പ്രതീകാത്മക ചിത്രം
കടലെന്ന് കേള്‍ക്കുമ്പോള്‍ തിമിംഗലങ്ങളും സ്രാവുകളുമാണ് ഏവരുടെയും മനസിലാദ്യമെത്തുക. എനിക്കും അതങ്ങനെ തന്നെയായിരുന്നു... കടലിന്റെ മാസ്മരിക ലോകം കണ്മുന്നിലെത്തും വരെ.. കടല്‍ മാത്രമല്ല ജലാശയങ്ങളോടെല്ലാം പേടിയായിരുന്നു. അതേ ഭീതിയാണ് എന്നെ ഈ മേഖലയിലേക്ക് കൊണ്ടെത്തിച്ചതും. മാറി നില്ക്കാന് ഒരുക്കമായിരുന്നില്ല ഞാന്‍. കീഴ്പ്പെടുത്തിയ ഭയത്തെ തട്ടിയെറിഞ്ഞ് എനിക്ക് മുന്നില്‍ കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന നീലപ്പുതപ്പിലേക്ക് ഞാനൂളിയിട്ടു. സര്‍വധൈര്യവും സംഭരിച്ച് ഭയത്തെ കീഴടക്കി. കടലിനടിത്തട്ടിലെ ഓരോ വിസ്മയക്കാഴ്ചയും എന്നിലെ ഭയത്തെ ഇല്ലാതാക്കാന്‍ പോന്നവയായിരുന്നു. ഓരോ മുങ്ങി നിവരലിലും ഞാനോരോ ലോകം കണ്ടു. സ്കൂബാ ഡൈവിങ് കടലിനോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചു
തിമിംഗലങ്ങളും സ്രാവുകളുമുണ്ടെങ്കിലും മനസില്‍ വിചാരിക്കാന്‍ പോലും കാഴ്ചകളാണ് കടലിനടിത്തട്ടില് നമുക്ക് കാണാന്‍ കഴിയുക. ആകെ മൊത്തത്തില്‍ കടലെന്നത് മറ്റൊരു ലോകത്തേക്കുള്ള ചവിട്ടുപടിയാണ്. കോവളത്താണ് ഞാന്‍ ആദ്യമായി ഡൈവ് ചെയ്തത്. കടലിലെ കാണാക്കാഴ്ചകളില്‍ എക്കാലവും മനസില്‍ തങ്ങി നില്ക്കുന്ന ഒന്നാണ്. മീനുള്ക്കൊപ്പമുള്ള നമ്മുടെ നീന്തല്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. എന്തു കൊണ്ടാകാം ചെറിയ മീനുകള്‍ നമ്മുടെ സമാന്തരമായി നീന്തുന്നത്? മനസിലെ ആശയക്കുഴപ്പം ഇന്‍സ്ട്രക്ടറുമായി പങ്കുവെച്ചു
നമ്മളും വലിയ മീനുകളാണെന്നാണ് ചെറിയ മീനുകള്‍ കരുതിയിരിക്കുന്നത്. വലിയ മീനുകളില്‍ നിന്നും രക്ഷനേടാനാണ് അവ നമുക്കൊപ്പം നീന്തുന്നത്. ഉത്തരം എന്തു ലളിതം അല്ലേ... എന്നാല്‍ ഇത്തരം ഓര്‍മകള്‍ മനസില്‍ നിന്നും ആര്‍ക്കും ഒരിക്കലും അത്ര പെട്ടെന്ന് മായ്ക്കാന്‍ കഴിയില്ലല്ലോ. കടലിന്റെ അതിമനോഹരമായ കാഴ്ചകളെല്ലാം അടിത്തട്ടിലാവണമെന്നില്ല. മുകളിലെ കാഴ്ചകളെല്ലാം ആസ്വദിച്ച് തന്നെ വേണം അടിത്തട്ടിലെത്താന്‍. ആദ്യമൊക്കെ ഒരേ മേഖലയില്‍ തന്നെ ദിവസങ്ങളോളം ഡൈവ് ചെയ്യുന്നത് വിരസത സമ്മാനിച്ചിരുന്നു. എന്നാല്‍ സൂക്ഷ്മതയുള്ള ഓരോ നോട്ടത്തിലൂടെയും ദിനംപ്രതി വേറിട്ട കാഴ്ചകള്‍ നമ്മെ തേടിയെത്തും.
.jpg?$p=d50569a&&q=0.8)
ഒരു ചെറിയ കല്ലില്‍ പോലും ഇത്തരം വേറിട്ട കാഴ്ചകള്‍ പ്രകടമാണ്. കല്ലില്‍ പറ്റി പിടിച്ചിരിക്കുന്ന പായലുകള്‍. ചുറ്റുന്ന ചെറു മീനുകള്‍. അവയുടെ നിറം. കല്ലുകളിലുള്ള ബഡിങ് കോറലുകള്‍.... കോവളത്തിന് ശേഷം തിരുവനന്തപുരം, ഗോവ തുടങ്ങിയ കടല്‍മേഖലയിലാണ് പിന്നീട് ഡൈവ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇരു മേഖലകളിലെയും കടല്‍പ്രദേശങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. കൂടുതല്‍ ഡൈവ് ചെയ്ത മേഖല ആയതിനാലാണോ എന്നറിയില്ല, കോവളമാണ് അന്നുമിന്നും പ്രിയപ്പെട്ട ഡൈവിങ് സ്പോട്ട്. കോവളത്തെ മണ്ണിന് വെള്ള നിറം അധികമാണ്. കോവളത്തെ കടല്‍ജലത്തിന് വിസിബിലിറ്റിയും അധികമാണ്.
കോവളത്ത് അഞ്ചുമീറ്റര്‍ പോയാല്‍ തന്നെ പഫര്‍ ഫിഷ്, സ്കോര്പിയോണ് ഫിഷ്, ലയണ്‍ ഫിഷ് പോലെയുള്ളവയെ കാണാം. അഞ്ചുമീറ്ററില്‍ നമ്മള് പ്രതീക്ഷിക്കുന്നതിനെക്കാളേറെ മീനുകളുണ്ടാവും. കല്ലുകളും പവിഴപ്പുറ്റുകളുമുള്ള മേഖലയിലായിരിക്കും മീനുകള്‍ അധികവും കാണപ്പെടുക. വാക്ക് കൊണ്ടു വര്‍ണിക്കാന്‍ കഴിയാത്ത കാഴ്ചകളായിരിക്കും ചിലപ്പോള്‍ നമുക്ക് കടല്‍ സമ്മാനിക്കുക. ഗോവയിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവളത്ത് പവിഴപ്പുറ്റുകള്‍ കുറവാണ്. ഗോവയില്‍ പവിഴപ്പുറ്റുകള്‍ ധാരാളം കാണാന്‍ കഴിയും. ഗോവയില്‍ ഞാന്‍ ഡൈവ് ചെയ്യുന്ന മേഖലയില്‍ ഫിഷിങ് കുറവാണ്. കോവളത്ത് ഡൈവ് ചെയ്യുന്ന മേഖലയില്‍ ഫിഷിങ് ധാരാളമായുണ്ട്.
ഗോവയില്‍ ധാരാളം ഡെഡ് കോറലുകളാണുള്ളത്. ഒരു ഡൈവറെന്ന നിലയില്‍ എന്നെ സങ്കടപ്പെടുത്തുന്ന ഒരു കാര്യം പ്ലാസ്റ്റിക് മലിനീകരണമാണ്. നമ്മള് കളയുന്ന ഓരോ തുണ്ട് കടലാസ് പോലും സമുദ്രങ്ങളിലാണ് ചെന്നെത്തിപ്പെടുക. ഡൈവറായതിന് ശേഷം ഒരു മിഠായി കടലാസ് കിട്ടിയാല്‍ പോലും അത് നിക്ഷേപിക്കേണ്ടിടത്ത് മാത്രമാണ് ഞാന്‍ നിക്ഷേപിക്കുന്നത്. മുന്നില്‍ ദിനംതോറും കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യമാണ് എന്നെ അത് ചെയ്യാന്‍ പഠിപ്പിച്ചത്. അതിന് മുമ്പ് ഞാനും മിഠായി കടലാസ് അലക്ഷ്യമായി വലിച്ചെറിയാറായിരുന്നു. കടലില്‍ അഞ്ചു മീറ്റര്‍ പോയാല്‍ തന്നെ ചെരുപ്പ്, പാത്രങ്ങള്‍ അങ്ങനെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമാണ്. കോവളത്ത് ഒരു സില്‍വര്‍ മൂണ്‍ ഫിഷിന്റെ ശരീരത്തിന് ചുറ്റും ഒരു റബ്ബര്‍ ബാന്‍ഡ് കണ്ടത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ചെറുപ്പത്തിലെപ്പോഴോ തൊലിയോട് ഒട്ടിച്ചേര്‍ന്ന പ്ലാസ്റ്റിക് മീനിനൊപ്പം വളരുകയായിരുന്നു.
പ്ലാസ്റ്റിക്കുകള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതിന് പലപ്പോഴും കളിയാക്കലുകള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. നമ്മള് മാത്രം കരുതല്‍ സ്വീകരിച്ചതു കൊണ്ടു മാറ്റമുണ്ടാകുമോയെന്നാണ് പലരും ചോദിക്കാറ്. എന്നാല്‍ വളരെ വലിയ പല കാര്യങ്ങളുടെയും തുടക്കം ഇത്തരം ചെറിയ കാര്യങ്ങളില്‍ നിന്നുമാണെന്ന ബോധ്യം എനിക്കുണ്ട്. ചിലപ്പോള്‍ ഞാന്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ ചെലുത്തുന്ന ശ്രദ്ധ നൂറില്‍ ഒരാളെയെങ്കിലും മാറ്റിയേക്കാം. അതു വലിയ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്.
.jpg?$p=cd7ffea&&q=0.8)
ആഴക്കടലില്‍ പത്തു കിലോമീറ്റര്‍ ദൂരത്തില്‍ വരെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പലതും പ്ലാസ്റ്റിക്കില്‍ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളായ മൈക്രോപ്ലാസ്റ്റിക്കുകളാണ്. എന്തിനേറെ പറയുന്നു നമ്മളറിയാത്ത ആഹാരത്തിലൂടെയും നമ്മുടെയുള്ളില്‍ പ്ലാസ്റ്റിക് ശകലങ്ങളെത്തുന്നുണ്ട്. അടുത്ത 20 വര്‍ഷത്തിനുളളില്‍ ഇപ്പോഴുണ്ടാകുന്നതിന്റെ മൂന്നിരിട്ടി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ടേക്കാം. അതു കൊണ്ടുണ്ടാവുന്ന നാശ നഷ്ടങ്ങള്‍ വിലയിരുത്തുക പോലും അസാധ്യമാണ്. കോവളത്ത് ആഴക്കടല്‍ സന്ദര്‍ശിക്കാനുളള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അവിടെ വെറുതെ കിടക്കുന്ന വലകളില്‍ കുടുങ്ങി മീനുകള്‍ ചത്തൊടുങ്ങുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്. ഗോവയില്‍ ഈ പ്രശ്നം കുറച്ചുകൂടി തീവ്രമാണ്
ഗോവയില്‍ ഡൈവിങ്ങിന് മാത്രമായി എണ്ണൂറോളം അതിഥികളെത്താറുണ്ട്. എത്തുന്ന അതിഥികള്‍ക്ക് ബോട്ടുകളില്‍ വിരുന്നൊരുക്കുന്നത് പ്ലാസ്റ്റിക് ഉത്പന്നങ്ങളിലാണ്. ഒരു ബോട്ടില്‍ നിന്നു മാത്രം ചിലപ്പോള്‍ പത്തു പ്ലാസ്റ്റിക് പാത്രങ്ങളാകും പുറന്തള്ളപ്പെടുക. 20 ബോട്ടുകളില്‍ നിന്നപ്പോള്‍ പുറന്തള്ളപ്പെടുന്നത് രണ്ടായിരം പാത്രങ്ങളാകാം. ഒരു ദിവസത്തെ മാത്രം കണക്കാണിത്. യൂസ് ആന്‍ഡ് ത്രോ എന്ന സമ്പ്രദായമാണ് ഇവിടെയും വില്ലന്‍. കടലെന്നത് ഭൂമിയുടെ ശ്വാസകോശമാണ്. കടലിലെ ജൈവവൈവിധ്യ നാശം മനുഷ്യരാശിയുടെ കൂടി നാശമാണ്. ഇനി വരുന്ന തലമുറയെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.
കടലിന്റെ ആഴങ്ങളില്‍ എന്നെ സ്പര്‍ശിച്ച കാഴ്ചകള്‍ അനവധിയാണ്. വിഴിഞ്ഞത് 24 മീറ്ററില്‍ ഓഖിയില്‍ തകര്‍ന്നൊരു കപ്പലുണ്ട്. പിന്നീട് ഇത്തരം കപ്പലുകളെ ചുറ്റി പറ്റിയാകും സമുദ്ര ജന്തുജാലങ്ങളുടെ ജീവിതം. മരുഭൂമിയിലെ ഒയാസിസാണ് തകര്‍ന്നു പോയ കപ്പലുകളെന്ന് വേണമെങ്കില്‍ പറയാം. കപ്പലിനെ ചുറ്റി ധാരാളം മീനുകളാണ് എനിക്കവിടെ കാണാന്‍ കഴിഞ്ഞത്. നമ്മുടെ കയ്യോളം വലുപ്പമുള്ള ലയണ്‍ ഫിഷിനെ പോലും കാണാന്‍ കഴിഞ്ഞു. ഗൂപ്പറെന്ന മനുഷ്യനെക്കാള്‍ വലിപ്പമുള്ള മീനിനെ കണ്ടു. കാട്ടിലെ രാജാവായ സിംഹത്തിന്റെ മുന്നില്‍പെട്ട അവസ്ഥയായിരുന്നു. ആക്രമകാരികളാണെങ്കിലും പത്തു പതിനഞ്ച് മീറ്റര്‍ ദൂരെ എന്നെ നോക്കി നില്ക്കുക മാത്രമേ അന്നുണ്ടായുള്ളു.
Content Highlights: deep sea diving Underwater diving
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..