മേരിക്കകാരിയായ ജെസ്സ് ഒരു ബ്ലോഗറാണ്. യാത്രയോടുള്ള പ്രണയം കൊണ്ട് മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ തേടിപോയിരുന്നില്ല. 'പാര്‍ട്ട് ടൈം ടൂറിസ്റ്റ്' എന്ന പേരില്‍ തുടങ്ങിയ ബ്ലോഗിലൂടെ ലോകമൊട്ടാകെ യാത്ര ചെയ്യാനുള്ള പണം അവര്‍ സമ്പാദിക്കുന്നുണ്ടായിരുന്നു. 2020 ല്‍ ഗര്‍ഭിണിയായതോടെ കരിയര്‍ അവസാനിക്കുമെന്ന് ആശങ്കയിലായി ജെസ്സ്. ഒരു കുഞ്ഞുമായി ഇനി യാത്രകള്‍ സാധ്യമാണോ, എന്നിങ്ങനെ ആശങ്കകള്‍ അനവധി. 

യാത്ര തുടരണം, ജെസ്സ് തീവ്രമായി ആഗ്രഹിച്ചു. പക്ഷേ എങ്ങനെയിത് പ്രാവര്‍ത്തികമാകും. ഭര്‍ത്താവും സമാനമായ നിലപാട് പങ്കു വെച്ചു. പോംവഴിയെന്ത്, അവര്‍ കൂടിയാലോചിച്ചു. സമൂഹ മാധ്യമങ്ങളില്ലൊം ബേബി ട്രാവലിനെ കുറിച്ച് തിരഞ്ഞെങ്കിലും ഒന്നു പോലും കണ്ടെത്താനായില്ല, അങ്ങനെയാണ് യാത്രയുടെ പുതിയ പാത അവര്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടത്. കുഞ്ഞുമായി  യാത്ര തുടരാമെന്ന നിലപാടിലവരെത്തി. 

ജനിച്ച്  മൂന്നാഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞന്‍ ബ്രിഗ്‌സിന്റെ ആദ്യ യാത്ര. പിന്നീടവന്‍ അലാസ്‌കയിലെ കരടികളെയും യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചെന്നായ്കളെയും, കാലിഫോര്‍ണിയിലെ ബീച്ചുമൊക്കെ കണ്ടു. ഇവിടെയായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സോഷ്യല്‍ മീഡിയ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറുടെ പിറവി. ഏകദേശം 1,000 യു.എസ് ഡോളറാണ് ബ്രിഗ്‌സ് യാത്രകളിലൂടെ സമ്പാദിക്കുന്നത്. നമ്മുടെ 75,000 രൂപയോളം വരുമിത്.  

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14 നായിരുന്നു ബ്രിഗ്‌സിന്റെ ജനനം. ഈ വര്‍ഷം ഒരു വയസ്സ് തികയുന്ന ബ്രിഗ്‌സ് ഇതുവരെ 45 തവണയാണ് വിമാനത്തില്‍ യാത്ര ചെയ്തത്. അലാസ്‌ക്, ഫ്‌ളോറിഡ, കാലിഫോര്‍ണിയടക്കമുള്ള 16 അമേരിക്കന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു. സഞ്ചാരിയായ ബ്രിഗ്‌സിന് ആരാധകരുമൊട്ടേറെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 30,000 ഫോളോവേഴ്‌സുണ്ട്, സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരം. യാത്രകളില്‍ നിന്നും താന്‍ പഠിച്ചത്, എല്ലാവരെയും അറിയക്കണമെന്നുണ്ടായിരുന്നു. അതിന്റെ ഗുണങ്ങള്‍, ദോഷങ്ങള്‍. കുഞ്ഞുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, അത് മറ്റ് മാതാപിതാക്കള്‍ക്ക് ഗുണകരമാകും. ജെസ്സ് പറഞ്ഞു. 

കോവിഡിലും യാത്രയിലായിരുന്നു ഇത്തിരികുഞ്ഞന്‍ ബ്രിഗ്‌സും അമ്മ ജെസ്സും. പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു യാത്രകള്‍. വലിയ നഗരങ്ങള്‍ ഒഴിവാക്കിയുള്ള യാത്രകളായിരുന്നു പിന്നീടങ്ങോട്ട്. റോഡ് ട്രിപ്‌സ്, ലോക്കല്‍ വെക്കേഷന്‍സ് എന്നിവയിലായിരുന്നു ശ്രദ്ധ. അതിനാല്‍ ന്യൂയോര്‍ക്ക് പോലെയുള്ള നഗരങ്ങളൊഴിവാക്കി. ബ്രിഗ്‌സിന് സ്‌പോണ്‍സര്‍മാരുമുണ്ട്. സൗജന്യമായി ഡയപ്പറുകളും മറ്റും സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാണ്. അടുത്തെങ്ങും കുഞ്ഞന്‍ ബ്രിഗ്‌സുമായുള്ള യാത്ര അവസാനിപ്പിക്കാനുള്ള പദ്ധതിയില്ല അമ്മ ജെസ്സിന്. യൂറോപ്പ് യാത്രയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.  

Content Highlights: briggs and mother jess travel story, the yonger travel influencer in social media