ത്തുന്ന വേനലിന്റെ നൊമ്പരമായി കരിമ്പടം പുതച്ച ചെമ്പ്രമലയോരങ്ങള്‍ വീണ്ടും പച്ചപ്പണിഞ്ഞു. കരിപുരണ്ട കാഴ്ചകളെ പിന്നിട്ട ഒരു മഴക്കാലം ഈ ഗിരി പര്‍വ്വതത്തെയും തളിരണിയിക്കുകയായിരുന്നു.പുല്‍നാമ്പുകളും ചെറുസസ്യങ്ങളും കാട്ടുകുറിഞ്ഞി പൂക്കളും തിരികെയെത്തിയതോടെ ചെമ്പ്രയെ പുണരാന്‍ സഞ്ചാരികളും എത്തിതുടങ്ങി. നിറഞ്ഞു തുളുമ്പുന്ന ഹൃദയതടാകകരയില്‍ മറ്റൊരു സാഹസിക വിനോദ സഞ്ചാര സീസണ്‍ കൂടി തുടങ്ങുകയായി. ഈ മലനിരകളിലെ മേഘശിഖരങ്ങള്‍ തൊടാന്‍ പുല്‍മേടുകള്‍ കടന്ന് സഞ്ചാരികളെത്തുമ്പോള്‍ ഇനിയുള്ള യാത്രകളിലെല്ലാം ഒരു കാവല്‍ക്കണ്ണുകളും ഇവരെ പിന്തുടരും.

chembra

മാസങ്ങള്‍ക്ക് മുമ്പ് പൊള്ളുന്ന വേനലിലെ ഒരുദിനം പുല്‍മേടുകളെ പുണര്‍ന്ന് സഞ്ചാരികളെ ഹൃദയ തടാകത്തിലേക്ക് വിളിച്ച ഈ മലനിരകളുടെ കാഴ്ചകള്‍ മണിക്കൂറുകള്‍ കെണ്ടാണ്  കറുത്തതായി മാറിയത്. സഞ്ചാരികളില്‍ ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നും പടര്‍ന്ന തീ ചെമ്പ്രയെ വിഴുങ്ങുകയായിരുന്നു. ഏത് വേനലിലും തുളുമ്പി നില്‍ക്കുന്ന ഗിരിശൃംഗത്തിലെ തടാകക്കരയില്‍ പച്ചപ്പുകളൊന്നും അവശേഷിപ്പിക്കാതെ തീ കവരുകയായിരുന്നു.


അടിക്കാടുകളുടെ മറപറ്റി വളര്‍ന്ന കുഞ്ഞുകുറിഞ്ഞികളെയും  നീലാംബരികളെയും തീ ചാമ്പലാക്കി. നീലാകാശത്തിനെ മറച്ച് കറുത്ത പുകകാടാരങ്ങളായിരുന്നു ദിവസങ്ങളോളം താഴ്‌വാരത്ത് നിന്നുമുള്ള കാഴ്ചയും.  അടങ്ങാത്ത കനലുകള്‍ക്കുള്ളില്‍ വലിയ മരങ്ങളും വെന്തുനീറി. ചാരം മൂടിയ നിറത്തില്‍ ഈ സഹ്യന്‍ ഈ സമയങ്ങളില്‍ ഒരു നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി മാറുകയായിരുന്നു.

വേറിട്ടൊരു യാത്രാനുഭവം

വയനാടിന്റെ സ്വാഭാവികമായ തനത് കാലാവസ്ഥയില്‍ മുടിയഴിച്ചിട്ടിരിക്കുകയായുരുന്നു  ചെമ്പ്രയെന്ന നിത്യകന്യക. എന്നും പച്ചപ്പട്ടണിയുന്ന ഈ സുന്ദരിയെ കാറ്റു കോടമഞ്ഞണിയിക്കുന്നതു  അങ്ങ് ദൂരെ നിന്നു പോലുംകാണാമായിരുന്നു.നീല കാട്ടുപൂക്കളുടെ മൂക്കുത്തിയണിഞ്ഞ് ആകാശത്തിനെ പ്രണയിക്കുന്ന ഈ ഗിരിനിരകള്‍ക്ക് കാലത്തോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു .നെറുകയിലെ ഹൃദയതടാകത്തില്‍ നീന്തി തുടിച്ച് നൂറുകണക്കിന് സഞ്ചാരികളുടെ മനസ്സില്‍ ഇടം തേടിയതാണ് അവിസ്മരണീയമായൊരു സ്‌നേഹബന്ധം. പശ്ചിമഘട്ടത്തിലെ ആനമുടിക്കും താഴെ ഇങ്ങ് വയനാട്ടില്‍ ചെമ്പ്രമല കാലത്തെ തോല്‍പ്പിച്ചു നില്‍ക്കുമ്പോള്‍ സാഹസികരായ യാത്രികര്‍ക്കും വെറുതെയിരിക്കാനായിരുന്നില്ല. മഴയെത്തും വെയിലത്തും ഒരു പോലെ ഈ മലയില്‍ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു.  

നിതാന്തം നിശബ്ദം ചെമ്പ്രമല കാലത്തിന് സാക്ഷിയാകുമ്പോള്‍  നീലക്കുറിഞ്ഞികള്‍ ഒരോ തവണയും താഴ് വാരത്തിലേക്ക് ഊര്‍ന്നിറങ്ങി വര്‍ണ്ണം വിതറിയിരുന്നു .കാഴ്ചകളുടെ വിരുന്നില്‍ എന്നും നൂറു ഭാവങ്ങളാണ് ഈ ഹിമവാന്‍ കുറിച്ചിട്ടിരുന്നത്. താഴ് വാരത്തിലുള്ള ഗ്രാമാണര്‍ക്കു പോലും ഒരു നൂറുവട്ടം കയറിയാലും കൊതിതീരാത്ത യാത്രാനുഭവമാണ് ഈ മലയോരം നല്‍കിയരുന്നത്. 

chembra

കരിപുരണ്ട വഴികളെ മാത്രം ബാക്കിയാക്കി ചുട്ടുപൊള്ളുന്ന പകലിനെയും  രാത്രിയെയും പിന്നിലാക്കുകയാണ് ഈ ഗിരി പണ്ടുകാലത്ത് ഊട്ടി വഴി വയനാട്ടിലെത്തിയ ബ്രട്ടീഷുകാരാണ് ചെമ്പ്രയുടെ നെറുകയില്‍ ആദ്യമായെത്തിയ വിദേശികള്‍.പിന്നീടിങ്ങോട്ട് ഏതു സീസണിലും ഈ ഗിരി പര്‍വ്വതത്തിലേക്കുള്ള യാത്രയില്‍ വിദേശികളായ ടൂറിസ്റ്റുകളെ കണ്ടുമുട്ടും.കൃത്യമായി 6300 അടി.വയനാട്ടിലെ ഏറ്റവും വലിയ പര്‍വ്വതത്തിന്റെ ഉയരം കണക്കാക്കിയതും ബ്രട്ടീഷുകാര്‍ തന്നെയാണ്.പശ്ചിമഘട്ടത്തില്‍ ഇംഗ്‌ളീഷുകാര്‍ തമ്പടിച്ച ഏക പര്‍വ്വതമാണിത്.കുതിരലായവും ഗോള്‍ഫ് കോര്‍ട്ടുമെല്ലാം ഇതിനു താഴെയുണ്ടായിരുന്നു. നീലഗിരിയില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്റിന് സമാനമായ വയനാടന്‍ മലനിരകളിലേക്കായിരുന്നു അന്നൊക്കെ സായ്പന്‍മാരുടെ പ്രയാണം.ചായത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പടുത്തുയര്‍ത്താന്‍ വേണ്ടിയുള്ള യാത്രകള്‍.

കൂട്ടത്തില്‍ സിങ്കോണ ചെടികളെയും വിദേശത്ത് നിന്നും എത്തിച്ചു.സ്വര്‍ണ്ണ ഖനനത്തിനും ഇംഗ്‌ളണ്ടില്‍ നിന്നും കമ്പനികളെത്തിയതോടെ ചെറിയൊരു യൂറോപ്പായി വയനാടും മാറുകയായിരുന്നു.ഇവരുടെയൊക്കെ ആവാസ കേന്ദവും ചെമ്പ്രയുടെ താഴ്‌വാരങ്ങളിലായിരുന്നു.മൃഗയാ വിനോദങ്ങള്‍ക്കും മദ്യപാനത്തിനും വേണ്ടി ഇവിടെയുള്ള ക്യാമ്പു ഓഫീസുകള്‍ ഒരു കാലത്ത് രാപ്പകല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.ഇതിന്റെയെല്ലാം ഓര്‍മ്മകള്‍ക്ക് സാക്ഷ്യമാണ് ഈ ഹരിത പര്‍വ്വതം.

ഇടവിട്ടുള്ള ചോല വന സമൃദ്ധിയില്‍ വെണ്‍തേക്കും ചടച്ചിയും ഞാവലുമൊക്കെയുണ്ട്.കാട്ടുകുരുമുളകും നന്നാറിയും ശതാവരിയും ഇവിടെ കാണാം.ആരോഗ്യപച്ചയും ദണ്ഡപാലയും ഇവിടെ അപൂര്‍വ്വമല്ല.മഴക്കാലത്ത് ഇവയെല്ലാം തളിരിട്ടു അടിക്കാടുകളില്‍ നിന്നും തലനീട്ടി നില്‍ക്കും.കാട്ടുപന്നി,കരിങ്കുരങ്ങ് ,പുള്ളിപ്പുലി തുടങ്ങിയ ജന്തുക്കളുടെ ആവാസമേഖല കൂടിയായിരുന്നു ഈ മലനിരകള്‍.ഉഗ്ര വിഷമുള്ള പാമ്പുകള്‍ക്കും മലബാര്‍ ഫേണ്‍ഹില്‍ എന്നറിയപ്പെടുന്ന മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലമാണിത്.

ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ഈ മലനിരകള്‍.ഒരേ സമയം രണ്ടു ദിശകളിലേക്കാണ് ഇവിടെ നിന്നും ഉറവയെടുക്കുന്ന അരുവികള്‍ കടന്നുപോകുന്നത്.പുല്‍മേടുകളാണ് ഈ മലയുടെ സമ്പത്ത്.
ഇതൊക്കെയാണെങ്കിലും വേനല്‍ക്കാലം ചെമ്പ്രയുടെ ദുരിത കാലമാണ്.ഉണങ്ങിയ പുല്‍മേടുകളെ അഗ്നി വിഴുങ്ങി തീര്‍ക്കുന്നത് ദയനീയമായൊരു കാഴ്ചയാണ്.അശ്രദ്ധകൊണ്ടും സ്വാഭാവികമായുമൊക്കെ കാട്ടുതീ മലനിരകളിലേക്ക് പാഞ്ഞെത്തുമ്പോള്‍ നിസ്സഹായരായി അകലെ നിന്നും നോക്കിനില്‍ക്കാന്‍ മാത്രമാണ് പ്രകൃതി സ്‌നേഹികള്‍ക്ക് പോലും കഴിയുന്നത്. 

പ്രവേശനം 200 പേര്‍ക്ക് മാത്രം

ആഗസ്റ്റ് 25 മുതലാണ് ചെമ്പ്ര മലനിരകളിലേക്ക് തീ പടര്‍ന്നതിനുശേഷം സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. മുമ്പുള്ളതില്‍ നിന്നും വ്യത്യസ്തമായി 200 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. പത്ത് പേരടങ്ങിയ ഇരുപത് ഗ്രൂപ്പുകളായി മലകയറാം. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമാണ് പ്രവേശനം. മുമ്പ് ഒരു ദിവസം ആയിരം പേരോളം ഈ മലനിരയില്‍ സാഹസിക വിനോദ സഞ്ചാരത്തിന് എത്തിയിരുന്നു.കൂടുതല്‍ സഞ്ചാരികള്‍ എത്തുമ്പോള്‍ ഇവരെ നിരീക്ഷിക്കുന്നതും വനംവകുപ്പിന് വെല്ലവിളി ഉയര്‍ത്തിയിരുന്നു. ഫെബ്രവരി 16 നാണ് തീ പടര്‍ന്നതിനെ തുടര്‍ന്ന് ചെമ്പ്രപീക്കിലേക്കുള്ള പ്രവേശനം നിര്‍ത്തിയത്. വര്‍ഷത്തില്‍ പതിനായിരക്കണക്കിന് സഞ്ചാരികള്‍ ഈ മലനിരകളില്‍ എത്താറുണ്ട്.

chembra

വനംവകുപ്പിന്റെ കര്‍ശന നിയന്ത്രണത്തിന് വിധേയമായി മാത്രമാണ് ഇനി മുതല്‍ സഞ്ചാരികള്‍ക്ക് ഈ മലനിരകളില്‍ പ്രവേശിക്കാനാവുക. സന്ദര്‍ശകരുടെ തിരക്ക് കൂടി വന്നാല്‍ പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴിയാക്കാനും വനംവകുപ്പിന് പദ്ധതിയുണ്ട്.സൗത്ത് വയനാട് വനം ഡിവിഷനാണ് ചെമ്പ്ര മലയിലേക്കുള്ള സാഹസിക വിനോദ സഞ്ചാരം നടത്തുന്നതിനുള്ള ചുമതല.പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിന്റെ മൂല്യങ്ങള്‍ നിര്‍ബന്ധമായും സഞ്ചാരികള്‍ പാലിക്കണമെന്നാണ് വനം വകുപ്പിന്റെയും അഭ്യര്‍ത്ഥന.അതിരാവിലെ തുടങ്ങി ഉച്ചയോടെ അവസാനിക്കുന്ന ചെമ്പ്രമലകയറ്റത്തിന് ഗൈഡുകളുടെ സേവനവും നിരീക്ഷണവും ഉണ്ടാകും.