'തണുപ്പും വെള്ളവും ഒന്നുമില്ലിടത്തേക്കു പോവരുത് ട്ടോ!' എന്ന് ഉമ്മ ഫോണിലൂടെ പറയുമ്പോള്‍ ഞാന്‍ മൂളിക്കേട്ട് ഫോണ്‍ വെച്ചു. സമയം രാത്രി 9 :30. ഡല്‍ഹിയിലെ 12 ഡിഗ്രി തണുപ്പിലും ഹോസ്റ്റലിലെ ബെഡ്ഡിൽ ചുമച്ചും വിറച്ചും ഇരിക്കുന്ന എനിക്ക് യാതൊരു വിശ്വാസവും ഇല്ലായിരുന്നു അടുത്ത ദിവസം കാല്‍ കുത്താന്‍ പോണ ലേയിലെ തണുപ്പ് ഞാന്‍ താങ്ങുമെന്നു. ഉമ്മയോട് ലഡാക്ക് വരെ പോകുന്നു എന്നേ പറഞ്ഞിട്ടുള്ളു. മൂന്ന് ദിവസം കൊണ്ട് പിറകെ ഉള്ള പനിയും കൂടെ ആയപ്പോള്‍ ആരോഗ്യ കാര്യത്തില്‍ ഒരു തീരുമാനമായിട്ടുണ്ട്. തെര്‍മലും ജാക്കറ്റും ഇട്ടു പുതപ്പു തല വഴി ഇട്ടു കിടന്നു. രാവിലെ അഞ്ചു മണിക്ക് നേരത്തെ ബുക്ക് ചെയ്ത യൂബര്‍ ടാക്‌സി വന്നു. അര മണിക്കൂറില്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തി. അവിടെ നിന്ന് കൂടെ വരുന്ന 3 സുഹൃത്തുക്കളെയും കിട്ടി.

Chadar 1

മഞ്ഞു മൂടിയ മലകള്‍ക്കു മുകളില്‍ വിമാനം താഴ്ന്നു തുടങ്ങിയപ്പോഴാണ് അടുത്തിരിക്കുന്ന ലേയില്‍ ജോലി ചെയുന്ന പോലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. പരിചയപ്പെട്ടപ്പോള്‍ ആള്‍ വാചാലനായി അദ്ദേഹത്തിന്റെ ചാദര്‍ ട്രെക്ക് അനുഭവങ്ങളൊക്കെ പറഞ്ഞു. പൈലറ്റ് ജാക്കറ്റിടാനും ക്യാപ് ധരിക്കാനും ഒക്കെ ഉള്ള നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു തുടങ്ങി. വിമാനത്തില്‍ നിന്ന് ഇറങ്ങി ടാക്‌സി വിളിക്കാന്‍ ഇറങ്ങിയപ്പോഴേക്കും കൂടെ ട്രെക്കിനെത്തിയ ബാക്കി അഞ്ച് പേരേ കൂടെ കണ്ടു. അങ്ങനെ ഞങ്ങള്‍ ഒമ്പത് പേരും കൂടെ നേരത്തെ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലില്‍ എത്തിയപ്പോള്‍ ട്രെക്ക് ലീഡര്‍ സ്വീകരിക്കാന്‍ എത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ കൂടെ കൂടുന്ന ഔറംഗബാദുകാരന്‍ മഖ്ബൂലും രാജസ്ഥാനക്കാരി കനിഹയും ബാംഗ്ലൂര്‍ക്കാരന്‍ അജയും നേരത്തെ എത്തിയിരുന്നു. എല്ലാവരും ചൂടുള്ള മാഗിയും ചായയും കുടിച്ചു. അക്ലമറ്റൈസേഷന്റെ ഭാഗമായി അന്നത്തെ ദിവസം ആരും പുറത്തിറങ്ങേണ്ട എന്നും പറഞ്ഞപ്പോഴേക്കും എല്ലാരും പുതപ്പിനടിയില്‍ കയറിയിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും ബുഖാരി അടുപ്പിന്റെ ചുറ്റും കൂടി വിശേഷങ്ങളും നിര്‍ദേശങ്ങളുമായി എല്ലാരും. ട്രെക്ക് ലീഡര്‍ വിഷി എല്ലാരുടെയും ഓക്‌സിജന്‍ ലെവല്‍ ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. ലേ മണ്ണില്‍ കാല്‍ കുത്തിയപ്പോള്‍ തന്നെ പനി വിട്ടകന്ന എനിക്ക് 95 കാണിച്ചപ്പോള്‍ എനിക്കും അത്ഭുതം തോന്നി. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ടെംപറേച്ചര്‍ -15 ന് താഴെ ആയിരുന്നു.

