പാരമായ പ്രകൃതി സൗന്ദര്യം. കിളികളുടെ നാദം. ഇത് രണ്ടും മതിയായിരുന്നു അരുൺ ഗോപിയെന്ന എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ യുവ ക്ഷേത്രപൂജാരിയെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്കാകർഷിക്കാൻ. അതിന്റെ അനന്തരഫലങ്ങളാകട്ടെ ഇല്ല്യൂഷനെന്നും കൊറോണയെന്നുമുള്ള രണ്ട് വിഷയങ്ങളിൽപ്പിറന്ന സീരീസ് ചിത്രങ്ങളും.

Arun gopi 1

കോട്ടയിൽ കോവിലകം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശാന്തിയായിരുന്നു അരുൺ. ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷമാണ് അരുണിലെ ഫോട്ടോഗ്രാഫറെ ഉണർത്തിയത്. മൊബൈലിലായിരുന്നു ആദ്യം ചിത്രങ്ങളെടുത്തത്. ദക്ഷിണ ലഭിച്ചത് കൂട്ടിവെച്ചതും ലോണെടുത്തതുമൊക്കെ ചേർത്താണ് ക്യാമറ വാങ്ങിയത്. ഉപയോഗിക്കേണ്ട വിധം സ്വയം പഠിച്ചു. ഒന്നിന് പിറകെ ഒന്നായി നിരവധി മനോഹരചിത്രങ്ങൾ. അഞ്ച് വർഷമായി ഇപ്പോൾ ചിത്രങ്ങളെടുക്കാൻ തുടങ്ങിയിട്ട്. യാത്ര പോകുമ്പോൾ ശാന്തിയായി പകരം വേറെ ആരെയെങ്കിലും നിർത്തും.

Arun gopi 2

Arun gopi 3അരുൺ ഗോപിയുടെ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുന്നത് കൊറോണയുമായി ബന്ധപ്പെട്ടാണ്. സാമൂഹിക അകലം പാലിക്കേണ്ടതും കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിനേക്കുറിച്ചും ആ ചിത്രങ്ങൾ പറയുന്നു. അതിന് കാരണമായതാകട്ടെ ഒരു മൂങ്ങ അതിന്റെ പൊത്തിലിരിക്കുന്ന ചിത്രവും. വീട്ടിൽത്തന്നെയിരിക്കുക എന്ന ആശയത്തോട് ആ ചിത്രം ചേർന്നു നിൽക്കുന്നതായി മനസിലാക്കിയ അരുൺ താനെടുത്ത മറ്റേതെങ്കിലും ചിത്രം ലോക്ക്ഡൗണുമായി ബന്ധപ്പെടുത്താനാവുമോയെന്ന് വെറുതേ എടുത്തു നോക്കി. യാദൃശ്ചികമെന്ന് പറയട്ടേ പലതും ഈ വിഷയത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു. ചിത്രങ്ങൾക്ക് മേൽ സന്ദേശങ്ങളെഴുതിയതോടെ ഒരു പുതിയ ക്യാമ്പെയിനും തുടക്കമായി.

arun gopi deersഇല്ല്യൂഷൻ ചിത്രങ്ങളിലേക്ക് വരാം. ബന്ദിപ്പൂർ ടൈഗർ റിസർവിൽ സഫാരിക്കിടെ എടുത്ത ഒരു ചിത്രം. അതായിരുന്നു ക്യാമറകൊണ്ട് കൺകെട്ട് നടത്താനാവും എന്ന് അരുൺ തിരിച്ചറിഞ്ഞ ചിത്രം. രണ്ട് മാനുകൾ ഇണ ചേരുകയാണ്. സാധാരണഗതിയിൽ പെൺമാനിന് കൊമ്പുണ്ടാവില്ല. പക്ഷേ ഈ ചിത്രത്തിൽ മുന്നിൽ നിൽക്കുന്ന പെൺമാനിന് കൊമ്പുള്ളതായാണ് തോന്നുക. അത് യഥാർത്ഥത്തിൽ പിന്നിലെ മാനിന്റേതാണ്. ഒരു സുഹൃത്താണ് ഈ രസകരമായ വസ്തുത അരുണിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഭാഗ്യം കൊണ്ടാണ് ആ ചിത്രം കിട്ടിയതെങ്കിലും പിന്നീടങ്ങോട്ട് ഇല്ല്യൂഷനുവേണ്ടി കാത്തിരിക്കാൻ തുടങ്ങി അദ്ദേഹം.

