ക്രസന്റ് ഐലന്റിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: അജിത് കുമാർ
വന്യജീവി ഫോട്ടോഗ്രാഫർമാർക്കും നിരീക്ഷകർക്കും തീർത്ഥാടനകേന്ദ്രങ്ങൾ പോലെയാണ് ആഫ്രിക്കയിലെ വന്യജീവി സങ്കേതങ്ങൾ. നാട്ടിൽ ശബരിമല തീർത്ഥാടനത്തിന് പോകുന്നവർ പ്രസിദ്ധമായ മറ്റു ക്ഷേത്രങ്ങളിലും കയറുന്നതുപോലെ കെനിയയിലെ മസായ് മാര സന്ദർശിക്കുന്നവർ അവിടുത്തെ മറ്റു വന്യജീവിസങ്കേതങ്ങളും കൂടി സന്ദർശിച്ചു പോരുന്നു. അവയിൽ മനോഹരമായ ഒരിടമാണ് ക്രസന്റ് ഐലന്റ് (Crescent Isaland Game Sanctuary) എന്നറിയപ്പെടുന്ന ദ്വീപ്.

വന്യമൃഗങ്ങളുടെ പറുദീസയായ മസായ് മാര സന്ദർശിച്ചശേഷം വിവിധങ്ങളായ ജലപക്ഷികളെയും ഹിപ്പൊപ്പൊട്ടാമസുകളേയും അടുത്ത് കാണാനും ചിത്രങ്ങൾ പകർത്താനുമാണ് ക്രസന്റ് ഐലന്റിൽ എത്തിയത്. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽനിന്നു നൂറു കിലോ മീറ്റർ സഞ്ചരിച്ചാൽ ശുദ്ധജല തടാകമായ ലേക്ക് നെയ്വാഷയിൽ (Lake Naivasha )എത്തിച്ചേരാം. അവിടെനിന്നു ബോട്ടിൽ 15-20 മിനിറ്റ് സഞ്ചരിച്ചാൽ ക്രസന്റ് ഐലന്റിൽ എത്തും. ബോട്ട് യാത്രയിൽ ധാരാളം പെലിക്കനുകളും, കോർമറെന്റുകളും മറ്റു ജലപക്ഷികളും ഹിപ്പോകളും നമ്മളെ അകമ്പടി സേവിക്കും പോലെ തോന്നും. പകൽ മുഴുവൻ സുഖസുഷുപ്തിയിലാണ്ട് കിടക്കുന്ന ഹിപ്പോകൾ രാത്രിയിലാണ് അപകടകാരികളാകുന്നത്.
രാവിലെ ഒൻപതു മുതൽ മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് ക്രസന്റ് ഐലന്റിലെ സന്ദർശന സമയം. സന്ദർശനം കഴിഞ്ഞ് മടക്കയാത്ര ഏഴു മണിക്കുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ നിങ്ങൾ ഒരു പക്ഷേ ഹിപ്പോകളുടെ അത്താഴമായി തീർന്നേക്കാം. ഗൈഡുകൾ ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്.

ബോട്ടിൽനിന്നും ആഫ്രിക്കൻ ഫിഷ് ഈഗിൾ അടക്കമുള്ള മീൻകൊത്തി പരുന്തുകളുടെ ചിത്രങ്ങൾ എടുക്കാൻ കഴിയും. അതിനു സാധിച്ചില്ലെങ്കിൽ ബോട്ടുകാർ തന്നെ സന്ദർശകർക്ക് അതിനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കും. ചൂണ്ടയിൽ കുരുങ്ങുന്ന മത്സ്യങ്ങളെ എറിഞ്ഞു കൊടുക്കുകയും അത് റാഞ്ചിപ്പറക്കുന്ന പരുന്തുകളുടെ ചിത്രമെടുക്കാൻ കഴിയുന്നത് ഏറെ കൗതുകകരമാണ്.

