പൊരിവെയിലും കാറ്റും കൊണ്ട് മഞ്ഞിന്റെ താഴ്‌വാരത്തില്‍ അവരെത്തുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. പുലര്‍ച്ചെ മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ദൊഡ്ഡബെട്ട മലനിരകളിലേക്ക് സൈക്കിളില്‍ കൂടിയുള്ള യാത്രയ്ക്കായി കൊച്ചിയില്‍ നിന്ന് എത്തിയതായിരുന്നു അവര്‍.

ഇരുപത് വയസ്സ് മുതല്‍ അറുപത് വയസ്സ് വരെയുള്ള 19 പേരാണ് ഊട്ടി യാത്രയ്ക്ക് എത്തിയത്. വെള്ളിയാഴ്ച രാവിലെ 6ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി പത്തോടെ മേട്ടുപ്പാളയത്ത് എത്തിച്ചേര്‍ന്ന സംഘത്തെ കണ്ട് നിന്നപ്പോഴാണ് മലയാളം സംസാരിച്ച് സൈക്കിളില്‍ കടന്നുപോകുന്ന ശ്രീജിത്തിനെ കണ്ടത്. പറവൂര്‍ ബൈക്കേഴ്‌സ് ക്ലബ്ബിലെ അംഗമായ തന്നോടൊപ്പമുള്ള ഹരിദാസിനെ പരിചയപ്പെടുത്തിയപ്പോഴാണ് യാത്രയുടെ ഉദ്ദേശം അറിയിച്ചത്. വെറുമൊരു സുഖയാത്രയല്ല, ജേതാക്കളുടെ കൂടെയുള്ള ജൈത്രയാത്രയെന്നു അറിയിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ യാത്രയ്ക്ക് മുന്‍പായി അംഗങ്ങളെ പരിചയപ്പെടുത്തിയപ്പോഴാണ് ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നവരും ഗ്രാഫിക് ഡിസൈനര്‍മാരും എഫ്എസിടിക്കാരും ഗള്‍ഫ് റിട്ടേണും ബിസിനസ്സ്‌കാരുമടങ്ങുന്ന സംഘത്തെ മാത്രമല്ല പ്രകൃതിയെ സ്‌നേഹിക്കുന്ന, മറ്റുള്ളവര്‍ക്ക് പാഠമാകാവുന്നവരും ഇതിലുണ്ടെന്ന് അറിഞ്ഞത്. നവമാധ്യമങ്ങളില്‍ക്കൂടിയുള്ള പരിചയക്കാരാണ് എല്ലാവരും. എറണാകുളം, തൃശ്ശൂര്‍ ജില്ലക്കാരുടെ കൂടെ കണ്ണൂര്‍ തൃച്ചമ്പരത്തുള്ള  ജയപ്രകാശ് നമ്പ്യാരാണ് വയസ്സില്‍ കാരണവര്‍. എങ്കിലും എല്ലാവര്‍ക്കും പ്രകാശ്ജിയാണ് ഇദ്ദേഹം. ഇരുപതുകാരന്‍ സുധിനാണ് കൂട്ടത്തിലെ ചെറിയ ചങ്ങാതിയെന്നു ക്ലബ്ബിലെ പ്രധാനി ഉല്ലാസ്. സ്വന്തമായി ചെയ്തുവന്നിരുന്ന ഇവന്റ് മാനേജ്‌മെന്റ് ജോലി ഉപേക്ഷിച്ച് ചെന്നൈ തിരുവാന്‍മിയൂര്‍ സ്വദേശി സുന്ദരമൂര്‍ത്തിയാണ് യാത്രയില്‍ അതിഥിയായി എത്തിയ താരം.

Cycle Travel

അഞ്ച് വര്‍ഷം മുന്‍പ് സൈക്കിളിങ്ങ് ആശയം കൊണ്ട് ആരംഭിച്ച ക്ലബ്ബില്‍ ഇന്ന് അന്‍പതോളം മെമ്പര്‍മാരുണ്ട്. ചീനവല ബിസിനസ്‌കാരനായ ഖലിന്‍ എബ്രഹാം ഇന്ന് തൊഴിലിനേക്കാള്‍ സ്‌നേഹിക്കുന്നത് സൈക്കിള്‍യാത്രയാണ്. അതുകണ്ട് ഹരംകണ്ട് എത്തിയവരാണ് രഘുറാം രാമചന്ദ്രനും സുന്ദരമൂര്‍ത്തിയും. ഇന്ത്യയില്‍ നിന്ന് പിബിപി (പാരിസ് ബ്രെസ്റ്റ് പാരിസ്) യിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ഈ 3 പേരാണ് ഗ്രൂപ്പിന് പരീശിലനവും നിര്‍ദേശവും നല്‍കി വരുന്നത്. ഇതില്‍ 2018 ഫിബ്രവരിവരിയില്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനകം പിബിപി പൂര്‍ത്തിയാക്കിയ ഏക താരം സുന്ദരമൂര്‍ത്തിയാണ്. ഇവരൊക്കെ നൂറു മണിക്കൂറില്‍ 1400 കിമി പൂര്‍ത്തിയാക്കിയ റെക്കോഡ് ഉടമകളാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ 14പേരെ ഉള്ളുവെന്നാണ് ഖലിന്‍ പറയുന്നത്.

അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്‍സ്പയര്‍ ഇന്ത്യ നടത്തുന്ന അള്‍ട്ര സ്‌പേസ് ഗോവ ഊട്ടി ഗോവ 1750 കിലോമീറ്റര്‍ മത്സരത്തിന് തയ്യാറാകുന്ന തിരക്കിലാണ് മൂവരും. കൊച്ചിയില്‍ നിന്ന് ഖലിനും സംഘവും എത്തിയെന്ന വിവരമറിഞ്ഞ് കോയമ്പത്തൂര്‍ സൈക്കിളിങ്ങ് ക്ലബ് മെമ്പര്‍മാരും ഊട്ടിയിലേക്ക് ചേര്‍ന്ന് യാത്ര തുടരാന്‍ എത്തിയിരുന്നു.

സൈക്കിളിങ്ങ് മത്സരങ്ങള്‍ നടക്കുന്ന നവംബര്‍ മുതല്‍ തൊട്ടടുത്ത വര്‍ഷം ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നൂറു മണിക്കൂറില്‍ 200, 300, 400, 600 കിലോമീറ്ററുകള്‍ പൂര്‍ത്തിയാക്കിയ എസ്ആര്‍ (super randonneurs) പദവിയുള്ള മത്സരാര്‍ത്ഥികളാണ് ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയില്‍നിന്ന് തിരിച്ച് കൊച്ചിയിലേക്ക് 2 ദിവസങ്ങള്‍ കൊണ്ട് (600 കിലോമീറ്റര്‍) തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര വിഭാവനം ചെയ്തിരിക്കുന്നതെന്ന് കൂട്ടത്തിലെ സസ്യാഹാരിയും പ്രകൃതിസംരക്ഷകനുമായ സഞ്ജയ് അറിയിച്ചു.

Cycle Travel

വാഗമണ്‍, ഇടുക്കി, വാള്‍പ്പാറ, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലത്തെ പരിശീലനയാത്രകള്‍ കഴിഞ്ഞാണ് ഊട്ടിയിലേക്ക് തിരിച്ചത്. ക്ലബ്ബിന്റെ മൂന്നാമത്തെ ഊട്ടി യാത്രയാണ് ഇപ്പോഴെന്നും ഇനി ഡിസംബര്‍ 15ന് വാള്‍പ്പാറയിലേക്കാണ് അടുത്ത യാത്രയെന്നും ഉല്ലാസ് അറിയിച്ചു. ഡേനിഷ്, ജിജേഷ്, ഷഹബാസ്, അരുണ്‍ജിത്ത്, അരവിന്ദു, വിഷ്ണു, അരുണ്‍, ജെനിഷ് എന്നിവര്‍ക്ക് ഊട്ടിയിലേക്കുള്ള യാത്ര തന്നെ ആദ്യമെന്ന് പറയുമ്പോള്‍ രണ്ട് ദിവസമായി മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് സൈക്കിള്‍ യാത്ര നടത്തുന്ന സീനിയറായ രഘുറാമും ഖലിനും ധൈര്യമായിരിക്കാന്‍ കൂട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി.

കൂട്ടത്തിലെ ഏക വനിതാ ലോറെന്‍ ഡിക്കോസ്റ്റയെന്ന 32കാരി ഒരു വര്‍ഷമായി ഈ സൗഹൃദ കൂട്ടായ്മയില്‍ ചേര്‍ന്നിട്ട്. കൊച്ചിയിലെ സൈക്കിളിങ്ങ് ക്ലബ്ബിന്റെ യാത്ര കണ്ടിഷ്ടപ്പെട്ടു സൈക്കിള്‍ പഠിക്കാന്‍ ഇറങ്ങിയതാണ് ലോറെന്‍. ഇതിനകം ഇന്ത്യയിലെ വിവിധ സൈക്കിളിങ്ങ് മത്സരങ്ങളില്‍ പങ്കെടുത്തത്തിന് പിന്തുണയേകിയ തന്റെ വീട്ടുകാര്‍ക്കും സുരക്ഷയൊരുക്കി പോകുന്ന സൈക്കിള്‍ ബ്രദേഴ്‌സിനും നന്ദിയറിയിച്ചാണ് ഊട്ടിയിലേക്ക് സൈക്കിള്‍ ചവിട്ടിയത്.

തമിഴ്‌നാട്ടിലെ ഏറ്റവുംവലിയ മലനിരയായ ദൊഡ്ഡബെട്ട തൊട്ട് ഇറങ്ങുമ്പോള്‍ മുള്ളി മാന്നാര്‍ മണ്ണാര്‍ക്കാട് വഴി കൊച്ചിയിലേക്ക് തിരിക്കുന്ന സംഘത്തിന് പറയാന്‍ ഒന്നേയുള്ളൂ... പ്രകൃതിയിലേക്ക് മടങ്ങുക.

Content Highlights: Kochi Ootty Cycle Travel, Doddabetta Peak Oootty, Back to Nature, Paravoor Bike Club, Mathrubhumi Yathra