Chadar 2

Chadar 3അടുത്ത ദിവസം ട്രെക്കിങ്ങിനേ കുറിച്ചുള്ള ഒരു ചുരുക്ക വിവരണം എല്ലാര്‍ക്കും പറഞ്ഞു തന്നു മഞ്ഞില്‍ നടക്കാന്‍ ഗം ബൂട്‌സ് വാങ്ങിക്കാന്‍ എല്ലാരും മാര്‍ക്കറ്റിലേക്ക് നടത്തം തുടങ്ങി. കൂടെ വൂളന്‍ കയ്യുറകളും കാലുറകളും. എല്ലാം കഴിഞ്ഞു ഒരു തിബറ്റന്‍ ഹോട്ടലില്‍ കയറി ഇത് വരെ കഴിക്കാത്ത തിമോ എന്നൊരു ഐറ്റവും കഴിച്ചു. അടുത്ത ദിവസം ഓക്‌സിജന്‍ ലെവല്‍ കുറവുള്ളവരെ നേരത്തെ തന്നെ വെള്ളവും കുടിപ്പിച്ചു ഉഷാറാക്കി മെഡിക്കലിന് തയ്യാറാക്കി. വൈകുന്നേരം വരെ നീളുന്ന പരിപാടികള്‍ക്കൊടുവില്‍ 12 പേര്‍ക്കും 'ഫിറ്റ് ഫോര്‍ ട്രെക്കിങ്ങ്' എന്ന് മാര്‍ക്ക് ചെയ്തു സര്‍ട്ടിഫിക്കറ്റ് കിട്ടി! പിന്നെ അടുത്ത ദിവസം കൊണ്ട് പോവാനുള്ള ബാക്ക്പാക്ക് തയ്യാറാക്കലായിരുന്നു. കനം കുറച്ചും ഒതുക്കിയും പാക്ക് ചെയ്തത് അടുത്ത ദിവസം വിഷി ചെക്ക് ചെയ്തു ഒന്നുടെ ചെറുതാക്കി. സന്‍സ്‌ക്കര്‍ താഴ്‌വരയിലെ തഷിയാണ് ഞങ്ങടെ ഗൈഡ്, കൂടെ സന്തൂപും 11 പേര് സഹായത്തിനും.  അങ്ങനെ ഞങ്ങള്‍ എല്ലാരും കൂടെ ഒരു ട്രാവലറില്‍ പുറപ്പെട്ടു. കാര്‍ഗില്‍ റൂട്ടില്‍ നിന്നും വണ്ടി ഇടത്തോട്ട് തിരിഞ്ഞു, ചില്ലിങിലേക്ക്. പക്ഷേ ട്രെക്കിങ്ങ് ഇപ്പോള്‍ ഇവിടെ നിന്നും അല്‍പ്പം മുന്‍പോട്ടു പോയിട്ടാണ് തുടങ്ങുന്നത്. ബി.ആര്‍.ഓ റോഡ് പണി തകൃതിയായി നടക്കുന്നുണ്ട്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങളെത്തുമ്പോള്‍ ട്രെക്കിങ്ങ് കഴിഞ്ഞു വന്നവരുടെ ശബ്ദകോലാഹലങ്ങള്‍ നോക്കി ഞങ്ങള്‍ കുറച്ചു നിന്നു. അപ്പോഴേക്കും താഴെ വീണു എന്റെ സണ്‍ ഗ്ലാസ് പൊട്ടി. തണുപ്പ് കാലിന്റെയും കയ്യിന്റേം വിരലിലൂടെ അരിച്ചു മുകളിലേക്ക് വരാന്‍ തുടങ്ങി. നല്ല വേദനയും. തഷിയും സംഘവും നല്ല ചൂടുള്ള ചായയും ബിസ്‌കറ്റുമായി എത്തി അപ്പോഴേക്കും. അത് കഴിഞ്ഞപ്പോഴേക്കും ചൂടുള്ള മാഗിയും വന്നു.

ബാഗും ട്രെക്കിങ്ങ് പോളും കൊണ്ട് എല്ലാവരും തയ്യാറായി. ഐസില്‍ കാലിട്ടു ഉരച്ചു നടക്കേണ്ട രീതി തഷി കാണിച്ചു തന്നു. പിന്നെ വരി വരിയായിChadar 5 നടത്തം തുടങ്ങി. വെയില്‍ കൊണ്ട് നല്ല പച്ച നിറത്തില്‍ തിളങ്ങുന്ന ഐസിലൂടെ ഉള്ള നടത്തം ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും മുന്നേ പോയ അജയ് മുഖമടിച്ചു വീണു. വെള്ളത്തിന്റെ ഒഴുക്കില്‍ അല്‍പ്പം പൊങ്ങിക്കിടക്കുന്ന ഐസ് കടന്നു പോവുക അല്‍പ്പം ബുദ്ധിമുട്ടാണ്. ബാലന്‍സ് കിട്ടില്ല. ഒരാള്‍ വീണപ്പോള്‍ എല്ലാവരും അല്‍പ്പം ശ്രദ്ധയോടെ നടക്കാന്‍ തുടങ്ങി. ഇന്നത്തെ നടത്തം മൂന്ന് മണിക്കൂര്‍ ആണെന്ന് തഷി പറഞ്ഞിരുന്നു. പാഖേ ഞങ്ങള്‍ക്കത് നാല് മണിക്കൂറായി. നടത്തത്തിലെ ബാലന്‍സും ഐസിന്റെ ഭംഗി ആസ്വദിക്കലും ഒരുമിച്ചു കൊണ്ട് പോവുക അല്‍പ്പം ശ്രമകരമായി തോന്നി. ഇടയ്ക്ക് ഒരു ഭാഗത്തു ഐസ് മാറി വെള്ളമായിരുന്നു. അവിടെ നിന്ന് ഒരു പാറ മുകളിലുടെ കയറില്‍ പിടിച്ചു അപ്പുറം എത്തി. സോമോയില്‍ ഞങ്ങളുടെ ടെന്റ് മുന്നേ പോയ പോര്‍ട്ടര്‍മാരും സംഘവും തയ്യാറാക്കിയിരുന്നു. സാധാരണ ടെന്റുകളില്‍ കാണുന്ന സ്ലീപ്പിങ് ബാഗിന് പുറമെ ഉള്ളില്‍ വിരിക്കാന്‍ ലൈനര്‍ കൂടെ ഉണ്ടായിരുന്നു. ബാഗ് ടെന്റില്‍ വെച്ച് എല്ലാരും ഡൈനിങ് ടെന്റില്‍ കൂടി. നല്ല ചൂടുള്ള പക്കോഡയും ചായയും തയ്യാറായിരുന്നു. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ സൂപ്പും പിന്നെ അത്താഴവും. ജീവിതത്തില്‍ ഏറ്റവും സ്വാദുള്ള ഭക്ഷണം ഒരുപക്ഷേ കഴിച്ചതും അന്നായിരിക്കും എന്ന് പറയാം. കുക്ക് നിര്‍ബുവിന് നന്ദി പറയാന്‍ ഒട്ടും മറന്നില്ല. 

Chadar 4തയ്യാറാക്കിയ പിറ്റ് ടോയ്‌ലറ്റില്‍ പോവാന്‍ ഗ്ലോവ്‌സ് അഴിച്ചപ്പോള്‍ ആണ് കൈ വിരല്‍ മുറിഞ്ഞു രക്തം കട്ട പിടിച്ചത് കാണുന്നത്. തഷിയെ കാണിച്ചപ്പോള്‍ കൈ ചൂടാക്കി ബാന്‍ഡ് എയ്ഡ് ഒട്ടിച്ചു ചൂട് കായാന്‍ പറഞ്ഞു. ഉറങ്ങാന്‍ പോവും മുന്നേ ആകാശം നോക്കാന്‍ മറന്നില്ല. നിറയെ കണ്‍ മിഴിച്ചു നക്ഷത്രങ്ങളുള്ള ആകാശം. അല്‍പ്പ സമയം പുറത്തു നിന്ന് വേഗം പോയി ടെന്റില്‍ കയറി. പകല്‍ മുഴുവന്‍ ഇട്ട മൂന്ന് സോക്‌സ് മാറി അടുത്ത മൂന്ന് സോക്‌സ് കാലില്‍ കയറ്റി. തണുപ്പില്‍ അല്‍പ്പം തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും പിന്നെ സുഖമായി ഉറങ്ങി. രാവിലെ നാംഖ്യല്‍ കൊണ്ട് വന്ന ചൂടുള്ള കാശ്മീരി കവ കണ്ടാണ് കണ്ണ് തുറന്നത്. പല്ലു തേക്കുക എന്നത് ഒരു ആര്‍ഭാടമായിരുന്നതു കൊണ്ട് ഒരു ഹാപ്പി ടെന്റ് വായില്‍ എടുത്തിട്ട് ചവച്ചു. സോക്‌സ് മാറ്റി പുറത്തിറങ്ങി. ഫ്‌ളൈറ്റ് മോഡില്‍ ഉള്ള മൊബൈല്‍ ചാര്‍ജ് തീരാതിരിക്കാന്‍ ഗ്ലോവ്‌സില്‍ പൊതിഞ്ഞു സ്ലീപ്പിങ് ബാഗിന് അകത്തിട്ടത് പുറത്തെടുത്തു. പ്രഭാത ഭക്ഷണം അര മണിക്കൂറില്‍ തയ്യാറായിരുന്നു. ആ തണുപ്പിലും തയ്യാറാക്കിയ പറാത്തയും ചായയും കണ്ടപ്പോള്‍ തഷിയുടെ സംഘത്തോടും ഇഷ്ടം കൂടി കൂടി വരികയായിരുന്നു. അടുത്ത അര മണിക്കൂറില്‍ ബാഗ് എടുത്തു എല്ലാവരും തയ്യാറായിരുന്നു. നടന്നു തുടങ്ങിയപ്പോള്‍ മൂന്ന് പേര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടു അനുഭവപ്പെടാന്‍ തുടങ്ങി. കാലിലും കഴുത്തിലും വേദനയായി അവര്‍ പിന്നിലായി. അതിനിടയില്‍ അവരെ കാത്തു നില്‍ക്കുന്ന സമയത്തു മഞ്ഞും 

ഐസും മാറി മാറി വരുന്ന പ്രതലങ്ങളില്‍ ഇരുന്നും നിന്നും ഫോട്ടോ എടുത്തു ബാക്കി ഉള്ളവര്‍ നടന്നു. ഇന്നല്‍പം നടക്കാന്‍ എളുപ്പമുള്ള ഐസ് Chadar 6ആണ്. ഒരു ഭാഗത്തു എത്തിയപ്പോള്‍ ഒട്ടും വെള്ളമില്ലാതെ പാറ പോലെ ഉള്ള ഉറച്ച ഐസ് ഉള്ള ഭാഗം എത്തി. അതും കഴിഞ്ഞു അല്‍പ്പം മുന്നോട്ടു പോയപ്പോളാണ് ഐസ് വിട്ട് അല്‍പ്പം പാറ കയറി മുന്‍പോട്ടു പോവാന്‍ ഉണ്ടെന്നു തഷി പറയുന്നത്. താഴെ വെള്ളം തണുത്തുറഞ്ഞിട്ടില്ല. പാറ കയറി ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ കുത്തനെ താഴേക്കു ഇറങ്ങാന്‍ തുടങ്ങി. മുട്ടറ്റം വരുന്ന ഗം ബൂട്‌സും പുറത്തിരിക്കുന്ന ബാഗും ഉയരം പേടിയുള്ള ഞാനും. തെന്നിയാല്‍ താഴെ വീണു പൊടിയാവും എന്നുള്ള ഭാഗം എത്തിയപ്പോഴേക്കും ഞാന്‍ നിന്ന്. പോര്‍ട്ടര്‍മാരില്‍ ഒരാളായ സഞ്ജയ് അയാളുടെ പുറകില്‍ ഉള്ള ഭാരവും വലിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു. പേടിക്കാതെ മുന്നോട്ടു നടന്നോളാന്‍ പറഞ്ഞു. എന്റെ ട്രെക്കിങ്ങ് പോളും കൂടെ അയാള്‍ വാങ്ങി പിടിച്ചു. ഒരു വിധം താഴെ എത്തിയപ്പോഴേക്കും കണ്ണില്‍ നിന്ന് പല നിറത്തിലുള്ള ഈച്ചകള്‍ പറന്നു കഴിഞ്ഞിരുന്നു. തിരിച്ചും ഈ വഴി ആണോ എന്ന ചോദ്യമാണ് എല്ലാരും ചോദിച്ചത്. പേടിക്കണ്ട അപ്പോഴേക്കും ഐസ് ഉറക്കും എന്ന് തഷി പറഞ്ഞു. അല്‍പ്പം കൂടെ മുന്നോട്ടു പോയപ്പോള്‍ നല്ല വെയില്‍ വീഴുന്ന പാറ ക്കെട്ടില്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ പുലാവും ഉണ്ടാക്കി കൊണ്ട് പോര്‍ട്ടര്‍മാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യം ചൂടോടെ ചായയും ബിസ്‌കറ്റും തന്ന് തണുപ്പൊന്നു അകറ്റി. ഒരു മണിക്കൂറില്‍ ഭക്ഷണവും കഴിച്ചു വീണ്ടും നടത്തം തുടങ്ങി. അവസാനത്തെ ഒരു മണിക്കൂര്‍ എത്തിയപ്പോഴേക്കും നല്ല മിനുമിനുത്ത പ്രതലം ഉള്ള ഐസ്. പക്ഷെ അവിടുന്ന് നോക്കിയാല്‍ ശേയയ കേവ്‌സ് എന്ന സ്ഥലത്തുള്ള ഞങ്ങളുടെ ക്യാമ്പ് കാണാമായിരുന്നു എന്നത് നടത്തത്തിനു ഒരു ആശ്വാസം പകര്‍ന്നു.

Chadar 7ഇത്തവണ ഞങ്ങള്‍ ക്യാമ്പ് ചെയ്തിടത്തു ഒരുപാട് പേര്‍ ഉണ്ടായിരുന്നു. രാത്രി പലര്‍ക്കും തോളും കഴുത്തും വേദന പറഞ്ഞു തുടങ്ങിയപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു ഡോക്ടര്‍ ആരതി സ്വയം ഡ്യൂട്ടി ഏറ്റെടുത്ത് എല്ലായിടത്തും ഓടി നടന്ന് എല്ലാര്‍ക്കും വേണ്ടതൊക്കെ ചെയ്തു കൊടുത്തു. ഭക്ഷണം എന്നത്തേയും പോലെ സ്വാദിഷ്ടം തന്നെ ആയിരുന്നു. അത് കഴിഞ്ഞു ഞങ്ങളെ എല്ലാരും മാഫിയ എന്ന ഒരു കളിയും കഴിഞ്ഞാണ് ഉറങ്ങാന്‍ പോയത്. അടുത്ത ദിവസം ട്രെക്കിങ്ങ് അല്‍പ്പം ദൂരം കൂടുതല്‍ ഉള്ളതായിരുന്നു. പല സ്ഥലത്തും ഐസ് പൊട്ടിയും ഉയരം തെറ്റിയും ചരിഞ്ഞും ആണ് ഉണ്ടായിരുന്നത്. തെന്നി വീഴാതെ നടക്കാന്‍ അല്‍പ്പം പ്രയാസമായിരുന്നു. ഇതിനിടയില്‍ ഞങ്ങളെ കൊണ്ട് ഐസ് ഹോക്കി കളിപ്പിക്കാനും തഷി മറന്നില്ല. ഉച്ചയോടെ അടുത്തപ്പോഴേക്കും അന്തരീക്ഷം കനത്തു നല്ല മഞ്ഞു പെയ്യാന്‍ തുടങ്ങി, മുന്‍പോട്ടുള്ള വഴി നിറയെ വെള്ളമാണെന്നു വരുന്നവരൊക്കെ പറഞ്ഞു തുടങ്ങി. മഞ്ഞു വീഴ്ച ശകതമായി തുടര്‍ന്നു കൊണ്ടേ ഇരുന്നു. അതിന്റെ ഏറ്റവും വലിയ മെച്ചം നടക്കാന്‍ മിനുത്ത പ്രതലം ഇല്ലാതായി എന്നതാണ്. ആദ്യത്തെ വാട്ടര്‍ ക്രോസ്സിങ്ങും ആ ദിവസം തന്നെ കഴിഞ്ഞു. തഷിയും സന്തൂപും രണ്ടു വശത്തും നിന്ന് ഐസിന്റെ ഉറപ്പു നോക്കി ഞങ്ങളെ കൈ പിടിച്ചു കയറ്റി. നടന്ന് ക്യാമ്പ് ദൂരെ കാണും മുന്നേ കണ്ടു നെറക്ക് താഴ്‌വരയിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടം, അഥവാ പകച്ചു പോയ വെള്ളച്ചാട്ടം എന്ന് ഞാന്‍ പറയും. ക്യാമ്പില്‍ കയറി ചൂട് ചായ കുടിച്ചു പോവാം എന്ന് പറഞ്ഞു തഷി. ബാഗിന്റെ പുറമെ ഉള്ള മഞ്ഞു മുഴുവന്‍ തട്ടി വൃത്തിയാക്കി ടെന്റിനകത്തു വെച്ച് ചായ കുടിച്ചു ഒരു മണിക്കൂറിനുള്ളില്‍ ചിത്രത്തില്‍ മാത്രം കണ്ട ആ അത്ഭുതം കാണാന്‍ എല്ലാരും പുറപ്പെട്ടു...

