എഡ്മണ്ട് ഹിലാരി-ടെന്‍സിങ് നോര്‍ഗയ്‌ക്കൊപ്പം എവറസ്റ്റിന്റെ നെറുകയില്‍ത്തൊട്ട ന്യൂസീലന്‍ഡുകാരന്‍. എഡ്മണ്ട് എവറസ്റ്റിന്റെ നെറുകയിലെത്തുമ്പോള്‍ മകന്‍ പീറ്റര്‍ ഹിലാരി ജനിച്ചിട്ടുപോലുമില്ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം പീറ്റര്‍ അച്ഛന്റെ വഴിയേ കയറി എവറസ്റ്റിന്റെ നെറുകയിലെത്തി. എവറസ്റ്റിനെക്കുറിച്ചും അച്ഛനെക്കുറിച്ചും പീറ്റര്‍ ഹിലാരി സംസാരിക്കുന്നു

ഓര്‍മവെച്ച കാലം മുതല്‍ എവറസ്റ്റ് കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ അച്ഛന്‍ എഡ്മണ്ട് ഹിലാരിയും സുഹൃത്ത് ടെന്‍സിങ്ങും ചേര്‍ന്ന് 1953-ല്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ലായിരുന്നു'' -മകന്‍ പീറ്റര്‍ ഹിലാരി പറഞ്ഞു. നീണ്ട 36 വര്‍ഷങ്ങള്‍ക്കുശേഷം മകനും അച്ഛനെപ്പോലെ എവറസ്റ്റ് ജേതാവായി -1990ല്‍. 2003-ല്‍ എവറസ്റ്റ് ആരോഹണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ കൊടുമുടിയിലെത്താന്‍ പീറ്ററിന് വീണ്ടും അസുലഭഭാഗ്യം കിട്ടി. കൂടെയുണ്ടായിരുന്നത് ടെന്‍സിങ്ങിന്റെ മകന്‍ ജാമ്ളിന്‍ ടെന്‍സിങ്. രണ്ടാംതലമുറ കൊടുമുടിയുടെ ചരിത്രത്തെ അനശ്വരമാക്കുകയും ചെയ്തു. ''നഴ്സറി ക്‌ളാസിലെ പാട്ടുകള്‍ അമ്മ പാടിയത് ഞാന്‍ ഇന്നും ഓര്‍മിക്കുന്നു'' പീറ്റര്‍ ഹിലാരി ആത്മഗതമെന്നോണം മന്ത്രിച്ചു. Jack and Jill went up the hill...

''ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡിലാണ് ഞാന്‍ ജനിച്ചത്. വീടിനടുത്തുള്ള മഞ്ഞുമൂടിയ ചെറിയ കുന്നുകള്‍ കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു: ''അതാണ് നഴ്സറി പാട്ടിലെ ഹില്‍.'' ആ കുന്നുകളാണ് ഞാന്‍ ആദ്യം കയറിയത്. പുല്‍മേടുകളിലെ ഒറ്റയടിപ്പാത പിന്നിട്ടുവേണം മഞ്ഞിന്‍വിരിപ്പില്‍ കാലുകള്‍ കുത്താന്‍. അമ്മ അപ്പോള്‍ പുല്‍ക്കൊടികള്‍ പിഴുതെടുത്ത് അതിലെ ഹിമകണങ്ങള്‍ തന്റെ മുഖത്ത് വിതറും -ബാല്യകാലത്തിലെ സുഖകരമായ ഓര്‍മയില്‍ പീറ്റര്‍ ലയിച്ചു.

hilari

 

എന്റെ വീട്ടിലെ സ്വീകരണമുറിയില്‍ അച്ഛനും ടെന്‍സിങ്ങും എവറസ്റ്റില്‍ നില്‍ക്കുന്ന ചിത്രമുണ്ട്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അച്ഛന്റെ ആരാധകനായിരുന്നു. അതിനാല്‍ സ്‌കൂളിലെ അധ്യാപകരും സഹപാഠികളും എന്നെ സ്‌നേഹിച്ചു.
ഒരിക്കല്‍ ഹെഡ്മാസ്റ്റര്‍ എന്നോട് ചോദിച്ചു: പീറ്ററേ, നീയും അച്ഛനെപ്പോലെ എവറസ്റ്റിന്റെ നെറുകയില്‍നിന്ന് ആകാശഗംഗയെ സ്പര്‍ശിക്കണം. കൊടുമുടിയില്‍ ന്യൂസീലന്‍ഡിന്റെ പതാക നാട്ടുമ്പോള്‍ അച്ഛനെപ്പോലെ നീയും യുഗപുരുഷനാകും.''

ഹെഡ്മാസ്റ്ററുടെ ആശംസകള്‍ തന്റെ സ്വപ്നമായി മാറി. അത് സാക്ഷാത്കരിക്കാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചു. കൊടുമുടി കീഴടക്കി 1990-ല്‍ തിരിച്ചെത്തിയപ്പോള്‍ ഓക്ലന്‍ഡ് വിമാനത്താവളത്തില്‍ ജനസമുദ്രം. രാജോചിത സ്വീകരണമായിരുന്നു. എന്റെ അച്ഛന്റെകൂടെ ഹെഡ്മാസ്റ്ററും മുന്‍നിരയില്‍ ഉണ്ടായിരുന്നു. അന്ന് എനിക്ക് വയസ്സ് 36. അച്ഛന്‍ 32-ാം വയസ്സില്‍ കൊടുമുടി കീഴടക്കിയതാണ്.

ഹെഡ്മാസ്റ്ററെ കണ്ടപ്പോള്‍ ഞാന്‍ സന്തോഷാധിക്യത്താല്‍ പൊട്ടിക്കരഞ്ഞുപോയി. എന്നെ ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: ''പീറ്ററേ, ഇതൊരു തുടക്കം മാത്രം. ഇനിയും എത്രയോ കൊടുമുടികള്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നു.'' ആ പ്രവചനവും യാഥാര്‍ഥ്യമായി. 2008-ഓടെ ലോകത്തിലെ പ്രധാനപ്പെട്ട ഏഴ് കൊടുമുടികള്‍ കീഴടക്കാന്‍ എനിക്ക് കഴിഞ്ഞു.

Everest

 

എന്നാല്‍ 2008 ദുഃഖത്തിന്റെ വര്‍ഷംകൂടിയായിരുന്നു. ജനവരിയില്‍ അച്ഛന്‍ എഡ്മണ്ട് അന്തരിച്ചു. സുഖമില്ലാതെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഞാന്‍ ഓര്‍മിക്കുന്നു. ''ഹിമാലയന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നേപ്പാളിലെ ജനങ്ങളുടെ ക്ഷേമവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ട്രസ്റ്റിന്റെ ദൗത്യം.''

എവറസ്റ്റിലേക്ക് നേപ്പാളിലൂടെ വഴിതുറന്നത് നേപ്പാള്‍ രാജാവാണ്. അതിനുശേഷമാണ് ടിബറ്റും വാതിലുകള്‍ തുറന്നത്. രാജാവുമായും അദ്ദേഹത്തിന്റെ പ്രജകളുമായും അച്ഛന് ആത്മബന്ധമുണ്ടായിരുന്നു. നേപ്പാളിലെ ബഹുഭൂരിപക്ഷം വീടുകളിലും അച്ഛന്റെയും ടെന്‍സിങ്ങിന്റെയും ചിത്രമുണ്ട്. ടെന്‍സിങ്ങിന്റെ മാതാപിതാക്കള്‍ ടിബറ്റുകാരായിരുന്നെങ്കിലും അദ്ദേഹം ജനിച്ചുവളര്‍ന്നത് നേപ്പാളിലായിരുന്നു. എവറസ്റ്റ് ജേതാവായപ്പോള്‍ രാജാവിനും പ്രജകള്‍ക്കും ആത്മവീര്യം വര്‍ധിച്ച അനുഭവമായി ടെന്‍സിങ് മാറി.

പീറ്റര്‍ ഹിലാരി ഇപ്പോള്‍ കാഠ്മണ്ഡുവിലാണ്. മൂന്നാഴ്ച മുമ്പ് എത്തി. പര്‍വതാരോഹകരുടെ താവളമായ യാക്ക് ആന്‍ഡ് യതി ഹോട്ടലില്‍ താമസിച്ചപ്പോള്‍ 'മാതൃഭൂമി'യുമായി ൈസ്‌കപ്പില്‍ സംസാരിച്ചു, തന്റെ എവറസ്റ്റ് അനുഭവങ്ങള്‍ പങ്കിടാന്‍ സമയം കണ്ടെത്തി.

1

 

1960-ല്‍ അച്ഛനാണ് ഹിമാലയന്‍ ട്രസ്റ്റ് രൂപവത്കരിച്ചത്. അതിനുമുമ്പ് നിര്‍ധനനായ ടെന്‍സിങ്ങിന് വീടു വെച്ചുകൊടുത്തു. അദ്ദേഹത്തിന് വീടില്ലായിരുന്നു. ലോകം അതറിഞ്ഞപ്പോള്‍ പല രാജ്യങ്ങളില്‍നിന്നുമായി അച്ഛന്റെ പേരില്‍ സംഭാവനകള്‍ ഒഴുകിയെത്താന്‍ തുടങ്ങി. പല പ്രമുഖരും അച്ഛന്‍ തുടങ്ങിവെച്ച സംരംഭവുമായി സഹകരിച്ചു. ട്രസ്റ്റ് രൂപവത്കരിച്ച ശേഷമാകട്ടെ, സംഭാവനകള്‍ അക്ഷരാര്‍ഥത്തില്‍ അലയടിച്ചു.

ഇന്ന് കാഠ്മണ്ഡുവില്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്നു. എവറസ്റ്റ് ആരോഹണം 65-ാം പിറന്നാള്‍ ദിനമാണ്. ''തന്റെ കൂടെ വിശ്വവിഖ്യാതനായ പര്‍വതാരോഹകന്‍ റെയ്നോള്‍ഡ് മെസ്സ്നറുമുണ്ട്'' -പീറ്റര്‍ പറഞ്ഞു.

നേപ്പാളില്‍ പുതിയ ക്ഷേമപദ്ധതിക്ക് തുടക്കം കുറിക്കും

നേപ്പാളില്‍ 42 സ്‌കൂളുകള്‍ ട്രസ്റ്റ് ആരംഭിച്ചു. എവറസ്റ്റിന്റെ താഴ്വരയിലെ ഗ്രാമത്തിലും സ്‌കൂളുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍, യൂണിഫോം, സഹായധനം തുടങ്ങിയവ 1960 മുതല്‍ നല്‍കിവരുന്നു. അതോടൊപ്പം പത്ത് ചെറിയ ആസ്പത്രികളും നൂറോളം ക്‌ളിനിക്കുകളും നേപ്പാളിലെങ്ങുമുണ്ട്. ഗ്രാമീണരുടെ ആരോഗ്യപരിപാലനത്തില്‍ എഡ്മണ്ട് ഹിലാരി പ്രത്യേക താത്പര്യം കാണിച്ചിരുന്നു. പ്രകൃതിസംരക്ഷണത്തിന് ബോധവത്കരണത്തിനുള്ള പരിപാടികളുമുണ്ട്. വനത്തെ ആശ്രയിച്ചാണ് ഗ്രാമീണരും ഗിരിവര്‍ഗക്കാരും കഴിയുന്നത്. വനനശീകരണത്തിന് ശക്തി കൂടിയതിനാല്‍ ഗ്രാമീണരുടെ ജീവിതവും പ്രതിസന്ധിയിലായി. അത് ഫലപ്രദമായി പരിഹരിച്ച് അവരുടെ ക്ഷേമം സംരക്ഷിക്കാന്‍ ട്രസ്റ്റ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോകശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. 1985 മുതല്‍ അഞ്ചുവര്‍ഷം എഡ്മണ്ട് ഹിലാരി ഇന്ത്യയില്‍ ന്യൂസീലന്‍ഡിന്റെ അംബാസഡര്‍ ആയിരുന്നു. ''അതൊരു സുവര്‍ണകാലമായിരുന്നു'' -പീറ്റര്‍ അനുസ്മരിച്ചു. പെട്ടെന്ന് കാഠ്മണ്ഡുവില്‍ പറന്നെത്താന്‍ കഴിഞ്ഞിരുന്നു. പലപ്പോഴും കാഠ്മണ്ഡുവിലും ഗ്രാമങ്ങളിലും എഡ്മണ്ട് ഹിലാരിയുടെ സാന്നിധ്യം ജനങ്ങള്‍ക്ക് പ്രചോദനമായി.

പര്‍വതാരോഹണത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ കൂടുതലായി ആകൃഷ്ടരാകുന്നതില്‍ പീറ്റര്‍ ഹിലാരി സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍, ഹിമാലയന്‍ പരിസരങ്ങളിലെ മലിനീകരണത്തിന്റെ തോത് കൂടിവരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തീര്‍ഥാടന കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. പുണ്യനദി ഗംഗയും മലിനമായി.

ലോകാദ്ഭുതങ്ങളില്‍ ഒന്നാണ് ഹിമാലയം -പീറ്റര്‍ ഹിലാരി പറഞ്ഞു. ''എനിക്കിന്നും ഞെട്ടിക്കുന്ന അനുഭവമാണ് കൊടുമുടിക്ക് സമീപമുള്ള ശീതക്കൊടുങ്കാറ്റ്. കാറ്റുവീശുന്ന ശബ്ദം ഭയാനകമാണ്. ഇത്രയും ഭയാനക അനുഭവം ആല്‍പ്സ് ഉള്‍പ്പെടെ മറ്റ് പര്‍വതങ്ങളിലില്ല. കൊടുമുടി കയറിയപ്പോഴും ഇറങ്ങിയപ്പോഴും ഇതായിരുന്നു അനുഭവം. എന്നാല്‍, കൊടുമുടിയില്‍ കാലുകുത്തി കൊടിനാട്ടിയപ്പോള്‍ ജീവിതത്തിലെ അനര്‍ഘനിമിഷമായിരുന്നു അലയടിച്ചത്. അപ്പോള്‍ മുന്നില്‍ ഭയാനകമായ ശീതക്കൊടുങ്കാറ്റ് അകന്നുപോകുന്നതുപോലെയായിരുന്നു. പിന്നീട് ഒരിക്കലും ലോകത്തൊരിടത്തും കൊടുങ്കാറ്റ് തന്നെ വേട്ടയാടിയിട്ടില്ലെന്ന് പീറ്റര്‍ ഹിലാരി പറഞ്ഞു.

കഴിഞ്ഞ കാലത്തിലേക്ക്, കോരിത്തരിപ്പിക്കുന്ന ഓര്‍മകളിലേക്ക് പീറ്റര്‍ തിരിഞ്ഞു. ''അച്ഛനും ടെന്‍സിങ്ങും 1953 മേയ് 29-ന് രാവിലെ 11.30-നാണ് കൊടുമുടിയില്‍ കാലുകുത്തിയത്. ഇരുപത് മിനിറ്റോളം അവര്‍ മുകളിലും താഴെയുമായി കാഴ്ചകള്‍ കണ്ട് നിന്നു. വെളുപ്പിന് 4.30-ന് സൂര്യന്‍ ഉദിച്ചതുമുതല്‍ കൊടുമുടി കീഴടക്കുന്നതുവരെ അവര്‍ ഉറങ്ങിയിട്ടില്ല.'' ഏതാണ്ട് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉറക്കത്തെക്കുറിച്ച് ആലോചിച്ചതെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളത് പീറ്റര്‍ ഓര്‍മിച്ചു.

mount everest

 

''ഈ ചരിത്രസംഭവത്തിനുശേഷം 1954 ഡിസംബര്‍ 26-നായിരുന്നു ഞാന്‍ ജനിച്ചത് -പീറ്റര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇന്ന് എനിക്ക് വയസ്സ് 63 ആയി. ഇനിയും എവറസ്റ്റ് കീഴടക്കാന്‍ മോഹമുണ്ട്. 63 വലിയ പ്രായമൊന്നുമല്ല.''
എവറസ്റ്റ് കീഴടക്കിയ മറ്റൊരു ചരിത്രപുരുഷന്‍ ഭൂമിയിലുണ്ട്. 70-ാം വയസ്സിലും 75-ലും 80-ലും അദ്ദേഹം കൊടുമുടിയിലെത്തി. അവിശ്വസനീയമായി തോന്നാം! അദ്ദേഹമാണ് ജപ്പാനിലെ യുഷീരോ മിയൂറ. അദ്ദേഹത്തിന് വയസ്സ് 84. 70-ല്‍ കൊടുമുടി കയറിയപ്പോള്‍ അത് ലോക റെക്കോഡായി. ആ റെക്കോഡ് അദ്ദേഹംതന്നെ ഭേദിച്ചു. ഹൃദയശസ്ത്രക്രിയക്കുശേഷമാണ് 75-ലും 80-ലും 'പുഷ്പംപോലെ' വീണ്ടും അദ്ദേഹം എവറസ്റ്റിന്റെ നെറുകയില്‍ എത്തിയത്. എവറസ്റ്റ് പോലെ അദ്ദേഹവും ലോകാദ്ഭുതമാണ്. അദ്ദേഹത്തിന്റെ പര്‍വതാരോഹകന്‍കൂടിയായ പിതാവ് 100-ാം വയസ്സില്‍ കാലിഫോര്‍ണിയയിലെ മഞ്ഞുമലകളില്‍ സ്‌കേറ്റിങ് നടത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്.

അതിനാല്‍ പ്രായം ഒരു പ്രശ്‌നമല്ല. ഒരിക്കല്‍ക്കൂടി കൊടുമടി കയറാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയം വേണം. എനിക്ക് മോഹമുണ്ട് -പീറ്റര്‍ ഹിലാരി പറഞ്ഞു. 29,028 അടിയാണ് കൊടുമുടിയുടെ ഉയരം. എന്റെ എവറസ്റ്റ് ശ്രമം നാലാം തവണയാണ് വിജയിച്ചത്. ടെന്‍സിങ്ങിന്റേത് രണ്ടാം തവണയാണ് വിജയിച്ചത്. 1952-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു യുവസംഘത്തോടൊപ്പം ടെന്‍സിങ്ങും ഉണ്ടായിരുന്നു. അവര്‍ കൊടുമുടിയുടെ കൈയെത്തുംദൂരത്തില്‍ എത്തി. പക്ഷേ, ഭയാനകമായ ശീതക്കൊടുങ്കാറ്റ് മണിക്കൂറുകളോളം ആഞ്ഞുവീശി. നീണ്ട കാത്തിരിപ്പിനുശേഷവും അത് ശമിച്ചില്ല. ഒടുവില്‍ സംഘം നിരാശയോടെ പിന്മാറി.

പിറ്റേ വര്‍ഷം 1953-ല്‍ ബ്രിട്ടീഷ് സംഘമാണ് കൊടുമുടിയിലേക്ക് കുതിച്ചത്. അതില്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ്ങും അംഗങ്ങളായിരുന്നു. 1921 മുതല്‍ എവറസ്റ്റ് കീഴടക്കാന്‍ ബ്രിട്ടീഷുകാര്‍ തീവ്രശ്രമങ്ങള്‍ നടത്താന്‍ തുടങ്ങി. കഴ്സന്‍ പ്രഭു ഇന്ത്യന്‍ വൈസ്രോയിയായിരുന്നപ്പോള്‍ (1899-1905) ബ്രിട്ടീഷുകാര്‍ കൊടുമുടി കയറുന്നത് സ്വപ്നം കണ്ടിട്ടുണ്ട്.

ഒരു ബ്രിട്ടീഷുകാരന്‍തന്നെ ആദ്യം കൊടുമുടി കയറണമെന്ന് ഭരണകൂടത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. 1953-ലെ ബ്രിട്ടീഷ് സംഘത്തെ കരസേനയിലെ കേണല്‍ ജോണ്‍ ഹണ്ട് നയിച്ചു. കൊടുമുടിയിലേക്ക് കുതിക്കാന്‍ ആദ്യ അവസരം നല്‍കിയത് ബ്രിട്ടീഷുകാരായ ടോം ബോര്‍ബില്ലനും ഡോ. ചാള്‍സ് ഇവാന്‍സിനുമായിരുന്നു. പക്ഷേ, കൊടുമുടിയുടെ 300 അടി താഴെവെച്ച് ഇരുവരുടെയും ഓക്‌സിജന്‍ ഉപകരണങ്ങള്‍ നിലച്ചു. അതോടെ കൊടുമുടി സ്വപ്നംകണ്ടവര്‍ സ്തബ്ധരായി. ശ്വസിക്കാന്‍ പാടുപെട്ട അവര്‍ ഒരുവിധത്തില്‍ മലയിറങ്ങി.
ബോര്‍ബില്ലന് തീവ്രദുഃഖമായിരുന്നു. അദ്ദേഹം പറഞ്ഞു ''ഞാന്‍ വികസിപ്പിച്ചെടുത്ത ഓക്‌സിജന്‍ ഉപകരണങ്ങളാണ് എന്നെ ചതിച്ചത്. ഇനി ഞാനില്ല.'' തുടര്‍ന്ന് കൊടുമുടി കയറാനുള്ള അവസരം എഡ്മണ്ട് ഹിലാരിക്കും ടെന്‍സിങ്ങിനും ലഭിച്ചു.
പോകുന്ന വഴിയില്‍ എഡ്മണ്ട് വഴുതിവീണു. കരിങ്കല്ലുപോലെ കഠിനമായ ഒരു മഞ്ഞിന്‍ വിള്ളലിലേക്കായിരുന്നു. പക്ഷേ, തക്കസമയത്ത് കയറിട്ടുകൊടുത്തും ഏണി സജ്ജമാക്കിയും അദ്ദേഹത്തെ ടെന്‍സിങ് കരകയറ്റി.
മുന്നോട്ടു നീങ്ങിയപ്പോള്‍ ബൂട്‌സുകള്‍ക്ക് സാരമായ കേടുപറ്റി. അതും ടെന്‍സിങ് പരിഹരിച്ചു. കൊടുമുടിയില്‍ ന്യൂസീലന്‍ഡിന്റെയും നേപ്പാളിന്റെയും കൊടികള്‍ നാട്ടി ഇരുവരും വിജയശ്രീലാളിതരായി തിരിച്ചെത്തി.
1953 ജൂണ്‍ രണ്ടിന് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം ബക്കിങ്ഹാം കൊട്ടാരത്തില്‍ നടന്നപ്പോഴാണ് എവറസ്റ്റ് വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

ബ്രിട്ടീഷ് സംഘം തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പരാജയപ്പെട്ടു. 1975 സെപ്റ്റംബര്‍ 24 വരെ സംഘത്തിന് കാത്തിരിക്കേണ്ടി വന്നു. ക്രിസ് ബോസന്റെ നേതൃത്വത്തില്‍ അന്ന് ആദ്യമായി ബ്രിട്ടീഷ് സംഘം കൊടുമുടി കീഴടക്കി. അപ്പോഴാണ് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം ആശ്വസിച്ചത്. അതുവരെ ന്യൂസീലന്‍ഡ്, ജര്‍മനി, റഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍ സംഘങ്ങള്‍ക്കായിരുന്നു കൊടുമുടിയില്‍ ആധിപത്യം.

65 വര്‍ഷത്തിനിടയില്‍ 2000 പേര്‍ കൊടുമുടി കയറിയിട്ടുണ്ട്. 200-ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആദ്യം കൊടുമുടിയിലെത്തിയ വനിത ജപ്പാന്‍കാരി ജുംഗ്വോ താബി (1975) കഴിഞ്ഞവര്‍ഷം അന്തരിച്ചു. ആദ്യ ഇന്ത്യന്‍ വനിത ബചേന്ദ്രി പാലിന് ഇപ്പോള്‍ വയസ്സ് 60 ആയി. അമേരിക്കക്കാരനായ ഡേവ് ഹാനിന് റെക്കോഡുണ്ട് -15 തവണ കൊടുമുടിയിലെത്തി. നേപ്പാളി ഷെര്‍പ്പകളാണ് കൊടുമുടി കയറ്റത്തില്‍ മുന്നില്‍.

ഹിമാലയത്തില്‍ മെസ്‌നറോടൊപ്പം

1

ഓക്‌സിജന്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ രണ്ടുതവണ എവറസ്റ്റ് കീഴടക്കുകയും ഉത്തരധ്രുവവും ദക്ഷിണധ്രുവവും ഗോബി മരുഭൂമിയും മുറിച്ചുകടക്കുകയും ചെയ്ത റെയ്നോള്‍ഡ് മെസ്‌നറെകുറിച്ച്

ഹിമാലയന്‍ മലനിരകളില്‍ കാല്‍നടയായി ഇക്കഴിഞ്ഞ രണ്ടാഴ്ച സഞ്ചരിക്കാനും പീറ്റര്‍ ഹിലാരി സമയം കണ്ടെത്തി. കൂടെയുണ്ടായിരുന്നത് പര്‍വതാരോഹണത്തിലെ ഇതിഹാസപുരുഷനായ റെയ്നോള്‍ഡ് മെസ്‌നറും. ഹിലാരിക്ക് മെസ്‌നര്‍ ഒരു ദൈവത്തെപ്പോലെയാണ്.

ഇറ്റലിക്കാരനായ മെസ്‌നര്‍ക്ക് വയസ്സ് എഴുപത്തിരണ്ടായി. 1978-ലും 1980-ലും എവറസ്റ്റില്‍ ഇറ്റലിയുടെ പതാകനാട്ടിയ അദ്ദേഹം ചരിത്രംസൃഷ്ടിച്ചു. കാരണം ഓക്‌സിജന്‍ ഉപകരണം ഇല്ലാതെയാണ് കൊടുമുടിയില്‍ രണ്ടുതവണയും എത്തിയത്. ലോകത്തിലെ യുവാക്കളായ പര്‍വതാരോഹകര്‍ക്ക് ഇതൊരു അദ്ഭുത പ്രതിഭാസമായിരുന്നു.

ചെറുപ്രായത്തില്‍ തന്നെ ലോകത്തിലെ പതിന്നാല് കൊടുമുടികളും മെസ്നര്‍ കീഴടക്കി. ഇറ്റലിയില്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നതിനിടയിലും മെസ്‌നര്‍ തിരക്കിലാണ്. ലോകത്തെങ്ങും സഞ്ചരിക്കും. പീറ്ററിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇപ്പോള്‍ കാഠ്മണ്ഡുവില്‍ എത്തിയിരിക്കുന്നത്. ഹിമാലയത്തില്‍ മോശമായ കാലാവസ്ഥമൂലം നാശനഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍  നടത്തുന്നതിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രം നിര്‍മിക്കുകയാണ് ഇപ്പോള്‍ ഇരുവരുടെയും ദൗത്യം.

