നോഹരമായ കാഴ്ചകള്‍ നല്‍കുന്നതിനൊപ്പം ഭയവും ദുരൂഹതകളും നിറച്ചുവെച്ചിരിക്കുന്ന ഒട്ടേറ ഇടങ്ങളുണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി. അതില്‍ പലതും സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളയിടങ്ങളുമാണ്. അത്തരത്തിലൊന്നാണ് കൊളംബിയയിലെ ഗോര്‍ഗോണ ദ്വീപിലെ കുപ്രസിദ്ധമായ ജയില്‍. റോബന്‍ ദ്വീപുപോലെയോ അല്‍കട്രാസ് പോലെയോ ആണ് ഇന്ന് ഈ ജയിലിന്റെ സ്ഥാനം.

Gorgona 3

കൊളംബിയയുടെ പസഫിക് തീരത്ത് നിന്ന് 55 കിലോമീറ്റര്‍ മാറിയാണ് ദ്വീപും ജയിലും സ്ഥിതി ചെയ്യുന്നത്. 26 ചതുരശ്ര കിലോമീറ്ററാണ് ദ്വീപിന്റെ ആകെ വിസ്തീര്‍ണം. 1984 വരെ രാഷ്ട്രീയ തടവുകാരെയും കൊടും കുറ്റവാളികളേയും പാര്‍പ്പിച്ചിരുന്നത് ഇവിടെയായിരുന്നു. അതില്‍ പലരേയും മരണശിക്ഷയ്ക്കും വിധിച്ചിരുന്നു. തുറിച്ചു നോക്കുന്ന കണ്ണുകളേക്കാളും വിഷപ്പാമ്പുകളേക്കാളും തടവുകാര്‍ക്ക് ഭയക്കേണ്ടിയിരുന്നത് ദ്വീപിലെ ക്രൂരന്മാരായ സുരക്ഷാ ഉദ്യോഗസ്ഥരേയും സഹതടവുകാരേയുമായിരുന്നു.

Gorgona 2
ഗോര്‍ഗോണ ജയിലിന്റെ കവാടം

നശിച്ചുപോകട്ടെ എന്നാണ് തടവുകാരില്‍ ഒരാള്‍ ഒരിക്കലെഴുതിയ കവിതയില്‍ ദ്വീപിനേക്കുറിച്ച് പറഞ്ഞത്. കാലപ്രവാഹത്തില്‍ അമ്പേ തകര്‍ന്നടിഞ്ഞ ഈ പ്രദേശം ഇന്ന് വിനോദസഞ്ചാരകേന്ദ്രം കണക്കേ മാറിക്കഴിഞ്ഞു. സ്‌കൂബാ ഡൈവിങ്ങിനും പ്രകൃതിഭംഗി ആസ്വദിക്കാനുമാണ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്.

Gorgona 4
ജയിലിനകത്തെ ബെഡ് റൂം

കണ്ടല്‍ച്ചെടികള്‍ നിറഞ്ഞ ഗുവാപി എന്ന തീരദേശനഗരത്തില്‍ നിന്നും രണ്ടുമണിക്കൂര്‍ ബോട്ട് യാത്ര ചെയ്തുവേണം ദ്വീപിലേക്കെത്താന്‍. ഇതുമാത്രമാണ് ദ്വീപിലെത്താനുള്ള ഒരേയൊരു മാര്‍ഗവും. അഗ്നിപര്‍വതങ്ങളും തിങ്ങിനിറഞ്ഞമരങ്ങളും ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നു. ദിവസവും മഴ പെയ്യും. ഡോള്‍ഫിനുകളും തിമിംഗലങ്ങളുമാണ് കടലില്‍ നിറയെ. 1526-ല്‍ സ്പാനിഷ് അധിനിവേശക്കാരാണ് ദ്വീപ് കണ്ടെത്തുന്നത്. അക്കാലത്ത് ദ്വീപില്‍ കാലുകുത്തിയ 87 പേര്‍ക്കാണ് വിഷപ്പാമ്പ് കടിച്ച് ജീവന്‍ നഷ്ടമായത്.

Gorgona 5
ജയിലിലെ അടുക്കള

തലയില്‍ മുടിയിഴകള്‍ക്ക് പകരം പാമ്പുകള്‍ നിറഞ്ഞ മെഡൂസ എന്ന ഗ്രീക്ക് പുരാണത്തിലെ ഗോര്‍ഗോണിന്റെ പേരിലാണ് ഈ ദ്വീപുള്ളത്. സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക് പോകുന്നതിന് മുമ്പ് കടല്‍ക്കൊള്ളക്കാരുടെ സങ്കേതമായിരുന്നു ഇവിടം. 1960-ല്‍ ജയില്‍ നിര്‍മിക്കാന്‍ കൊളംബിയന്‍ ഭരണകൂടം ദ്വീപ് ഏറ്റെടുക്കുകയായിരുന്നു. നാസി ക്യാമ്പുകള്‍ക്ക് സമാനമായിട്ടായിരുന്നു ജയില്‍ നിര്‍മിച്ചത്. മെത്തയില്ലാതെ തടി കൊണ്ടുള്ള കട്ടിലിലായിരുന്നു തടവുകാര്‍ ഉറങ്ങിയിരുന്നത്. ഓരോ തടവുകാര്‍ക്കും നമ്പറുണ്ടായിരുന്നു. സന്ദര്‍ശകര്‍ വിരളം. തടവുകാര്‍ക്ക് മാത്രമേ വ്യായാമം അനുവദിച്ചിരുന്നുള്ളു. കാട് വെട്ടിത്തെളിക്കുക എന്നതായിരുന്നു ആ വ്യായാമം.

Gorgona 6
കാടുപിടിച്ചു കിടക്കുന്ന ജയില്‍

ദ കാന്‍ എന്നറിയപ്പെടുന്ന ശിക്ഷാരീതിയായിരുന്നു ഏറെ ക്രൂരം. 80 സെന്റിമീറ്റര്‍ വിസ്തൃതിയലുള്ള കുഴിയില്‍ കഴുത്തോളം മലിനജലത്തില്‍ ദിവസങ്ങളോളം നിര്‍ത്തുന്നതാണിത്. ഉരുളക്കിഴങ്ങും അല്പം അരിയും ചിലപ്പോള്‍ വേവിച്ച പാമ്പിന്റെ കഷണവുമായിരുന്നു ഭക്ഷണം. നരകയാതനയേത്തുടര്‍ന്ന് പലരും മാനസികരോഗികളായി. തമ്മിലടിച്ച് പരസ്പരം ഒടുങ്ങാന്‍ തുടങ്ങി. 150- ഓളം തടവുകാരാണ് ജയിലിനകത്ത് കൊല്ലപ്പെട്ടത്.

Gorgona 7
തടവുകാര്‍ വസ്ത്രം കഴുകിയിരുന്ന സ്ഥലം

മനുഷ്യാവകാശ സംഘടനകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ട് 1984-ലാണ് ജയില്‍ അടച്ചുപൂട്ടുന്നത്. അപ്പോഴേക്കും കാടിന്റെ 70 ശതമാനവും തടവുകാര്‍ വെട്ടിനശിപ്പിച്ചിരുന്നു. പിന്നീട് ദ്വീപിന്റെ സ്വാഭാവിക പരിസ്ഥിതിയെ തിരിച്ചെടുക്കാന്‍ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടു. ജയില്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനത്തിലെത്തണമെന്ന് ഒരു നാഷണല്‍ പാര്‍ക്ക് ജീവനക്കാരന്‍ പറഞ്ഞു.

Content Highlights: Columbia prison,  island prison of Gorgona, history of Gorgona