ചായയും സൂപ്പും കുടിച്ചു ശരീരം ഒന്ന് ചൂടായപ്പോ നടത്തത്തിനു അല്‍പ്പം ആയാസം തോന്നി. വന്നു വിശ്രമിച്ച ആ രണ്ടു മണിക്കൂറിനുള്ളില്‍ കയറിയChadar 8 വഴി മനസിലാവാത്ത വിധം മഞ്ഞു വീണിരുന്നു. രാത്രി ആയാല്‍ നല്ല കാഴ്ച ലഭിക്കില്ലെന്ന് പറഞ്ഞു സന്തൂപ് ഭായ് തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്തു ഉള്ള വേറെ രണ്ടു ഗ്രൂപ്പും കൂടെ ഞങ്ങളുടെ കൂടെ നടക്കാന്‍ തുടങ്ങി. ദൂരെ വെള്ളച്ചാട്ടത്തിനു മുകളിലായി നേരക് ഗ്രാമവും കാണാം. ഞങ്ങള്‍ അല്‍പ്പം താമസിച്ചു വന്നത് കാരണം അവിടം വരെ കയറി പോയി തിരിച്ചു വരിക അസാധ്യമാണ്. ചെക്ക് ലിസ്റ്റില്‍ വെള്ളച്ചാട്ടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അല്‍പ്പം ഉയരത്തിലുള്ള ഐസ് കയറി ഇറങ്ങാനുണ്ടായിരുന്നു. പരസ്പരം കൈ കൊടുത്തു എല്ലാവരും കയറി ഇറങ്ങി. സാധാരണ പ്രതലത്തില്‍ ഉള്ളത് പോലെ അല്ല, ഐസില്‍ ഒരു നാണയ തുട്ടിന്റെ ഉയരത്തിലും കാല്‍ എടുത്തു വെക്കാന്‍ ബുദ്ധിമുട്ടാണ്. ബാലന്‍സ് തെറ്റി പിറകിലോട്ടു വീഴാന്‍ സാധ്യതകളേറെ. എന്റെ ആദ്യത്തെയും അവസാനത്തെയും വീഴ്ച അവിടെ ആയിരുന്നു. സൈഡ് ചരിഞ്ഞു വീണത് കൊണ്ട് കാര്യമായ കുഴപ്പങ്ങളൊന്നും പറ്റിയില്ല. മഞ്ഞുവീഴ്ച ചെറുതായി കുറഞ്ഞിട്ടുണ്ട്. കാല്‍ നീട്ടി വെച്ച് നിരക്കി നിരക്കി അവസാനം ആ സ്വപ്ന യാത്രയുടെ ലക്ഷ്യ സ്ഥാനത്തെത്തി. ഫോട്ടോ എത്ര എടുത്താലും മതിയാവില്ല. അടുത്ത് ചെന്ന് തൊട്ടു നോക്കി. മുകളിലേക്ക് നോക്കുമ്പോള്‍ മൂര്‍ച്ചയോടെ കുത്തി വീഴാന്‍ പോണ മുള്ളു മുനകള്‍ പോലെ. എത്ര സമയം അതിന്റെ താഴെ ചിലവഴിച്ചു എന്നറിയില്ല. ഇരുട്ട് വീണു തുടങ്ങിയപ്പോള്‍ തിരിച്ചു നടന്നു.

