സിനിമാ ലൊക്കേഷനുകളിലേക്ക് യാത്ര പോയാലോ? വഴിയുമായി വിനോദസഞ്ചാര വകുപ്പ്


ടൂറിസം മന്ത്രി പി.എം. മുഹമ്മദ് റിയാസ് ബുധനാഴ്ച പ്രഖ്യാപിച്ച സിനിമാ ടൂറിസം പദ്ധതിയിൽ അടയാളപ്പെടുത്താൻ മലപ്പുറത്തിനുമുണ്ട് കുറേ സ്ഥലങ്ങൾ. പ്രസിദ്ധമായ ഒട്ടേറേ സിനിമകൾ പിറന്ന രംഗഭൂമികൾ. ആ ലൊക്കേഷനുകൾ കണ്ട്, സിനിമാ വിശേഷങ്ങൾ കേട്ട് ഒരു യാത്ര പോയാലോ..?

കുറ്റിപ്പുറത്ത് നിന്നൊരു ദൃശ്യം | ഫോട്ടോ: മാതൃഭൂമി

ചില സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് ചില സിനിമകളിലെ രംഗങ്ങൾ ഓർമ വരാറില്ലേ..? അത്തരം സിനിമാരംഗങ്ങളുടെ ലൊക്കേഷനുകൾ കാണാൻ നമുക്ക് ആവേശം തോന്നാറില്ലേ..? അതിന് വഴിയൊരുക്കുകയാണ് വിനോദസഞ്ചാര വകുപ്പ്.

ടൂറിസം മന്ത്രി പി.എം. മുഹമ്മദ് റിയാസ് ബുധനാഴ്ച പ്രഖ്യാപിച്ച സിനിമാ ടൂറിസം പദ്ധതിയിൽ അടയാളപ്പെടുത്താൻ മലപ്പുറത്തിനുമുണ്ട് കുറേ സ്ഥലങ്ങൾ. പ്രസിദ്ധമായ ഒട്ടേറേ സിനിമകൾ പിറന്ന രംഗഭൂമികൾ. ആ ലൊക്കേഷനുകൾ കണ്ട്, സിനിമാ വിശേഷങ്ങൾ കേട്ട് ഒരു യാത്ര പോയാലോ..?

ജില്ലയുടെ ഇങ്ങേ അതിർത്തിയായ പൊന്നാനിയിൽനിന്ന് നമുക്ക് യാത്ര തുടങ്ങാം.

1958- ൽ പി. ഭാസ്കരൻ സംവിധാനംചെയ്ത ‘നായരുപിടിച്ച പുലിവാൽ’ എന്ന സിനിമയുടെ ചിത്രീകരണം നടന്ന പൊന്നാനി കടവനാട് മേഖലയിലൂടെയാണ് യാത്ര. അന്തരിച്ച നടൻ സത്യൻ തകർത്തഭിനയിച്ച മണൽവഴികൾ. എസ്. കൊന്നനാട്ടിന്റെ ‘സുറുമയിട്ട കണ്ണുകൾ’എന്ന സിനിമയും പൊന്നാനി കുറ്റിക്കാട് ഭാഗങ്ങളിൽ ചിത്രീകരിച്ചു.

നോവലിസ്റ്റ് ഉറൂബിന്റെ ‘ഉമ്മാച്ചു’എന്ന നോവലിനെ അടിസ്ഥാനമാക്കി പി. ഭാസ്കരൻ സംവിധാനംചെയ്ത ‘ഉമ്മാച്ചു’ എന്ന സിനിമയുടെ പ്രധാന രംഗങ്ങളെല്ലാം പൊന്നാനി, തവനൂർ, മേഖലകളിലായിരുന്നു. പൊന്നാനിക്കാരനായ ടി.പി. ഹരിദാസ് നിർമിച്ച ‘പല്ലവി’ എന്ന സിനിമയിൽ നായകനായ വിൻസന്റും നായിക ജയഭാരതിയും പ്രണയിച്ചത് ഈ മണൽപ്പരപ്പിൽത്തന്നെ.

പുതിയ സിനിമകളിൽ ഷാനവാസ് ബാവക്കുട്ടി സംവിധാനംചെയ്ത ‘കിസ്മത്ത്’ ന്റെ ലൊക്കേഷൻ ഏറെക്കുറെ പൊന്നാനി മാത്രമാണ്. ചന്തപ്പടി, ഹാർബർ, പുളിക്കടവ്, ബിയ്യംകായൽ, ചമ്രവട്ടം തുടങ്ങിയ സ്ഥലങ്ങളെല്ലാം ഈ സിനിമയിൽ നിറഞ്ഞുനിൽക്കുന്നു. ഷൈൻ നിഗം ആണ് നായകൻ.

Mana

location
എടപ്പാളിലേക്ക്

‘ദേശാടനം’ എന്ന ജയരാജ് സിനിമയിലെ കുറേരംഗങ്ങൾ ചിത്രീകരിച്ചത് നാറാസ് മനയിലും ഇവിടത്തെ കുളത്തിലുമാണ്. പി.ജെ. ആന്റണിയുടെ നിർമ്മാല്യമെന്ന ദേശീയാംഗീകാരം നേടിയ സിനിമ നമുക്ക് മറക്കാനാവുമോ? മൂക്കുതല ക്ഷേത്രത്തിലാണ് നിർമ്മാല്യത്തിന്റെ ചിത്രീകരണം കൂടുതലും. വെളിച്ചപ്പാട് ദേവീ വിഗ്രഹത്തിലേക്ക് തുപ്പുന്ന രംഗം മൂക്കുതലയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചത്. മോഹൻലാലിന്റെ ‘ഇട്ടിമാണി’യുടെ ഷൂട്ടിങും എടപ്പാൾ ശ്രീവത്സം മെഡിക്കൽകോളേജിൽ നടന്നിട്ടുണ്ട്.

അരവിന്ദന്റെ പ്രസിദ്ധമായ ‘തമ്പ്’ സിനിമയുടെ തുടക്കത്തിൽ സർക്കസ് വണ്ടി ഓടിവരുന്ന കുറ്റിപ്പുറം പാലത്തിനുമുകളിലാണ് ഇപ്പോൾ നമ്മൾ. എത്രയെത്ര സിനിമകളിൽ ഈ പാലം ചെറുതും വലുതുമായ കഥാപാത്രമായിരിക്കുന്നു. 1978-ൽ പുറത്തിറങ്ങിയ സി. രാധാകൃഷ്ണന്റെ ‘അഗ്നി’എന്ന സിനിമയിലെ ഗാനരംഗം ചിത്രീകരിച്ചത് ഇവിടെയാണ്. 2014-ൽ പ്രതാപ് ജോസഫിന്റെ ‘കുറ്റിപ്പുറം പാലം’ എന്ന സിനിമയിലും സമദ് മങ്കടയുടെ ‘കാറ്റ്, കടൽ, അതിരുകൾ’ എന്ന സിനിമയിലും പാലം അതിന്റെ എല്ലാ ദൃശ്യഭംഗിയോടെയും നിറഞ്ഞുനിന്നു.

ഹരിഹരന്റെ ‘അമൃതംഗമയ’ യിലും പാലം വേഷമിട്ടു. ആദ്യമായി കുറ്റിപ്പുറം പാലത്തിന്റെ ആകാശദൃശ്യം ചിത്രീകരിച്ചത് രഞ്ജിത് സംവിധാനംചെയ്ത മോഹൻലാൽ സിനിമ ‘ലോഹ’ത്തിലാണ്. അഷ്‌റഫ് ഹംസയുടെ ‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ സിനിമകളിലും പാലമുണ്ട്.

