നിയമക്കുരുക്കില്‍ പെടാറുണ്ട്.
* ട്രെക്കിങ് നടത്തുന്നുണ്ടെങ്കില്‍ ഇതിന്റെ ദൂരം നേരത്തേ ചോദിച്ച് മനസിലാക്കുക. ട്രെക്കിങ് തുടങ്ങിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന് തിരിച്ചുവരാന്‍ സാധിക്കണമെന്നില്ല. ട്രെക്കിങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുറപ്പുണ്ടെങ്കില്‍ മാത്രം ഇതില്‍ പങ്കെടുക്കുക. ആവശ്യമായ വെള്ളം, ഡ്രൈ ഫ്രൂട്ട്സ്, പഴം തുടങ്ങിയ കൂടെക്കരുതുക.
* അട്ട കടിയ്ക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ ലേപനങ്ങളോ പൊടിയുപ്പോ കൈയില്‍ കരുതുക.
* വീട്ടിലോ ഹോട്ടലുകളിലോ കിട്ടുന്ന സൗകര്യങ്ങള്‍ കാട്ടിലെ താമസത്തില്‍ കിട്ടണമെന്നില്ല. എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്ന് നേരത്തെ ചോദിച്ച് മനസിലാക്കുക.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Trekking With Family, Five safe places to stay in the woods with your family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..