Chadar 9

Chadar 10മനസിന് ഒരു തൂവലിന്റെ കനം തോന്നിയ രാത്രി. എന്തോ ഒരു ഭാരം ഇല്ലാതായത് പോലെ. വലിയൊരു ആഗ്രഹം സാധിച്ച സന്തോഷം. അന്ന് രാത്രി ഡൈനിങ്ങ് ടെന്റില്‍ കൂടെ ഉണ്ടായിരുന്ന ഡോക്ടര്‍ ആരതിയുടെ വക കാലിനു അല്‍പ്പം വ്യായാമ മുറകള്‍ എല്ലാം പരിശീലിപ്പിച്ചു. ശേഷം തഷിയും ടീമും കൂടി. പിന്നെ പാട്ടും ബഹളവും ഡാന്‍സും. അന്ന് അല്‍പ്പം നേരം വൈകി ആണ് ഉറങ്ങിയത്. അടുത്ത ദിവസം ദൂരെ കാണുന്ന വെള്ളച്ചാട്ടത്തിനു റ്റാറ്റാ പറഞ്ഞു തിരിച്ചുള്ള നടത്തം തുടങ്ങി. ഒരുപക്ഷെ ഇനി ജീവിതത്തില്‍ ഒരിക്കലും കാണില്ല. വരുന്ന വഴികള്‍ അത്രയും മഞ്ഞില്‍ പേരുകളെഴുതിയും കുത്തി വരച്ചും നടന്നു. ഇങ്ങോട്ടു വന്നതിന്റെ ഒന്നര ദിവസത്തെ നടത്തം ബാക്കി ഉണ്ട്. മഞ്ഞു വീണത് കൊണ്ട് നടക്കാന്‍ അല്‍പ്പം എളുപ്പമായിരുന്നു. പക്ഷെ വൈകുന്നേരം ക്യാമ്പ് അടുക്കാറായപ്പോള്‍ മുട്ടിനു മുകളില്‍ വെള്ളം ഉള്ള ഐസ് കുറഞ്ഞ വഴി ആയിരുന്നു. ഷൂസില്‍ കയറിയ വെള്ളം കാലും സോക്സും മരവിപ്പിച്ചു. വലിച്ചൂരി എടുക്കാന്‍ സഹായിച്ചത് സന്തൂപ് ഭായ് ആണ്. ഇടയ്ക്കു ഇടയ്ക്കു പലര്‍ക്കും കൈ വിരലില്‍ അസഹ്യമായ വേദന വറുന്നുണ്ടായിരുന്നു. കൈ തമ്മില്‍ ചേര്‍ത്തും അമര്‍ത്തിയും ചൂട് പകരാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. സമീപത്തുള്ള ഒരു ഗുഹയില്‍ സഞ്ജയ് ഭായ് തീ കായുന്നതു കണ്ടു ഞങ്ങളില്‍ കുറച്ചു പേര്‍ അങ്ങോട്ട് പോയി. തണുപ്പിന് കുറച്ചാശ്വാസം ആയി. അപ്പോഴേക്കും എവിടുന്നൊക്കെയോ കുറെ വിറക് അവര്‍ കണ്ടുപിടിച്ചു രാത്രി ക്യാമ്പ് ഫയറിനു തയ്യാറാക്കിയിരുന്നു. ഭക്ഷണം എന്നത്തേയും പോലെ സ്വാദിഷ്ടം. പക്ഷേ ഇത്തവണ ഞങ്ങള്‍ക്ക് സമ്മാനമായി ഹാപ്പി എന്‍ഡിങ് എന്നെഴുതിയ കേക്കും ഉണ്ടായിരുന്നു. ശേഷം കോണിഫേഴ്‌സ് മരത്തിന്റെ ഒരു കുഞ്ഞു ശിഖരം ഞങ്ങള്‍ക്ക് സമ്മാനമായി തന്നു, ട്രെക്ക് വിജയകരമായി പൂര്‍ത്തിയാക്കിയതിന്.

അല്‍പ്പ സമയത്തിനകം ക്യാമ്പ് ഫയര്‍ തുടങ്ങി. ഒരാള്‍ക്ക് ഒട്ടും വയ്യാത്തത് കാരണം ഓക്‌സിജന്‍ സിലിണ്ടര്‍ വെച്ച് ടെന്റില്‍ തന്നെ ആയിരുന്നു.Chadar 11 മറ്റൊരാള്‍ പനി പിടിച്ചു ഉറക്കവും. ഇതിനിടയില്‍ പൂര്‍ണിമ ആണ് പറയുന്നത് രാത്രി നേരത്തെ കണ്ട ഗുഹയില്‍ ഉറങ്ങാമെന്ന്. ആരൊക്കെ പോവുന്നു എന്ന് തീരുമാനമായി. അല്‍പ്പ സമയം കൂടെ തീ കാഞ്ഞു സ്ലീപ്പിങ് ബാഗും കൊണ്ട് നേരെ ഗുഹയിലേക്ക്. തഷി ഭായിയുടെ ടീമിലുള്ള ഒരുപാട് പേര്‍ നേരത്തെ എത്തിയിരുന്നു. സ്ലീപ്പിങ് ബാഗ് അവരുടെ കയ്യില്‍ കൊടുത്തു അവര്‍ തന്നെ വിരിച്ചു തന്നു. പണ്ടെങ്ങോ തറവാട്ടില്‍ എല്ലാവരും എന്തേലും ആഘോഷത്തിന് കൂടിയ പോലെ ആയിരുന്നു അന്ന് രാത്രി ആ ഗുഹക്കുള്ളില്‍. പരസ്പരം കളിയാക്കലും ചിരിയും ബഹളവും. ഒരു പക്ഷെ ആ ട്രെക്കിലെ ഏറ്റവും സുന്ദരമായ രാത്രിയും അതായിരുന്നു. രാവിലെ പതിവ് പോലെ വെയ്ക്ക് അപ് കോള്‍ എത്തി. നിര നിരയായി കിടക്കുന്നവരെ ചവിട്ടാതെ കുനിഞ്ഞു ഇറങ്ങുക അല്‍പ്പം പ്രയാസമായിരുന്നു. 

