ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ഉലകം ചുറ്റിയ വിജയൻ-മോഹന ദമ്പതികൾ
''എന്തിനെല്ലാം വെറുതെ കാശു കളയുന്നു. അതില്‍ നിന്ന് ദിവസവും 100 രൂപ മാറ്റി വെക്കുക. ഒരു വര്‍ഷം കൊണ്ടത് 36500 രൂപയാവും. അതുകൊണ്ട് നിങ്ങള്‍ക്ക് തായ്ലന്ഡില് പോയി നാലുദിവസം താമസിക്കാം. സ്ഥലങ്ങള്‍ കാണാം...'' വിശ്വസഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വീഡിയോ കാണാത്തവര്‍ കുറവായിരിക്കും.
യാത്ര പോവുക എന്നത് ഒരു മനസ്സാണ്. സ്വപ്നമാണ്. യാഥാര്‍ഥ്യമാക്കാന്‍ അധികം ബുദ്ധിമുട്ടൊന്നുമില്ലാത്ത സ്വപ്നം. ചായക്കടയില്‍ നിന്നുള്ള വരുമാനം കൊണ്ട് ഉലകം ചുറ്റിയ വിജയന്-മോഹന ദമ്പതികളുടെ ഉദാഹരണവും നമ്മുടെ മുന്നിലുണ്ട്. കുടുംബസമേതം ഒരു വിദേശയാത്ര എന്നത് പലരുടെയും സ്വപ്നമാണ്. അതില്‍ ചെലവ് കുറഞ്ഞ് പോവാന്‍ പറ്റിയ ഇടങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാലോ...
മലേഷ്യ
.jpg?$p=a4e4366&&q=0.8)
ഒരാള്‍ക്ക് 35000 രൂപ ചെലവാക്കാനുണ്ടെങ്കില്‍ പാക്കേജ് ടൂറുകാരോടൊപ്പം മലേഷ്യയില്‍ പോയി വരാം. നാലു പേരടങ്ങുന്ന കുടുംബത്തിന് കൂടി വന്നാല്‍ ഒന്നരലക്ഷം രൂപ മതി. ഒരു ചിട്ടിപിടിച്ചാല്‍ സാധ്യമാവുന്ന കാര്യം. മലേഷ്യ 'ട്രൂലി ഏഷ്യ' എന്നാണ് അറിയപ്പെടുന്നത്. ഏഷ്യന്‍ വംശജരുടെ സംഗമ ഭൂമിയാണ് അവിടം. കുറച്ചു ദിവസങ്ങളും കാശും കയ്യിലുണ്ടെങ്കില്‍ ചുറ്റിക്കറങ്ങാന്‍ ഒരുപാട് ഇടങ്ങളുള്ള മലേഷ്യയില്‍ അത്യാവശ്യം കാണേണ്ട സ്ഥലം ക്വലാലംപുര്‍ ആണ്. ഈ തലസ്ഥാന നഗരിയില്‍ ക്വലാലംപുര്‍ ടവര്‍, ട്വിന്‍ ടവര്‍ എന്ന പെട്രോണസ് ടവര്‍, അക്വേറിയം, മാളുകള്‍ തുടങ്ങിയവയൊക്കെ കാത്തിരിക്കുന്നു. ബാത്തു കേവ് എന്ന മുരുകക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. കൂറ്റന്‍ മുരുക പ്രതിമയും ഗുഹാക്ഷേത്രവും ഇന്ത്യന്‍ സാന്നിധ്യവും. പിന്നെ ഗെന്തിങ് ഹോട്ടലും കേബിള്‍കാറും. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ സമുച്ചയം കൊടുംകാടിനു നടുവിലാണ്. കാടിനു മുകളിലെ കേബിള്‍കാര്‍ യാത്രയും ആ ഹോട്ടലിന്റെ അന്തരീക്ഷവും ഒരിക്കലെങ്കിലും അറിയേണ്ടതാണ്. കുടുംബസമേതമാവുമ്പോള് അതിന് ത്രില്ല് കൂടും. ഇത്രയും കാഴ്ചകള്‍ കണ്ട് തിരിച്ചുവരുന്ന രീതിയിലാണെങ്കില്‍ ഈ കുറഞ്ഞ ബഡ്ജറ്റില്‍ കാര്യങ്ങള്‍ നടക്കും. ഹോട്ടലുകളും ഇന്ത്യന്രുചികളും വേണ്ടവര്‍ക്ക് അങ്ങിനെ. പിന്നെ ചൈനീസ് രുചികളും മലേഷ്യന്‍ തനതുരുചികളും ആസ്വദിക്കാം.
തായ്ലന്ഡ്
40000-45000 രൂപയുണ്ടെങ്കില്‍ തായ്ലന്ഡിലേക്ക് നാലുപകലും മൂന്നു രാത്രിയും അടങ്ങുന്ന പാക്കേജ് ലഭിക്കും. പ്രകൃതിഭംഗിയുടെ കേദാരമാണ് തായ്ലന്ഡിലെ ഫുക്കറ്റ്. സമുദ്രയാത്രകള്‍, കയാക്കിങ്, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയടക്കം അവിടത്തെ സംസ്കാരത്തെ അടുത്തറിഞ്ഞ് ട്രിപ്പ് പ്ലാന്‍ ചെയ്യാം. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലോ മുംബൈയിലോ പോയി അഞ്ചുദിവസം കറങ്ങുന്ന കാശ് മതി തായ്ലന്ഡില് ചെല്ലാനും കറങ്ങാനും. പടാങ് ബീച്ച്, പാരാസെയ്ലിങ്, വാട്ടര്‍സ്കൂട്ടര്‍, കടല്‍ക്കുളി, വെയില്‍ക്കുളി... എന്നിങ്ങനെ കടലോര വിനോദങ്ങള്‍ക്ക് ഇവിടെ പഞ്ഞമില്ല.
.jpg?$p=fdec0c9&&q=0.8)
പാടാങ് ബീച്ചിലേക്ക് തുറക്കുന്ന തെരുവ് നിശാജീവിതത്തിന്റെ അരങ്ങാണ്. പടാങ് തെരുവില്‍ ആറുമണിയോടെ നിശാജീവിതം ആരംഭിക്കും. ബീര്പാര്ലറുകളും മസാജിങ് സെന്ററുകളും സജീവമാകും. പാങ്നാ ഉള്‍ക്കടലിലെ കനോയിങ്, ഹുവാഹിന് റെയില്‍വേ സ്റ്റേഷന്, രാജാവിന്റെ കടലോര വേനല്‍ക്കാല വസതി, മാരുകടയവാന് കൊട്ടാരം, വനനവ തീം പാര്‍ക്ക്. കൂട്ടത്തില്‍ ബാംങ്കോങ് നഗരവും ഉള്‍പ്പെടുത്തണം. പട്ടായയും വ്യത്യസ്തമായ അനുഭവമായിരിക്കും. സെക്സ് ടൂറിസത്തിന്റെ കേന്ദ്രമാണെങ്കിലും കുടുംബത്തോടൊപ്പം പോവാനും ആസ്വദിക്കാനും പറ്റിയ ഇടവുമാണിത്.
സിംഗപ്പൂര്‍

ചെലവ് ഒരല്പം കൂടുതലാണെങ്കിലും കുട്ടികളടങ്ങുന്ന കുടുംബത്തിന് വിനോദപരിപാടികള്‍ താത്പര്യമുണ്ടെങ്കില്‍ സിംഗപ്പുര്‍ തിരഞ്ഞെടുക്കാം. യൂണിവേഴ്സല്‍ സ്റ്റുഡിയോ, ഗാര്ഡന് ബൈ ദ വേ, സെന്റോസ ദ്വീപ് തുടങ്ങിയ അതിശയ കാഴ്ചകള്‍, ഷോപ്പിങ് സെന്ററുകള്‍ തുടങ്ങിയവ സന്ദര്‍ശിക്കാം. വൃത്തിയുള്ള നഗരം, സുരക്ഷിതമായ നഗരം എന്നിങ്ങനെ സിംഗപ്പുരിന് പ്ലസ് പോയിന്റുകള്‍ ധാരാളം. വിമാനത്താവളം തന്നെ ഒരനുഭവമാണെന്നതും മറ്റൊരു വിശേഷം. ഒരാള്‍ക്ക് 80000 രൂപയോളം കരുതിവെക്കണം എന്നുമാത്രം. നാലുപേരടങ്ങുന്ന കുടുംബത്തിന് 3.2 ലക്ഷം ചിലവ് വരും. മലേഷ്യയില്‍ ചെന്ന് അവിടെ കറങ്ങി റോഡ് മാര്‍ഗം സിംഗപ്പുരിലേക്ക് എത്തുന്ന പാക്കേജുകളും ഉണ്ട്. മൂന്നര ലക്ഷം രൂപയ്ക്ക് ഇത്തരം പാക്കേജുകളും ലഭ്യമാണ്.
