യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിന് ആകെയുള്ള സ്വത്തെല്ലാം വിറ്റുപെറുക്കണോ? ഫ്‌ളോറിഡയിലുള്ള ഐക് ആന്‍ഡേഴ്‌സണോടാണ് ഈ ചോദ്യമെങ്കില്‍ അതെയെന്നായിരിക്കും കിട്ടുന്ന ഉത്തരം. പക്ഷേ ആ യാത്രയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. മൂന്ന് വന്‍കരകളിലായി പരന്നു കിടക്കുന്ന സ്വന്തം കുടുംബവേരുകള്‍ കണ്ടുപിടിക്കണം. പൂര്‍ണ പിന്തുണയുമായി ഭാര്യ നതാലിയയും മൂന്ന് മക്കളും കൂടെ നിന്നപ്പോള്‍ അപൂര്‍വ സുന്ദരമായ ഒരു യാത്രയ്ക്കും വഴിയൊരുങ്ങി.

Ike and Family 1

മാര്‍ക്കറ്റിങ് വ്യാപാരരംഗത്താണ് ഐക്കും നതാലിയയും ജോലി ചെയ്തിരുന്നത്. ഒരിക്കല്‍ ചെയ്ത ഡി.എന്‍.എ പരിശോധനവഴിയാണ് തങ്ങളുടെ വേരുകള്‍ യൂറോപ്പിലും ഈസ്റ്റ് ഏഷ്യയിലും സബ് സഹാറന്‍ ആഫ്രിക്കയിലുമുണ്ടെന്ന് ഇരുവരും മനസിലാക്കുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അവരെ കണ്ടെത്തിക്കൂടാ എന്ന ചിന്തയായി പിന്നീട്. മക്കളായ ജാസ്മിന്‍, കെയ്‌ലീ, ലേട്ടന്‍ എന്നവര്‍ക്കൊപ്പം ഈ മൂന്ന് വന്‍കരകളിലേക്ക് യാത്ര പോവാം എന്ന തീരുമാനത്തിലെത്തുന്നത് അങ്ങനെയാണ്. അതിനുള്ള പണം എവിടെ നിന്ന് സ്വരുക്കൂട്ടും എന്നതായി അടുത്ത തടസ്സം.

പക്ഷേ വെച്ച കാല്‍ പിന്നോട്ട് വെയ്ക്കാന്‍ ആ കുടുംബം ഒരുക്കമായിരുന്നില്ല. ഉള്ളതെല്ലാം വിറ്റു. കാറും നതാലിയയുടെ പ്രിയപ്പെട്ട ഹാന്‍ഡ് ബാഗും ഷൂ ശേഖരവുമെല്ലാം അതിലുള്‍പ്പെടുന്നു. ഒരു ലക്ഷം ഡോളറോളമാണ് വസ്തുവകകള്‍ വിറ്റ വകയില്‍ ഇവര്‍ക്ക് ലഭിച്ചത്. 2016 ഡിസംബറിലാണ് ഐക്കും കുടുംബവും ഫ്‌ളോറിഡയില്‍ നിന്ന് യാത്രയാരംഭിച്ചത്‌. മെക്‌സിക്കോ, കാനഡ, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ഈജിപ്റ്റ്, നൈജീരിയ, കെനിയ, ഇന്ത്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളെല്ലാം ഇതിനോടകം ഈ സഞ്ചാരി കുടുംബം സന്ദര്‍ശിച്ചു കഴിഞ്ഞു.

Ike and Family 2
ഐക്കും കുടുംബവും ഇന്ത്യയില്‍ വന്നപ്പോള്‍ എടുത്ത ചിത്രം

പതിനാറാമത്തെ വയസില്‍ ജമൈക്കയില്‍ നിന്ന് യു.എസില്‍ എത്തിയതാണ് ഐക്ക്. '' ഞാന്‍ എന്തുകൊണ്ടാണ് ഇവിടെയെത്തിയതെന്നും എങ്ങോട്ടാണ് പോകുന്നതെന്നും എനിക്കറിയണം. നിങ്ങള്‍ എവിടെ നിന്നാണെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഇനിയെന്താണ് നടക്കാന്‍ പോകുന്നതെന്ന് ഒരു പക്ഷേ നിങ്ങള്‍ക്കറിയാന്‍ സാധിക്കില്ല.'' ഐക്ക് പറയുന്നു. തങ്ങള്‍ ആരെന്നറിയാനുള്ള ഒരു യാത്രയാണിത്. കുറേ പണച്ചെലവുള്ള കാര്യം തന്നെയാണ്. പക്ഷേ യാത്രയോടൊപ്പം പഠിക്കുന്നതിനും, മനസ് വിശാലമാക്കാനുള്ള അവസരവും നല്‍കുക എന്നതും കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണെന്നും ഐക്ക് പറയുന്നു.

യാത്രയിലാണെങ്കിലും കുട്ടികളുടെ പഠനകാര്യത്തില്‍ ഇരുവരും സദാ ജാഗരൂകരാണ്. ഓണ്‍ലൈനായും വിദ്യാഭ്യാസ ആപ്പുകള്‍ വഴിയുമാണ് മൂന്ന് കുട്ടികളും ഇപ്പോള്‍ പഠിക്കുന്നത്. നതാലിയ ഒരു 'സ്ട്രിക്റ്റ് ടീച്ചറാ'ണെന്നാണ് ഐക്കിന്റെ അഭിപ്രായം. പിതാമഹന്മാരെ തേടിയുള്ള യാത്ര തുടരുന്നു. ഐക്കും കുടുംബവും ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണുള്ളത്.

Courtsey: www.dailymail.co.uk