ല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ ഒരു പൊതുസ്വഭാവം ഉള്ളതായി കാണാം. ഗൈഡുകൾ, തൊപ്പിയും കണ്ണാടിയും വിൽക്കുന്ന ചെറിയ കടകൾ, വിലപേശലുകൾ, മാഗ്ഗി നൂഡിൽസ് കിട്ടുന്ന ചെറിയ ഭക്ഷണശാലകൾ, തിരക്ക്, മത്സരം, ഫോട്ടോഗ്രാഫേഴ്സ്... പിന്നെ ആ സ്ഥലത്തിന്റെ പ്രത്യേകതകൾ അനുസരിച്ചുള്ള വേഷങ്ങൾ, മറ്റ് കരകൗശല സാധനങ്ങൾ അങ്ങനെ... ഇതിൽ വളരെ ചുരുക്കം മാത്രമായേ സ്ഥലത്തെ പ്രതിനിധാനം ചെയ്യുന്ന എന്തെങ്കിലും ഉണ്ടാവുകയുള്ളൂ.

കുറച്ച് യാത്രകൾ കൊണ്ട് തന്നെ ഈ പൊതുസ്വഭാവം മടുത്ത് തുടങ്ങിയിരുന്നു. മൂന്നാർ പോയാലും ഹിമാചൽ പോയാലും ഒരേ രീതി കണ്ടാൽ എങ്ങനെ ശരിയാവും?
അതുകൊണ്ട് ഷിംല യാത്രയിൽ കഴിയുന്നത്ര കാണാത്ത കാഴ്ചകൾ കാണണം എന്ന് ആഗ്രഹിച്ചിരുന്നു.. യാത്രയെ കുറിച്ച് പറഞ്ഞാൽ അതൊരു നീണ്ട യാത്ര തന്നെ ആയിരുന്നു.

കോഴിക്കോട് നിന്ന് ബസിൽ കൊച്ചിയിലേക്ക്. അവിടുന്ന് ഫ്ലൈറ്റിൽ ഡൽഹിയിലേക്ക്.

ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഉബറിൽ റെയിൽവേ സ്റ്റേഷനിലേക്ക്. പിന്നെ അവിടുന്ന് തീവണ്ടിയിൽ യുദ്ധഭൂമികളായ കുരുക്ഷേത്ര, പാനിപ്പത്ത് കടന്ന് അംബാല, ചണ്ഡിഗഢ് വഴി കൽക്കയിലേക്ക്. പിന്നെ കൽക്കയിൽ നിന്ന് ടോയ് ട്രെയിനിൽ ഷിംലയിലേക്ക്. അങ്ങനെ കരയിലും ആകാശത്തും സഞ്ചരിക്കുന്ന വിവിധങ്ങളായ വാഹനങ്ങളിലൂടെ രണ്ടു ദിവസം നീണ്ടുനിന്ന യാത്രയ്ക്കൊടുവിൽ ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ ഷിംലയിൽ എത്തിയതാണ് സന്ദർഭം.

shimla travelling

ഇവയിൽ ഏറ്റവും രസകരവും, ദീർഘവുമായ യാത്ര കലക്ക മുതൽ ഷിംല വരെ എത്തുന്ന ടോയ് ട്രെയിൻ ആണ്. സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ രണ്ടു മണിക്കൂറിൽ എത്തേണ്ടുന്നതാണെങ്കിലും ഇടയ്ക്കിടെ കാഴ്ചകൾ കാണാനും ഫോട്ടോകൾ എടുക്കാനുമൊക്കെ നിർത്തി നിർത്തി, പതുക്കെ പോകുന്ന ടോയ് ട്രെയിൻ ഒരു കാൽ ദിവസം തന്നെ എടുത്തു.

കൽക്കയിൽ വച്ച് സഹയാത്രികർ ആയിരുന്ന ആ കംപാർട്മെന്റിലെ എല്ലാവരും ഷിംല എത്തിയപ്പോഴേക്കും ഒരുകൂട്ടം സുഹൃത്തുക്കൾ ആയി മാറിയിരുന്നു എന്നതാണ് ഏറ്റവും ഊഷ്മളമായ കാര്യം. അങ്ങനെ വലിയ യാത്ര കഴിഞ്ഞെത്തിയ ഞങ്ങൾ ആദ്യ ദിനം കുഫ്റി, നർഘണ്ട തുടങ്ങിയ പ്രധാന വിനോദസഞ്ചാര സ്ഥലങ്ങൾ കണ്ടു. നേരത്തെ പറഞ്ഞ പൊതു സ്വഭാവം ഇവിടെയൊക്കെയും പ്രകടമായിരുന്നു.

അടുത്ത ദിവസം വേറിട്ടൊരു അനുഭവത്തിനായി വെറൈറ്റി പിടിക്കാൻ ഉള്ള ആലോചനയിൽ ആയിരുന്നു ഞങ്ങൾ. മടുപ്പിക്കുന്ന ആകർഷണ തന്ത്രങ്ങൾ ഇല്ലാത്ത, തിരക്കില്ലാത്ത, എന്നാൽ സുരക്ഷിതമായ ഒരു സ്ഥലം. അതാണ് ലക്ഷ്യം.

'വിചാരിക്കുന്ന പോലെ വലിയ കാഴ്ചകൾ ഒന്നും കാണാൻ കിട്ടിയെന്ന് വരില്ല. പക്ഷെ നിങ്ങൾക്ക് ഒരു ഗ്രാമത്തെ അനുഭവിക്കാൻ കഴിയുമെങ്കിൽ, എല്ലാ യാത്രകൾക്കിടയിലും അവിടുത്തെ ഒരു ഉൾഗ്രാമം കാണാൻ ശ്രമിക്കാവുന്നതാണ്' - ഈ ചിന്തയുടെ ഉടമയും ഞങ്ങളുടെ ആതിഥേയയുമായ ആന്റി ആ ആലോചനയ്ക്കിടെ ഹിമാചലിൽ ഉള്ള ഒരു ഗ്രാമത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.

ഞങ്ങളുടെ നിബന്ധനകളെ തൃപ്തിപ്പെടുത്തുന്ന, ആ ഉൾനാടൻ ഗ്രാമത്തിലേക്ക് പോകാൻ അങ്ങനെ തീരുമാനമായി. നയാസെർ, ഹിമാചൽപ്രദേശ് - എന്ന പേര് ഗൂഗിളിനു പോലും വലിയ പിടുത്തമില്ല. ഗൂഗ്ൾ മാപ്പിൽ അവിടെ ഉള്ള ഒരു ക്രിക്കറ്റ് ഗ്രൗണ്ട് മാർക് ചെയ്തിരിക്കുന്നത് കണ്ടു..

road to niyaser

'ജീപീഎസും, റേഞ്ചും ഒന്നും ഇല്ലാത്തിടമാണ്. മനുഷ്യനെ തന്നെ ആശ്രയിക്കേണ്ടി വരും'.
സ്ഥലപ്പേര് കേട്ടതും അതെടുത്ത് 'പരതാൻ' തുടങ്ങിയ ഞങ്ങൾക്ക് ഇങ്ങനെ ഒരു താക്കീത് നൽകി ആന്റി ഡ്രൈവറെ വിളിച്ചു..

അത് തന്നെയാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. അധികം ആരും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു കൊച്ചു ഗ്രാമം. ഷിംലയിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ ഉള്ളിലേക്ക് പോകണം. മലകൾ താണ്ടിയുള്ള ആ യാത്ര അത്ര ചെറിയ ദൂരമായിരുന്നില്ല അനുഭവത്തിൽ.

ഷിംല വിട്ടതും ഗൂഗിൾ ഞങ്ങളെ കൈ വെടിഞ്ഞു. സ്വാഭാവികം! കുറെ കൂടി കഴിഞ്ഞപ്പോൾ റേഞ്ചും പോയി.. fully isolated.. ഡ്രൈവർ ചേട്ടന് വഴികൾ നല്ല ധാരണ ഉള്ളത് കൊണ്ട് കുഴപ്പമില്ല. അധിക ദൂരം ഇല്ലെങ്കിലും ഞങ്ങൾ ഇതുവരെ കാണാത്ത നാടാണിത് എന്ന് പല രീതിയിൽ തോന്നിപ്പിക്കുന്നതായിരുന്നു ആ യാത്ര.

മലകൾ, ചുരം, പൊട്ടിപൊളിഞ്ഞ റോഡുകൾ, തെളിഞ്ഞ ആകാശം, ചൂടില്ലെങ്കിലും നല്ല വെയിൽ ഇതൊക്കെയാണ് ആ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ വരുന്ന കാഴ്ചകൾ. തണുത്ത, ഇടയ്ക്ക് മഴ ചാറുന്ന ഷിംലയിൽ നിന്നും ഏറെ വ്യത്യസ്തം. ഞങ്ങൾ പോയത് ജൂൺ മാസത്തിലായിരുന്നു, ഹിമാചലിലെ മൺസൂൺ കാലം. എന്നിട്ടും അന്ന് ആ വഴിയിൽ മഴ പെയ്തതേ ഇല്ല.

വെയിലിനനുസരിച്ച് നിറം മാറുന്ന മലകൾ, അവയെ ചുറ്റി വളഞ്ഞ വിജനമായ വഴി.
ഇടയ്ക്ക് ടാർ ചെയ്ത റോഡ്. ഇടയ്ക്ക് മൺപാത. മിക്ക സ്ഥലത്തും റോഡിലേക്ക് മലകൾ ഇടിഞ്ഞു പൊളിഞ്ഞ് വീണിട്ടുണ്ട്. അതിന്റെ റിപ്പയറിങ് ജോലികൾ നടക്കുന്നിടങ്ങളിൽ കുറച്ച് മനുഷ്യരെ കാണാം. പിന്നെ കുറെ ദൂരത്തേക്ക് ആരും ഇല്ല.

മലമുകളിൽ നിന്നും ബസ് ഇറങ്ങി വരുന്നത് കാണാം.. ഒരു വളവു തിരിഞ്ഞാൽ ആ ബസുമില്ല, റോഡുമില്ല. പിന്നെ വീണ്ടും കുറെ ഓടിയാൽ ആ ബസ് മുന്നിൽ കാണാം. സൈഡ് കൊടുത്തപ്പോഴൊക്കെ കണ്ണടച്ച് ഇരിക്കേണ്ടി വന്നു. ഒന്നാമത് റോഡിനു വീതി കുറവാണ്. വശങ്ങൾ ഇടിഞ്ഞ റോഡിൽ നമ്മുടെ വണ്ടി അടുപ്പിക്കുമ്പോൾ താഴെ അഗാധ ഗർത്തം കാണാതിരിക്കാൻ കണ്ണടയ്ക്കാതെ വഴിയില്ലല്ലോ.

ബസൊക്കെ വല്ലപ്പോഴും ആണ് എന്നതാണ് സമാധാനം.
പൊട്ടി പൊളിഞ്ഞ പറക്കല്ലുകൾ നമ്മുടെ വണ്ടിയെ വല്ലാതെ ഉലച്ചുകൊണ്ടിരുന്നു..
കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വഴി തെറ്റി എന്ന് ഡ്രൈവർ ചേട്ടൻ പറഞ്ഞു.. ആരോട് ചോദിക്കാൻ?

വീണ്ടും കുറെ ഓടിയപ്പോൾ മലയിൽ ചുള്ളിക്കമ്പ് ഒടിക്കാൻ പോകുന്ന കുറെ ചേച്ചിമാരെ കണ്ടു. അവർ വഴി പറഞ്ഞു തന്നു..

വണ്ടി തിരിച്ചെടുത്ത് യാത്ര തുടർന്നു... വീണ്ടും വിജനത...

പതുക്കെ ഭൂമിയുടെ ഘടന മാറുന്നത് കാണാം. അതുവരെ കണ്ടു വന്ന കരിമ്പാറ കല്ലുകളല്ല പിന്നീടങ്ങോട്ട് മലകളിൽ. സ്ലേറ്റ് നിറത്തിൽ ദീർഘ ചതുര കട്ടകൾ പോലുള്ള കല്ലുകൾ അടുക്കിവെച്ച പോലെ ആയിരുന്നു പിന്നെ കാണുന്ന മലകൾ... ഇടിയുന്ന മലകളെ മെറ്റൽ കമ്പിയൊക്കെ ഇട്ട് തടഞ്ഞു വച്ചിട്ടുണ്ട് മിക്കയിടത്തും. പ്രതികൂല കാലാവസ്ഥയിൽ ആ റോഡിലൂടെ യാത്ര അസാധ്യമാവും.

അങ്ങനെ പോയി പോയി വളരെ മുകളിൽ നിന്നും ഞങ്ങൾ നയാസെർ ഗ്രാമം കണ്ടു..

niyaser valley

രണ്ട് മലകൾക്കിടയിലെ ഒരു സമതലം. നടുവിലായി ഒരു ചെറിയ അരുവിയുമുണ്ട്. ചിത്രങ്ങളിലെല്ലാം കാണുന്ന പോലെ രണ്ടു വലിയ മലകൾക്കിടയിൽ നീണ്ടു കിടക്കുന്ന പച്ചപ്പുൽ മെത്ത.. നടുവിലൂടെ അധികം വീതിയില്ലാതെ ഒഴുകുന്ന അരുവി സത്ലെജിന്റെ കൈവഴിയാണെന്ന് പറയപ്പെടുന്നു. ശാന്തമായൊഴുകുന്ന വളരെ ചെറിയ ഈ ജലാശയത്തിൽ നിന്നാണ് ആ ഗ്രാമത്തിനു വേണ്ട വെള്ളം ലഭിക്കുന്നത്. ഇനി ഇറങ്ങണം. താഴേക്ക് വണ്ടി കൊണ്ട് പോകാൻ പറ്റുമോ എന്ന് സംശയമായിരുന്നു.. ഡ്രൈവർ ചേട്ടൻ അവിടെ ആരോടെങ്കിലും ചോദിക്കട്ടെ എന്ന് പറഞ്ഞ് ഞങ്ങളോട് താഴേക്ക് നടന്നുകൊള്ളാൻ പറഞ്ഞു..

താഴേക്ക് ഇറങ്ങുന്ന ചെറിയ ഇറക്കങ്ങളിലും, മലകളിലും ആണ് അവിടുത്തെ വീടുകൾ.
നല്ല മഴ സമയത്ത് അരുവി ഒരു പുഴയുടെ രൂപം എടുക്കാൻ സാധ്യത ഉള്ളതുകൊണ്ടാവാം അരുവിയ്ക് അടുത്തായി, പുൽമെത്തയിൽ ഒന്നും വീടുകളില്ല. അവിടവിടെയായി പശുക്കളെ കാണാം.

ആദ്യം കണ്ട വീട്ടിൽ കയറി ചെറുതായൊന്ന് പരിചയപ്പെട്ടു. ഞങ്ങൾ ഇറങ്ങിയ സ്ഥലത്ത് നിന്ന് നടന്ന് എത്താൻ പാകത്തിൽ ഈ ഒരു വീടേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഒരേ ഒരാൾ. ആദ്യം ഒരു അകൽച്ചയൊക്കെ കാണിച്ചെങ്കിലും പതിയെ ഞങ്ങളെ അദ്ദേഹം സ്വീകരിച്ചു. കേരളത്തിൽ നിന്ന് ഇവിടേയ്ക്ക് എന്ത് കാണാനാ നിങ്ങൾ വന്നതെന്ന് അത്ഭുതപ്പെട്ടു..

പിന്നെ ആ ഗ്രാമത്തെക്കുറിച്ച് പറഞ്ഞു..
ഗ്രാമം എന്ന് പറഞ്ഞാൽ പതിനേഴ് വീടുകൾ മാത്രമാണ് അവിടെ ഉള്ളത്. നൂറിൽ താഴെ ജനസംഖ്യ. കൃഷി, പശുവളർത്തൽ എന്നിവയാണ് പ്രധാന ജോലി... സ്കൂൾ, ആശുപത്രി ഒക്കെ നല്ല ദൂരെ ആണ്.. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് തന്നെ അധികമാരും അവിടെ താമസിക്കാൻ താല്പര്യപ്പെടുന്നില്ല..

താൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നെന്നും, സ്വന്തം സ്ഥലത്ത് കൃഷി ചെയ്ത് ബാക്കി ജീവിതം ജീവിക്കാൻ വിരമിച്ചതിനു ശേഷം ഇവിടെ കൂടിയതാണെന്നും അദ്ദേഹം പറഞ്ഞു.. ആ വീട്ടിലെ മറ്റുള്ളവർ എല്ലാവരും കൃഷിപ്പണിയിൽ ആയിരുന്നു. വീട്ടിൽ നിന്നും മാറി കുറച്ച് അകലെ നീണ്ടു കിടക്കുന്ന പച്ചക്കറി പാടങ്ങൾ. ബീൻസ്, കക്കിരിക്ക തുടങ്ങിയവയാണ് വിളകൾ.

കൃഷിസ്ഥലത്തേക്ക് പോയി ബാക്കി ഉള്ളവരെ കൂടെ പരിചയപ്പെട്ടു..
എത്രയോ സുന്ദരമായ കേരളത്തിൽ നിന്ന് ഇവിടെ എന്ത് കാണാനാ വന്നത് എന്ന് ഓരോരുത്തരായി ചോദിച്ചു.. (ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം! അഭിമാനം)

അവർ ഞങ്ങൾക്ക് വെള്ളവും, ഭക്ഷണവും, ടോയ്ലറ്റ് സൗകര്യവും ഒക്കെ ഒരുക്കി തന്നു. പിന്നെ കുറച്ച് പച്ചക്കറികളും തന്നു.

കുറച്ച് കാത്തു നില്ക്കാൻ തയ്യാറെങ്കിൽ ഉച്ച ഭക്ഷണം ഒരുമിച്ച് കഴിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും അതിനു കഴിഞ്ഞില്ല. അവരുടെ ഉച്ച ഭക്ഷണം വൈകുന്നേരം ആണെന്ന് സംസാരത്തിൽ നിന്ന് വ്യക്തമായി. കൃഷിപ്പണിയൊക്കെ കഴിഞ്ഞ് വന്ന ശേഷമേ അവർ ഭക്ഷണം ഉണ്ടാക്കൂ.. കുറച്ച് കാത്ത് നിൽക്കാമായിരുന്നു എന്ന് പിന്നീട് പലപ്പോഴും തോന്നിരിക്കുന്നു.. (ആ പോട്ടേ..)

പിന്നെ ഞങ്ങൾ താഴേക്ക് ഇറങ്ങി. അരുവിയുടെ അടുത്തെത്തി.
'ഈ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ...' എന്ന ഡയലോഗ് ഉള്ളിൽ കിടന്ന് പിടച്ചു..
വിശാലമായ പച്ച പരവതാനിയ്ക്കിടയിലൂടെ ഒരു ചെറിയ അരുവി..അരുവിയ്ക്കപ്പുറം നിറയെ വലിയ മരങ്ങൾ, അതിനുമപ്പുറം മറ്റൊരു മല, അതിനുമപ്പുറം വീടുകൾ ഉണ്ടെന്ന് മുകളിൽ നിന്ന് നോക്കിയപ്പോൾ കണ്ടിരുന്നു.. താഴെ എത്തിയപ്പോൾ നാലുഭാഗവും പച്ചപ്പ് മാത്രം.

അവിടെയിരുന്ന്, ആ വീട്ടുകാർ തന്ന ബിസ്ക്കറ്റും വെള്ളവുമൊക്കെ കുടിച്ച്, കുറച്ച് ഫോട്ടോയും എടുത്ത് ഞങ്ങൾ ക്ഷീണം മാറ്റി.
ആഴമില്ലാത്ത സ്ഥലം നോക്കി അരുവി മുറിച്ചു കടന്നു. അപ്പുറത്ത് വേറെ ഒരു ലോകം.

എവിടെ തിരിഞ്ഞു നോക്കിയാലും മലകൾ, മരങ്ങൾ. പ്രകൃതിയും ഞങ്ങളും മാത്രം.
കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് പട്ടികളുടെ നേതൃത്വത്തിൽ ഒരു മനുഷ്യനും കുറെ പശുക്കളും അരുവി മുറിച്ച് കടന്നു വന്നു.. പട്ടികളെയാണ് പശുക്കളെ സംരക്ഷിക്കാൻ കൃഷിക്കാർ കൂടെ കൂട്ടുന്നത്.
അവർ കടന്ന് പോയപ്പോൾ ഈ വലിയ ഭൂമിയിൽ ഒറ്റയ്ക്കായ രണ്ടു ജീവ ബിന്ദുക്കൾ പോലെ ഞങ്ങൾ വീണ്ടും..

കുറച്ച് സമയം കൂടെ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഡ്രൈവർ ചേട്ടന്റെ കൂടെ കുറേ പേർ താഴേക്ക് വന്നു. ആ ഗ്രാമത്തിലെ ബാക്കി ഉള്ള ആൾക്കാർ ആണെന്ന് തോന്നി. എല്ലാവരെയും പരിചയപ്പെട്ടു.. ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന പഴവും (കേരളത്തിൽ നിന്നും കൊണ്ട് പോയ നേന്ത്രപ്പഴം), കടലയും ആ ചേട്ടന്മാർക്ക് കൊടുത്ത് ഞങ്ങൾ ആ പരിചയപ്പെടൽ ഒന്നുകൂടെ ഉഷാറാക്കി.. അവർ അവിടെ റോഡുപണിയ്ക്ക് വന്നവരായിരുന്നു. ഈ ഗ്രാമത്തിലെയും, അടുത്തുള്ള ചില ഗ്രാമങ്ങളിലെയും നിവാസികൾ.

കാർ താഴേക്ക് കൊണ്ടുവന്നിരുന്നു.. അരുവിയിൽ കാർ കഴുകി..
കുറെ കല്ലുകൾ ശേഖരിച്ചു.. പിന്നെയും കുറെ ഫോട്ടോ എടുത്തു..

തിരിച്ച് പോരാൻ നേരത്താണ് ആ പാവം അരുവി ഞങ്ങളെ വിടാതെ പിടിക്കാൻ ഒരു ശ്രമം നടത്തിയത്. ഇറക്കിയിടത്തു വച്ച് കാർ ചെളിയിൽ പൂണ്ട് പോയിരുന്നു.. തിരിച്ച് കയറ്റാൻ ആവുന്നത്ര ശ്രമിച്ചു.. വീണ്ടും നേരത്തെ കണ്ട ചേട്ടന്മാരെ മുകളിൽ പോയി വിളിച്ച് ഒരുവിധം തള്ളിക്കയറ്റി.. നന്നായി കഴുകി വൃത്തിയാക്കിയ കാർ തിരിച്ച് കയറിയപ്പോഴേക്കും കുറെ ചളിയിൽ കുളിച്ചിരുന്നു..

ആ നാടിന്റെയും, അരുവിയുടെയും, നാട്ടുകാരുടെയും ഓർമയായി പറ്റിപ്പിടിച്ച ചെളിക്കറയുമായി ഞങ്ങൾ തിരിച്ചു.. ചിലപ്പോഴൊക്കെ 'കറ നല്ലതാണ'ല്ലോ??

മൂന്നു വർഷങ്ങൾക്ക് മുന്നേ പോയൊരു യാത്രയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രകളെ കുറിച്ചോർക്കാൻ തന്നെ കഴിയുന്നില്ല. ഇനി എപ്പോഴാണ് ഇതുപോലൊരു യാത്രയും, സാമൂഹ്യ അടുപ്പങ്ങളും ഉണ്ടാവുക എന്നാലോചിച്ചുകൊണ്ട് നിർത്തുന്നു.

top view

Content highlights :explore in shimla and niyaser village travelling experiences