ഭക്ഷണം കഴിച്ചു പുറപ്പെടുമ്പോള്‍ തഷി ഭായ് പറയുന്നുണ്ടായിരുന്നു ഇന്ന് വഴി നിറയെ വെള്ളമായിരിക്കും ഇന്നലെ വന്ന സംഘം വെള്ളം കാരണം മടങ്ങിപ്പോയെന്ന്. അല്‍പ്പ ദൂരം കഴിഞ്ഞപ്പോള്‍ ഉറയ്ക്കാത്ത ഐസ് കാരണം ഒരുപാട് ദൂരം പാറ കയറി ഇറങ്ങിയാണ് പോയത്. ഒരു സ്ഥലത്തു ബാഗും കൈയുറയും ഊരിക്കൊടുത്തു വലിച്ചു കയറ്റുക ആയിരുന്നു ഞങ്ങളെ. ഉച്ച ഭക്ഷണത്തിനു നിന്നപ്പോള്‍ ലേ ടൂറിസത്തിന്റെ ഒരു ഫീഡ്ബാക്ക് ഫോം ഞങ്ങളെ കൊണ്ട് പൂരിപ്പിച്ചു വാങ്ങി. ഭക്ഷണം കഴിഞ്ഞപ്പോള്‍ നംഘ്യാല്‍ പറഞ്ഞു ഇതാണ് ഞങ്ങളുടെ കയ്യില്‍ നിന്ന് നിങ്ങള്‍ക്കുള്ള അവസാന ഭക്ഷണം എന്ന്. അവരെ പിരിയാന്‍ പോവുകയാണല്ലോ എന്ന വിഷമം എല്ലാരുടെയും മുഖത്തുണ്ടായിരുന്നു.

Chadar 12

സന്തോപ് ഭായ് ജിന്‍സിയെ സ്ലെഡ്ജില്‍ ഇരുത്തി വലിച്ചു കൊണ്ട് മുന്നില്‍ പോയി. പല സ്ഥലത്തും വീണ്ടും വെള്ളം കണ്ടു. മൂന്ന് മണിയോടടുപ്പിച്ചു തുടങ്ങിയിടത്തു തന്നെ ഞങ്ങള്‍ വന്നു ചേര്‍ന്നു. കൂട്ടത്തില്‍ ഒരാള്‍ ആ തണുത്ത വെള്ളത്തില്‍ മുങ്ങണം എന്ന് പറഞ്ഞു മുങ്ങി മരവിച്ചു വന്നു. ബാഗ് താഴെ വെച്ച് ഞാന്‍ പുറപ്പെട്ടപ്പോഴേക്കും കൂടെ ഉള്ളവര്‍ തടഞ്ഞു. അതത്ര നല്ലതല്ലെന്ന് പറഞ്ഞു. പിന്നെ ആഗ്രഹം തീര്‍ക്കാന്‍ സഞ്ജയ് ഭായ് സ്ലഡ്ജില്‍ വെച്ച് ഒന്ന് എന്നെ കറക്കി. എല്ലാവരുടെയും കൂടെ ഫോട്ടോ അവര്‍ക്കൊരു ജയ് വിളി പിന്നെ കയ്യിലെ ഗ്ലൗസ് ഊരി വാങ്ടു നു സമ്മാനമായി കൊടുക്കല്‍. വീണ്ടും ഒന്നൊന്നര മണിക്കൂര്‍ അങ്ങനെ പോയി. തിരിച്ചു ഹോട്ടലിലേക്കുള്ള യാത്രയില്‍ എല്ലാരും ക്ഷീണിതരായിരുന്നു.. അല്‍പ്പം ദുഖിതരും. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാവുന്ന ഒന്ന്, കഴിയില്ലെന്നു കരുതിയ തണുപ്പിനെ അതിജീവിച്ചു തിരിച്ചു പോവുന്നതിന്റെ സന്തോഷത്തില്‍ എല്ലാവരും അടുത്ത ദിവസം ലേഹ് എയര്‍പോര്‍ട്ടില്‍ യാത്ര പറഞ്ഞു പിരിഞ്ഞു... മഞ്ഞിന്റെ പുതപ്പിട്ടു മലകളോട് യാത്ര പറയുമ്പോള്‍ കൂട്ടി ചേര്‍ത്തു, നമ്മളിനിയും കാണും..

ഇനി ചാദര്‍ ട്രെക്കിനു ശ്രമിക്കുന്നവര്‍ക്ക് വേണ്ടി

1. തുടങ്ങുന്നതും അവസാനിക്കുന്നത് ലേയില്‍ ആണ്. സന്‍സ്‌കര്‍ ഗ്രാമത്തിലേക്കുള്ള ഗ്രാമവാസികളുടെ വഴിയാണ് മഞ്ഞു കാലത്ത് ഇത്. ഇതിനു സമാന്തരമായി ബി.ആര്‍.ഓ റോഡ് നിര്‍മാണം നടക്കുന്നത്. കാരണം ഓരോ വര്‍ഷവും ട്രെക്കിങ്ങ് ദൂരം കുറഞ്ഞു കൊണ്ടിരിക്കയാണ് 

2. ഒരുപാട് ഓര്‍ഗനൈസേഷനുകള്‍ ചാദര്‍ ട്രെക്കിങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ പോയത് ക്രേസി പീക്ക്‌സ് വഴി ആണ്.

3. ചിലവ് ഏകദേശം 26,000 രൂപ ആയി. ഇതില്‍ കുറഞ്ഞും ചെയ്യാന്‍ പറ്റും. പക്ഷെ ഭക്ഷണം, റെന്റ്, സ്ലീപ്പിങ് ബാഗ് മറ്റു സൗകര്യങ്ങള്‍... ഇതില്‍ എല്ലാം വ്യത്യാസങ്ങള്‍ കാണും. സര്‍ക്കാരിന്റെ 2000 രൂപ ഇന്‍ഷുറന്‍സ് അവസാന നിമിഷമാണ് കൂട്ടിച്ചേര്‍ന്നത്.

4. ട്രെക്കിങ്ങിനു മൂന്ന് ദിവസം മുന്‍പെങ്കിലും ലേയില്‍ എത്തണം എന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്. പെര്‍മിറ്റ് എടുക്കുമ്പോള്‍ ബോര്‍ഡിങ് പാസ് കാണിക്കണം. 

5. മെഡിക്കല്‍ ടെസ്റ്റ് പാസാവണം. പ്രധാനമായും ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ 80ന് മുകളില്‍ വേണം, ഇതിനു വേണ്ടി ധാരാളം വെള്ളം കുടിക്കുക എന്നല്ലാതെ വേറെ വഴിയില്ല (അത് കൊണ്ട് തന്നെ ഡയാമോക്‌സ് ഗുളികകളും എടുക്കേണ്ട കാര്യമില്ല, ധാരാളം വെള്ളം കുടിക്കുമ്പോള്‍ ശരീരം ഹൈ അള്‍ട്ടിട്യൂഡ് സിക്ക്‌നെസ്സിനോട് പൊരുതി നിന്നോളും)

6. ഏഴ് ദിവസം മുതല്‍ ഒമ്പത് ദിവസം വരെ ഉള്ള വിവിധ പാക്കേജുകള്‍ ഉണ്ട് 

7. ഏറ്റവും പ്രധാനമായും വേണ്ടത് നല്ല വിന്റര്‍ ഗിയറുകള്‍ ആണ്. -20 വരെ എങ്കിലും പ്രതിരോധിക്കുന്ന ഡൗണ്‍ ജാക്കറ്റ്, തെര്‍മല്‍, രണ്ടു തരം കയ്യുറകള്‍, സോക്‌സ് എല്ലാം വേണം. ഷൂ ഗം ബൂട് 400 രൂപയ്ക്കു ലേയില്‍ നിന്ന് തന്നെ വാങ്ങാം. ഞാന്‍ ഇട്ടതു രണ്ടു തെര്‍മല്‍ രണ്ടു ടി ഷര്‍ട്ട്, ഒരു ഫ്ളീസ് ജാക്കറ്റ് പിന്നെ -10 ഡിഗ്രി ഉള്ള ഒരു ഡൗണ്‍ ജാക്കറ്റ്. താഴെ ഒരു തെര്‍മല്‍, പിന്നെ ഫ്ളീസോടു കൂടിയ വാട്ടര്‍ റെപ്പലെന്റ് പാന്റ്‌സ്. മൂന്ന് സോക്‌സ് ഒരേ സമയം, പിന്നെ ഒരു വൂളന്‍ കൈയുറക്കു മേലെ വാട്ടര്‍പ്രൂഫ് കയ്യുറയും.

8. ജനുവരി ആണ് ഏറ്റവും നല്ല സമയം.

9. ഒരിക്കലും ഒരു മാലിന്യവും അവിടെ വലിച്ചെറിയാതെ തിരിച്ചു കൊണ്ട് വരിക.

11 . ഒറ്റയ്ക്ക് നേരിട്ട് പോയാലും ഓര്‍ഗനൈസേഷനുകള്‍ വഴി അല്ലെങ്കില്‍ അവര്‍ മടക്കി അയക്കും. അല്ലെങ്കില്‍ അവിടെ നിന്ന് ഏതെങ്കിലും ഗ്രൂപ്പില്‍ ചേരാം 

12. ഫ്രോസന്‍ ബൈറ്റ്‌സ് കിട്ടിയില്ലെങ്കിലും, അതുമായി ബന്ധപ്പെട്ട് കയ്യിലും കാലിലും നല്ല വേദന വരും. ഇടയ്ക്കിടയ്ക്കു ചൂട് വെള്ളത്തില്‍ കഴുകുക. വിറ്റാമിന് ഇ ഗുളിക കഴിക്കുക എന്നതൊക്കെയാണ് പ്രതിവിധി.

 

 

Content Highlights: Chadar Trekking, Appoppanthadi Fly High, Women Travel