നേരേ തവനൂരിലേക്ക് കടന്നാൽ സ്ഥിരം ലൊക്കേഷനുകളായ തവനൂർ ഇല്ലവും ബ്രഹ്മസ്വം മഠവും കാണാം. ജയരാജിന്റെ മിക്ക സിനിമകളിലും പശ്ചാത്തലമായി ഇവയുണ്ട്. ദേശാടനം, ജയറാമിന്റെ ‘സ്നേഹം’, മുരളിയുടെ ‘താലോലം’, ‘വിനയപൂർവം വിദ്യാധരൻ’, ഫുട്‌ബോൾ താരം ഐ.എം. വിജയൻ അഭിനയിച്ച ‘ശാന്തം’, ‘നീലത്താമര’, ‘തമാശ’.. അങ്ങനെ ഇവിടെ പിറന്ന സിനിമകളുടെ പട്ടിക നീളും. ‘സ്നേഹ’ത്തിൽ നടി ജോമോൾ താമസിക്കുന്ന വീട് ബ്രഹ്മസ്വം മഠത്തിന്റെ ഒരു ഭാഗമാണ്.

‘പൈതൃക’ത്തിലെ പോസ്‌റ്റോഫീസും അതുതന്നെ. തവനൂരിനൊപ്പം തിരുനാവായ നാവാമുകുന്ദ ക്ഷേത്രവും നിളയും ഒട്ടേറേ സിനിമകൾക്ക് ദൃശ്യവിരുന്നൊരുക്കി. തമ്പിലെ രംഗങ്ങൾ പലതും നാവാമുകുന്ദന്റെ മുന്നിലാണ്. അന്തരിച്ച നടൻ നെടുമുടി വേണു ഇവിടത്തെ ആൽത്തറയിലിരുന്നാണ് ഞെരളത്ത് രാമപ്പൊതുവാളിന്റെ കൂടെ ഇടക്കകൊട്ടി പാടുന്നത്. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ കഥയെഴുതിയ ‘തിളക്കം’സിനിമയിലും നാവാമുകുന്ദ ക്ഷേത്രക്കടവുണ്ട്.

Thavanoor
തവനൂർ ചെറുതിരുനാവായ ശിവക്ഷേത്രവും ആൽത്തറയും: ദേശാടനം, പൈതൃകം, സ്നേഹം, ശാന്തം, കുടമാറ്റം തുടങ്ങിയ ചിത്രങ്ങളിലുണ്ട്.

location
തിരൂരിലേക്ക്

തിരൂർ വഴിയിലേക്ക് തിരിഞ്ഞാൽ വെട്ടം, പറവണ്ണ ഭാഗങ്ങളിലാണ് തിലകൻ അഭിനയിച്ച ‘ഒരു പെരുന്നാൾ രാവ്’ ചിത്രീകരിച്ചത്. പവിത്രൻ സംവിധാനം ചെയ്ത ‘ഉപ്പി’ന്റെ ഷൂട്ടിങ് പുറത്തൂർ, ചമ്രവട്ടം എന്നിവിടങ്ങളിൽ നടന്നിട്ടുണ്ട്. സി. രാധാകൃഷ്ണന്റെ ‘അഗ്നി’ പൊന്നാനിക്കൊപ്പം ചമ്രവട്ടത്തും ചിത്രീകരിച്ചു.

ഇവിടെനിന്ന് വളാഞ്ചേരിയിലേക്ക് വന്നാൽ ‘കുടമാറ്റം’ എന്ന സിനിമയിൽ ദിലീപും മഞ്ജുവാരിയരും വിജയരാഘവനും ചേർന്നഭിനയിച്ച പല രംഗങ്ങളും ചിത്രീകരിച്ചത് പൂക്കാട്ടിരി മഹാദേവക്ഷേത്രപരിസരത്താണ്.

വിനയ് ഫോർട്ട് നായകനായ ‘തമാശ’ സിനിമ വളാഞ്ചേരിയിലും പൊന്നാനിയിലുമായി ചിത്രീകരിച്ചതാണ്. അപകടത്തിൽപ്പെട്ടവരെ വിനയ്‌ഫോർട്ട് സഹായിക്കുന്നത് നടക്കാവിൽ ആശുപത്രിയിൽ വെച്ചാണ്. കഫേക്രഷ് എന്ന കേക്ക് ഷോപ്പിലിരുന്ന് നായകനും നായികയും ഭക്ഷണം കഴിക്കുന്ന രംഗവും കാണാം.

