
pic courtesy- Getty Images
ചൈനയിലുള്ള ഏതോ ഒരു വൈറസ്! അത്രയും ലാഘവത്തോടെയാണ് കൊറോണ വൈറസിനെ മലയാളികള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ കാതങ്ങള്‍ താണ്ടി കൊറോണ കേരളത്തിലെത്തിയപ്പോള്‍ നിപ്പ പരത്തിയതുപോലെയുള്ള ഒരു പരിഭ്രാന്തി കേരളത്തിലൊന്നടങ്കം വ്യാപിക്കുകയാണ്.
എല്ലാ രംഗങ്ങളിലും കൊറോണയുടെ പരിണിത ഫലങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ ടൂറിസം മേഖലയും തിരിച്ചടികളുടെ പാതയിലാണ്. ഗോഡ്സ് ഓണ്‍ കണ്‍ട്രിയിലേക്ക് കണ്ണുംപൂട്ടിയെത്തുന്ന വിദേശികള്‍ ഇന്ന് കൂട്ടത്തോടെ യാത്ര ക്യാന്‍സല്‍ ചെയ്യുന്നു. നവ മാധ്യമങ്ങളിലൂടെ പരക്കുന്ന വ്യാജ സന്ദേശങ്ങള്‍ യാത്രികരെ പേടിപ്പിക്കുന്നു. കൊറോണ ഇന്ത്യയിലെത്തിയതോടെ വലിയ തിരിച്ചടിയാണ് ടൂറിസം രംഗത്ത് സംഭവിച്ചിരിക്കുന്നത്.
ഇന്ത്യയിലേറ്റവുമധികം സഞ്ചാരികളെത്തുന്ന ആഗ്രയില്‍ വരെ സന്ദര്‍ശകരുടെ എണ്ണം പകുതിയായി കുറഞ്ഞു. കേരളത്തിലും സ്ഥിതി മറിച്ചല്ല.
കൊറോണ വൈറസ് കേരള ടൂറിസത്തെ സാരമായി സാധിച്ചി
ട്ടുണ്ടെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇതിനോടകം അറിയിച്ചുകഴിഞ്ഞു. നിപ വൈറസ് ബാധയുണ്ടായപ്പോഴുള്ള സമാന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒന്‍പത് മാസങ്ങളിലായി ഏകദേശം 8.19 ലക്ഷം സഞ്ചാരികളാണ് കേരളത്തിലെത്തിയത്. അത് ടൂറിസം വകുപ്പിനേകിയ ഊര്‍ജം ചെറുതല്ല. എന്നാല്‍ കൊറോണയുടെ വരവോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ തോതില്‍ ഇടിവുണ്ടായി. സഞ്ചാരികളുടെ ഒഴുക്ക് കൂടേണ്ട ഏപ്രില്‍ മേയ് മാസങ്ങളില്‍ എത്രപേര്‍ കേരളത്തെ തെരെഞ്ഞെടുക്കും എന്ന ആശങ്ക അധികൃതര്‍ക്കുണ്ട്.
കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കൊറോണ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെങ്കിലും അതിനെ ഒറ്റക്കെട്ടായി നേരിടാനുള്ള പ്രയത്നത്തിലാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും പരിശീലനവുമെല്ലാം സംഘടിപ്പിക്കുന്നുണ്ട്.
വിദേശ ടൂറിസ്റ്റുകള്‍ പ്രത്യേകിച്ച് ചൈനയില്‍ നിന്നുള്ളവര്‍ കേരളത്തിലെത്തിയാല്‍ അവരുടെ വിവരങ്ങള്‍ കളക്ട്രേറ്റിലെ കണ്ട്രോള് റൂമില്‍ അറിയിക്കണമെന്ന നിര്‍ദേശം ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതിനോടകം കിട്ടിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അക്കാര്യം പ്രാവര്‍ത്തികമാക്കുന്ന തിരക്കിലാണ് അധികൃതര്‍.
ചൈനീസ് പൗരന്മാര്ക്ക് ഇ വിസ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവെച്ചതോടെ ചൈനയില്‍ നിന്നും നേരിട്ട് കൊറോണ ഇന്ത്യയിലേക്ക് എത്തില്ല എന്നാശ്വസിക്കുകയാണ് ടൂറിസം വകുപ്പ്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദേശത്തേക്ക് യാത്ര ചെയ്യുന്നവരും അല്ലാതെ യാത്ര പോകാനുദ്ദേശിക്കുന്നവരും മുന്‍കരുതലുകള്‍ എടുത്തിരിക്കണം. പേടിച്ചതുകൊണ്ട് രോഗത്തെ പ്രതിരോധിക്കാനാവില്ല. പേടിയേക്കാള്‍ കൂടുതല്‍ വിവേകമാണിവിടെ ആവശ്യം. ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിന് യാതൊരു വിലക്കുമില്ല. പക്ഷേ ഒന്നു സൂക്ഷിക്കണം എന്നുമാത്രം.
യാത്രപോകാം മുന്‍കരുതലുകളോടെ
ചൈനയില്‍ നിന്നും ഉത്ഭവിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള പതിനെട്ടോളം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ആള് നിസ്സാരക്കാരനല്ല എന്ന ബോധ്യമാണ് ആദ്യമുണ്ടാകേണ്ടത്. അതുകൊണ്ടുതന്നെ യാത്രകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് പ്രധാന മുന്‍കരുതല്‍. ഇനി ഒഴിവാക്കാന്‍ പറ്റാത്ത യാത്രകളുണ്ടെങ്കില്‍ ചില മുന്‍കരുതലുകള്‍ ചിട്ടയോടെ എടുക്കണം.
സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്റെ (CDC)പഠനപ്രകാരം യാത്ര ചെയ്യുമ്പോള്‍ കൊറോണ വൈറസ് ബാധയേല്ക്കാതിരിക്കാന് സഞ്ചാരികള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കൊറോണയ്ക്ക് ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യമായതിനാല്‍ വ്യക്തിശുചിത്യം പാലിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. എപ്പോഴും ശരീരവും വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക. യാത്ര ചെയ്യുമ്പോള്‍ ഒരു സാനറ്റൈസര്‍ കൈയ്യില്‍ കരുതുക. ആല്‍ക്കഹോളുള്ള സാനറ്റൈസറാണ് എറ്റവുമുചിതം.
സര്‍ജിക്കല്‍ ഫേസ് മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. മറ്റുള്ളവര്‍ എന്തുകരുതും എന്ന് വിചാരിച്ച് മാസ്ക് ധരിക്കാതിരിക്കരുത്.
യാത്ര ചെയ്യുമ്പോള്‍ കൈകൊണ്ട് മൂക്കും വായയും തൊടരുത്. സാനറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയ ശേഷം മാത്രം സ്പര്‍ശിക്കുക.
അടുത്തിരിക്കുന്നവരുമായി അധികം ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം.
20 സെക്കന്റെങ്കിലും സോപ്പുപയോഗിച്ച് നന്നായി കൈ കഴുകിയ ശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ.
വൃത്തിയുള്ള ഇടങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കഴിയുന്നതും വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുപോകുക. പുറത്തുനിന്നും കഴിക്കുകയാണെങ്കില്‍ നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതാണ് ഉചിതം.
യാത്ര ചെയ്യുമ്പോള്‍ ചെറിയ അസുഖങ്ങള്‍ വരെ വലിയ വെല്ലുവിളിയുയര്‍ത്താറുണ്ട്. അതുകൊണ്ട് സുഖമില്ലാതിരിക്കുമ്പോള്‍ ഒരു കാരണവശാലും യാത്ര ചെയ്യരുത്. യാത്രയ്ക്കിടെ അസുഖം പിടിപെട്ടാല്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ നിന്നും വൈദ്യസഹായം തേടുക. അതിനുശേഷം യാത്ര തുടരരുത്. ഒരു റൂമെടുത്ത് വിശ്രമിച്ചതിനുശേഷം മാത്രം യാത്ര പൂര്‍ത്തീകരിക്കുക. പനിയോ കഫക്കെട്ടോ ബാധിച്ചവര്‍ യാതൊരു കാരണവശാലും യാത്ര ചെയ്യരുത്. ഇനി ചെയ്യേണ്ട അവസ്ഥ വന്നാല്‍ അടുത്തിരിക്കുന്നവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കുക. തുമ്മലും മൂക്കൊലിപ്പും അനുഭവപ്പെട്ടാല്‍ ഒരു ടിഷ്യു പേപ്പര്‍ ഉപയോഗിക്കുക. ഉപയോഗ ശേഷം ടിഷ്യു വലിച്ചെറിയുക.
നിലവില്‍ ആര്‍ക്കൊക്കെ വൈറസ് ബാധയേറ്റിട്ടുണ്ട് എന്ന കാര്യത്തില്‍ അറിവില്ലാത്തതിനാല്‍ ആള്‍ക്കൂട്ടത്തിനുനടുവില്‍ പോകാതിരിക്കുക. മാര്‍ക്കറ്റ്, റെയില്വേസ്റ്റേഷന് തുടങ്ങിയ തിരക്കേറിയ ഇടങ്ങളില്‍ കഴിയുന്നതും പോകാതിരിക്കുക.
ആന്റീ ബാക്ടീരിയല്‍ വൈപ്പ് കൈയ്യില്‍ സൂക്ഷിക്കണം. ട്രെയിനിലോ വിമാനത്തിലോ തൊടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൈപ്പ് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക.
ട്രെയിനിലേയോ വിമാനത്തിലേയോ ടോയ്ലറ്റുകള് ഉപയോഗിക്കുമ്പോള്‍ സോപ്പ് അല്ലെങ്കില്‍ സാനറ്റൈസർ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. ടോയ്ലറ്റില് ആന്റീ ബാക്ടീരിയല്‍ വൈപ്പ് ഉപയോഗിക്കുക.
ചൈനയിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യരുത്. ഇനി പോകേണ്ടിവന്നാല്‍ സി.ഡി.സിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം യാത്ര ചെയ്യുക. അത് മെഡിക്കല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം
മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകളും തത്കാലം ഉപേക്ഷിക്കുന്നതാണ് നല്ലത്. ചൈന കഴിഞ്ഞാല്‍ വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള രാജ്യം തായ്ലന്ഡാണ്. ഇന്ത്യക്കാര്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നാണ് തായ്ലന്ഡ്.
ജപ്പാന്, ഹോങ് കോങ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയും നിര്‍ബന്ധമായി ഒഴിവാക്കുക.
Content Highlights: Corona virus and tourism precautions for travellers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..