ലോകംചുറ്റാന്‍ പണം ഒരു ഘടകമേ അല്ലെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് മാത്യൂസ് സൈറെക്ക് ലണ്ടനില്‍നിന്ന് യാത്ര തുടങ്ങിയത്. സൈക്കിളിലാണ് മാത്യൂസ് ലോകം ചുറ്റുന്നത്. കേള്‍ക്കുമ്പോള്‍ ആനന്ദകരമെന്ന് തോന്നുമെങ്കിലും യാത്ര ക്ലേശം നിറഞ്ഞതായിരുന്നെന്ന് ഈ പോളണ്ടുകാരന്‍ പറയുന്നു. 

മാത്യൂസ് 11 വര്‍ഷമായി ലണ്ടനില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ്. അവിടെനിന്നാണ് യാത്ര എന്നൊരു ആശയം രൂപപ്പെടുന്നത്. ഏഴുമാസം ഉലകം ചുറ്റിയാണ് മാത്യുസ് കോഴിക്കോട്ടെത്തിയത്. പാവങ്ങാട്ടെ ശാന്ത സുന്ദരമായ ഒരു കൊച്ചുവീട്ടിലാണ് തങ്ങിയത്.

സഞ്ചരിച്ച നാടുകളില്‍ ആതിഥ്യമര്യാദ കൂടുതല്‍ ഉള്ളവരും സ്വന്തം വീടുകളില്‍ തന്നെ താമസിപ്പിക്കാന്‍ സന്നദ്ധത കാണിച്ചതും ഇറാന്‍കാരായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. പാകിസ്താനില്‍ സ്വതന്ത്രമായി നടക്കാന്‍ വിലക്കുകളുണ്ടായിരുന്നതിനാല്‍ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു യാത്ര. വാക്കുകളാല്‍ ഉണ്ടാക്കപ്പെട്ട വ്യത്യസ്തതകള്‍ക്കും അതിര്‍ത്തികള്‍ക്കുമപ്പുറം യാതൊന്നും തനിക്കനുഭവപ്പെട്ടില്ലെന്നും ഒരുപാട് ഇന്ത്യക്കാരും പാകിസ്താനികളും സുഹൃത്തുക്കളായുണ്ടെന്നും മാത്യൂസ് പറഞ്ഞു. 

ഒരു യൂറോപ്യന് കേരളം സ്വര്‍ഗ തുല്യമാണ്. എന്നാല്‍ എന്നും കാണുന്ന കേരളീയന് അതിന്റെ പ്രത്യേകതയെ എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നറിയില്ല. ഇത്രത്തോളം ഭാഷാ വൈവിധ്യവും സംസ്‌കാരവും നിറഞ്ഞ നാടെന്ന നിലയില്‍ ഇന്ത്യയില്‍ വരാന്‍ ഭയമായിരുന്നെങ്കിലും ഇവിടുത്തെ ഓരോന്നും തന്നെ അത്ഭുതപ്പെടുത്തുകയാണ്. ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റി. ഇനി കിഴക്കന്‍ മേഘാലയയാണ് ലക്ഷ്യം. 

ദിവസവും 80 കിലോമീറ്റര്‍ സഞ്ചരിക്കുന്ന മാത്യൂസ്, ശൈത്യകാലമെത്തുന്നതിന് മുമ്പെ ഓസ്ട്രേലിയയില്‍ എത്താനുള്ള ശ്രമത്തിലാണ്.

Content Highlights: Mathews, Cycle Traveller, World Travelling in Cycle