കാക്കിടി, ബേൽപ്പൂരി, വടാപാവ്... കൊങ്കൺപാതയിൽ നാടൻ രുചിയറിഞ്ഞൊരു യാത്ര


എഴുത്തും ചിത്രങ്ങളും: മധുരാജ്

രുചിയുടെ രസനകളെ തൊട്ടുണർത്തിയ വ്യത്യസ്തമായ ഒരനുഭവമായിട്ടാണ് പൻവേൽമുതൽ വീർവരെയുള്ള ഈ യാത കൺമുന്നിലേക്ക് കടന്നുവന്നത്.

കൊത്തിയരിഞ്ഞ് ഉപ്പു മുളകും ചേർത്ത്

കൊങ്കൺപാതയിലൂടെ തനിച്ച് ഒരു യാത്ര. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ. അങ്ങനെയാണ് അലഞ്ഞലഞ്ഞ് പൻവേൽ വരെ എത്തിയത്. മഹാരാഷ്ട്രയിലെ റോഹവരെ മാത്രമേ കൊങ്കൺ പാതയുള്ളൂ. റോഹയിൽനിന്ന് ഏറിയാൽ രണ്ടു മണിക്കൂർകൂടി യാത്ര ചെയ്യണം പൻവേൽ എത്താൻ. ആ വലിയ നഗരത്തിൽ ഒരു രാത്രി ഉറങ്ങി. ഇവിടെ എത്തുന്ന ഒരു സഞ്ചാരിക്ക് അടുത്തുള്ള ഒഴിവാക്കാനാകാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രം ഏത് എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം റായ്ഗഡ് ഫോർട്ട് എന്നായിരിക്കും. പൻവേലിൽ എനിക്ക് ആതിഥ്യം നൽകിയ സുഹൃത്ത് ജിതേന്ദ്രയും പറഞ്ഞത് മറ്റൊന്നല്ല. മഹാരാഷ്ട്ര പോലീസിലെ ഓഫീസറാണ് ജിതേന്ദ്ര. ഛത്രപതി ശിവാജിയുടെ മറാത്ത സാമാജ്യത്തിന്റെ തലസ്ഥാനമായിരുന്ന റായ്ഗഡ് ജില്ലയിലാണ് റായ്ഗഡ് കോട്ട സ്ഥിതിചെയ്യുന്നത്. ഏതായാലും കോട്ട കാണാൻ ഞാൻ തീരുമാനിച്ചു.

Konkan Rail Food 1
കൊച്ചുവർത്തമാനത്തിനിടയിൽ

രാവിലെ ഏഴിനാണ് പൻവേലിൽനിന്ന് റായ്ഗഡ് കോട്ടയിലേക്കുള്ള ട്രെയിൻ. വീർ (Veer) സ്റ്റേഷനിൽ വണ്ടി ഇറങ്ങണം. കൊങ്കൺപാതയുടെ ഇങ്ങേ അറ്റമായ റോഹയും കഴിഞ്ഞാണ് വീർ. പൻവേൽ സ്റ്റേഷനിൽ രാവിലെ 6.45-നുതന്നെ എത്തിയെങ്കിലും രത്നഗിരി പാസഞ്ചർ എത്തിയത് 7.30-നാണ്. സാമാന്യം തിരക്കുള്ള ട്രെയിൻ രാവിലത്തെ പരശുറാം എക്സ്പ്രസ്സിനെയാണ് ഓർമിപ്പിച്ചത്. സീറ്റിൽ ഇരിക്കുന്നവർക്കും പുറമെ ബർത്തിൽ കയറിപ്പറ്റിയവർ. ഞാൻ ഭാരമേറിയ രണ്ടു ബാഗുകൾ കഷ്ടിച്ച് ബർത്തിൽവെച്ച് സ്വസ്ഥമായി നിൽക്കാൻ ഒരിടം കണ്ടെത്തി. ഇനി വീർ സ്റ്റേഷനിലേക്ക് മൂന്നുമണി ക്കുറോളം യാത്രയുണ്ട്. ചുറ്റുമൊന്ന് കണ്ണോടിച്ചു. പാസഞ്ചർ ട്രെയിൻ ആയതിനാൽ പ്രഭാതത്തിന്റെ ഉണർവ് യാത്രക്കാരിലും കാണാം.

രാവിലെ വീട്ടിൽ നിന്നിറങ്ങി ജോലിസ്ഥലത്തേക്കോ മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനോ പോകുന്നവരാണ് കൂടുതലും. ചെറുപ്പക്കാരും വിദ്യാർഥികളും മധ്യവയസ്കരുമുണ്ട് കൂട്ടത്തിൽ, നീണ്ട യാത്ര കഴിഞ്ഞ് വരുന്ന റിസർവേഷൻ കോച്ചുകളുടെ മുഖം ഇതല്ല. മടുപ്പും ആലസ്യവും അടുക്കിക്കുട്ടിയവ. നീണ്ട യാത്രകൾ ഇത്തരം കോച്ചുകളെ മിക്കവാറും ഒരു ചവറ്റുകൊട്ടയാക്കി കാണും. കഷ്ടകാലത്തിന് ഇത്തരം കോച്ചുകളിൽ കയറിപ്പോയാൽ എങ്ങനെയെങ്കിലും ഒന്ന് ഇറങ്ങിക്കിട്ടിയാൽ മതി എന്ന് തോന്നിപ്പോകും. ഏതായാലും രത്നഗിരി പാസഞ്ചറിലെ സാമാന്യം നല്ല തിരക്കിനിടയിൽ നിൽക്കുമ്പോഴും സന്തോഷവാനായിരുന്നു. വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി. മഴനനഞ്ഞ് പച്ചപു തച്ച പാടങ്ങൾ പകുത്ത് യാത്ര അതിന്റെ യഥാർഥ ആഹ്ലാദത്തിലേക്ക് കടക്കുകയാണ്. യാത്രകൾ ഓർമയിൽ തണൽവിരിക്കുന്നത് എങ്ങനെയാണ്? യാദൃച്ഛികമായി അവ നൽകുന്ന രുചികളും ഗന്ധങ്ങളും കൊണ്ടുകൂടിയാണ്. രുചിയുടെ രസനകളെ തൊട്ടുണർത്തിയ വ്യത്യസ്തമായ ഒരനുഭവമായിട്ടാണ് പൻവേൽമുതൽ വീർവരെയുള്ള ഈ യാത കൺമുന്നിലേക്ക് കടന്നുവന്നത്.

Konkan Railway Food 2

പലതരത്തിലുള്ള ഭക്ഷണസാധനങ്ങളുമായാണ് അവരെത്തിയത്. സ്ത്രീകളും പുരുഷന്മാരുമുണ്ട്. റെയിൽവേ കാറ്ററിങ്ങുകാരുടെ യൂണിഫോമില്ലാത്ത ഗ്രാമീണർ. അവരുടെ തലയിൽ, കൈകളിൽ പല വലുപ്പത്തിലുള്ള കൂടകൾ. ചില കൂടകളിൽ നിറയെ പലതരം പഴങ്ങൾ. ആപ്പിൾ, സപ്പോട്ട, പേരക്ക, വാഴപ്പഴങ്ങൾ. തൊട്ടുപിന്നാലെ "കാക്കിടി' "കാക്കിടി' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് കൂട നിറയെ നമ്മുടെ നാട്ടിലെ കക്കിരികളുമായി വരുന്ന സ്ത്രീകൾ. തുച്ഛമായ വിലയേ ഉള്ളൂ. ആവശ്യപ്പെട്ടാൽ മുറിച്ച് ഉപ്പും മുളകും പുരട്ടിത്തരാൻ നിമിഷങ്ങൾ മതി. കക്കിരി പലതരത്തിൽ ഉണ്ട്. നീണ്ടുരുണ്ട് ഇളം പച്ചനിറത്തിലുള്ളവ, നീണ്ടുരുണ്ട് പച്ചനിറത്തിലുള്ളവ, വലുപ്പം കുറഞ്ഞവ. പച്ചക്കറികൾ കൊച്ച് പാക്കറ്റുകളിലാക്കിയും കിട്ടും. ബജിമുളക്, പലതരം പയറുകൾ, വെണ്ടയ്ക്ക, കൊടോരിക്ക, തക്കാളി, മല്ലിച്ചെപ്പ് എന്നിവ താരതമ്യേന ചെറിയ വിലയ്ക്ക് കിട്ടും. പച്ച തിന്നാനും കറിവെക്കാനും യാത്രക്കാർ ഇവരിൽനിന്ന് ഇത് വാങ്ങിക്കുന്നു. പഴങ്ങൾക്കും പച്ചക്കറികൾക്കും പുറമേ എണ്ണയിൽ പാചകം ചെയ്ത പലഹാരങ്ങളും ഉണ്ട്. സമൂസയോടൊപ്പം ബജിമുളകും ടൊമാറ്റോ സോസും ചേർന്നതാണ് ഒരിനം. മറ്റൊന്ന് "വട പാവ്' ആണ്. ബന്നിനെക്കാൾ ചെറിയ രണ്ടു റൊട്ടിയും നമ്മുടെ നാട്ടിലെ ഉരുളക്കിഴങ്ങുകൊണ്ടുള്ള ബോണ്ടപോലുള്ള ഒരു പലഹാരവും അതിന്റെ കൂടെ ചുവന്ന മുളക് ചമ്മന്തിപ്പൊടിയും ചേർന്നതാണിത്. രാവിലെ ഒരു ചായപോലും കഴിക്കാതെ ട്രെയിനിൽ കയറിയതിനാൽ വിശപ്പുണ്ട്. ഞാൻ ഒരു "വട പാവ്' പരീക്ഷിക്കാൻ ഉറപ്പിച്ചു. നല്ല രുചി. ഒരു നേരത്തെ വിശപ്പടക്കാൻ ഒരു പ്ലേറ്റ് ധാരാളം (ഇവിടെ പ്ലേറ്റ് ഇല്ല. പഴയ പ്രസിദ്ധീകരണങ്ങളുടെ താള് കുമ്പിളാക്കിയും കടലവിൽപ്പനക്കാർ ചുരുട്ടുന്നതുപോലെയാക്കിയുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്).

Konkan Train Food 3
വണ്ടിയേറാൻ പഴങ്ങളുമായി

ഹിന്ദി ബെൽറ്റിൽ പ്രിയങ്കരമായ ഒരിനമായ "ബേൽപ്പൂരി'യാണ് പ്രധാനപ്പെട്ട മറ്റൊരു സാന്നിധ്യം. വറുത്ത് പൊങ്ങു പോലുള്ള അരിയാണ് ഇതിലെ പ്രധാന ഇനം. അതിൽ മിക്സർ പോലെ മഞ്ഞനിറമുള്ള "സേമിയ'യും തക്കാളി, ഉള്ളി, ബീറ്റ്റൂട്ട്, പച്ചമാങ്ങ, മല്ലിച്ചപ്പ് എന്നിവ നുറുക്കിയിട്ട് ഉപ്പും കുരുമുളകും വിതറി നാരങ്ങാനീര് നനച്ചുള്ള വെജിറ്റബിൾ സലാഡും മറ്റ് ചില ചേരുവകളും ചേർന്നാൽ ബേൽപ്പൂരിയായി. വറുത്ത കടല തരുന്നതുപോലെ കടലാസുകുമ്പിളിൽ നിന്ന് കൊറിക്കാം. കടല തോടോടെ വറുത്തതും മധുരം വേണ്ടവർക്ക് മിഠായികളും ശീതള പാനീയങ്ങളും കുടിവെള്ള കുപ്പികളും കൊണ്ടു നടക്കുന്നവരുണ്ട് കൂട്ടത്തിൽ.

Konkan Train Food 4

ഒറ്റയ്ക്കും കൂട്ടമായും കമ്പാർട്ടുമെന്റിലേക്ക് ഇവർ കയറിവന്നാലുള്ള ഓളം ഒന്ന് വേറെതന്നെ. രാവിലെ യാത്രപുറപ്പെട്ട് വിശന്നിരിക്കുന്ന യാത്രക്കാരിൽ പുതുമയാർന്ന ഭക്ഷണസാധനങ്ങളുടെ സുഗന്ധം ഒരാവേശം നിറയ്ക്കും . ആദ്യം ഈ കാഴ്ച പകർന്ന കൗതുകത്തിൽ നിന്ന് മുക്തനായി ഞാൻ മെല്ലെ ഇവ ക്യാമറയിലേക്ക് പകർത്താൻ തുടങ്ങി. അപ്പോൾ നേരിട്ട പ്രശ്നം ഇവയെക്കുറിച്ചുള്ള അറിവില്ലായ്മയായിരുന്നു. ഇവയുടെ പേര് മുറി ഹിന്ദിയിൽ ചോദിച്ചറിയാം. കൂടുതൽ വിവരങ്ങൾ എങ്ങനെ അറിയും. രാഷ്ട്രഭാഷ ഒരു "വെല്ലുവിളിയായി' അങ്ങനെ മുന്നിൽ നിൽക്കുമ്പോഴാണ് സമീപമുള്ള ഒരാൾ എന്നെ സഹായിക്കാനെത്തിയത്. അദ്ദേഹത്തിന്റെ പേര് ശൈലേന്ദ്ര ടി. മാലി. അദ്ദേഹത്തിന് ഇംഗ്ലീഷ് നല്ല വശമുണ്ട്. സിറ്റിസൺ വാച്ചിന്റെ സർവീസിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നു. പ്രായം അമ്പതിനുതാഴെ. അദ്ദേഹം എനിക്ക് അവിടെ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ചും അത് വിതരണം ചെയ്യുന്ന മനുഷ്യരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകി.

Bhel Puri

പൻവേൽമുതൽ റോഹവരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന “ആഗി' (Agri) എന്ന പിന്നാക്ക സമുദായമാണിവർ. 60 മുതൽ 70 ലക്ഷം വ രെയാണ് ഇവരുടെ ജനസംഖ്യ. കൃഷിയും മത്സ്യബന്ധനവും ഉപ്പുകുറുക്കലുമാണ് പ്രധാന തൊഴിൽ. ശൈലേന്ദ്രയും ഇതേ വിഭാഗക്കാരനാണെങ്കിലും വീട്ടിൽ എല്ലാവർക്കും നല്ല വിദ്യാഭ്യാസമുണ്ട്. അങ്ങനെ പരമ്പരാഗത തൊഴിലിൽനിന്ന് മാറി മറ്റൊരു തൊഴിൽമേ ഖലയിൽ എത്തി. ഭാര്യയും കുട്ടികളുമുള്ള കുടുംബസ്ഥൻ. സൗമ്യനും ശാന്തനുമായ ആ മനുഷ്യൻ എനിക്ക് ആ സമയത്ത് നൽകിയ സഹായം മറക്കാനാകാത്തതായിരുന്നു. എന്റെ യാത്രയെക്കുറിച്ചും റായ്ഗഡ് കോട്ടയെക്കുറിച്ചും സംസാരിച്ചപ്പോൾ അദ്ദേഹം എനിക്ക് അവിടേക്ക് എത്തിച്ചേരാനുള്ള കൃത്യമായ വഴിയും മറ്റ് വിവരങ്ങളും നൽകി.

Konkan Train Food 5

Mathrubhumi Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

എനിക്ക് ഇറങ്ങേണ്ട വീർ സ്റ്റേഷന് മുൻപേ ശൈലേന്ദ്ര ഇറങ്ങി. യാത്രയ്ക്കിടയിൽ പല ഭക്ഷണസാധനങ്ങളും കുറച്ച് അകത്താക്കിയതിനാൽ വിശപ്പ് അറിഞ്ഞതേ ഇല്ല. അധികം വലുപ്പമില്ലാത്ത കക്കിരിക്കയുടെ ഒരു പാക്കറ്റും ഞാൻ എന്റെ ട്രാവൽ ബാഗിലാക്കി. വണ്ടി റോഹ കഴിഞ്ഞപ്പോൾ ഭക്ഷണവുമായി വന്ന ഗ്രാമീണർ വഴിയിലെ പല സ്റ്റേഷനുകളിൽ ഇറങ്ങിത്തുടങ്ങിയിരുന്നു. വീർ സ്റ്റേഷൻ എത്തുമ്പോഴേക്കും വണ്ടിയിൽ യാത്രക്കാർ മാത്രമായി.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Konkan Railway Travel, Food Travel to Veer, Train Travel, Konkan Train Foods

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented