ല്ലുകള്‍ സംസാരിച്ചിരുന്നെങ്കില്‍ , മണ്ണു കഥ പറഞ്ഞിരുന്നെങ്കില്‍ അവയോളം ചരിത്രമറിയാവുന്ന, രഹസ്യം പേറുന്ന ഒന്നും ഈ ഭൂമുഖത്തൊന്നുമുണ്ടാവില്ല. ചരിത്രാതീത കാലം മുതല്‍ക്കുള്ള പല കോട്ടകളുടെയും അവസ്ഥയും ഇതു തന്നെ. ഭൂപടങ്ങള്‍ തിരുത്തിക്കുറിക്കപ്പെട്ട യുദ്ധങ്ങള്‍ ; രാജ വാഴ്ചകളുടെ ഉദയവും അസ്തമയവും; എണ്ണിയാലൊടുങ്ങാത്ത മനുഷ്യക്കുരുതികള്‍; പാളിപ്പോയ തന്ത്രങ്ങളും വിജയിച്ചവയും..

Chithradurga 1

ബാംഗ്ലൂര്‍ നിന്നും ഏകദേശം 200 കി.മി. അകലെ സ്ഥിതി ചെയ്യുന്ന ചിത്രദുര്‍ഗയെന്ന കോട്ട ക്ഷണിക്കുന്നത് കല്ലില്‍ പ്രകൃതിയും മനുഷ്യനും തീര്‍ത്ത കാഴ്ചകളിലേക്കാണ്.ഒരു ചിത്രത്തിലെന്ന പോലെ, വരച്ചിട്ട പോലെ സുന്ദരമാണ് ഇവിടുത്തെ കാഴ്ചകള്‍.ചിത്രദുര്‍ഗയെന്നാല്‍ ചിത്രത്തിലെന്ന പോലെയുള്ള കോട്ട എന്നര്‍ത്ഥം. ഇതിഹാസവും ചരിത്രവും പേറുന്ന ഈ കോട്ട, മഹാഭാരതത്തിലെ ഹിഡുംബന്റെയും ഹിഡുംബിയുടെയും വാസ സ്ഥലം ആയിരുന്നു എന്നു പറയപ്പെടുന്നു.ഏകദേശം 4 മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷം ചിത്രദുര്‍ഗയിലെത്തുമ്പോള്‍ ചൂടും നല്ല വരണ്ട കാലാവസ്ഥയും.( ഒക്ടോബര്‍ മാസം)

നിറയെ പാറകളും പാറക്കൂട്ടങ്ങളുമുള്ള കുന്നുകള്‍. കുന്നുകളുടെ മുകളില്‍ വീശുന്ന കാറ്റ് ഉപയോഗപ്പെടുത്തി ചെറിയൊരു കാറ്റാടി പാടം ചുറ്റും കാണാവുന്നതാണ്. കുന്നിന്റെ കിടപ്പിനു കോട്ടം തട്ടാതെ ഒരു കോട്ടയും കവാടങ്ങളും പുറമെ നിന്നു കാണാം. പാറ തുരന്നും പാറക്കല്ലുകൊണ്ടും നിര്‍മ്മിച്ച കോട്ടയായതുകൊണ്ട് കുറച്ചകലെ നിന്നു അവിടെ കോട്ടയുള്ളതായി മനസ്സിലാക്കാനാവില്ല. ശത്രു നീരീക്ഷണത്തിനു ഉത്തമം.

Chithradurga 2

നൂറ്റാണ്ടുകള്‍ കൊണ്ടു രൂപപ്പെട്ടതാണ് ഇന്നു അവശേഷിക്കുന്ന തരത്തിലുള്ള കോട്ട.ചാലൂക്യരും ഹോയ്‌സാല രാജവംശവും പിന്നീട് വിജയനഗര സാമ്രാജ്യവും ഒരു കാലത്ത് ഈ കോട്ട അടക്കി വാണിരുന്നു. ഇവിടെ നിന്നു കണ്ടെത്തിയ ശിലാലിഖിതങ്ങളില്‍ ചിലത് അശോക ചക്രവര്‍ത്തിയുടെ ഭരണകാലത്തെ മൗര്യ സാമ്രാജ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. വിജയനഗര സാമ്രാജ്യ കാലയളവില്‍ ഗ്രാമ മുഖ്യനായ, തിമ്മണ്ണ നായകയുടെ കയ്യില്‍ കിട്ടുന്നതു മുതല്‍ക്കാണ് ഈ കോട്ടയുടെ സുവണ്ണ കാലഘട്ടം തുടങ്ങുന്നത്. ഹൈദരാലിയുടെ പടയോട്ടത്തിനും ഈ കോട്ട സാക്ഷ്യം വഹിച്ചു.

Chithradurga 3

ടിക്കറ്റെടുത്ത ശേഷം, കോട്ടയ്ക്കകത്തേക്കു കയറിയ ഞങ്ങള്‍ക്ക് ഗൈഡ്, ആ നിര്‍മ്മിതി വിശദീകരിച്ചു തന്നു. ബാഹുബലി പോലുള്ള പീരിയോഡിക് സിനിമകള്‍, കോട്ടകള്‍ വിഭാവനം ചെയ്തവരുടെ മികവും ഓരോ നിര്‍മ്മിതിയുടെയും ഉദ്ദേശവും പെട്ടെന്നു തന്നെ മനസ്സിലാക്കാന്‍ സഹായിക്കും. പ്രധാനമായും ഏഴു കവാടങ്ങളാണ് ഈ കോട്ടയ്ക്ക്. അതി ശക്തമായ കോട്ട വാതില്‍ തുറക്കാന്‍ ആനയെയും കൊണ്ടുള്ള വരവൊഴിവാക്കാന്‍ ആനയ്‌ക്കൊന്നു നിവര്‍ന്നു നിന്നു ശക്തി പ്രയോഗിക്കാനുള്ള പഴുതടച്ച് ഇടുങ്ങി ലംബമായി പ്രവേശിക്കുന്ന രീതിയിലാണ് എല്ലാ കവാടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.ഈ ലംബാകൃതിയുടെ മറ്റൊരു പ്രത്യേകത എതിരാളിയെ അത്ര പെട്ടെന്ന് നേര്‍ക്കു നേര്‍ കാണാതെ മുന്‍പില്‍ ഇനിയെന്ത് എന്ന സംശയമുണ്ടാക്കും വിധമാണ്.

Chithradurga 4

കല്‍പ്പടവുകളാല്‍ തീര്‍ത്ത പാതയുണ്ട് കുന്നിന്റെ മുകള്‍ വരെ. കുന്നിന്റെ മുകളിലായി ഒന്നിലധികം വാച്ച് ടവറുകളുമുണ്ട്. ഏറ്റവും പുറമെയുള്ള കവാടത്തില്‍ ഏറ്റവും മുകളിലായി ലോങ്ങ് റേഞ്ച് യുദ്ധോപകരണങ്ങളായ അമ്പും വില്ലും, തോക്ക് തുടങ്ങിയവയ്ക്കുള്ള ചെറിയ ദ്വാരമുണ്ട്. അവിടെ ഒരു മനുഷ്യനു നില്‍ക്കാനുള്ള സ്ഥലമോ കയറാനുള്ള പടികളോ ഇല്ല. ഭടന്മാര്‍ ഇതില്‍ വലിഞ്ഞു കയറി യുദ്ധോപകരണങ്ങള്‍ പ്രയോഗിച്ചിരുന്നു എന്ന വിശദീകരണം അല്പം കടന്നതായി തോന്നി. മാത്രവുമല്ല അത്ര എളുപ്പം ആര്‍ക്കും പിടിച്ചു കയറാന്‍ പറ്റാത്ത വിധം ചെറു മിനുസവുമുണ്ട് കല്‍ ഭിത്തിക്ക്. ഇവ ആദ്യ കാലയളവില്‍ മണ്ണിനാലും പിന്നീട് നായകരുടെ കീഴില്‍ ഗ്രാനൈറ്റ് കല്ലുകളാലും നിര്‍മ്മിക്കപ്പെട്ടവയാണ്.

Chithradurga 5

Chithradurga 6ആദ്യ കവാടം പിന്നിട്ട് രണ്ടാം കവാടം അടുക്കാറായപ്പോള്‍ ഒരു ചേട്ടനവിടെ കാഴ്ചക്കാരെ ഒക്കെ വിളിച്ചു കൂട്ടി നില്‍ക്കുന്നു. ആ മിനുസമുള്ള ഭിത്തിയില്‍ സെക്കന്റുകള്‍ക്കുള്ളില്‍ വലിഞ്ഞു കയറാനുള്ള പുറപ്പാടാണ്. മറ്റാര്‍ക്കെങ്കിലും 9 സെക്കന്റില്‍ കയറാന്‍ സാധിക്കുമോയെന്നു വെല്ലു വിളിക്കുന്നുമുണ്ട്. ഒരു പഴയ സ്‌പോര്‍ട്‌സ് താരമാണ്. ഈ ഷോയ്ക്കു ശേഷം കാണികള്‍ നല്‍കുന്ന തുക ഇദ്ദേഹത്തിനൊരു വരുമാനമാണ്. ആ ചേട്ടന്‍ കയറിയില്ലെങ്കിലും വീണു പരിക്കൊന്നും പറ്റല്ലെയെന്നു മനസ്സില്‍ കരുതി വീഡിയോ ഓണാക്കിയതെ ഓര്‍മ്മയുള്ളൂ. ഇന്ത്യന്‍ സ്പൈഡര്‍മാന്‍ മുകളിലെത്തിക്കഴിഞ്ഞു. അപ്പോള്‍ മാത്രമാണ് ഗൈഡ് പറഞ്ഞത് സത്യമാണ് എന്നു ബോദ്ധ്യമായത്. അകത്തു കണ്ട പുരാതനമായ ജിം അതിനു സാക്ഷ്യമാണ്. ജിമ്മിനു വാതിലില്ല. അരയാള്‍ പൊക്കത്തില്‍ ഒരു ജനല്‍ കാണാം. ആദ്യം ജനല്‍ പൊക്കത്തില്‍ വലിഞ്ഞു കയറണം. പിന്നീട് ജനലിലൂടെ നുഴഞ്ഞ് അകത്തു കയറണം. അക്കാലത്തെ ഭടന്മാര്‍ക്ക് നല്ല മെയ് വഴക്കമുണ്ടായിരുന്നിരിക്കണം. കോട്ടയ്ക്കുള്ളില്‍ തന്നെ ഹിഡിംബേശ്വര ക്ഷേത്ര മുള്‍പ്പടെ നിരവധി ക്ഷേത്രങ്ങള്‍ കാണാം.ഹൈദരാലി പിടിച്ചടക്കിയതിനു ശേഷം മോസ്‌കും ഉണ്ടെന്നു പറയപ്പെടുന്നു.

ഒരു മഴവെള്ള സംഭരണിയും അതു കല്ലുകള്‍ക്കിടയിലൂടെ ശുദ്ധീകരിച്ച് ഒഴുകിയിറങ്ങുന്ന അക്കാലത്തെ പ്യൂരിഫെഡ് വാട്ടറും കാണാം. കുടി വെള്ളത്തിന്റെ സ്ഥാനം അറിയിക്കാന്‍ തൊട്ടടുത്തുള്ള കോട്ട ഭിത്തിയില്‍ മത്സ്യ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു. കോട്ട മുഴുവന്‍ ഭിത്തിയില്‍ ചുറ്റപ്പെട്ടിട്ടില്ല. പലയിടത്തും സുന്ദരന്‍ പാറക്കൂട്ടങ്ങളാണ് പ്രകൃതി ദത്തമായ കവചം നല്‍കുന്നത്. ഈ പാറകളില്‍ ചിലതിന്റെ ആകൃതി രസകരമാണ്. ആനയുടെയും മുയലിന്റെയും തവളയുടെയും ആകൃതിയിലുള്ള പാറകള്‍ കാണാന്‍ സാധിക്കും. ഈ കോട്ടയുടെ പ്രധാന്യം ഇവിടെ തീരുന്നില്ല. കന്നഡിഗരുടെ ധീരവനിതയായ ഒനക്കെ ഒബ്ബാവയുടെ രക്ത സാക്ഷിത്വം നടന്ന മണ്ണാണിത്. ഝാന്‍സി റാണിക്കൊപ്പമോ അതിനപ്പുറമോ ആണ് കന്നഡിഗര്‍ക്ക് ഒബ്ബാവയോടുള്ള ആദരവ്.Chithradurga 7

ഈ കോട്ട പിടിച്ചടക്കാന്‍ തക്കം പാര്‍ത്തിരുന്ന ഹൈദരാലിയുടെ മുന്നില്‍ അപ്രതീക്ഷിതമായി ഒരു വഴി തുറന്നു കിട്ടി. ചെറിയൊരു പാറയിടുക്കിലൂടെ, ഒരാള്‍ക്കു മാത്രം കഷ്ടി നുഴഞ്ഞു കയറാവുന്ന വഴിയിലൂടെ ഒരാള്‍ അകത്തു കടക്കുന്നതു ഹൈദരാലിയുടെയും സംഘത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ഉച്ചഭക്ഷണത്തിനെത്തിയ കാവല്‍ ഭടനായ ഭര്‍ത്താവിനു കുടിക്കാന്‍ വെള്ളമെടുക്കാനായി പുറത്തിറങ്ങിയതാണ് ഒബ്ബാവ എന്ന സ്ത്രീ. അപ്പോഴാണ് ജലസംഭരണിയോട് ചേര്‍ന്നുള്ള പാറയിടുക്കിലെ ദ്വാരത്തിലൂടെ ഒരാള്‍ കടക്കാന്‍ ശ്രമിക്കുന്നത് ഒബ്ബാവയുടെ ശ്രദ്ധയില്‍ പെടുന്നത്. അപകടം മണത്ത ഒബ്ബാവ ഭക്ഷണം കഴിയ്ക്കുന്ന ഭര്‍ത്താവിനെ ശല്യപ്പെടുത്താതെ ഒരു ഉലക്കയുമായെത്തി. ആ ദ്വാരത്തിന്റെ പ്രത്യേകതയെന്തെന്നു വച്ചാല്‍ തല മാത്രമായി പുറത്തിട്ടു പിന്നെ കുറച്ചു മിനക്കെട്ടു വേണം ബാക്കി ശരീരം പുറത്തെത്തിക്കാന്‍. ഞങ്ങളില്‍ പലരും ഈ ദ്വാരത്തിലൂടെ കയറിയിറങ്ങി ബോധ്യപ്പെട്ടതാണ്.

അങ്ങനെ ദ്വാരത്തിലൂടെ തലയിട്ട് പുറത്തേക്കു ശരീരം വലിയ്ക്കാന്‍ ശ്രമിക്കുന്ന ശത്രു ഭടനെ ഒരു ഉലക്ക കൊണ്ട് ഒബ്ബാവ കീഴ്‌പ്പെടുത്തി. തലയ്ക്കായിരിക്കണം ആദ്യ പ്രഹരം കൊടുത്തത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതു കേവലം ഒരു ഭടനില്‍ ഒതുങ്ങിയില്ല. ആദ്യ ഭടനു പിന്നാലെയെത്തിയ പലരും പരലോകം പൂകിയ ശേഷമാണ് ഒബ്ബാവയുടെ ഭര്‍ത്താവ് ഭക്ഷണം കഴിച്ച് പുറത്തെത്തുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് ശത്രു സംഹാരം നടത്തി. ഓരോരുത്തരെയും ഒന്നൊന്നായി ഉലക്ക വെച്ചു തലയ്ക്കടിച്ചിടുന്ന രംഗം കുറച്ചു ഫാസ്റ്റ് ഫോര്‍വേഡായി വിഭാവനം ചെയ്തു ഒരു പ്രിയദര്‍ശന്‍ സിനിമ ക്ലൈമാക്‌സ് സീന്‍ പോലെ ആസ്വദിച്ചു നോക്കുക രസകരമാണ്. പക്ഷെ സംഭവത്തിനിടെ ഒബ്ബാവയ്ക്ക് ജീവന്‍ നഷ്ടമായി.

Chithradurga 8ഇതിനു ശേഷം അധികം കാലതാമസമുണ്ടാകാതെ തന്നെ ഈ കോട്ട ഹൈദരാലി പിടിച്ചടക്കുകയും ചെയ്തു. ഒബ്ബാവയുടെ രക്തസാക്ഷിത്വ സ്മരാണര്‍ത്ഥം ഒബ്ബാവ വെള്ളമെടുക്കാന്‍ പോയ സംഭരണിയും അവരുടെ വീടും (ഒരു ചെറിയ ഗുഹ) അവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്. കന്നഡിഗരുടെ മനസ്സില്‍ ഒനക്കെ (ഉലക്ക) ഒബ്ബാവ എന്ന പേരില്‍ അവര്‍ ഒരു ധീരവനിതയായി നിലകൊള്ളുന്നു. മറ്റു പല പുരാതന ക്ഷേത്രങ്ങളും പോലെ സുന്ദരമായ ഒരു കല്ലിന്‍ കവാടവും പിന്നീട് നടന്നു കയറാന്‍ കല്ലില്‍ തീര്‍ത്ത വഴികളും പടവുകളുമായി വാസ്തുകലയുടെ സകല ചാരുതയുമൊത്തതാണ് ഹിഡിംബേംശ്വര ക്ഷേത്രം. ക്ഷേത്രത്തിനു പുറത്തു നിന്നാല്‍ ചിത്രദുര്‍ഗ എന്ന പട്ടണം മുഴുവനും കാണാം.

പാറക്കല്ലു കൊണ്ടുള്ള നടപ്പാതകളില്‍ കുത്തനെ ഇറക്കമുള്ള ഭാഗങ്ങളില്‍ കുതിരകള്‍ തെന്നാതിരിക്കാന്‍ മനപൂര്‍വ്വം വരുത്തിയിരിക്കുന്ന കുഴിവുകള്‍, ഭടന്മാര്‍ വീടു പോലെ ഉപയോഗിച്ചിരുന്ന ഗുഹാ മുഖങ്ങളില്‍ പന്തം കൊളുത്തി വയ്ക്കാനുള്ള വിടവുകള്‍, വലിയ പാറക്കല്ലുകള്‍ പിളര്‍ത്താനുപയോഗിച്ചിരുന്ന രീതികള്‍ ഇവയൊക്കെ ഒരു കാലഘട്ടത്തെ നമുക്കു മുന്നില്‍ വരച്ചിടുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും കാലമെത്തിയപ്പോഴും പ്രചാരമാര്‍ജിച്ച തോക്കും പീരങ്കിയും വെടി മരുന്നു നിര്‍മാണത്തിനുള്ള സൗകര്യവും കോട്ടയുടെ പഴമ കണക്കിലെടുത്താല്‍ താരതമ്യേന പുതിയ കൂട്ടിച്ചേര്‍ക്കലുകളാണ്.

ഹോളി ആഘോഷിക്കാന്‍ നിറം കലക്കാനുള്ള ചെറിയ സംഭരണിയും ക്ഷേത്ര കവാടങ്ങളില്‍ ചതുരംഗം കളിച്ച് സമയം കളയാനുള്ള ഇരിപ്പിടങ്ങളുമുള്‍പ്പടെ നിരവധി സജ്ജീകരണങ്ങള്‍ കോട്ടയ്ക്കുള്ളില്‍ കാണാം. ചിത്രദുര്‍ഗയിലെ കാഴ്ചകള്‍ക്കു ശേഷം മടങ്ങുമ്പോള്‍ ഒരു രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷമുള്ള ജനത, നമ്മളിന്നു നിര്‍മ്മിച്ചു കൂട്ടുന്നതും നമ്മുടെ ജീവിത ശൈലിയും പഠിച്ചേക്കും എന്ന ചിന്ത കടന്നു വന്നു. ഇന്നു എനിക്കു മുന്നില്‍ ഈ കോട്ട കൗതുകമാണെങ്കില്‍ നാമിന്നു വസിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടം നാളത്തെ കൗതുകമായേക്കാം

Content Highlights: Chithradurga Travel, Appoppanthadi Flyhigh, Women Travel