ശ്രീലങ്ക
.jpg?$p=3c09f46&&q=0.8)
വൃത്തിയാക്കിയ കേരളം എന്ന ഫീല്‍ അറിയണമെങ്കില്‍ ശ്രീലങ്കയിലേക്ക് പോവാം. സാംസ്കാരിക ഇടങ്ങളും വന്യജീവിതങ്ങളും മൂന്നാര്‍ പോലെ കാന്‍ഡി മലകളുമൊക്കെയടങ്ങുന്ന വ്യത്യസ്ത പാക്കേജുകള്‍ തിരഞ്ഞെടുക്കാം. ഇപ്പോള്‍ രാഷ്ട്രീയ അനിശ്ചിതത്വവും സാമ്പത്തിക പ്രശ്നങ്ങളുമുള്ളതുകൊണ്ട് അവിടേക്കുള്ള യാത്ര കുറച്ചൊന്ന് നീട്ടിവെക്കാം.
ബാലി

വിനോദ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ കൊണ്ട് മനസ് നിറച്ച് മടങ്ങിവരാന്‍ പറ്റിയ ഇടമാണ് ബാലി. പ്രകൃതിഭംഗി നുകരാം. സാഹസിക വിനോദങ്ങളില്‍ പങ്കുചേരാം. അഞ്ചു രാത്രിക്ക് ഒരാള്‍ക്ക് 80000 രൂപയെങ്കിലും ചിലവുവരും.
ഹോളിലാന്‍ഡ്
മറ്റൊരു നല്ല പാക്കേജാണ് ഹോളിലാന്‍ഡ് ടൂര്‍. കേരളത്തില്‍ നിന്ന് ധാരാളം പേര് ഈ പാക്കേജ് ചെയ്യുന്നുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും. ക്രിസ്തുമത വിശ്വാസികള്‍ക്ക് മാത്രമല്ല ആര്‍ക്കും ഈ യാത്ര വ്യത്യസ്തമായ അനുഭവമാവും. ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിങ്ങനെ മൂന്നു രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം വിശ്വാസത്തിനപ്പുറം കാഴ്ചകള്‍ കൊണ്ടും വിനോദങ്ങള്‍ കൊണ്ടും രസകരമാണ്. ഗലീലികടല്‍, ചെങ്കടല്‍, ചാവുകടല്‍, മരൂഭൂമി, സൂയസ് കനാലിനടിയിലൂടെയുള്ള യാത്ര, നൈല്‍നദിയിലൂടെ സഞ്ചാരം എന്നിങ്ങനെ വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണീ യാത്ര. ഒരാള്‍ക്ക് 1.38 ലക്ഷം ആണ് പാക്കേജിന്. പഴയ റഷ്യയുടെയും യൂറോപ്പിന്റെയും സങ്കര സംസ്കാരം അടുത്തറിയാനും ഉല്ലസിക്കാനും പറ്റിയ ഇടമായി ഇപ്പോള്‍ അസര്ബൈജാന് പാക്കേജുകളും സജീവമാവുന്നുണ്ട്. ഏതാണ്ട് നാലുലക്ഷം രൂപയാവും ഈ പാക്കേജിന്. പാക്കേജ് അല്ലാതെ നെറ്റ് വഴി സ്വയം ബുക്ക് ചെയ്ത് യാത്ര ചെയ്യുകയാണെങ്കില്‍ ഒരാള്‍ക്ക് 5000 രൂപ വെച്ചെങ്കിലും കുറഞ്ഞു കിട്ടും. താമസിക്കാന്‍ ഡോര്‍മെറ്ററി പോലുള്ള സൗകര്യങ്ങള്‍ മതിയെന്നു വെച്ചാല്‍ അതിലും കുറയ്ക്കാം. ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ വിസയുടെയും ടിക്കറ്റിന്റെയും കാര്യമെല്ലാം അവര്‍ നോക്കിക്കൊള്ളും എന്നതാണ് സൗകര്യം. പാസ്പോര്‍ട്ട് വിവരങ്ങളും ഫോട്ടോയും അവരെ ഏല്‍പ്പിച്ച് സ്വസ്ഥമായിരിക്കാം.
ദുബായ്
.jpg?$p=cc29bd4&&q=0.8)
ദുബായ് പാക്കേജുകളും ഇപ്പോള്‍ ധാരാളമുണ്ട്. മലയാളികള്‍ ധാരാളമുള്ള സ്ഥലമായതുകൊണ്ട് ചിലവ് കുറയ്ക്കാന്‍ വഴിയുണ്ട്. ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കില്‍ അവര്‍ക്കൊപ്പം താമസിച്ച് യാത്ര പ്ലാന്‍ ചെയ്താല്‍ നാലുപേരടങ്ങുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കൊണ്ട് പോയിവരാന്‍ പറ്റും. വിമാനടിക്കറ്റ് കുറയുന്ന സമയം നോക്കി ബുക്ക് ചെയ്യണം. ഇനി പാക്കേജ് ആണെങ്കിലും 2.8 ലക്ഷം രൂപയുണ്ടെങ്കില്‍ ദുബായിലൂടെ ഒരു ഓട്ട പ്രദക്ഷിണമാവാം.
പാക്കേജുകള്‍ തിരഞ്ഞെടുക്കുമ്പോള്‍
- കോവിഡിന് ശേഷം എല്ലായിടത്തും പാക്കേജുകള്‍ക്ക് തുക കൂടിയിട്ടുണ്ട്.
- യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ പാക്കേജില്‍ ഉള്‍പ്പെടുന്നതും ഉള്‍പ്പെടാത്തതും കൃത്യമായി ചോദിച്ചു മനസിലാക്കുക.
- ഇമെയില്‍ കമ്മ്യൂണിക്കേഷന്‍ വഴിയാണ് ഇത് നല്ലത്. പറഞ്ഞ പ്രകാരം സൗകര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിന് ഇത് നല്ലതാണ്.
- അത്യാവശ്യം വേണ്ട മരുന്നുകള്‍ കരുതണം. ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മരുന്നുകള്‍ കൊണ്ടു പോവുന്നതാണ് നല്ലത്.
- ഓണ്‍ അറൈവല്‍ വിസയും ഇ-വിസയും പല രാജ്യങ്ങള്‍ക്കുമുണ്ട്. ഇ-വിസ എടുത്താല്‍ ഓണ്‍ അറൈവലിന്റെ ക്യൂ ഒഴിവാക്കാം.
- പാസ്പോര്‍ട്ട് എപ്പോഴും ഭദ്രമായി സൂക്ഷിക്കാന്‍ മറക്കരുത്. ഇവയുടെ കോപ്പിയും കരുതുക. ഇമെയിലിലും കോപ്പി അയച്ചിട്ടേക്കുക.
- ലഗേജുകള്‍ കഴിയുന്നത്ര കുറയ്ക്കുക.
- ചെല്ലുന്നിടത്തെ കാലാവസ്ഥ മനസ്സിലാക്കി വേണ്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മറക്കരുത്.
- സ്വയം പഌന്‍ ചെയ്ത് ബുക്ക് ചെയ്യുമ്പോള്‍ നിലവാരമുള്ള ഹോട്ടലുകളാണോ ടാക്സി സര്വീസുകളാണോ എന്ന് ഉറപ്പ് വരുത്തുക.
- അംഗീകൃത ഏജന്‍സികളില്‍ നിന്നോ ബാങ്കില്‍ നിന്നോ ഡോളര്‍ വാങ്ങി കരുതുക.
- പോവുന്നിടത്തെ സംസ്കാരവും സാമാന്യരീതികളും മര്യാദകളും മനസ്സിലാക്കി വെക്കുക.
- അതാതിടത്ത് ചെന്നാല്‍ അവിടുത്തെ മൊബൈല്‍ കണക്ഷന് എടുക്കാം. പാസ്പോര്‍ട്ടിന്റെ കോപ്പി കരുതിയാല്‍ മതി.
- മിക്കയിടത്തും വൈഫൈ സൗകര്യം ഉണ്ടാവും. വാട്സ്ആപ്പ് കോള്‍ വഴിയോ മെസേജ് വഴിയോ ബന്ധപ്പെടാം
Content Highlights: Cheap International Destinations from India budget travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..