ചില നിമിഷങ്ങളെ നമ്മള്‍ ചരിത്ര മുഹൂര്‍ത്തം എന്ന് വിശേഷിപ്പിക്കാറുണ്ട്. ആരും ഇതുവരെ ചെയ്യാത്ത ഒരു കാര്യം കൂടിയാണെങ്കില്‍ ആ പ്രയോഗത്തിന് പിന്നെയും മാറ്റുകൂടും. ഇത് ഇവിടെ ഇപ്പോള്‍ പറയാന്‍ കാരണം ബ്രിട്ടീഷ് സിഖ് സൈനികയായ പ്രീത് ചാന്ദി കൈവരിച്ച ഒരു നേട്ടമാണ്. അധികമാരും കടന്നുചെല്ലാത്ത ദക്ഷിണധ്രുവത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത, 'വുമണ്‍ ഓഫ് കളര്‍' എന്ന പേരും നേടിയെടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണവര്‍.

700 മൈലുകള്‍ 40 ദിവസംകൊണ്ട് താണ്ടിയാണ് പ്രീത് ചരിത്രം രചിച്ചിരിക്കുന്നത്. ദക്ഷിണധ്രുവത്തില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് വികാരങ്ങള്‍ കടന്നുപോകുന്നുവെന്നാണ് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ പോളാര്‍ ലോകത്തേക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇപ്പോള്‍ ഇവിടെ നില്‍ക്കുമ്പോള്‍ സ്വപ്‌നതുല്യമായാണ് തോന്നുന്നത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും അവര്‍ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preet Chandi (@polarpreet)

'എന്നേക്കാളേറെയായിരുന്നു ഈ പര്യവേഷണം എനിക്കെപ്പോഴും. ആളുകളെ അവരുടെ അതിരുകള്‍ മറികടക്കാനും സ്വയം വിശ്വസിക്കാനും പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വിമതനായി മുദ്രകുത്തപ്പെടാതെ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നോട് പല അവസരങ്ങളിലും ഇല്ല എന്ന് പറയുകയും 'സാധാരണ കാര്യം മാത്രം ചെയ്യുക' എന്ന് പറയുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തുചെയ്യാനും നിങ്ങള്‍ക്ക് കഴിവുണ്ട്. നിങ്ങള്‍ എവിടെ നിന്നായാലും നിങ്ങളുടെ തുടക്കം എവിടെയായിരുന്നാലും, എല്ലാവരും എവിടെയോ ആരംഭിക്കുന്നു. ഗ്ലാസ് സീലിംഗ് തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അത് ഒരു ദശലക്ഷം കഷണങ്ങളായി തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' തന്റെ ജൈത്രയാത്രയേക്കുറിച്ച് ഇങ്ങനെയാണ് പ്രീത് പറയുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനമാണ് പ്രീത് യാത്ര തുടങ്ങിയത്. സ്‌കീയിംഗ് ചെയ്തായിരുന്നു അന്റാര്‍ട്ടിക്കയിലേക്ക് കടന്നത്. തന്റെ യാത്ര ലക്ഷ്യം കണ്ടതായി തിങ്കളാഴ്ചയാണ് അവര്‍ അറിയിച്ചത്. ഭൂമിയിലെ ഏറ്റവും തണുപ്പുള്ളതും ഉയര്‍ന്നതും വരണ്ടതും കാറ്റുള്ളതുമായ ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. അവിടെ ആരും സ്ഥിരമായി താമസിക്കുന്നില്ല. കാര്യമായൊന്നും അറിയാതെയാണ് യാത്ര ആസൂത്രണം ചെയ്യാന്‍ തുടങ്ങിയതെന്നും അതാണ് അവിടെ പോകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preet Chandi (@polarpreet)

 

ഫ്രഞ്ച് ആല്‍പസിലെ പരിശീലനവും ഐസ്‌ലാന്‍ഡിലെ ട്രെക്കിംഗും ഉള്‍പ്പെടെ രണ്ടര വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകളാണുണ്ടായിരുന്നത്. ഭക്ഷണമുള്‍പ്പെടെ 90 കിലോയോളം ഭാരവും ചുമന്നായിരുന്നു പ്രീതിന്റെ യാത്ര. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റേയും ഉദാഹരണം എന്നാണ് ഈ സൈനികയെ ബ്രിട്ടീഷ് സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് ചീഫ് വിശേഷിപ്പിച്ചത്.

Content Highlights: South Pole Travel, Solo Travel to South Pole, british sikh army officer Preet Chandi