തികച്ചും മൃഗീയമെന്ന് പറയാം ആ വേട്ടയെ, ക്യാമറക്കണ്ണുകള്‍ പോലും ഈറനണിഞ്ഞ കഥ


അസീസ് മാഹി

ആര്‍ത്തിയോടെ ഭക്ഷിക്കുന്നതിനിടയില്‍ പരസ്പരം കലഹിക്കുകയും കടിപിടി കൂടുന്നതും നിണമണിഞ്ഞ മുഖമുയര്‍ത്തി രൗദ്രഭാവത്തില്‍ നോക്കുന്നതും കാണാം. ഏകദേശം അര മണിക്കൂറിലേറെ നീണ്ടു നിന്ന ഈ വേട്ടയുടെതീക്ഷ്ണ മുഹൂര്‍ത്തം.

-

നിലനില്‍പ്പിനായുള്ള മത്സരത്തില്‍ അര്‍ഹതയുള്ളവരുടെ അതിജീവനം ജീവശാസ്ത്ര നീതി ആണെങ്കില്‍ അത് വനപ്രകൃതിയില്‍ പലപ്പോഴും ഉള്ളുലയ്ക്കുന്ന കാട്ടുനീതിയാകുന്നു. ചീറ്റയോ ഹൈനയോ വേട്ടയാടുന്ന ദൃശ്യത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമ്പോള്‍ വേട്ടയാടപ്പെടുന്ന ഇരയുടെ മുന്‍പില്‍ ക്യാമറക്കണ്ണുകള്‍ പോലും ഈറനണിയുന്നു. തികച്ചും 'മൃഗീയം' എന്ന് പറയാവുന്ന ഒരു വേട്ടയുടെ ദൃശ്യം പകര്‍ത്താനുള്ള മോഹം ഏതൊരു വന്യജീവി ഫോട്ടോഗ്രാഫറുടെയും ഉള്ളിലുണ്ടാകും. എന്നാല്‍ അത്തരം ഒരു നിമിഷം അതിലെ സകല ക്രൂരതയോടും വേദനയോടും മുന്നില്‍ തെളിയുമ്പോള്‍ ഉള്ളില്‍ എവിടെയെങ്കിലും ഒരു നീറ്റല്‍ ഉരുവം കൊള്ളാതിരിക്കില്ല.

ചീറ്റകളെ തേടിയായിരുന്നു നന്നേ പ്രഭാതത്തില്‍ ഞങ്ങളുടെ യാത്ര. അതിവിശാലമായ പുല്‍മേടുകളും സുദീര്‍ഘമായ വഴിത്താരകളും ദുര്‍ഘടമായ പാതകളും പിന്നിട്ടും ചെറു നദികളെ കുറുകെ കടന്നും ഒരുപാട് നേരം സഞ്ചരിച്ചാണ് മസായി മാരയിലെ ചീറ്റകളുടെ താല്‍ക്കാലിക താവളത്തിലെത്തുന്നത്. അഞ്ച് സഹോദരന്മാര്‍ എന്ന് പുകഴ്‌പെറ്റ ചീറ്റകള്‍ ഒന്നിച്ച് താവളമടിച്ച വിശാലമായ പുല്‍പ്പരപ്പായിരുന്നു ലക്ഷ്യം.

സാരഥിക്ക് തെറ്റിയില്ല. വെയില്‍നാളങ്ങള്‍ കനത്തുതുടങ്ങുന്നതിന് മുമ്പായി ഞങ്ങള്‍ അഞ്ച് സഹോദരന്‍മാരുടെ താവളത്തിലെത്തി. ഒരാളൊഴികെ ബാക്കി നാലുപേരും ഇളംപച്ചപ്പില്‍ ചാഞ്ഞുകിടന്ന് അലസവിശ്രമത്തിലാണ്. കൂട്ടത്തില്‍ സംഘത്തലവനെന്ന് തോന്നിക്കുന്ന മുതിര്‍ന്ന സഹോദരന്റെ ശ്രദ്ധ കുറച്ചകലെയായി തീറ്റയെടുക്കുന്ന ഒരു വലിയ പറ്റം വൈല്‍ഡ് ബീസ്റ്റുകളിലായിരുന്നു. അവ പുല്‍മേട്ടില്‍ നീങ്ങുന്നതിനനുസരിച്ച് ദൃഢപാദങ്ങളില്‍ അതീവ ശ്രദ്ധാലുവായി, തീക്ഷ്ണത സ്ഫുരിക്കുന്ന ഭാവവുമായി നീങ്ങുകയാണ് ചീറ്റകളുടെ നേതാവ്.

വിശ്രമം ഉപേക്ഷിച്ച് മറ്റു സഹോദരന്മാരും സംഘത്തലവന് അനുഗമിക്കുകയായി. മുന്‍പില്‍ സംഘത്തലവന്‍, തൊട്ടുപുറകില്‍ തുല്യ അകലത്തില്‍ രണ്ടുപേര്‍, അവയ്ക്കും പിറകിലായി അതേ പാറ്റേണില്‍ പിന്നെയും രണ്ടുപേര്‍. അങ്ങനെ പുല്‍പ്പരപ്പില്‍ ഒരു ത്രികോണം സൃഷ്ടിച്ച് മുന്നേറുന്ന ഐവര്‍ സംഘം ശത്രുവിന്റൈ സാന്നിധ്യവും ചലനവും മനസ്സിലാക്കിയ വൈല്‍ഡ് ബീസ്റ്റുകള്‍ കൂട്ടമായി തന്നെ ഇവയുടെ സഞ്ചാരവേഗം വര്‍ദ്ധിപ്പിച്ചു സുരക്ഷിതമായ അകലത്തിലേക്ക് ഓടിയകലുന്നു. കുറച്ചുനേരം എങ്ങനെ ഇരയെ പിന്തുടര്‍ന്ന് ശേഷം ചീറ്റകള്‍ വീണ്ടും സംഘം പിരിഞ്ഞ് ആലസ്യത്തിലേക്കും വിശ്രമത്തിലേക്കും.

Cheetah 4

ഇനിയൊരു വേട്ടയ്ക്ക് സാധ്യതയില്ല എന്ന് കരുതി ഞങ്ങള്‍ ചീറ്റയുടെ ചിത്രങ്ങള്‍ പകര്‍ത്തി മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. ഒരുപക്ഷേ ശത്രുവിന്റെ ലക്ഷ്യത്തില്‍ നിന്നും രക്ഷപ്പെട്ടു എന്ന ഭാവമാണ് വൈല്‍ഡ് ബീസ്റ്റുകള്‍ക്കും എന്ന് തോന്നി. അല്പനേരത്തെ വിശ്രമത്തിനുശേഷം ചീറ്റകള്‍ പറ്റമായി വീണ്ടും ഇരയെ ലക്ഷ്യമാക്കി നീങ്ങി ത്തുടങ്ങിയപ്പോള്‍ ഞങ്ങളുടെ സാരഥി യാത്രാ വാഹനം ചീറ്റകളില്‍ നിന്നും വൈല്‍ഡ് ബീസ്റ്റുകളില്‍ നിന്നും വളരെ അകലെയായി നിര്‍ത്തി കാത്തിരിപ്പായി. ചീറ്റകളുടെ പെരുമാറ്റം ഏറെ വശമില്ലാത്ത ഞങ്ങള്‍ ഇത്രയും അകലെയായി വണ്ടി നിര്‍ത്തിയതിന് കാരണം അന്വേഷിച്ചപ്പോള്‍ 'ചീറ്റകള്‍ ഒരിക്കലും പിന്‍തിരിഞ്ഞ് നടക്കാറില്ല' എന്ന മറുപടിയാണ് ലഭിച്ചത്. അവ തീര്‍ച്ചയായും ഇരയെ മുന്നോട്ട് നയിച്ച് ഞങ്ങളുടെ ദിശയിലേക്ക് വരും. ഒരു വേട്ടയുടെ ദൃശ്യം പകര്‍ത്താനാവുമെന്ന സാരഥിയുടെ വാക്കുകള്‍ പ്രതീക്ഷയുടെ തിരിനാളമായി പടര്‍ന്നു. ഏറെനേരം കഴിഞ്ഞില്ല, വൈല്‍ഡ് ബീസ്റ്റിന്റെ കൂട്ടവും അവയെ പിന്തുടര്‍ന്ന് ചീറ്റ സഹോദരന്മാരും ഞങ്ങളുടെ മുന്നിലേക്ക് വരുന്നത് കാണായി.

പിന്നീടെല്ലാം സംഭവിച്ചത് ഞൊടിയിടയിലാണ്. കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട് പോയ ഒരു വൈല്‍ഡ് ബീസ്റ്റിനുനേരെ നേരെ സംഘത്തലവന്റെ കുതിപ്പും കീഴ്ഭാഗത്ത് പല്ലുകളും നഖങ്ങളും താഴ്ത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമവും ഒരു നിമിഷാര്‍ദ്ധത്തിലായിരുന്നു. ഇര വേട്ടക്കാരന്റെ പിടിയിലമരുമ്പോഴേക്കും സഹോദരന്മാരെല്ലാം കുതിച്ചെത്തി. പിന്നെ മൂന്നോ നാലോ പേര്‍ ചേര്‍ന്ന് വേട്ടമൃഗത്തെ കീഴ്‌പ്പെടുത്തുകയായി. കണ്ഠനാളത്തില്‍ ശക്തമായി പരിക്കേല്‍പ്പിച്ച് ശ്വാസംമുട്ടിച്ച് ഇരയെ കൊല്ലുകയാണ് ചീറ്റകളുടെ പതിവ്. ചീറ്റകളുടെ കരുത്തിനും ആക്രമണോത്സുകതയ്ക്കും മുന്നില്‍ കണ്ണുതുറിച്ചും അലറിക്കരഞ്ഞും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വൈല്‍ഡ് ബീസ്റ്റിന്റെ അവസാനശ്രമവും മറക്കാവതല്ല. വേട്ടമൃഗത്തെ നിലത്ത് വീഴ്ത്തിയ ശേഷം ഒരാള്‍ സര്‍വ്വ ശക്തിയോടും കൂടി അതിനെ കീഴ്‌പ്പെടുത്തുമ്പോള്‍ മറ്റുള്ളവര്‍ കിതപ്പകറ്റുന്നതും സഹോദരനെ കാത്തിരിക്കുന്നതും കാണാമായിരുന്നു. വേട്ടമൃഗത്തിന്റെ പിടച്ചിലവസാനിക്കുമ്പോഴേക്കും സംഘംചേര്‍ന്ന് തീറ്റ തുടങ്ങുകയായി.

Cheetah 2

സിംഹവും കടുവയും പുള്ളിപ്പുലിയുമെല്ലാം ഇരയെ ഭക്ഷിക്കാന്‍ തുടങ്ങുമ്പോഴുള്ള ക്ഷമയും സഹനവും ചീറ്റകളില്‍ കാണില്ല. സാമാന്യം ധൃതിയില്‍ മത്സരിച്ച് ഇരയുടെ ശരീരഭാഗങ്ങള്‍ കടിച്ചുകീറി ശാപ്പിടുന്ന രീതി തികച്ചും വന്യമാണ്. കൂട്ടത്തില്‍ നായകനെന്ന് തോന്നിക്കുന്ന ചീറ്റമാത്രം പരിസരം വീക്ഷിക്കുകയും തീറ്റ തുടരുകയും ചെയ്യും. ആര്‍ത്തിയോടെ ഭക്ഷിക്കുന്നതിനിടയില്‍ പരസ്പരം കലഹിക്കുകയും കടിപിടി കൂടുന്നതും നിണമണിഞ്ഞ മുഖമുയര്‍ത്തി രൗദ്രഭാവത്തില്‍ നോക്കുന്നതും കാണാം. ഏകദേശം അര മണിക്കൂറിലേറെ നീണ്ടു നിന്ന ഈ വേട്ടയുടെതീക്ഷ്ണ മുഹൂര്‍ത്തം. മാംസം കടിച്ചു കീറുമ്പോഴുള്ള, മരണത്തെ മുഖാമുഖം കണ്ട, വേട്ടക്കാരന്റെ ദയാരഹിതമായ ഭാവവും ഞങ്ങള്‍ക്ക് സമ്മാനിച്ചത് ഫോട്ടോഗ്രഫിയില്‍ അവിസ്മരണീയ മുഹൂര്‍ത്തമാണ്.

ആഫ്രിക്കന്‍ പുല്‍മേടുകളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്ന ചീറ്റകള്‍ കരയിലെ ഏറ്റവും ഗതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന കരുത്തിന്റെ പ്രതീകങ്ങളാണ്. മഞ്ഞയും ചാരനിറവും കലര്‍ന്ന ശരീരത്തെ അലങ്കരിച്ച് ഏകദേശം രണ്ടായിരത്തോളം കറുത്ത പുള്ളികള്‍, ഉദരത്തിന്റെ അടിഭാഗം പൂര്‍ണമായും വെളുപ്പ്, ശരീരത്തെ അപേക്ഷിച്ച് ചെറിയ ശിരസ്, കവിളിനിരുവശവുമായി മുറിപ്പാടിന് സമാനമായ കറുത്ത വരകള്‍, ഉള്‍വലിഞ്ഞ ഉരസ്സ്, കൃശമായ, ദൈര്‍ഘ്യമേറിയ ഉടലും നീണ്ടു മെലിഞ്ഞ കാലുകളും വര്‍ണപ്പുള്ളികളാലലംകൃതമായ നീണ്ടവാലും ചീറ്റകള്‍ക്ക് ഓമനത്തം പകരുന്നു. ഏകദേശം 960 സെ. മീ ഉയരവും 72 കിലോ വരെ പരമാവധി ഭാരവും ഉള്ള ഇവയുടെ കൃശഗാത്രവും കഴുത്തിലെ കരുത്തുറ്റ പേശികളും ദൈര്‍ഘ്യമേറിയ കാലുകളും അതിവേഗത്തില്‍ ഇരയെ പിന്തുടരാനും ഒറ്റക്കുതിപ്പിന് കീഴ്‌പ്പെടുത്താനും സഹായിക്കുന്നു. പിന്തുടരുന്ന സമയത്ത് മണിക്കൂറില്‍ 64 കിലോമീറ്റര്‍ മുതല്‍ 112 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാനും 100 മുതല്‍ 300 വരെ അകലെയുള്ള ഇരകളെ ഒറ്റക്കുതിപ്പിന് കീഴ്‌പ്പെടുത്താനും ഇവക്കാകും.

Cheetah 3

പെണ്‍ചീറ്റകള്‍ കുട്ടികളോടൊത്ത് തനിച്ച് ജീവിക്കുമ്പോള്‍ ആണ്‍ചീറ്റകള്‍ പലപ്പോഴും അവരുടെ സാമ്രാജ്യം വിസ്മരിച്ച് ചെറിയ ഗ്രൂപ്പുകളായി കഴിയുന്നു ആഫ്രിക്കന്‍ കാടുകള്‍ ക്കുപുറമേ ഇറാനിലെ ചില പ്രദേശങ്ങളില്‍ മാത്രമേ ലോകത്ത് ചീറ്റകളുടെ വംശം കൂടി പാര്‍ക്കുന്നുള്ളൂ. ആവാസവ്യവസ്ഥ നഷ്ടവും വേട്ടക്കാരുടെ ആക്രമണവും നിയമപരമല്ലാത്ത മൃഗക്കടത്തും നിമിത്തം വംശനാശഭീഷണി നേരിടുകയാണ് ചീറ്റകള്‍. 2016 ലെ കണക്കുപ്രകാരം ചെമ്പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുന്ന ചീറ്റകളുടെ അവശേഷിക്കുന്ന അംഗസംഖ്യ 7100 ആയി കുറഞ്ഞിട്ടുണ്ട്. സാവന്നകളുടെ സൗന്ദര്യമായ ചീറ്റകള്‍ സംരക്ഷിക്കപ്പെടേണ്ട ജൈവസമ്പത്ത് തന്നെയാകുന്നു.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Five Brothers in Masai Mara, Cheetahs in Masai Mara, Azees Mahe Photography

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented