വളഞ്ഞുകൂർത്ത കൊമ്പുകൾ കോർത്തും അടിയും തടയുമായി മൂന്ന് യോദ്ധാക്കൾ, ആനകളുടെ യഥാർഥ തലപ്പൊക്ക മത്സരം


എൻ.എ. നസീർ

ചീതൾവാക്കിലെ സീഗൂർ അരുവിക്കപ്പുറം ആനത്താരയിൽ ഒരു പോരാട്ടം നടക്കുകയാണ്. മൂന്നു കൊമ്പന്മാർ! ചിന്നം തൊടുത്തും വളഞ്ഞുകൂർത്ത കൊമ്പുകൾ തമ്മിൽ കോർത്തും അടിയും തടയുമായി ആ യോദ്ധാക്കൾ കാടിടത്തെ പോർക്കളമാക്കുന്നു

മുതുമലയിലെ ആനപ്പോര് | ഫോട്ടോ: എൻ.എ. നസീർ | മാതൃഭൂമി

  • കാടിടത്തെ പോർക്കളമാക്കി മൂന്ന് കൊമ്പന്മാർ
  • മുതുമല കടുവസങ്കേതത്തിന്റെ നിഗൂഢതയിലേക്കുള്ള നീളുന്ന ആനത്താരയിൽ കണ്ട അപൂർവകാഴ്ച

മുതുമലക്കാടുകൾക്ക് നടുവിലുള്ള ചീതൾ വാക്കിലേക്കുള്ള യാത്രകൾ എല്ലായ്പ്പോഴും വന്യജീവികളുടെ സാന്നിധ്യംകൊണ്ട് അനുഭവസമ്പന്നമാണ്. മഴക്കാലത്തിന്റെ ആരംഭമായിരുന്നതിനാൽ കാടിനുമേലെ നേർത്തൊരു ഹരിതവർണം തെളിഞ്ഞുനിന്നിരുന്നു. അല്ലെങ്കിൽ മിക്കവാറും വരണ്ടുണങ്ങിയ ചുവന്ന മണ്ണും ഇലകൾ പൊഴിഞ്ഞ വൃക്ഷങ്ങളുമായിരിക്കും നമ്മെ സ്വീകരിക്കാൻ നിൽക്കുന്നത്. അതുവരെ വേനൽമയക്കത്തിലായിരുന്ന കാടാകെ ഇപ്പോൾ മഴത്തുള്ളികളുടെ കാരുണ്യത്താൽ അസാമാന്യശോഭയോടെ തിളങ്ങി.

ചീതൾവാക്കിന്റെ മുന്നിലൂടെ ഒഴുകുന്ന സീ​ഗൂർ അരുവിക്കപ്പുറം മുതുമല കടുവസങ്കേതത്തിന്റെ നിഗൂഢതയിലേക്കുള്ള നീളുന്ന ആനത്താരയാണ് (എലിഫന്റ് കോറിഡോർ). മുളങ്കാടുകളാൽ മൂടി അത് മുകളിലേക്ക് പോകുന്ന കാഴ്ചകളെയെല്ലാം മറച്ചുകഴിഞ്ഞിരിക്കുന്നു. അതിലൂടെ ഇറങ്ങിവരുന്ന കടുവയ്ക്കും കരടിക്കും ആനകൾക്കുമൊക്കെ നീലഗിരിമലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന സീഗൂറിലെ ജലം അമൃതാണ്.

ബൈനോക്കുലറിലൂടെ ചുറ്റുപാടും നിരീക്ഷിക്കുന്നതിനിടയിലാണ് മുളങ്കാടുകളെ തഴുകി കാറ്റ് കടന്നുവന്നത്. അപ്പോൾ നീണ്ടുപോകുന്ന പാതയുടെ അങ്ങേത്തലയ്ക്കൽ രണ്ട് ആനകളുടെ അവ്യക്തമായ രൂപം. മുളകളുടെ അഗ്രഭാഗങ്ങൾ വളഞ്ഞ് പാതയിലേക്കുള്ള കാഴ്ചയ്ക്ക് തടസ്സമായിരുന്നെങ്കിലും കാറ്റിൽ അവ ഉലഞ്ഞപ്പോഴാണ് ആനകൾ ഇവിടെയുണ്ടെന്ന് വ്യക്തമായത്. അതിൽ ഒന്ന് കൊമ്പനായിരുന്നു. രണ്ടാമത്തെ ആനയുടെ പിൻഭാഗം മാത്രമേ കണ്ടിരുന്നുള്ളൂ.

Photo: N A Naseer

സമയമപ്പോൾ മൂന്നുമണി കഴിഞ്ഞുകാണും. സൂര്യപ്രകാശം ചാഞ്ഞുതുടങ്ങുമ്പോൾ ആനകൾ സ്വാഭാവികമായും അരുവിക്കരയിലേക്കിറങ്ങിവരും. അതുവരെ പക്ഷികൾക്ക് പിന്നാലെ ചുറ്റിത്തിരിഞ്ഞുവന്നപ്പോൾ സമയം നാലര. മുകളിൽനിന്ന് ഒരാനയുടെ ശബ്ദമുയർന്നു. തെല്ലൊ ന്നുകഴിഞ്ഞപ്പോൾ വീണ്ടും ഒരു ശബ്ദം കൂടി. അത് തുടർന്നപ്പോൾ മനസ്സിലായി, ആനകൾ ശണ്ഠകൂടുകയാണ്. ബൈനോക്കുലറിലൂടെ വീണ്ടും സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോൾ പച്ചയുടെ മറവുകൾക്കിടയിലൂടെ നാല് കൊമ്പുകൾ കോർക്കുന്നു! ബൈനോക്കുലറിനുപകരം ക്യാമറയുമെടുത്ത് നേരേ നടന്നു. അരുവി കടന്നപ്പോൾ ശ്രദ്ധിച്ചു. രാവിലെ ഇവിടെ രണ്ട് കരടികളെ കണ്ടതാണ്. പുഴയോരത്തെ നനഞ്ഞ മണ്ണിൽ പക്ഷേ, തെളിഞ്ഞുകണ്ടത് അപ്പോൾ കടന്നുപോയ കടുവയുടെ കാലടയാളങ്ങളും. ചെറിയൊരു കയറ്റം കയറിപ്പോഴേക്കും ആനകളെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. അരോഗദൃഢഗാത്രരായ മൂന്ന് കൊമ്പനാനകൾ!

അതിൽ രണ്ടുപേർ പോരടിക്കുകയാണ്. ഒരാൾ കാഴ്ചക്കാരനായി നിൽക്കുന്നു. കുറ്റിച്ചെടികളുടെയും പൊന്തകളുടെയും മറവുപറ്റി ഞാൻ കുറേക്കൂടി മുന്നോട്ട് നീങ്ങി. അസാമാന്യ പ്രകടനമായിരുന്നു അത്. ഇടയ്ക്കിടെ ശബ്ദഗാംഭീര്യവും കൊമ്പുകൾ തമ്മിലുള്ള താളമടിയും അകമ്പടിയായിരുന്നു. ഒരാന തന്റെ കൊമ്പുകൾ പരമാവധി എതിരാളിയുടെ നേർക്ക് ഉയർത്തുമ്പോൾ, മുൻകാലുകൾ തറയിൽ ഉറപ്പിക്കുകയും ആ വലിയ ശിരസ്സ് പരമാവധി നീട്ടുകയും ചെയ്തിരുന്നു. തുമ്പിക്കൈയാകട്ടെ മുകളിലേക്കുയർത്തി ചുരുട്ടിപ്പിടിച്ചു.

Photo: N A Naseer

എന്നാൽ എതിരേ നിൽക്കുന്ന കൊമ്പനാകട്ടെ അതിൽ മേലേക്കെന്നപോലെയാണ് തന്റെ കൊമ്പുകൾ ഉയർത്തുന്നത്. ആനകളുടെ യഥാർഥ തലപ്പൊക്ക മത്സരമിതാണ്. മുകളിൽനിന്ന് താഴേക്ക് ശക്തികൊടുക്കാൻ അധികം ഊർജം ചെലവഴിക്കേണ്ട. എളുപ്പമുണ്ട്. കൂടാതെ താഴേനിന്ന് ഉയർന്നുവരുന്ന കൊമ്പുകളെ കീഴ്ത്താടിയിലും കഴുത്തിലും തുളഞ്ഞുകയറാതെ തടയുകയുമാകാം ഒരേസമയത്ത്.

ഒരു ആയോധനകലാകുതുകിയായ എന്നെ സംബന്ധിച്ച് അതൊരു പുതിയ അടവിന്റെ പാഠമായിരുന്നു. കളരിപ്പയറ്റിൽ ഗജവടിയും ചുവടുമൊക്കെയുണ്ട്. പക്ഷേ, ഇത്തരം സീക്രട്ട് ഫൈറ്റിങ് ടെക്നിക് ഏതും കണ്ടിട്ടില്ല. കരാത്തയിലെ "ചിന്റോ എന്ന കത്തയിൽ (Forms) ആനയുടെ വട്ടംതിരിച്ചിലിനെ ഓർമിപ്പിക്കുന്ന നീക്കം അറിയാം. "എല്ലാ ആയോധനകലകളും കാനനങ്ങളിൽനിന്നാണ് ഉരുവമായത് എന്ന് ആയോധനകലാ ആചാര്യനായ എന്റെ ഗുരുനാഥൻ ഹാൻഷി: ഡോ. രത്തിനം ചൊല്ലിയത് ഓരോ കാടുകയറ്റത്തിലും തെളിമയോടെ നിൽക്കുന്നു.

Photo: N A Naseer

പെട്ടെന്ന് മറ്റൊരാനയുടെ അലർച്ച ഉയർന്നു. കാഴ്ചക്കാരനായി നിന്ന ആന തന്റെ അരികിലുള്ള ആനയെ ശക്തിയായി പിന്നിലേക്ക് തള്ളിമാറ്റിയിട്ട് മുന്നിലുള്ള എതിരാളിയുടെ നേരേ തുമ്പി കൈ ഉയർത്തി മുന്നോട്ടാ ഞ്ഞു. അതോടൊപ്പം ശിരസ്സ് മേലോട്ടുയർത്തി, അഗ്രം വളഞ്ഞ കൊമ്പുകൾ ആകാ ശത്തോളം ഉയർന്നപോലെ തറയിലിരുന്ന് കാഴ്ച കാണുന്ന എനിക്ക് തോന്നി. പെട്ടെന്ന് കൊമ്പുകൾ രണ്ടും വേഗത്തോടെ താഴേക്ക് കൊണ്ടുവന്ന് എതിരാളിയുടെ കൊമ്പിൽ ശക്തമായി അടിക്കുകയും ശിരസ്സ് അല്പം ചെരിച്ചുപിടിക്കുകയും ചെയ്തു. കൊമ്പുകൾ തമ്മിലടിച്ച ശബ്ദം കേട്ട് മയിലുകൾ ശബ്ദിച്ചുകൊണ്ട് പൊന്തകൾക്കിടയിൽനിന്ന് പറന്നുയർന്നു.

എതിരേയുള്ള ആന അത് പ്രതീക്ഷിച്ചുതന്നെയാണ് നിന്നതെങ്കിലും ചുവടുകളൊന്ന് പിഴച്ചുവോ? അവൻ പിന്നിലേക്ക് തെന്നിമാറുന്നതാണ് കണ്ടത്. പെട്ടെന്ന് പിൻകാലുകളിൽ ബാലൻസ് ചെയ്ത് മുൻകാലുകൾ കുറേക്കൂടി അകത്തി വെച്ച് ആ വലിയ ശരീരം മുന്നോട്ടാഞ്ഞുനിൽക്കുകയും ചെയ്തു. അവൻ തന്റെ കൊമ്പുകൾ താഴേക്ക് വിട്ടുകൊടുത്തുകൊണ്ട് എതിരാളിയുടെ കൊമ്പുകൾക്കിടയിൽനിന്ന് ഊരിയെടുത്തു.

