വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ നാടിന്റെ കേമത്തം വിളിച്ചുപറയാന്‍ മല്‍സരിക്കുന്ന പ്രദേശവാസികളെ ധാരാളം നാം കണ്ടിട്ടുണ്ട്. എന്നാല്‍ നാട്ടിലെ അഴിമതി കഥകള്‍ അതിഥികളോട് വിശദീകരിക്കുന്ന നാട്ടുകാരെ കണ്ടിട്ടുണ്ടോ? അതും സൗജന്യമായി ബസില്‍ കയറ്റി, നാടുമുഴുവന്‍ ചുറ്റി കാണിക്കുന്നവരെ.

നഗരത്തിലെ സുപ്രധാന 'അഴിമതി കേന്ദ്ര'ങ്ങള്‍ വിനോദസഞ്ചാരികളെ കാണിച്ചുകൊടുക്കുന്ന ബസ് ടൂര്‍ അങ്ങ് മെക്‌സികോയിലാണ് ആരംഭിച്ചിരിക്കുന്നത്. 

Mexico City

കറപ്ടൂര്‍  (CORRUPTOUR) എന്ന് പേരിട്ടിരിക്കുന്ന നഗരപര്യടനം ആഴ്ചയില്‍ രണ്ടുതവണ നടത്തിവരുന്നു. സന്ദര്‍ശകര്‍ക്ക് സൗജന്യമായി പങ്കെടുക്കാം. തുറന്ന ബസ്സിലാണ് സഞ്ചാരം. പോകുന്ന വഴികളിലെ കാഴ്ചകളും അവയ്ക്കു പിന്നിലെ അഴിമതികഥകളും വിശദീകരിക്കാന്‍ ഒപ്പം ഗൈഡുമുണ്ടാവും.

പില്ലര്‍ ഓഫ് ലൈറ്റ് ആണ് ബസ് ടൂറിലെ ഒരു പ്രധാന ആകര്‍ഷണം. ആകാശംമുട്ടുന്ന ഈ കെട്ടിടം പദ്ധതിയിട്ട തുകയുടെ ഇരട്ടി മുടക്കി നിര്‍മിച്ചതാണെന്ന് ഗൈഡ് വിശദീകരിക്കുന്നു. അതുപോലെ മെക്‌സികന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി. പൊതുജന സേവനം എന്താണെന്ന് അറിയാത്ത സ്ഥാപനം എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന വിശേഷണം.

Mexico City

പൊതുജനങ്ങളില്‍ നിന്നും വിനോദസഞ്ചാരികളില്‍ നിന്നും സംഭാവനകള്‍ വാങ്ങിയാണ് കറപ്ടൂര്‍ പ്രവര്‍ത്തിക്കുന്നത്.

Mexico City

അഴിമതിയുടെ കാര്യത്തില്‍ 176 രാജ്യങ്ങളില്‍ 123-ാം സ്ഥാനമാണ് മെക്‌സികോയ്ക്ക്. രസകരമായി രീതിയില്‍ ആളുകള്‍ക്ക് അഴിമതിയെ കുറിച്ച് മനസിലാക്കി കൊടുക്കുക, അതോടൊപ്പം തടയാനുള്ള വഴികള്‍ അവരില്‍ നിന്ന് തേടുക; ടൂറിന്റെ സംഘാടകരുടെ ലക്ഷ്യം ഇതാണ്. എല്ലാ രാജ്യങ്ങളിലെയും പോലെ, മാറ്റങ്ങള്‍ അഗ്രഹിക്കുന്ന ഒരു പറ്റം ജനങ്ങളുള്ള നാടാണ് മെക്‌സികോ എന്ന് ടൂറില്‍ പങ്കെടുത്തവര്‍ അഭിപ്രായവും പറയുന്നു.