വാദ്യക്കാരുടെ ജീവിതം പറഞ്ഞ ’ഒരു ദേശവിശേഷം’ എന്ന സിനിമയുടെ ലൊക്കേഷനുകൾ പൂക്കാട്ടിരി ശിവക്ഷേത്രം, വൈക്കത്തൂർ മഹാദേവക്ഷേത്രം, വെണ്ടല്ലൂരിലെ മഠത്തിൽ വീട് എന്നിടങ്ങളിലായിരുന്നു.

Thirunavaya
തിരുനാവായ ബ്രഹ്മസ്വം മഠം: പൈതൃകം, ദേശാടനം, താലോലം, സ്നേഹം, ശാന്തം തുടങ്ങിയ ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

location
അങ്ങാടിപ്പുറത്തെ പ്രണയകാലം

എ.ടി. അബു സംവിധാനംചെയ്ത 'അത്തം ചിത്തിര ചോതി' യുടെ ചിത്രീകരണം അങ്ങാടിപ്പുറത്തെ ചെങ്ങര ഹെറിറ്റേജിലായിരുന്നു. അങ്ങാടിപ്പുറം റെയിൽവേസ്റ്റേഷന്റെ ഭംഗി പകർത്തിയ രണ്ട് ചിത്രങ്ങളാണ് പ്രേംനസീറും ജയഭാരതിയും നായികാനായകൻമാരായ 'കരിപുരണ്ട ജീവിതങ്ങ'ളും ജയറാമിന്റെ 'കൃഷ്ണഗുഡിയിലെ പ്രണയകാലത്തും'. ഇവിടെനിന്ന് തീവണ്ടി കയറി നിലമ്പൂരിലെത്തിയാൽ നിലമ്പൂർ റെയിൽവേ സ്റ്റേഷനും പറയാനുണ്ട് കുറേ സിനിമാക്കഥകൾ.

ഫാസിലിന്റെ 'എന്നെന്നും കണ്ണേട്ടന്റെ' എന്ന സിനിമയ്ക്ക് രംഗമൊരുക്കിയിട്ടുണ്ട് ഈ സ്റ്റേഷൻ. കുറച്ചുമാറി വഴിക്കടവ് അതിർത്തിയിലെത്തിയാൽ ആനമറി എന്ന സ്ഥലത്താണ് ഷീല അഭിനയിച്ച 'യക്ഷിപ്പാറു' എന്ന സിനിമയുടെ ചിത്രീകരണം നടന്നത്.

കണ്ടം ബെച്ച കോട്ട്, കുട്ടിക്കുപ്പായം, ഭാർഗ്ഗവീ നിലയം, 1921, തുടങ്ങി അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിയുടെ ‘ഉണ്ട’ വരെ നിലമ്പൂരിൽ ചിത്രീകരിച്ചിട്ടുണ്ട്.

Angadippuram Railway Station
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ: കരിപുരണ്ട ജീവിതങ്ങൾ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്‌ എന്നീ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്‌

location
പാണ്ടിക്കാട്

1921 എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ ഇവിടത്തെ മരനാട്ട് മനയിൽ ചിത്രീകരിച്ചിട്ടുണ്ട്. കാളികാവിലേക്ക് പുറപ്പെട്ടാൽ ഇവിടത്തെ പുല്ലംകോട് എസ്‌റ്റേറ്റിന് പറയാനുണ്ട് അഭിനയവിശേഷങ്ങൾ. പ്രേംനസീറും അടൂർഭാസിയും ഷീലയുമൊക്കെ അഭിനയിച്ച 'ചെന്നായ വളർത്തിയ പെൺകുട്ടി' എന്ന സിനിമയുടെ പ്രധാന ലൊക്കേഷനായിരുന്നു ഈ എസ്റ്റേറ്റ്. രാഘവനും ജോസ് പ്രകാശുമൊക്കെ അഭിനയിച്ച 'പ്രേതങ്ങളുടെ താഴ്വര' യും ഇവിടെ ചിത്രീകരിച്ചു. പിൽക്കാലത്ത് മോഹൻലാലിന്റെ 'ഫോട്ടോഗ്രാഫറും' ഇവിടെ വന്നു.

അധികം ദൂരെയല്ലാതെ മമ്പാട്ടേക്ക് പോയാൽ വടപുറം കവലയിലും എം.ഇ.എസ്. കോളേജിലും ഫാസിലിന്റെ 'എന്നെന്നും കണ്ണേട്ടന്റെ' സിനിമാരംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. മുഹ്‌സിൻ പരാരിയുടെ 'കെ.എൽ-10' എന്ന സിനിമയിൽ എടവണ്ണ ചാലിയാർ തീരത്തെ എള്ളുപാറ പനച്ചിക്കൽ കടവിലെ രംഗമുണ്ട്. കുഞ്ചാക്കോബോബൻ നായകനായ 'ഈ സ്‌നേഹതീരത്ത്' ചിത്രീകരിച്ചത് സീതിഹാജിപ്പാലം, ചാലിയാർ മുണ്ടേങ്ങരക്കടവ് എന്നിവിടങ്ങളിലാണ്. അലി അക്ബറിന്റെ 'ഐഡിയൽ കപ്പിളി'ലും മുണ്ടേങ്ങര ചാലിയാർ കടവിലെ രംഗമുണ്ട്. ഐ.വി. ശശിയുടെ 1921-ലെ പല രംഗങ്ങളും ചാലിയാറിന്റെ തീരത്തെ കുണ്ടുതോട്, കൊളപ്പാട് ഭാഗങ്ങളിൽ ഷൂട്ട് ചെയ്തു. പി.എൻ. മേനോന്റെ ‘ഓളവും തീരവും’ കുണ്ടുതോട് കടവിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.

Thavanoor Mana
തവനൂർ മനയും കുളവും: ദേശാടനം, പൈതൃകം, സ്നേഹം, ശാന്തം, നീലത്താമര, തീ തുടങ്ങിയ ചിത്രങ്ങൾ തവനൂർ മനയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

1921-ന്റെ ഷൂട്ടിങ് കൂടുതലും ഏറനാട് മേഖലയിലായിരുന്നു. പാണ്ടിക്കാട്ടെ പ്രസിദ്ധമായ മരനാട്ടുമനയിലും പല രംഗങ്ങളും ചിത്രീകരിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ 'സ്‌നേഹിത'നും മരനാട്ടുമനയിൽ ചിത്രീകരിച്ചിട്ടുണ്ട്.

കുറച്ചു സമയം ചെലവഴിച്ച് അരീക്കോട്ടേക്കു കൂടി പോയി ഈ യാത്ര അവസാനിപ്പിക്കാം. കീഴുപറമ്പിലെ പഴമ്പറമ്പ് പ്രദേശത്ത് പല സിനിമകളുടെ ഷൂട്ടിങ് നടന്നിട്ടുണ്ട്. വിശാലമായ പുൽമേടുകളും പാറക്കൂട്ടങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. ബാവുട്ടിയുടെ നാമത്തിൽ, പാലേരിമാണിക്യം, വീണ്ടും കണ്ണൂർ തുടങ്ങിയ സിനിമകളെല്ലാം ഇവിടെ ചിത്രീകരിച്ചതാണ്. തെരട്ടമ്മലിലെ മൈതാനത്തിലാണ് കെ.എൽ.10 എന്ന സിനിമയിലെ ഫുട്‌ബോൾ മത്സരം ചിത്രീകരിച്ചത്.

Content Highlights: Cinema Tourism, Kerala Tourism, Malappuram Destinations, PA Muhammed Riyas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented