നിറഞ്ഞു തുളുമ്പുന്ന ഹൃദയതടാകം മാടി വിളിക്കുന്നു; സാഹസിക യാത്രികരെ നിങ്ങള്‍ എവിടെയാണ്?


രമേഷ്‌കുമാര്‍ വെളളമുണ്ട

ചെമ്പ്രയ്ക്ക് എന്നും വിഭിന്ന ഭാവങ്ങളാണ്. ഓരോ സമയത്തും ഒന്നിനൊന്നു വ്യത്യാസം. അതുകൊണ്ട് തന്നെ ചെമ്പ്രയിലേക്കുള്ള വഴികള്‍ ഒരിക്കല്‍ പോലും മനസ്സുമടിപ്പിക്കാറില്ല.

ഫോട്ടോ: റഫീന സനൂപ്

കാശ കോട്ടയില്‍ നിന്നും മഴ അടര്‍ന്നുവഴുമ്പോള്‍ ചെമ്പ്രയുടെ നെറുകെയില്‍ മഴ നൂലിഴകളെ പുണരാന്‍ സഞ്ചാരികളുണ്ട്. രണ്ടു വര്‍ഷത്തിന് ശേഷമാണ് വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ചെമ്പ്രയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. പച്ചപ്പട്ടു പുതച്ച മലയോരങ്ങളിലൂടെ ചെമ്പ്രയെ സ്‌നേഹിക്കുന്ന സഞ്ചാരികളില്‍ വീണ്ടും കുളിര്‍മഴ പെയ്യുകയാണ്.

ഒരു മഴക്കാലത്തിന്റെ ആലസ്യത്തില്‍ മുടിയഴിച്ചിട്ടിരിക്കുകയാണ് ചെമ്പ്രയെന്ന നിത്യകന്യക. എന്നും പച്ചപ്പട്ടണിയുന്ന ഈ സുന്ദരിയെ കാറ്റു കോടമഞ്ഞണിയിക്കുന്നതു അങ്ങ് ദൂരെ നിന്നു പോലും കാണാം. നീല കാട്ടുപൂക്കളുടെ മൂക്കുത്തിയണിഞ്ഞ് ആകാശത്തിനെ പ്രണയിക്കുന്ന ഈ ഗിരിനിരകള്‍ക്ക് കാലത്തോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ട്.

നെറുകയിലെ നിറഞ്ഞു തുളുമ്പിയ ഹൃദയതടാകത്തില്‍ നീന്തി തുടിച്ച് നൂറുകണക്കിന് സഞ്ചാരികളുടെ മനസ്സില്‍ ഇടം തേടിയതാണ് അവിസ്മരണീയമായൊരു സ്‌നേഹബന്ധം. പശ്ചിമഘട്ടത്തിലെ ആനമുടിക്കും താഴെ ഇങ്ങ് വയനാട്ടില്‍ ചെമ്പ്രമല കാലത്തെ തോല്‍പ്പിച്ചു നില്‍ക്കുമ്പോള്‍ സാഹസികരായ യാത്രികരെ നിങ്ങള്‍ എവിടെയാണ്.

നിതാന്തം നിശബ്ദം ചെമ്പ്രമല കാലത്തിന് സാക്ഷിയാകുമ്പോള്‍ നീലക്കുറിഞ്ഞികള്‍ ഒരോ തവണയും താഴ് വാരത്തിലേക്ക് ഊര്‍ന്നിറങ്ങി വര്‍ണ്ണം വിതറി മായുന്നു. കാഴ്ചകളുടെ വിരുന്നില്‍ എന്നും നൂറു ഭാവങ്ങളാണ് ഈ ഹിമവാന്‍ കുറിച്ചിടുന്നത്. താഴ്‌വാരത്തിലുള്ള ഗ്രാമീണര്‍ക്കു പോലും ഒരു നൂറുവട്ടം കയറിയാലും കൊതിതീരാത്ത യാത്രാനുഭവമാണ് ഈ മലയോരം നല്‍കുന്നത്. മഴക്കാലം കോടമഞ്ഞ് കരിമ്പടം പുതയ്ക്കുന്ന പകലുകള്‍. വളഞ്ഞും പുളഞ്ഞും ഇഴഞ്ഞിറങ്ങുന്ന പാതകള്‍. ഇതിനും മുകളില്‍ ആറായിരം അടി മുകളില്‍ കാറ്റ് അരിശം മൂത്ത് പൊരുതുമ്പോഴും ചെമ്പ്ര സൗമ്യമായി ചിരിക്കുന്നു.

മതിവരാത്ത മഴയാത്രകള്‍

Chembra peak
ഫോട്ടോ: റഫീന സനൂപ്

മൂന്ന് വര്‍ഷം മുമ്പ് ഒരു വേനല്‍ക്കാലത്ത് സഞ്ചാരികളിലാരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നും തീപടര്‍ന്നാണ് ചെമ്പ്ര പൂര്‍ണ്ണമായും കത്തിയമര്‍ന്നത്. ഇതിന് ശേഷം ഈ മലനിരകളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കോവിഡ് കാലത്തിന്റെ ഇടവേളകള്‍ക്ക് ശേഷം വീണ്ടും ചെമ്പ്രമലയിലേക്കുള്ള വാതില്‍ തുറന്നപ്പോള്‍ സഞ്ചാരികളുടെ തിരക്കേറുകയായി.

അരയ്‌ക്കൊപ്പം വളര്‍ന്ന തെരുവപുല്ലുകള്‍ ചെമ്പ്രയെ പുതപ്പിച്ചിരിക്കുന്നു. പച്ചപ്പില്ലാത്ത ഒരു കാഴ്ച പോലും ഇവിടെയില്ല. ഓരോ മലയിടുക്കില്‍ നിന്നും അരുവികള്‍ വഴിപിരിയുന്നു. ഇവയെല്ലാം സംഗമിച്ച് ജീവന്‍ വീണ്ടെടുത്ത് ഏതോ ലക്ഷ്യത്തിലേക്ക് തിരക്കിട്ട് ആര്‍ത്തലച്ചു ഇഴഞ്ഞ് പോവുകയാണ് തൂവെള്ള നിറമുള്ള അരുവി പെരുമ്പാമ്പുകള്‍. മേപ്പാടിയില്‍ നിന്നും പിന്നിട്ട് വാച്ച് ടവര്‍ കഴിഞ്ഞാല്‍ പിന്നെ മലയുടെ തുടക്കമായി. നീണ്ടു പോകുന്ന വഴികള്‍.

തിമിര്‍ത്തു പെയ്യുന്ന മഴയിലും ചെളികളൊന്നുമില്ല. തെരുവ നാമ്പുകളെ മഴ പുളകമണിയിക്കുമ്പോള്‍ കാറ്റ് തലോടലായി പിന്നാലെ തന്നെയെത്തുന്നു. ഇതിനിടയില്‍ കോടമഞ്ഞിനെയും കാറ്റു വിളിച്ചുകൊണ്ടുവരും. തുടക്കത്തിലെ യാത്ര ആവേശത്തിലാവും. വെറും കൈയ്യോടെ മഴയെ മനസ്സിലേക്ക് ഏറ്റുവാങ്ങി സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ മഴക്കാലം. ഉയരത്തിലേക്ക് കയറും തോറും വയനാട് എന്ന ദേശം തെളിഞ്ഞു വരാന്‍ തുടങ്ങും. തൊട്ടരികില്‍ ലക്കിടിയെന്ന പഴയ ചിറാപുഞ്ചി. അതിനും കുറച്ച് അകലെയായി ഒളിഞ്ഞു നില്‍ക്കുന്ന ചുരം മലനിരകള്‍. പിന്നീട് കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും നീളുന്ന കാഴ്ചകളുടെ അത്ഭുത ലോകങ്ങള്‍.

ആകാശത്തിനൊപ്പം കാഴ്ചകള്‍

കിതപ്പും ക്ഷീണവുമില്ലാത്ത ശരീരത്തിലേക്ക് മഴ തണുപ്പിനെ പൊതിയുന്നു. ആര്‍ത്തുല്ലസിക്കാന്‍ കിട്ടിയ മഴക്കാലത്തെ ഒന്നടങ്കം ആഘോഷമാക്കി സഞ്ചാരികള്‍. സ്വയം തെരഞ്ഞെടുത്ത വഴികളിലൂടെ മത്സരിച്ചല്ലാതെ ആരും ഈ മലനിരകള്‍ കയറിയിട്ടുണ്ടാവില്ല. ആറുകിലോമീറ്ററോളം ചെമ്പ്രയെ പിന്നിട്ടപ്പോള്‍ സമതലം 5000 അടി താഴത്തേക്ക് അടര്‍ന്നുപോയതുപോലെ തോന്നും.

കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ നിറഞ്ഞു തുളുമ്പുന്ന ഹൃദയതടാകത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ മിഴിതുറന്നു. ഒരു വേനല്‍ കഴിയേണ്ട വെള്ളത്തെ മുഴുവന്‍ ആവാഹിച്ച് നീലജലാശയം മഴയെ പ്രണയിച്ചെത്തിയവരെ മാടിവിളിച്ചു. കറുപ്പും വെളുപ്പും കലര്‍ന്ന മേഘങ്ങള്‍ മുഖം നോക്കി പോകുന്ന ഈ വാല്‍ക്കണ്ണാടിയുടെ തീരത്തെ കൂടിച്ചേരല്‍ ഒരു അപൂര്‍വ്വ നിമിഷമാണ്. ഇന്‍സ്റ്റഗ്രാം റീലിലേക്ക് നൂറകണക്കിന് ഭാവങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതാണ് ഈ പ്രണയ ജലാശയം.

ക്യാമറകളിലക്ക് അനേകം മുഖങ്ങളായി ഈ തടാകം പതിഞ്ഞിട്ടുണ്ടെങ്കിലും മഴത്തുള്ളികള്‍ ഓളങ്ങള്‍ വരയ്ക്കുന്ന ചിത്രങ്ങളെടുക്കാന്‍ ഈ മഴക്കാലത്തല്ലാതെ പിന്നെ എപ്പോഴാണ് കഴിയുക. അങ്ങകലെ കബനി കലങ്ങിമറഞ്ഞ് കര്‍ണ്ണാടകയിലേക്ക് മറയുന്നു. അമ്പുകുത്തിയും ബാണാസുരനും നനഞ്ഞൊട്ടിനില്‍ക്കുന്നു. വെള്ളച്ചാട്ടത്തിന്റെ അലയൊലികള്‍ കാറ്റിനൊപ്പം ഇരച്ചുകയറുന്നു. മേഘപാളികള്‍ കൈയ്യെത്താദൂരത്ത് പിടിതരാതെ തെന്നിമാറുന്നു. ശിരസ്സിലേക്ക് അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് മഴ മംഗളഘോഷം നടത്തുമ്പോള്‍ മനസ്സെല്ലാം ആകാശത്തോളം ഉയരത്തിലായിരുന്നു.

എന്നും വിഭിന്ന ഭാവങ്ങള്‍

ചെമ്പ്രയ്ക്ക് എന്നും വിഭിന്ന ഭാവങ്ങളാണ്. ഓരോ സമയത്തും ഒന്നിനൊന്നു വ്യത്യാസം. അതുകൊണ്ട് തന്നെ ചെമ്പ്രയിലേക്കുള്ള വഴികള്‍ ഒരിക്കല്‍ പോലും മനസ്സുമടിപ്പിക്കാറില്ല. ഈ ഗിരി പര്‍വ്വതത്തിന്റെ നെറുകയില്‍ നിന്നുമുള്ള മഴക്കാഴ്ചകളായിരിക്കാം ഏറ്റവും സുന്ദരമെന്നു തോന്നും. എന്നാല്‍ ശിശിരമാസത്തിലെ വയനാടന്‍ മഞ്ഞ് മൂടുമ്പോഴാണ് കൂടുതല്‍ സൗന്ദര്യമെന്ന് പറയുന്നവരുമുണ്ട്.

കൊടും വേനലില്‍ വറ്റാതെ കിടക്കുന്ന ഹൃദയസരസ്സാണ് മറ്റു കുറെ പേര്‍ക്ക്‌വിസ്മയക്കാഴ്ച. പണ്ടുകാലത്ത് ഊട്ടി വഴി വയനാട്ടിലെത്തിയ ബ്രട്ടീഷുകാരാണ് ചെമ്പ്രയുടെ നെറുകയില്‍ ആദ്യമായെത്തിയ വിദേശികള്‍. കൃത്യമായി 6300 അടി. വയനാട്ടിലെ ഏറ്റവും വലിയ പര്‍വ്വതത്തിന്റെ ഉയരം കണക്കാക്കിയതും ബ്രട്ടീഷുകാര്‍ തന്നെയാണ്. പശ്ചിമഘട്ടത്തില്‍ ഇംഗ്‌ളീഷുകാര്‍ തമ്പടിച്ച ഏക പര്‍വ്വതമാണിത്. കുതിരലായവും ഗോള്‍ഫ് കോര്‍ട്ടുമെല്ലാം ഇവിടെയുണ്ടായിരുന്നു.

നീലഗിരിയില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്റിന് സമാനമായ വയനാടന്‍ മലനിരകളിലേക്കായിരുന്നു സായ്പന്‍മാരുടെ പ്രയാണം. ചായത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പടുത്തുയര്‍ത്താന്‍ വേണ്ടിയുള്ള യാത്രകള്‍. കൂട്ടത്തില്‍ സിങ്കോണ ചെടികളെയും വിദേശത്ത് നിന്നും എത്തിച്ചു. സ്വര്‍ണ്ണ ഖനനത്തിനും ഇംഗ്‌ളണ്ടില്‍ നിന്നും കമ്പനികളെത്തിയതോടെ ചെറിയൊരു യൂറോപ്പായി വയനാടും മാറുകയായിരുന്നു. ഇവരുടെയൊക്കെ ആവാസ കേന്ദവും ചെമ്പ്രയുടെ താഴ്‌വാരങ്ങളിലായിരുന്നു. മൃഗയാ വിനോദങ്ങള്‍ക്കും അവധിക്കാലം ചെലവിടാനും വേണ്ടി ഇവിടെയുള്ള ക്യാമ്പു ഓഫീസുകള്‍ ഒരു കാലത്ത് രാപ്പകല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെയെല്ലാം ഓര്‍മ്മകള്‍ക്ക് സാക്ഷ്യമാണ് ഈ ഹരിത പര്‍വ്വതം.

chembra
ചെമ്പ്രയിലെ നീരുറവകള്‍| ഫോട്ടോ: റഫീന സനൂപ്

പ്രകൃതി പഠനയാത്രകള്‍

ഇടവിട്ടുള്ള ചോല വന സമൃദ്ധിയില്‍ വെണ്‍തേക്കും ചടച്ചിയും ഞാവലുമൊക്കെയുണ്ട്. കാട്ടുകുരുമുളകും നന്നാറിയും ശതാവരിയും ഇവിടെ കാണാം. ആരോഗ്യപച്ചയും ദണ്ഡപാലയും ഇവിടെ അപൂര്‍വ്വമല്ല. മഴക്കാലത്ത് ഇവയെല്ലാം തളിരിട്ടു അടിക്കാടുകളില്‍ നിന്നും തലനീട്ടി നില്‍ക്കും. സാമ്പര്‍, കാട്ടുപന്നി, കരിങ്കുരങ്ങ്, പുള്ളിപ്പുലി തുടങ്ങിയ ജന്തുക്കളുടെ ആവാസമേഖല കൂടിയാണിത്. ഉഗ്ര വിഷമുള്ള പാമ്പുകള്‍ക്കും മലബാര്‍ ഫേണ്‍ഹില്‍ എന്നറിയപ്പെടുന്ന മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലമാണിത്.

ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ഈ മലനിരകള്‍. ഒരേ സമയം രണ്ടു ദിശകളിലേക്കാണ് ഇവിടെ നിന്നും ഉറവയെടുക്കുന്ന അരുവികള്‍ കടന്നുപോകുന്നത്. പുല്‍മേടുകളാണ് ഈ മലയുടെ സമ്പത്ത്. ഒരു കാലത്ത് അക്കേഷ്യ മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ വനം വകുപ്പ് നടപടികള്‍ തുടങ്ങിയപ്പോള്‍ ഇതിനെ പ്രകൃതി സ്‌നേഹികള്‍ ശക്തിയുക്തംഎതിര്‍ക്കുകയായിരുന്നു. ഇതൊക്കെയാണെങ്കിലും വേനല്‍ക്കാലം ചെമ്പ്രയുടെ ദുരിത കാലമാണ്.

ഉണങ്ങിയ പുല്‍മേടുകളെ അഗ്നി വിഴുങ്ങി തീര്‍ക്കുന്നത് ദയനീയമായൊരു കാഴ്ചയാണ്.അശ്രദ്ധകൊണ്ടും സ്വാഭാവികമായുമൊക്കെ കാട്ടുതീ മലനിരകളിലേക്ക് പാഞ്ഞെത്തുമ്പോള്‍ നിസ്സഹായരായി അകലെ നിന്നും നോക്കിനില്‍ക്കാന്‍ മാത്രമാണ് കഴിയുക. വേനല്‍ കടുത്തുവരുമ്പോള്‍ ഈ മലനിരകലിലേക്ക് വനം വകുപ്പ്‌സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.എങ്കിലും തീ പടരുന്നതിന് കുറവില്ല. ചാരം മൂടിയ നിറത്തില്‍ ഈ സഹ്യന്‍ ഈ സമയങ്ങളില്‍ ഒരു നൊമ്പരപ്പെടുത്തുന്ന കാഴ്ചയാവും.

പിന്നീട് ഒരു മഴക്കാലമെത്തുമ്പോള്‍ മലനിരകള്‍ പച്ച പുതപ്പണിയുകയായി. ചെറു സസ്യങ്ങളും പുഷ്പങ്ങളും തലനീട്ടി പുറത്തുവരും. അകലങ്ങളിലേക്ക് ഓടി മറഞ്ഞ കാട്ടാടുകളും മാനുകളുമെല്ലാം ഇവിടേക്ക് തിരികെയെത്തും. അതോടെ സഞ്ചാരികളുടെ തിരക്കിലാകും ഈ മലനിരകള്‍. യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴും ദൂരെ ആകാശത്തിന്റെ നിഴലില്‍ ചെമ്പ്രയുണ്ട്.

സഞ്ചാരികളെ മാടി വിളിക്കുന്നതു പോലെയുള്ള നില്‍പ്പുകള്‍. പ്രകൃതിയുടെ അനേകം കുടമാറ്റങ്ങള്‍ക്ക് നൂറ്റാണ്ടുകളായുള്ള സാക്ഷ്യം. ഇതിനും അഭിമുഖമായി പാരിസ്ഥിതിക സൂഷ്മ മേഖലകളായുള്ള പതിമൂന്ന് ഗ്രാമങ്ങള്‍. തൊട്ടു പിറകിലായി തുഷാരഗിരിയുടെ സംരക്ഷിത ഇടങ്ങള്‍. മഴ നൃത്തമാടുമ്പോള്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ചെമ്പ്രയുടെ കാഴ്ചായാണ് ദൂരേക്ക് അകന്നുപോയത്. ഒരു രാവ് പിന്നിടുമ്പോള്‍ ചെമ്പയുടെ മടിത്തട്ടില്‍ പുതിയ സഞ്ചാരികള്‍ എത്തുകയായി.

ചെമ്പ്രയിലേക്കുള്ള വഴികള്‍

വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരമുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 48 കിലോമീറ്ററും മാനന്തവാടിയില്‍ നിന്നും 52 കിലോമീറ്ററും ദൂരമുണ്ട്.മേപ്പാടിയില്‍ നിന്നും ചെമ്പ്ര എസ്റ്റേറ്റ് റോഡ് വഴിയാണ് തിരിഞ്ഞു പോകേണ്ടത്.

വനംവകുപ്പിന്റെ അനുവാദം മേടിച്ചുവേണം മലനിരകളിലേക്ക് പ്രവേശിക്കാന്‍. മൂന്നു മണിക്കൂറോളം യാത്രയുണ്ട്. ഇവിടെയുള്ള വനം സംരക്ഷണസമിതിയില്‍ നിന്നും പാസ്സും വഴികാട്ടിയെയും ലഭിക്കും. സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവു വരെ മാത്രമാണ് വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ.

പത്തുപേരടങ്ങിയ ട്രക്കിങ്ങ് സംഘത്തിന് 750 രൂപയാണ് പ്രവേശനഫീസ്. ക്യാമറയ്ക്ക് 100 രൂപയും വീഡിയോ കവറേജിന് 300 രൂപയുമാണ് ഈടാക്കുന്നത്. പൂര്‍ണ്ണമായും ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ പ്ലാസ്റ്റിക്ക് തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് 12 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കല്‍പ്പറ്റ മേപ്പാടി എന്നിവടങ്ങളില്‍ ധാരാളം താമസ സൗകര്യങ്ങളും റിസോര്‍ട്ടുകളുമുണ്ട്.

Content Highlights: chembra peak in wayanad is to be considered as the most beatiful peak in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented