ത്തവണ ഭക്ഷണം തേടിയൊരു യാത്രയാണ്. അതും തമിഴ്നാട്ടിലേക്ക്. ഡിണ്ടിഗല്‍ തലപ്പാക്കട്ടി ബിരിയാണി തേടിയാണ് കൊതിയോടെയുള്ള ഈ യാത്ര. ഏറ്റവും മികച്ച രുചിയാണ് തലപ്പാക്കട്ടിയുടെത് എന്നാണ് കേട്ടുകേള്‍വി. അതുകൊണ്ട് ആവേശം അണപൊട്ടി കുതിച്ചുപാഞ്ഞു. ഗൂഗിള്‍ മാപ്പാണ് വഴികാട്ടി. ബൈക്ക് മോഡില്‍ ഇട്ടപ്പോള്‍ത്തന്നെ എറണാകുളത്തുനിന്ന് മൂന്ന് വഴികള്‍ തെളിഞ്ഞു. ഒന്ന് എറണാകുളം-അടിമാലി മൂന്നാര്‍ തൊടാതെ പൂപ്പാറ-തേനി വഴി ഡിണ്ടിഗല്‍. രണ്ടാമത്തെത് എറണാകുളം-തൃശ്ശൂര്‍-പാലക്കാട്-പഴനി ഹൈവേയില്‍ക്കൂടി മാത്രം ഡിണ്ടിഗല്‍. മൂന്നാമത്തെത് മൂന്നാര്‍-വാല്‍പ്പാറ-തേനി വഴി.

Dindugal 1

കുറച്ചുനേരത്തെ ആലോചനയ്ക്കുശേഷം ആദ്യ വഴി തിരഞ്ഞെടുത്തു. അതാകുമ്പോള്‍ മലകളും ചുരങ്ങളും തൊട്ടുരുമ്മി, തമിഴ്നാടിന്റെ ഗ്രാമങ്ങളിലൂടെ പോവാം. പിന്നെ തേനി ഒന്ന് കാണുകയുമാവല്ലോ. 
രാജാക്കാടുനിന്ന് തിരിഞ്ഞ് രാജകുമാരി റൂട്ട്. വഴി മോശമാണ്. ബൈക്ക് ആയതുകൊണ്ട് ഏതു വഴിയും കയറിക്കോളും. രാജകുമാരിയിലെ ദേവമാതാ പള്ളിയില്‍ കയറി പ്രാര്‍ഥിച്ച് വീണ്ടും ഓടിത്തുടങ്ങി. പൂപ്പാറയില്‍ എത്തിയാല്‍ കുറച്ചുദൂരം റോഡിനിരുവശവും തേയിലത്തോട്ടങ്ങളാണ്.

മൂന്നാറിന്റെ ഭംഗിയൊന്നും ഇല്ലെങ്കിലും കണ്ണിന് കുളിര്‍മതന്നെയാണ് പച്ചപുതച്ചുനില്‍ക്കുന്ന ഈ ഇത്തിരി കുഞ്ഞന്മാര്‍. പിന്നെയങ്ങോട്ട് വരണ്ടുണങ്ങിയ പര്‍വത നിരമാത്രം. വേനലിത്രയും കടുത്തിരുന്നോ? വേനലതിന്റെ മുഴുവന്‍ തീവ്രതയില്‍ ജ്വലിച്ചുനില്‍ക്കുന്നു. വാല്‍പ്പാറയില്‍ പോയപ്പോള്‍ സഹ്യാദ്രി നനുത്ത സുന്ദരിയായിരുന്നു. ഇതിപ്പോള്‍ ഉണങ്ങിക്കരിഞ്ഞ മരങ്ങളുമായി കത്തിജ്ജ്വലിച്ചുനില്‍ക്കുന്ന മലനിരകള്‍ ചെത്തിയുണ്ടാക്കിയ വഴിയിലൂടെ ഹെയര്‍പിന്‍ വളവുകള്‍ ഓരോന്നോരോന്നായി ഇറങ്ങി. എത്തുമ്പോഴേക്കും ബിരിയാണി തീര്‍ന്നുപോകുമോ എന്ന ചിന്ത ഞങ്ങളെ വീണ്ടും ബൈക്കിലിരുത്തി.

Dindugal 2
ബ്ലാക്ക് പെപ്പര്‍ ചിക്കന്‍

തേനിമുതല്‍ ഒരൊറ്റ വഴിയാണ്. ചെറിയ കൃഷിസ്ഥലങ്ങള്‍ പിന്നിട്ടാല്‍ പിന്നെ തണല്‍പോലുമില്ലാത്ത നീളന്‍ റോഡ്. ഇടയ്ക്കിടെ ചെറിയ പൂപ്പാടങ്ങള്‍ തെളിഞ്ഞു. മഞ്ഞ ജമന്തിപ്പൂക്കളാണ്. ഒരുപക്ഷേ, നാളെ കേരളത്തിലേക്ക് വരേണ്ടവയാകാം. ഡിണ്ടിഗല്‍ നഗരകവാടത്തിലേക്ക് കയറുന്നതിന് മുന്‍പുതന്നെ ഒരു കൂറ്റന്‍പാറ ഏറെ അകലെനിന്നേ ദര്‍ശനം തന്നു. നഗരത്തിന് നടുവില്‍ തലയുയര്‍ത്തിനില്‍ക്കുന്ന പാറയുടെ മുകളില്‍ കോട്ടപോലെ എന്തോ ഒന്നുണ്ട്. ചിലപ്പോള്‍ ഇതാകണം ഡിണ്ടിഗല്‍ റോക് ഫോര്‍ട്ട്. ബിരിയാണി കഴിഞ്ഞ് ഇങ്ങോട്ടും ഒന്ന് വരണം. 

സമയം 2.45. അവസാനം ആ പഴയ ബിരിയാണിക്കട കണ്ടുപിടിച്ചു. ഡിണ്ടിഗലിന്റെ ഹൃദയഭാഗത്ത് സെയ്ന്റ് ജോസഫ് പള്ളിയുടെ ഗേറ്റിന്റെ ഇടതുവശത്തായി ബിരിയാണിയുടെ പടങ്ങള്‍ കൊടുത്ത ഒരു സ്വാഗതബോര്‍ഡുമായി വര്‍ഷങ്ങളായി രുചിയൊരുക്കുന്ന ആനന്ദവിലാസ് അല്ലെങ്കില്‍ തലപ്പാക്കട്ടി ബിരിയാണിക്കട. വിചാരിച്ചപോലെയല്ല. ഒരു കുഞ്ഞുകട. നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ കാണാറുള്ള ചെറിയ ഹോട്ടല്‍ പോലൊന്ന്. നാലുപേര്‍ക്ക് വീതം ഇരിക്കാവുന്ന ആറ് മേശകളാണ് ആകെയുള്ളത്. ഗൂഗിളില്‍ കണ്ട ഫോട്ടോകളും വിവരണവുമൊന്നും ഇതിനോട് ചേരുന്നില്ല. അതിനെക്കുറിച്ച് ഓര്‍ഡറെടുക്കാന്‍ വന്ന അണ്ണനോട് ചോദിച്ചപ്പോള്‍ 'പെരിയ കട അപ്പറം ഇറുക്കെന്ന്' മറുപടി കിട്ടി. ഇതാണ് അവരുടെ ആദ്യ കട. ഇനി പെരിയ കടയില്‍ പോവാനുള്ള ശേഷിയില്ലാത്തതുകൊണ്ടും വയറ് വിശന്നുകരയാന്‍ തുടങ്ങിയതുകൊണ്ടും ഇവിടുന്നുതന്നെ കഴിക്കാമെന്നുറപ്പിച്ചു 

സമയം മൂന്നുമണി ആയെങ്കിലും നല്ല തിരക്കാണ്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന്-മൂന്നരവരെ ഇവിടെ ബിരിയാണി കിട്ടും. ഒരു മേശയില്‍ ആളൊഴിഞ്ഞപ്പോള്‍ ചാടിക്കയറിയിരുന്നു. സമയം തെറ്റിയതിനാല്‍ മട്ടന്‍ ബിരിയാണി മാത്രമേ ഉള്ളു. മട്ടന്‍ എങ്കില്‍ മട്ടന്‍. നല്ല ഇളംപച്ചനിറമുള്ള വാഴയിലയും ഒരു സ്റ്റീല്‍ ഗ്ലാസില്‍ വെള്ളവും ഞങ്ങള്‍ക്ക് മുന്നിലെത്തി. പിന്നെ ഇളം തവിട്ടുനിറത്തിലുള്ള ചൂട് ബിരിയാണിയുമെത്തി. ബിരിയാണിക്കൊപ്പം കായിച്ചാര്‍ കിട്ടും. നല്ല ഒന്നാന്തരം ബിരിയാണി! ആദ്യ പിടി വായില്‍ വെച്ചപ്പോള്‍ തന്നെ ടേസ്റ്റ് ബഡ്‌സ് എല്ലാം സടകുടഞ്ഞെണീറ്റു. എരിവും മസാലക്കൂട്ടും കൂടി നാവില്‍ പുതിയ രുചിയുണ്ടാക്കി. നല്ല മൃദുലമായ ചെറിയ അരിയാണ്. വായില്‍ വെക്കുമ്പോള്‍ തന്നെ അലിഞ്ഞിറങ്ങി.

1957-ല്‍ നാഗസ്വാമി നായിഡുവാണ് ഈ രുചിക്കൂട്ടില്‍ ബിരിയാണിയുണ്ടാക്കി ആനന്ദ വിലാസ് ഹോട്ടലിലൂടെ ആളുകളുടെ നാവില്‍ എത്തിച്ചത്. അദ്ദേഹം എപ്പോഴും തലപ്പാവ് ധരിക്കുമായിരുന്നുവത്രേ. അങ്ങനെ അദ്ദേഹം തലപ്പാക്കട്ടി നായിഡു ആയി. കാലക്രമേണ തലപ്പാക്കട്ടി നായിഡുവിന്റെ ബിരിയാണി തലപ്പാക്കട്ടി ബിരിയാണിയുമായി മാറി. തുടക്കം മുതല്‍തന്നെ തന്റെ ബിരിയാണി രുചികരവും മറ്റ് ബിരിയാണികളില്‍നിന്നും വ്യത്യസ്തവുമായിരിക്കണം എന്ന് നായിഡുവിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൂട്ട് തിരഞ്ഞെടുക്കുന്നതിലും ചേര്‍ക്കുന്നതിലും നായിഡു വളരെയധികം ശ്രദ്ധിച്ചു. ശ്രീരാഗ സാമ്പ അരിയാണ് ബിരിയാണിക്കായി എടുക്കുന്നത്. കന്നിവാടി പരാമതി ചന്തയില്‍നിന്നും തിരഞ്ഞെടുത്ത ടോപ് ക്ലാസ് ബ്രീഡ്സ് മീറ്റാണ് ബിരിയാണിക്ക് മാറ്റുകൂട്ടുന്നത്. ബിരിയാണിക്കൊപ്പം നായിഡുവിന്റെ ദാല്‍ചാ എന്ന വിഭവവും ലഭ്യമാണ്. ആടിന്റെ എല്ലും വഴുതനങ്ങയും ഉരുളക്കിഴങ്ങും പരിപ്പും ചേര്‍ത്ത ഒരു സൈഡ് ഡിഷ്. 61 വര്‍ഷങ്ങള്‍ക്കുമുന്‍പ് എങ്ങനെ ആയിരുന്നോ അതുതന്നെയാണ് തലപ്പാക്കട്ടിയില്‍ ഇന്നും തുടരുന്നത്. ചെറിയ ഒരു കടയില്‍ തുടങ്ങിയ ബിരിയാണിഗാഥ പതുക്കെ തമിഴ്നാട്ടിലെങ്ങും രുചി പരത്തി. ഇന്ന് 39 ഔട്ലെറ്റുകളുള്ള വലിയ ശൃംഖലയായി തലപ്പാക്കട്ടി മാറി.

ബിരിയാണി കഴിഞ്ഞാല്‍ പിന്നെ പ്രധാന വിഭവം ബ്ലാക് പെപ്പര്‍ ചിക്കനാണ്. പക്ഷേ, അത് 'പെരിയ ഹോട്ടലില്‍ താന്‍ കെടയ്ക്കും' എന്നാണ് മറുപടി. അപ്പോള്‍ ഡിന്നറിന് പെരിയ ഹോട്ടലില്‍ കയറാം എന്ന് മനസ്സിലുറപ്പിച്ചു ഞങ്ങളിറങ്ങി. നേരെ ബുക്ക് ചെയ്ത ഹോട്ടലിലേക്ക്. നീണ്ട യാത്രയുടെ ക്ഷീണം, ഒന്ന് നീണ്ടുനിവര്‍ന്നു കിടക്കണം. മയക്കം കഴിഞ്ഞുണര്‍ന്നപ്പോള്‍ സമയം വൈകി. ഹോട്ടലിന്റെ പിന്നിലൂടെയുള്ള വഴിയിലൂടെ കയറിയാല്‍ റോക് ഫോര്‍ട്ട് കാണാം. കൂറ്റന്‍ പാറയും അതിന് മുകളിലെ കെട്ടിടങ്ങളും. പക്ഷേ, പ്രവേശനഭാഗം കണ്ടുപിടിക്കാന്‍ പാറ മൊത്തം വലംവെക്കേണ്ടി വന്നു. എല്ലാം തമിഴില്‍ എഴുതിയിരിക്കുന്നതുകൊണ്ട് വായിച്ചെടുക്കാനും പാടുപെട്ടു. അവസാനം നാട്ടുകാരോട് ചോദിച്ച് കണ്ടുപിടിച്ചു വന്നപ്പോഴേക്കും സന്ദര്‍ശനസമയം കഴിഞ്ഞു. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെയാണ് സമയം. 

രണ്ട് മുഖങ്ങളുണ്ട് ഡിണ്ടിഗലിന്. ഒരുവശത്ത് നഗരവും മറുവശത്ത് ഗ്രാമവും. നഗരത്തിന്റെ ചൂടും തിരക്കുമാണ് ഒരുവശത്തെങ്കില്‍ ഗ്രാമത്തിന്റെ തണുപ്പും ശാന്തതയുമാണ് മറുവശത്തുള്ളത്. അത്താഴം പെരിയ ഹോട്ടലില്‍നിന്നാക്കി. ഡിണ്ടിഗല്‍ ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തെ ബാലാജി ഭവന്‍ ഹോട്ടലിന് പുറകിലെ വഴിയിലൂടെ കയറി ഇടത്തേക്ക് തിരിയണം. അവിടെനിന്ന് 700 മീറ്റര്‍ നടന്നാല്‍ ഇടതുവശത്ത് തലയുയര്‍ത്തിനില്‍ക്കുന്ന തലപ്പാക്കട്ടി റെസ്റ്റോറന്റ് കാണാം. ശരിയാണ്, പെരിയ കട തന്നെ. ഇരുന്നുകഴിക്കാനും ടേക്ക് എവേയ്ക്കും സൗകര്യമുള്ള വലിയ ഹോട്ടല്‍. കയറിച്ചെല്ലുമ്പോള്‍ തന്നെ ചുവരിലെ ചിത്രങ്ങളാണ് ആകര്‍ഷണം. നാഗസ്വാമി നായിഡുവിന്റെയും ഭാര്യയുടെയും പിന്നെ ബിരിയാണിക്കൂട്ട് തയ്യാറാക്കുന്നതിന്റെയും ചിത്രങ്ങള്‍ പാരമ്പര്യത്തെ വിളിച്ചറിയിച്ചു.

Dindigul 3

പുറത്തുനില്‍ക്കുന്ന വാച്ച്മാന്‍മുതല്‍ മാനേജര്‍വരെയുള്ളവരുടെത് സ്‌നേഹത്തോടെയുള്ള പെരുമാറ്റമാണ്. അപ്പോള്‍തന്നെ മനസ്സ് നിറയും. ഉച്ചയ്ക്ക് കിട്ടാതെപോയ ബ്ലാക്ക് പെപ്പര്‍ ചിക്കന്‍ ഓര്‍ഡര്‍ ചെയ്തു. അഞ്ച് മിനിറ്റിനകം കറുത്ത നീളന്‍ തടിപ്പാത്രത്തില്‍ സംഭവം എത്തി. കണ്ടപ്പോള്‍തന്നെ നാവില്‍ വെള്ളമൂറി. ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള ചിക്കന്‍ ഒരിത്തിരി നാവിന്‍തുമ്പില്‍ വെച്ചു. ഹോ! ഇത് ബിരിയാണിയെക്കാള്‍ ഒരുപടി മുന്നില്‍നില്‍ക്കും. എല്ലാ സുഗന്ധദ്രവ്യങ്ങളും ഇടിച്ചുപൊടിച്ചാണ് ബ്ലാക്ക് പെപ്പര്‍ ചിക്കന് കൂട്ട് തയ്യാറാക്കുന്നത്. തീരെ പൊടിഞ്ഞുപോകാതെ ചതച്ചാണ് ചേര്‍ക്കുക. അതുകൊണ്ട് ഗരം മസാലയുടെ രുചിയില്ല. മനസ്സും വയറും നിറഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ ചുവരിലെ ഫ്രെയിം ചെയ്ത ചില്ലിനുള്ളില്‍ തലപ്പാവും വെച്ചിരിക്കുന്ന നാഗസ്വാമി നായിഡുവിന് ഒരു കിടിലന്‍ സലാം കൊടുത്തു .
യാത്ര വിജയകരമായി എന്ന് തോന്നിയത്, പിറ്റേന്ന് ഡിണ്ടിഗല്‍ റോക് ഫോര്‍ട്ടില്‍ ചെന്നപ്പോഴാണ്. പതിനേഴാം നൂറ്റാണ്ടില്‍ മധുരൈ നായക് രാജാവായിരുന്ന മുത്തുകൃഷ്ണപ്പ നായക് പണിതതാണെന്ന് പറയപ്പെടുന്നു. കോട്ടയ്ക്കുള്ളില്‍ ജയിലുകളും കുതിരലായവും പീരങ്കികളും കുളവുമുണ്ട്. പിന്നെ 300 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രവും.

Dindugal 4
ക്ഷേത്രഗോപുരം

20 രൂപയാണ് പാസ്. ക്യാമറയ്ക്ക് സ്പെഷ്യല്‍ പാസൊന്നും വേണ്ട. ഫോട്ടോ എടുക്കാനുള്ള അനുവാദം മാത്രമേയുള്ളൂ. വീഡിയോ എടുക്കരുതെന്നവര്‍ കര്‍ശനമായി പറഞ്ഞു. മുകളിലേക്ക് കയറുന്നതിന് മുന്നേ ഒരു കുപ്പിവെള്ളവും വാങ്ങിക്കോളാന്‍ നിര്‍ദേശം തന്നു. ടിക്കറ്റ് എടുത്ത് പടികളായി കൊത്തിവെച്ചിരിക്കുന്ന പാറക്കുന്നിന്റെ മുകളിലേക്ക് കയറണം. 900 അടി ഉയരത്തില്‍ 2.75 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ കോട്ടയ്ക്ക് പറയാന്‍ ഒരുപാട് ചരിത്രമുണ്ട്.