Arun gopi elephantകബിനിയിലെ വൈൽഡ് ഡോഗ്, രൺതംഭോറിലെ നാലിലേറെ കാലുള്ള കടുവ, കബിനിയിലെ ആന, പുൽനാമ്പുമായി പറക്കുന്ന പക്ഷി തുടങ്ങിയവ അതിൽ ചിലത് മാത്രം. ഇതിൽ ആനയുടെയും തത്തയുടേയും ചിത്രം വളരെ പ്രത്യേകതയുള്ളതാണ്. കബിനി യാത്രയിലാണ് വെള്ളം കുടിക്കാൻ നിൽക്കുന്ന ആനയെ കണ്ടത്. കൂട്ടത്തിലെ മറ്റാനകൾ സമീപത്ത് തന്നെ ഉണ്ടായിരുന്നെങ്കിലും ഈ ആനയുടെ നിൽപ്പ് ഒരു പ്രത്യേക രീതിയിലായിരുന്നെന്ന് അരുൺ പറയുന്നു.

Arun gopi birds

തത്തയുടെ ചിത്രമാകട്ടെ, ശ്രദ്ധിച്ച് നോക്കിയാൽ കൊത്തിയിരിക്കുന്ന പുൽനാമ്പിനും തത്തയുടെ വാലിനും ഒരേ ആകൃതിയാണെന്ന് കാണാം. സെപ്റ്റബറിൽ ഹിമാലയത്തിലും നവംബറിൽ രാജസ്ഥാനിലും ഫോട്ടോഗ്രഫി കമ്പവുമായി പോയ അരുൺ രണ്ട് മാസം മുമ്പ് പറവൂർ പെരുമ്പടന്ന ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിക്ക് കയറി. ഹിമാലയ യാത്രയ്ക്ക് മുന്നോടിയായി നേരത്തെ ജോലി ചെയ്തിരുന്ന ക്ഷേത്രത്തിലെ ജോലി രാജിവച്ചിരുന്നു.

Arun gopi parrot

ബൈക്കിലും ബസിലും ട്രെയിനിലുമെല്ലാമായാണ് അരുണിന്റെ യാത്രകൾ. കേരളത്തിൽ ഒരുവിധം സ്ഥലങ്ങളില്ലാം ഈ ചെറുപ്പക്കാരൻ ക്യാമറയുമായി സഞ്ചരിച്ചുകഴിഞ്ഞു. തിരുവോണം കഴിഞ്ഞതിന് ശേഷം ഉത്തരാഖണ്ഡ് മേഖലയിൽ ഒന്നുകൂടി പോകണമെന്നാണ് അരുണിന്റെ ആഗ്രഹം. നേരത്തെ ഒരുതവണ പോയിട്ടുണ്ടെങ്കിലും മണ്ണിടിച്ചിലുണ്ടായി യാത്ര പകുതിയിൽ നിർത്തേണ്ടിവന്നതിനാലാണിതെന്ന് അരുൺ പറയുന്നു. ഏതൊരു യാത്രാ പ്രേമിയേയും പോലെ ലോക്ക്ഡൗൺ കഴിയാനായി കാത്തിരിക്കുകയാണ് അരുണും.

Content Highlights: COVID 19 Prevention Message and Illusion, Arun GopiPhotography, Travel News