തോട്ടത്തിലെ ഒരു തളിരിലയില്‍ നിന്നും ആവി പറക്കുന്ന കപ്പിലേയ്ക്കുള്ള തേയിലയുടെ യാത്രയില്‍ ഘട്ടങ്ങള്‍ പലതുമുണ്ട്. മഞ്ഞുപുതച്ചുറങ്ങുന്ന ഒരു തേയിലത്തോട്ടത്തിന്റെ ചാരുതയേക്കാള്‍, വെട്ടംവീഴും മുന്‍പ് പുറത്ത് കുട്ടയുമായി കിളുന്ത് നുള്ളാന്‍ പോകുന്ന സ്ത്രീകളുടെ ദൃശ്യത്തേക്കാള്‍ മനോഹരമാണ് തോട്ടത്തില്‍ നിന്ന് നമ്മുടെ രുചിമുകുളങ്ങളിലേയ്ക്കുള്ള ഒരു തേയിലയുടെ യാത്ര. ആ രുചിയാത്രയുടെ കഥയാണ് ഊട്ടിയിലെ ദെബ്ബബെട്ട ടി മ്യൂസിയം (Doddabetta Tea Museum.) പറയുന്നത്. ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രം കൂടിയാണിത്. ഊട്ടിയില്‍ നിന്ന് ദൊബ്ബബെട്ട വ്യൂ പോയിന്റിലേയ്ക്കുള്ള (Doddabetta View Point) വഴിയിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഫാക്ടറിക്ക് അകത്തേക്ക് കടക്കുന്നതിന് മുന്‍പുതന്നെ സന്ദര്‍ശകരുടെ കൈയില്‍ സീല്‍ പതിപ്പിച്ച ലേബല്‍ ഒട്ടിക്കും. അകത്തുകടക്കാന്‍ ആളൊന്നിന് 10 രൂപയാണ് ഫീസ്. അകത്തു കടക്കുമ്പോള്‍ ആദ്യം തന്നെ ഫാക്ടറിയുടെ ചരിത്രവും മറ്റും വിവരിക്കുന്ന സൂചനാ ബോര്‍ഡുകളുണ്ട്. അതുകഴിഞ്ഞ് നടക്കുമ്പോള്‍ നുള്ളിയെടുക്കുന്ന തേയില പൊടിയാക്കി പാക്കറ്റുകളാക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ കാണാം. അതിനുശേഷം വിവിധ സാധനങ്ങളുടെ വില്‍പ്പനകേന്ദ്രം. പല രുചികളിലുള്ള ചായപ്പൊടികള്‍, പലതരം ചോക്ലേറ്റുകള്‍, തുവല്‍ ജാക്കറ്റുകള്‍ തുടങ്ങി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒട്ടനവധി സാധനങ്ങളുണ്ടിവിടെ. അവസാനം ഫാക്ടറിയുടെ പുറത്തു കടക്കുന്നതിനു മുന്‍പായി സ്‌നേഹസമ്മാനംപോലെ സൗജന്യമായി ഒരു കപ്പ് ചുടുചായയും. വിപിന്‍ ചാലിമന പകര്‍ത്തിയ ചിത്രങ്ങള്‍