Dindugal 5
കല്‍മണ്ഡപം

പടികള്‍ കയറിക്കയറി മുകളിലെത്തിയാല്‍ ഒരു ചെറിയ കവാടം. അതിനുള്ളിലൂടെ കോട്ടയ്ക്കകത്തേയ്ക്ക്... വലതുവശത്തെ ചെറിയ കവാടത്തിനുള്ളിലൂടെ കയറിയാല്‍ കുതിരലായം എന്നുതോന്നിപ്പിക്കുന്ന ഇടങ്ങളും മുറികളും ഉണ്ട്. അതിന് മുന്നില്‍ വിശാലമായ പാറക്കെട്ടുകള്‍. ആ പാറക്കെട്ടുകള്‍ കയറിയിറങ്ങിക്കയറിക്കാണുന്ന അടുത്ത പാറക്കെട്ടിന്റെ മുകളിലാണ് ക്ഷേത്രം. പടുകൂറ്റന്‍ പാറയാണ്. ഇവിടെനിന്ന് നോക്കിയാല്‍ നഗരം മുഴുവന്‍ കാണാം. മുത്തുകൃഷ്ണപ്പ നായ്ക്കരാണ് ഈ കോട്ടയുടെ സ്രഷ്ടാവ്. മൈസൂര്‍ സേനയില്‍നിന്ന് തന്റെ രാജ്യത്തെ രക്ഷിക്കാന്‍ പണിതതാണ് ഈ കോട്ട. ഹൈദര്‍ അലി പിന്നീട് കോട്ട പിടിച്ചെടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള യുദ്ധത്തിനുള്ള സന്നാഹങ്ങളൊക്കെ സൂക്ഷിക്കാന്‍ ഒരിടമാക്കി മാറ്റി. പിന്നെ കുറേനാള്‍ ബ്രിട്ടീഷുകാരുടെ കൈയില്‍. ഇഷ്ടികകൊണ്ടും കരിങ്കല്ലുകൊണ്ടുമാണ് കോട്ടയുടെ നിര്‍മിതി. കോട്ടയുടെ മുകളിലെ പീരങ്കികള്‍ എത്രയെത്ര യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ടാകണം! 1799-ല്‍ കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്തു. ഇപ്പോള്‍ ആര്‍ക്കിയോളോജിക്കല്‍ വകുപ്പിന്റെ കൈവശമാണ്. കോട്ടയ്ക്കകത്ത് മഴവെള്ളം ശേഖരിക്കാനായുള്ള കിടങ്ങുകളും ചെറു കുളങ്ങളും ഉണ്ട്. 

Dindugal 6

കത്തുന്ന വെയിലില്‍ കോട്ട താണ്ടി മുകളിലെ ക്ഷേത്രത്തിന് മുന്നില്‍ എത്തിയപ്പോള്‍ ചരിത്രത്തിലേക്കൊരു ചുവടെടുത്തുവെച്ചതുപോലെ തോന്നി. മുഴുവനും കല്ലില്‍തീര്‍ത്ത ക്ഷേത്രം, അടിത്തറമുതല്‍ ശ്രീകോവിലിന്റെ ഗോപുരംവരെ. പുറത്തെ പൊള്ളുന്ന ചൂടില്‍നിന്ന് ക്ഷേത്രത്തിനകത്ത് കടന്നപ്പോള്‍ ഒരാശ്വാസം. അടുത്തേക്കെത്തുംതോറും കൗതുകവും വിസ്മയവും വര്‍ധിച്ചുവന്നു. നേരിയ തണുപ്പും പഴമയുടെ ഗന്ധവുമുള്ള 64 തൂണുകളുള്ള അകത്തളം. ഓരോ തൂണുകളിലും ഓരോരോ ശില്പങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. 

Dindugal 7
കോട്ടയ്ക്കുള്ളിലെ പീരങ്കി

ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ നശിച്ചുപോയതാണോ എടുത്തുമാറ്റിയതാണോ എന്നറിയില്ല. മൂന്ന് പ്രതിഷ്ഠകളുണ്ടായിരുന്നിരിക്കണം. ഇതിനകത്തിരിക്കുമ്പോള്‍ പഠിച്ചു മറന്ന ചരിത്ര പുസ്തകത്തിലെവിടെയോ ആണെന്ന് തോന്നും. തിരികെ പോരുമ്പോള്‍ ബിരിയാണിയുടെ രുചിയും ക്ഷേത്രത്തിന്റെ ഗന്ധവും തണുപ്പുമായിരുന്നു മനസ്സ് മുഴുവന്‍.