കെനിയ വൈൽഡ് ലൈഫ് സർവീസിന്റെ നിയന്ത്രണത്തിനുള്ള ഒരു സ്വകാര്യ പാർക്കാണ് ക്രസന്റ് ഐലന്റ്. അധികമാരും അറിയപ്പെടാതിരുന്ന ക്രസന്റ് ഐലന്റ് 1985-ൽ റിലീസ് ചെയ്ത് അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ 'ഔട്ട് ഓഫ് ആഫ്രിക്ക' (Out of Africa )എന്ന സിനിമയിലൂടെയാണ് പ്രസിദ്ധമായത്. ഷൂട്ടിംഗ് സൈറ്റായ ദ്വീപിലേക്ക് മസായ് മാരയിൽനിന്നു മൃഗങ്ങളെ കൊണ്ടുവന്നു എന്ന് പറയപ്പെടുന്നു. ആവാസമേഖല സുരക്ഷിതമായതിനാൽ അവ പിന്നീട് വർധിച്ചതായും ഗൈഡുകൾ പറഞ്ഞറിഞ്ഞു. എത്ര ചിത്രങ്ങൾ പകർത്തിയാലും കൊതി തീരാത്ത ലാൻഡ്സ്കേപ്പും വിവിധങ്ങളായ മൃഗങ്ങളും ഇരുന്നൂറിലധികം വരുന്ന തദ്ദേശ പക്ഷികളെയും കൊണ്ട് സമ്പന്നമാണ് ദ്വീപ്. വൃക്ഷങ്ങളും ആവശ്യത്തിന് ജലസാന്നിധ്യവും തടാകത്തിലെ മത്സ്യസമ്പത്തും ഏറെ ദേശാടന പക്ഷികളെയും അവിടേക്ക് ആകർഷിക്കുന്നു.

ആഫ്രിക്കൻ ഫിഷ് ഈഗിൾ, ബ്ലാക്ക് കൈറ്റ്, ബ്ലാക്ക് വിങ്ഡ് കൈറ്റ്, ലീല്ലി ട്രോട്ടേഴ്സ്, ബ്ലാക്ക് ക്രെയ്ക്ക്, വിവിധ ഇനം കൊക്കുകൾ, ഗ്രേറ്റ് വൈറ്റ് പെലിക്കൻ, കോർമറെന്റുകൾ, ആഫ്രിക്കൻ ജക്കാന, ഹഡാഡേ ഐബിസ് എന്നിവയെയെല്ലാം ധാരാളമായി കാണാം. ജിറാഫ്, വാട്ടർബക്ക്, സീബ്ര, ഇംപാല, ആഫ്രിക്കൻ ബഫല്ലോ, വൈൽഡ് ബീസ്റ്റ് എന്നിവയാണ് പ്രധാനപ്പെട്ട വന്യമൃഗങ്ങൾ.
വേട്ടമൃഗങ്ങൾ (predators) ഇല്ലാത്തതിനാൽ ഇവക്ക് യഥേഷ്ടം പുൽമേടുകളിൽ മേഞ്ഞു നടക്കുവാനുള്ള സാഹചര്യം ഉണ്ട്. ഫോട്ടോ എടുക്കുന്നവർക്ക് വളരെ അടുത്ത് ചിത്രങ്ങൾ എടുക്കുവാനും സാധിക്കും. ഒറ്റ ഫ്രെയ്മിൽ തന്നെ കരയും കായലും കുന്നുകളും ആകാശവും സന്നിവേശിച്ച സുന്ദരമായ പശ്ചാത്തലത്തിൽ വന്യ ജീവികളുടെ ചിത്രങ്ങൾ പകർത്താനുള്ള അസുലഭ സന്ദർഭങ്ങൾ വേറിട്ട അനുഭവമാണ്.

ഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ് ഏറ്റവും നല്ല സന്ദർശന സമയം. ക്രസന്റ് ഐലന്റിൽ കണ്ടതും പകർത്തിയതുമായ ചിത്രങ്ങൾ കൊറോണ നൽകിയ യാത്രാവിലക്കുകൾക്കിടയിലും ഹൃദ്യമായ ഓർമകളായി എന്നും നിലനിൽക്കും.
Content Highlights: Crescent Isaland Game Sanctuary, Masai Mara National Park, Birds of Crescent Isaland
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..