പണ്ട് പിന്നിട്ട വഴികളില്‍ക്കൂടി വീണ്ടും നടക്കാന്‍ അവസരം കിട്ടിയെന്ന് പീറ്റര്‍ പറഞ്ഞു. മെസ്‌നര്‍ കൂടെയുള്ളത് തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

1970-ല്‍ നംഗപര്‍വതം കീഴടക്കിയതോടെയാണ് മെസ്‌നര്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് പര്‍വതാരോഹണത്തിന്റെ ജൈത്രയാത്രയായിരുന്നു. എവറസ്റ്റിനെക്കുറിച്ച് അദ്ദേഹം എഴുതിയ ഗ്രന്ഥം നൂറിലധികം പതിപ്പുകളില്‍ പുറത്തിറങ്ങി. ആകെ 80-ഓളം പുസ്തകങ്ങള്‍ എഴുതി. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും ഗോബി മരുഭൂമിയിലും അതീവ സാഹസികയാത്രയും നടത്തിയത് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. പര്‍വതാരോഹണത്തിനിടയില്‍ അപകടങ്ങള്‍ പലതും അദ്ദേഹം നേരിട്ടു. സ്വന്തം സഹോദരന്‍ കൊല്ലപ്പെട്ടു. കാലുകള്‍ ഒരിക്കല്‍ മരവിച്ചതിനെത്തുടര്‍ന്ന് ഏഴു വിരലുകള്‍ മുറിച്ചുനീക്കേണ്ടിവന്നു. 72-ാം വയസ്സിലും മെസ്‌നര്‍ അതീവ സാഹസപ്രിയനാണ്.

പീറ്ററും സാഹസികനാണ്. ഉത്തരധ്രുവത്തല്‍ അദ്ദേഹം സഞ്ചരിച്ചത് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിനോടൊപ്പമാണ്. നാലുമാസങ്ങള്‍ക്കുമുമ്പ് ദക്ഷിണധ്രുവത്തില്‍ പീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു.
ദക്ഷിണധ്രുവത്തില്‍ പര്യവേക്ഷണം നടത്തിയിട്ടുള്ള പരേതനായ ഏണസ്റ്റ് ഷാക്കില്‍ട്ടണിന്റെ പാത പിന്നിടുകയായിരുന്നു ലക്ഷ്യം. അസ്ഥി മരവിക്കുന്ന തണുപ്പിനെ അതിജീവിച്ച് മുന്നേറി. നാലാംതവണ ദക്ഷിണധ്രുവത്തിലെത്തിയ ഷാക്കില്‍ട്ടണ്‍ അവിടെയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചുവീണത്. ഷാക്കില്‍ട്ടണിന്റെ ശവകുടീരത്തില്‍ അല്പനേരം മുട്ടുകുത്തിനിന്ന് പീറ്റര്‍ പ്രാര്‍ഥിച്ചു.

മൂന്നുതവണ എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ കരസേനയിലെ ലഫ്റ്റനന്റ് കേണല്‍ രണ്‍വീര്‍സിങ് ഓംപാലുമായി നടത്തിയിട്ടുള്ള കൂടിക്കാഴ്ചയില്‍ പീറ്റര്‍ സന്തോഷിക്കുന്നു.
കൂടുതല്‍ ഇന്ത്യന്‍ യുവാക്കള്‍ എവറസ്റ്റ് കീഴടക്കട്ടെ എന്നാണ് പീറ്ററിന്റെ ആശംസ. എവറസ്റ്റ് ബേസ് ക്യാമ്പ് പീറ്റര്‍ ഈയിടെ സന്ദര്‍ശിച്ചപ്പോള്‍ രണ്‍വീര്‍സിങ് ഓംപാലും ഉണ്ടായിരുന്നു.