നിക്ക് സൈക്കിളിൽ ഒരു യാത്ര പോകണം. ഇറ്റലി മൊത്തം കണ്ടുതീർക്കണം. ഇങ്ങനെയൊരാവശ്യം ലിബിൻ പറഞ്ഞപ്പോൾ ഒറ്റവാക്കിലായിരുന്നു വീട്ടുകാരുടെ മറുപടി. വേണ്ട. പക്ഷേ യാത്ര ചെയ്യണം എന്ന ആ ചെറുപ്പക്കാരന്റെ അടക്കാനാവാത്ത അഭിനിവേശത്തിന് മുന്നിൽ വീട്ടുകാർ തലകുനിച്ചു. കാണുന്നവർ പ്രതീക്ഷിക്കുന്ന ക്ലൈമാക്സിലേക്ക് നാടകീയമായ രം​ഗങ്ങളോടുകൂടി എത്തുന്ന തനി മലയാള കുടുംബസിനിമയുടെ സ്റ്റൈലിൽ. കാസർകോട് രാജപുരം സ്വദേശി ലിബിൻ ലൂക്കാ സൈക്കിളിൽ ഇറ്റലി കറങ്ങാൻ പോയ കഥ ഇവിടെ ആരംഭിക്കുന്നു.

Libin 1

പ്ലസ് ടു കഴിഞ്ഞതു മുതൽതന്നെ ലിബിന്റെ മനസിൽ യാത്രകൾ ചെയ്യുക എന്ന ആ​ഗ്രഹം മുളപൊട്ടിയിരുന്നു. 2019-ലാണ് സ്വന്തമായി സൈക്കിൾ വാങ്ങുന്നത്. കഴിഞ്ഞ വർഷം കൊറോണയുടെ സമയത്ത് ഇറ്റലിയിൽ സന്ദർശനത്തിന് വന്നതായിരുന്നു ലിബിൻ. ഏഴു മാസം ഇറ്റലിയിൽ പ്രായമായ ഒരാളുടെ കെയർടേക്കറായി ജോലി നോക്കി. ഇയാൾ പെട്ടന്നൊരു ദിവസം മരിച്ചതോടെ ലിബിന് ആ ജോലി നഷ്ടമായി. അമ്മ നാട്ടിലേക്ക് പോയതോടെ അവർ പരിചരിച്ചിരുന്ന ഒരാളുടെ പരിചരണം ലിബിൻ ഏറ്റെടുത്തു. രണ്ടു മാസം അങ്ങനെ പോയി. വിസയുമില്ല, പോരാത്തതിന് ലോക്ക്ഡൗണും. ഇതോടെ നാട്ടിലേക്കുള്ള മടക്കവും അനിശ്ചിതത്വത്തിലായി. അക്ഷരാർത്ഥത്തിൽ പെട്ടുപോയ അവസ്ഥ. അങ്ങനെയിരിക്കേയാണ് ഇറ്റാലിയൻ സർക്കാർ അഭയാർത്ഥികൾക്കായി വിസ നൽകാൻ തീരുമാനിക്കുന്നത്. എല്ലാവരേയും പോലെ ലിബിനും അപേക്ഷിച്ചു. ഭാ​ഗ്യവശാൽ കിട്ടുകയും ചെയ്തു. അങ്ങനെ നാട്ടിലേക്ക് മടക്കം.

Libin 2

നാട്ടിലേക്ക് മടങ്ങി വെറുതിയിരിക്കുകയായിരുന്നില്ല ലിബിൻ ചെയ്തത്. ഒരു സൈക്കിൾ സംഘടിപ്പിച്ച് നേരെ ഇറങ്ങി. ഹിമാചൽ പ്രദേശായിരുന്നു ലക്ഷ്യം. 2020 മേയ് മുതൽ ആ​ഗസ്റ്റ് വരെ കറക്കം. ഈ സമയത്ത് ലിബിൻ ഒരു പദ്ധതിയിട്ടു. സൈക്കിളിൽ ഒന്ന് ഇറ്റലി ചുറ്റണം. ആ നാടിനെ അറിയണം. ഹിമാചൽ യാത്ര കഴിഞ്ഞു വന്ന് കാര്യം വീട്ടിലവതരിപ്പിച്ചു. വേണ്ട എന്നായിരുന്നു മറുപടി. വീട്ടുകാരുടെ പേടി തന്നെയായിരുന്നു കാരണം. പക്ഷേ, തന്റെ യാത്രയുടെ ഉദ്ദേശം കൃത്യമായി വീട്ടുകാരെ ധരിപ്പിച്ച്, അവരെ സമ്മതിപ്പിച്ച് ആ കാസർകോട്ടുകാരൻ തന്റെ സ്വപ്നയാത്ര ആരംഭിച്ചു. ഒക്ടോബർ ഏഴിന്. വെറുതേ യാത്ര ചെയ്യുക എന്നതിലുപരി തന്റെ യാത്രയിലൂടെ എന്തെങ്കിലും സന്ദേശം നൽകണം എന്നാണ് ഈ യുവാവ് ചിന്തിച്ചത്. അങ്ങനെയാണ് നോ ടു ചൈൽഡ് ലേബർ എന്ന മുദ്രാവാക്യവുമായി അദ്ദേഹം യാത്ര തുടങ്ങിയത്.

Libin 3

കുറഞ്ഞ ചെലവിൽ ഒരു യാത്ര. നാട്ടിൽനിന്ന് നേരെ ഇറ്റലിയിലെത്തി. ആദ്യം ചെയ്തത് പുതിയ സൈക്കിൾ ഒരെണ്ണം വാങ്ങുകയാണ്. ടെന്റും പാചകം ചെയ്യാനുള്ള സാധനസാമ​ഗ്രികളുമെല്ലാം സൈക്കിളിൽത്തന്നെ സജ്ജീകരിച്ചു. ഈ സജ്ജീകരണങ്ങൾക്കെല്ലാം കൂടി ഇന്ത്യൻ രൂപ പതിനായിരം ആയി. നല്ല റോഡാണെങ്കിൽ ദിവസം 70 കിലോ മീറ്റർ സൈക്കിൾ ചവിട്ടും. അല്ലെങ്കിൽ 50 കിലോ മീറ്റർ. ഏതെങ്കിലും പാർക്കിലോ വർക് ഷോപ്പുകളിലോ ആണ് രാത്രി താമസം. രാവിലെ വീണ്ടും യാത്ര തുടരും. ഇറ്റലിയുടെ തെക്കുഭാ​ഗത്തുള്ള ത്രോപ്പെയ മുതൽ വെനീസ് വരെയാണ് ഇപ്പോഴത്തെ യാത്ര.

Libin 4

പൊതുവേ സ്വന്തം കാര്യം നോക്കി ഒതുങ്ങിക്കൂടുന്നവരാണ് ഇറ്റലിക്കാർ. പക്ഷേ, സൈക്കിളിൽ യാത്ര ചെയ്യുന്നതുകൊണ്ട് പലരും ശ്രദ്ധിക്കുന്നുണ്ടെന്നും അടുത്തുവന്ന് സംസാരിക്കുകയും ഭക്ഷണം വാങ്ങിത്തരികയും ചെയ്തിട്ടുണ്ടെന്ന് ലിബിൻ പറഞ്ഞു. യാത്രയ്ക്കിടെ താമസിക്കാൻ ആദ്യം ഹോട്ടലുകളേ ആയിരുന്നു ആശ്രയിച്ചിരുന്നു. വഴിയിൽ ഒരിടത്തുവെച്ച് പരിചയപ്പെട്ട ലണ്ടൻ സ്വദേശിയായ ജൂലിയൻ ആണ് പാർക്കോ ബീച്ചോ പോലുള്ളയിടങ്ങളിൽ സൈക്കിൾ നിർത്തി രാത്രിവിശ്രമം അവിടെയാക്കാമെന്ന് നിർദേശിക്കുന്നത്. യാത്രയ്ക്കിടയിൽ ഒരിടത്തുവെച്ച് പോലീസ് പിടികൂടി. സൈക്കിളുമായി സഞ്ചരിക്കാൻ വിലക്കുള്ള റോഡിലൂടെ അബദ്ധത്തിൽ എത്തിയതായിരുന്നു പ്രശ്നമായത്. ഫൈനടക്കാൻ പറഞ്ഞു. പക്ഷേ, ഭാ​ഗ്യം അവിടെ ലിബിനെ തുണച്ചു. സൈക്കിൾ യാത്രികനാണെന്നും യാത്രയുടെ ഉദ്ദേശമെന്തെന്നും പറഞ്ഞതോടെ പോലീസുകാർ തന്നെ സുരക്ഷിതമായി സഞ്ചരിക്കാവുന്ന ഒരിടത്തേക്ക് ലിബിനെ കൊണ്ടുപോയി. ചുളുവിൽ ഒരു പോലീസ് എസ്കോർട്ട് കിട്ടി എന്നും പറയാം.

സീസണിലല്ല യാത്ര നടത്തുന്നത് എന്ന വെല്ലുവിളിയാണ് ലിബിന് യാത്രയിൽ നേരിടേണ്ടി വരുന്നത്. തണുപ്പ് തന്നെ കാരണം. നല്ല തണുപ്പാണ് യാത്രയിലുടനീളം. വെനീസിൽ എത്തുമ്പോഴേക്കും തണുപ്പ് ഇനിയും കൂടും. പേടിയുള്ളതിനാൽ വീട്ടിൽനിന്ന് എന്നും വിളിക്കുമെന്ന് ഈ യാത്രികൻ പറയുന്നു. 15 ദിവസം ഇനിയുമെടുക്കും വെനീസിലേക്ക്.  ഈ യാത്രയ്ക്കിടെ മറ്റൊരു പദ്ധതികൂടിയുണ്ട് ലിബിന്. നിലവിലെ യാത്ര ഒന്നുകൂടി നീട്ടുക. പിന്നെ യൂറോപ്പ് ഒന്ന് സൈക്കിളിൽ ചുറ്റണം. അതിനായി വീട്ടുകാരുടെ സമ്മതം ലഭിക്കാനായി ശ്രമിക്കുകയാണ് ഈ ചെറുപ്പക്കാരൻ.

Content Highlights: cycle travel, bicycle touring blog, cycle travel in italy, Libin's cycle travel