Photo: N A Naseer

പെട്ടെന്ന് കാഴ്ചക്കാരനായി പിന്നിൽ നിന്ന കൊമ്പൻ ഒരു പ്രത്യേക രീതിയിൽ ശബ്ദം പുറപ്പെടുവിച്ച് മുന്നോട്ടുവന്നപ്പോൾ പോരടിച്ചവർ നിശ്ചലരായി. ഏറ്റുമുട്ടിയവരെ ശാസിക്കുന്നപോലെ ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് അവൻ താഴേക്ക് നടന്നു. ഇടയിൽ തിരിഞ്ഞു നിന്ന് ശിരസ്സും തുമ്പിക്കൈയും കുലുക്കി പ്രതിഷേധം അറിയിച്ചു. ഒന്ന് വട്ടംചുറ്റി പിന്നിൽ നിൽക്കുന്നവരെ ശാസിക്കുകയും ചെയ്തു. ശണ്ഠകൂടിയ രണ്ട് ആനകളും സൗമ്യമായി മൂന്നാമനെ പിന്തുടർന്നു. ആനകൾ ഇറങ്ങിവരുന്നത് അരുവിയിലേക്കാണ്. അതും ഞാൻ മറഞ്ഞിരിക്കുന്ന ഭാഗത്തുകൂ ടിയാണെന്ന് മനസ്സിലാക്കി അവിടെനിന്ന് മെല്ലെ പിന്തിരിഞ്ഞ് ഞാനും അരുവിക്കുനേരേ നടന്നു.

വീണ്ടും കൊമ്പുകൾ കൂട്ടിമുട്ടുന്ന ശബ്ദം. ഇപ്പോൾ മുന്നിൽ വന്നുകൊണ്ടിരുന്ന ആനയും തൊട്ടുപിന്നിലുള്ള ആനയും തമ്മിലായി അടി. അവ പരസ്പരം കൊമ്പുകൾ കോർക്കാനും ശിരസ്സുകൾ ചേർത്തുപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ശക്തിയായി ഉന്തുവാനും തുടങ്ങി. ഒരാന എതിരാളിയെ ഇടിച്ച് കാട്ടിലേക്ക് കയറ്റുമ്പോൾ മൂന്നാമൻ ഇടപെടുകയായി.

Photo: N A Naseer

കാറ്റ് മെല്ലെയൊന്ന് വീശി. ഇപ്പോൾ ആനകളുടെ ശ്രവണ-ഘാണ സംവേദങ്ങളുടെ അതിരുകൾക്കുള്ളിലാണ് ഞാനെന്ന ബോധം അവയ്ക്കും എനിക്കും തിരിച്ചറിയാനായി. ആനകൾ നിശ്ശബ്ദരായി ഒരു കൂടിയാലോചനയിലെന്നവണ്ണം ഒരുമിച്ച് നിന്നു. ഞാൻ മെല്ലെ സീഗർ അരുവി മുറിച്ചുകട ന്ന് മറുകരയിലേക്ക് നടന്നു. ആനകൾ അപ്പോഴും ജാഗ്രതയോടെ നിലയുറപ്പിച്ചു. പിന്നെയവ കുറേക്കൂടി ഇറങ്ങിവന്നു. പിന്തിരിഞ്ഞുനോക്കി യപ്പോൾ അവ പഴയപടി ബലപരീക്ഷണങ്ങളിൽ ഏർപ്പെട്ടുകഴിഞ്ഞിരുന്നു. കൂട്ടത്തിൽ ശക്തിമാനെ രണ്ടുപേർ കൊമ്പുകൾ ചേർത്തും ശരീരം ചേർത്തും ഉന്തിയും തള്ളിയും കാടിന്റെ മറവിലേക്ക് കൂട്ടിക്കൊണ്ടുപോവുക യാണ്. ഒന്നരമണിക്കൂറോളം കാടൊരുക്കിയ ചലനദൃശ്യവിരുന്നിനും പുതിയ ചുവടുകൾക്കും നന്ദി ചൊല്ലി ഞാനും അവയിൽനിന്ന് മറഞ്ഞു.

(മാതൃഭൂമി യാത്ര 2022 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)


Content Highlights: NA Naseer, Mudumalai, Elephants Fight, Wildlife Photography, Mathrubhumi Yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented