ഇപ്പോഴത്തെ ഊട്ടി
കേരളത്തില്‍ ജനിക്കുകയും അരനൂറ്റാണ്ട് ഊട്ടിയില്‍ ജീവിക്കുകയും ആ ദേശത്തെ, വിവിധകാലങ്ങളിലും ഋതുക്കളിലും പകര്‍ത്തുകയുംചെയ്ത ഒരു ഫോട്ടോഗ്രാഫര്‍ എഴുതിയ കുറിപ്പും അദ്ദേഹത്തിന്റെ ശേഖരത്തിലെ ചിത്രങ്ങളുമാണിവ. ലോകത്തെ ഏറ്റവുംവലിയ ഫോട്ടോ സ്റ്റോക്ക് ഏജന്‍സിയായ ഗെറ്റി ഇമേജസിന്റെ ഇന്ത്യയിലെ ഫോട്ടോഗ്രാഫറും അന്തര്‍ദേശീയ നേച്ചര്‍ ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനിലെ അംഗവുമായ ലേഖകന്‍ ഊട്ടി ജീവിതത്തോട് വിടപറഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ പശ്ചാത്തലത്തിലെഴുതിയ കുറിപ്പ്.
ഞാന്‍ ജനിച്ചതും വളര്‍ന്നതും സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം വരെയുള്ള കാലഘട്ടവും ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് അമ്മയുടെ തറവാട്ടിലായിരുന്നു. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി, പോസ്റ്റ്മാസ്റ്ററായിരുന്ന അച്ഛനും അമ്മയും താമസിക്കുന്ന പുനലൂരിലേക്ക് ഞാന്‍ പോയി. പത്രമാധ്യമങ്ങള്‍ക്ക് വേണ്ട ഇല്ലസ്‌ട്രേഷനും കാര്‍ട്ടൂണുകളും മുഖചിത്രങ്ങളും ഒക്കെയായാണ് ഞാന്‍ കലാരംഗത്തേക്കു പ്രവേശിച്ചത്. ഒപ്പം ഉദ്യോഗാര്‍ഥിയായ ഞാന്‍ പി.എസ്.സി.ക്ക് അപേക്ഷകളയക്കുകയും വിവിധ ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ പുനലൂരിലെ ആര്‍ട്ട് ലൂമിയര്‍ സ്റ്റുഡിയോയില്‍ ജോലികിട്ടി. ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്തബന്ധുവിന്റെ ക്ഷണപ്രകാരമാണ് ഊട്ടിയിലേക്ക് പുറപ്പെട്ടത്. ഊട്ടിയില്‍ അദ്ദേഹം നടത്തിവരുന്ന സ്റ്റുഡിയോ നോക്കിനടത്താന്‍ വിളിക്കുകയായിരുന്നു. ആസ്ത്മരോഗിയായതിനാല്‍ അവിടെ തുടര്‍ച്ചയായി നില്‍ക്കാന്‍പറ്റുന്നില്ലെന്നും എല്ലാകാര്യങ്ങളും നോക്കിനടത്തണമെന്നും ജോലിക്കാര്‍ അത്ര ശരിയല്ലെന്നും സ്ഥാപനം നശിക്കാതിരിക്കാന്‍ അത്യാവശ്യമായി ഞാന്‍ ചെല്ലണമെന്നുമായിരുന്നു നിര്‍ദേശം. അവിടെവെച്ച് ഇല്ലസ്‌ട്രേഷനുകളും കാര്‍ട്ടൂണുകളും വരച്ച് മാധ്യമങ്ങള്‍ക്ക് അയക്കുകയും സ്റ്റുഡിയോ നോക്കുകയും ചെയ്യാം, ഏതെങ്കിലും സര്‍ക്കാര്‍ജോലി കിട്ടിയാല്‍ ആ സമയത്ത് തിരിച്ചുപോരുകയുമാകാം ഇതായിരുന്നു ധാരണ.
.jpg?$p=f1b1304&&q=0.8)
എറണാകുളത്തുനിന്ന് രാത്രി ഒന്‍പതുമണിക്ക് തിരിക്കുന്ന ടീ ഗാര്‍ഡന്‍ എക്‌സ്പ്രസില്‍ അടുത്തദിവസം രാവിലെ ഞാന്‍ കൂനൂരിലെത്തി. അരിച്ചുകയറുന്ന തണുപ്പുള്ള പ്രഭാതം. സ്വെറ്റര്‍ കൈയില്‍ കരുതിയിരുന്നെങ്കിലും തണുപ്പ് അവയൊന്നും താങ്ങുന്ന മട്ടില്ലായിരുന്നു. അവിടെ ആദ്യംകണ്ട ഒരു സാധാരണ ഹോട്ടലിലേക്ക് കയറി. ഞാനിരുന്ന മേശയില്‍ത്തന്നെ എതിര്‍ഭാഗത്തിരുന്നിരുന്ന മറ്റൊരു വ്യക്തി എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വെള്ളമുണ്ടും ഷര്‍ട്ടും അതിനുമുകളില്‍ കോട്ടുമായിരുന്നു വേഷം. നെഹ്രുത്തൊപ്പിപോലെയുള്ള ഒരു പ്രത്യേകതരം കറുത്തതൊപ്പിയും! അദ്ദേഹം ഓര്‍ഡര്‍ ചെയ്തതുപോലെ ഞാനും പൂരിമസാലയ്ക്കു ഓര്‍ഡര്‍ചെയ്തു. അന്നു കേരളത്തില്‍ പ്രചാരംലഭിക്കാത്ത ഒരു പലഹാരമായിരുന്നു പൂരിമസാല. മലയാളം പറഞ്ഞാല്‍ മനസ്സിലാകുന്ന അദ്ദേഹം എന്നോട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അറിയാവുന്ന മുറിത്തമിഴും ഇംഗ്ലീഷും മലയാളവും കലര്‍ത്തി ഞാന്‍ അതിനു മറുപടിപറഞ്ഞു. പൂരി ഇഷ്ടപ്പെട്ടെങ്കിലും അതിനോടൊപ്പം തന്ന മസാലയ്ക്ക് നമ്മുടെ നെല്‍ച്ചെടിയില്‍ കാണപ്പെടുന്ന ചാഴിയുടെ ഒരു നാറ്റംപോലെയാണ് എനിക്കുതോന്നിയത്. അത് മല്ലിയിലയുടെ മണമാണെന്നും ഈ നാട്ടില്‍ ഇത് ഭക്ഷണത്തില്‍ പൊതുവേ ഉള്‍പ്പെടുത്താറുണ്ടെന്നും അയാള്‍ വിവരിച്ചു. ചെറിയ തുകയായിരുന്നെങ്കിലും എത്ര ശ്രമിച്ചിട്ടും എന്റെ ഭക്ഷണത്തിനുള്ള പൈസ അദ്ദേഹംതന്നെ കൊടുക്കാമെന്നു നിര്‍ബന്ധിച്ചു. ഒടുവില്‍ ഒരു കുറ്റബോധത്തോടെ എനിക്കത് സമ്മതിക്കേണ്ടിവന്നു. അദ്ദേഹം പറഞ്ഞത് നിങ്ങള്‍ ഞങ്ങളുടെ അതിഥിയാണ്. ഒരു ആതിഥേയന്‍ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നതുമാത്രമാണ് ഞാന്‍ ഈ ചെയ്യുന്നത്. അതായിരുന്നു എന്റെ ആദ്യത്തെ ഊട്ടി അനുഭവം. പിന്നീടെപ്പോഴെങ്കിലും ആ നല്ല മനുഷ്യനെ ഈ നഗരത്തില്‍ എവിടെയെങ്കിലുംവെച്ച് കാണാമെന്നുകരുതിയെങ്കിലും പിന്നെ കണ്ടിട്ടില്ല.
.jpg?$p=f1b1304&&q=0.8)
ആദ്യം അവിടെ ബന്ധുവിന്റെ വീട്ടിലെത്തി. വൈകുന്നേരത്തോടെ സ്റ്റുഡിയോയിലേക്ക് വന്ന് ജോലിക്കാരെയും പരിചയപ്പെട്ടു. അടുത്തദിവസം സ്റ്റുഡിയോയുടെ എല്ലാ ചാവികളും എന്റെ കൈവശം തന്നു. അവരെ നയിക്കാനും നിയന്ത്രിക്കാനും അനുസരിപ്പിക്കാനും പുതിയ ഒരു കക്ഷി വന്നിരിക്കുന്നു എന്നതിന്റെപേരില്‍ ആദ്യം ചില വൈഷമ്യങ്ങളുണ്ടായെങ്കിലും പിന്നീട് എല്ലാവരും എന്നോടൊപ്പം ചേരുകയായിരുന്നു. എന്നാല്‍, അധികംവൈകാതെ ബന്ധു മരിക്കുകയും തുടര്‍ന്ന് കെട്ടിടത്തിന്റെ വാടക എഗ്രിമെന്റ് പുതുക്കാന്‍ തമിഴ്‌നാട്ടുകാരനായ ഉടമസ്ഥന്‍ തയ്യാറാകാതെവരുകയും ചെയ്തതോടെ ബന്ധുവിന്റെ കുടുംബം നാട്ടിലേക്കുപോയി. അതോടെ ഞാന്‍ മറ്റൊരിടത്ത് സ്വന്തമായി പുതിയ സ്റ്റുഡിയോ ആരംഭിച്ചു. ഗുരു നിത്യചൈതന്യയതി വന്ന് അത് ഉദ്ഘാടനം നിര്‍വഹിക്കുകയുംചെയ്തു.
നീലഗിരി എന്നത് ഒരു പ്രത്യേകസ്ഥലത്തിന്റെ പേരായിട്ടാണ് നമ്മുടെ നാട്ടുകാര്‍ പലരും കരുതുന്നത്. ഇത് ഇന്ന് തമിഴ്‌നാട്ടിലെ ചെറിയജില്ലകളില്‍ ഒന്നിന്റെ പേരാണ്. കൂനൂര്‍, കോത്തഗിരി, ഊട്ടി, കുന്ത, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ എന്നീ താലൂക്കുകള്‍ ചേര്‍ന്നുള്ള ജില്ലയുടെ ആസ്ഥാനം പ്രസിദ്ധ ടൂറിസ്റ്റുകേന്ദ്രവും സുഖവാസസ്ഥലവുമായ ഊട്ടിയാണ്. ഞാന്‍ ചെല്ലുന്നകാലത്ത് റോഡുകളും വഴികളുമെല്ലാം ഒരുതരം നനഞ്ഞ അവസ്ഥയിലായിരുന്നു. മാത്രമല്ല റോഡുകളൊഴികെ ബാക്കി നടക്കുന്നതെല്ലാം പടവുകളിലൂടെ മാത്രമായിരുന്നു. കുന്നിന്‍പ്രദേശമായതുകൊണ്ടാകാം എങ്ങോട്ടുപോകണമെങ്കിലും പടവുകള്‍ തന്നെയാണ് ആശ്രയം. ഓടുന്ന ട്രെയിനില്‍പ്പോലും ഫാനുകള്‍ വേണമെന്ന് നിര്‍ബന്ധമുള്ള എന്നിലെ മലയാളി ഇവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച വ്യത്യസ്തമായിരുന്നു. എങ്ങും ഫാന്‍ എന്ന ഉപകരണമില്ലായിരുന്നു. ആളുകള്‍ തിങ്ങിക്കൂടുന്ന സിനിമാ തിയേറ്ററുകളില്‍പ്പോലും ഫാന്‍ ഇല്ല. കാലാവസ്ഥ സദാസമയവും മഞ്ഞുമൂടിയതും തണുപ്പേറിയതുമായതിനാല്‍ ഫാന്‍ ആവശ്യമില്ല. മൂടല്‍മഞ്ഞ് അകത്തുകയറുന്നതിനാല്‍ സ്‌കൂളുകളില്‍ എല്ലാ ക്ലാസ് മുറികളും അടച്ചിട്ടാണ് പഠിപ്പിക്കുന്നത്. വീടുകള്‍ക്കൊന്നും വെന്റിലേഷന്‍ സംവിധാനമില്ല. കാരണം വൈകുന്നേരങ്ങളോടെ അതിലേക്ക് അടിച്ചുകയറുന്ന തണുപ്പ് രാത്രിയില്‍ അസഹ്യമായിരിക്കും. ഉറങ്ങാന്‍ പറ്റില്ല. ഫാനിന് പകരം എല്ലാ ഗവണ്‍മെന്റ് ഓഫീസുകളിലും റൂംഹീറ്റര്‍ എന്നുപറയുന്ന ഒരു പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
.jpg?$p=09e9aed&&q=0.8)
പകല്‍സമയങ്ങളിലാകട്ടെ ഒരുതരം പഞ്ഞിപോലെയുള്ള മഴച്ചാറ്റല്‍ പറന്നുനടക്കും. നമ്മള്‍ നടന്നുപോകുമ്പോള്‍ കണ്‍പീലികളിലും തലമുടിയിലും മീശയിലും ഇത് പറ്റിപ്പിടിക്കും. അന്ന് പകല്‍സമയങ്ങളില്‍ 14 ഡിഗ്രിയായിരുന്നു റൂം ടെമ്പറേച്ചര്‍. മിക്കസ്ഥാപനങ്ങളിലും വീടുകളിലും തെര്‍മോമീറ്റര്‍ വെച്ചിട്ടുമുണ്ടാകും. വെളിച്ചെണ്ണ ഹല്‍വക്കഷണം പോലെ വെട്ടിമുറിച്ചെടുത്ത് പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ് സാധാരണകടലാസില്‍ കെട്ടിയാണ് കടയില്‍നിന്ന് വാങ്ങാന്‍കിട്ടുക. സാധാരണ വീടുകളില്‍ രാത്രികാലങ്ങളില്‍ സിഗിരി എന്നുപറയുന്ന എടുത്തുമാറ്റാവുന്ന അടുപ്പുകളില്‍ കരിക്കട്ടകളിട്ട് തീകത്തിച്ചാണ് ഉറങ്ങിയിരുന്നത്. വലിയ ബംഗ്ലാവുകളിലാകട്ടെ ഇതിന് പ്രത്യേകതരം ഫയര്‍പ്ലെയിസ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ആ കാലാവസ്ഥയ്ക്കു ഇന്ന് ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. 45 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴത്തെ റൂം ടെമ്പറേച്ചര്‍ 32 ഡിഗ്രി എത്തിനില്‍ക്കുന്നു. അതോടെ ചൂടും ഉഷ്ണവുമെല്ലാം അധികരിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
.jpg?$p=7e4c243&&q=0.8)
തേയിലവ്യവസായവും ടൂറിസവുമായിരുന്നു ഈ നാട്ടിലെ സമ്പദ്ഘടനയുടെ അടിത്തറ. ഇവിടെ രണ്ടുതരത്തിലുള്ള മനുഷ്യരാണുള്ളത്. ഒന്ന്, ഏറ്റവും താഴ്ന്നവരുമാനമുള്ള സാധാരണക്കാരും മറ്റൊന്ന് ഏറ്റവും ഉയര്‍ന്നവരുമാനമുള്ള അതിസമ്പന്നരായ ആള്‍ക്കാരും. ഇടത്തരക്കാര്‍ നന്നേകുറവാണ്. സാധാരണക്കാരായ ജനങ്ങള്‍ വെറുംസാധുക്കളായവരും സ്‌നേഹസമ്പന്നരും വളരെ മര്യാദയോടുകൂടി ജീവിക്കുന്നതുമായ ഒരു സമൂഹമാണ്. പരസ്പരബഹുമാനവും മാന്യമായ പെരുമാറ്റവും എടുത്തുപറയേണ്ട കാര്യമാണ്. വിനോദസഞ്ചാരകേന്ദ്രംകൂടി ആയതിനാലാകാം വളരെ ആതിഥ്യമര്യാദയുള്ളവരാണ് ജനങ്ങള്‍. പേപ്പട്ടിവിഷത്തിന് വാക്‌സിന്‍ നിര്‍മിക്കുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കൂനൂരിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പ്രസിദ്ധമായ ഇവിടത്തെ തേയിലത്തോട്ടം മുതലാളിമാരുടെ സംഘടനയായ ഉപാസി, ചരിത്രപ്രസിദ്ധമായ എന്‍.എം.ആര്‍. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നീലഗിരി മൗണ്ടന്‍ റെയില്‍വേ, നീലഗിരി പ്ലാന്റേഴ്‌സ് അസോസിയേഷന്‍, പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് നീലഗിരി, ഊട്ടിയിലെ പ്രസിദ്ധമായ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഫഌര്‍ഷോയുടെ നൂറാംവാര്‍ഷികം ഇങ്ങനെ വലിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നൂറാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കുചേരാനും അതില്‍ ഭാഗഭാക്കാകാനും ഇക്കാലയളവില്‍ എനിക്ക് കഴിഞ്ഞുവെന്നത് വളരെ അഭിമാനത്തോടെ ഓര്‍ക്കുന്നു. നഷ്ടങ്ങളുടെ കണക്കുനോക്കിയാല്‍ എനിക്ക് വ്യക്തിപരമായി പറ്റിയ ഏറ്റവും വലിയ തീരാനഷ്ടം എപ്പോഴും താങ്ങുംതണലുമായി നിന്നിരുന്ന ഗുരു നിത്യചൈതന്യയതിയുടെ വേര്‍പാടായിരുന്നു.
നാട്ടിലിരുന്ന് ഈ ഫോട്ടോകളിലേക്ക് നോക്കുമ്പോള്‍ ഞാന്‍ എന്നിലേക്കുതന്നെ തിരിച്ചുനടക്കുന്നു: എന്റെ യൗവ്വനത്തിലേക്കും മധ്യവയസ്സിലേക്കും മടങ്ങിപ്പോകുന്നു ഒപ്പം തണുത്തുതളിര്‍ത്ത ഒരു ദേശത്തേക്കും.
(പുനഃപ്രസിദ്ധീകരണം)
Content Highlights: dethan punalur photographer ooty life ooty climate change


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..