204 ദിവസങ്ങൾ, 30,000 കിലോമീറ്ററുകൾ... ഇന്ത്യയുടെ  അതിർത്തിഗ്രാമങ്ങളുടെ ജീവിതങ്ങളറിഞ്ഞ് യാത്രചെയ്യുകയാണ് കല്പറ്റക്കാരനായ യാസീനും കൊടുവള്ളിക്കാരൻ ഫായിസും. സ്കൂളിലെ സാമൂഹികപാഠം പുസ്തകത്തിൽ പഠിച്ച സ്ഥലങ്ങൾ കണ്ടറിഞ്ഞതിന്റെ ത്രില്ലിലാണ് ഇവർ. ഒരുപാട് കാഴ്ചകൾ, അതിലേറെ അനുഭവങ്ങൾ. 2020 ഡിസംബർ 12-ന് തുടങ്ങിയ യാത്രയ്ക്കുപിന്നിലുണ്ടായിരുന്ന ലക്ഷ്യം ഇന്ത്യയെ അറിയുകയായിരുന്നു. നേപ്പാൾ, മ്യാൻമാർ, ഭൂട്ടാൻ, പാകിസ്താൻ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ സമീപത്തുള്ള ഗ്രാമങ്ങളും അവരുടെ ഭക്ഷണരീതിയും സംസ്കാരവും പൈതൃകവുമെല്ലാം അറിഞ്ഞൊരു ബൈക്ക് യാത്ര. കാണുന്ന കാഴ്ചകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനായി ‘യാസീൻ വ്ലോഗ്സ്’  എന്ന യൂട്യൂബ് ചാനലും ഇവർക്കുണ്ട്. യാത്രാനുഭവങ്ങളത്രയും പങ്കുവെക്കുകയാണിവർ...

ആരുമറിയാത്ത ലോങ്വ

അസമിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് നാഗാലാൻഡിലെ മോൺജില്ലയിലെ ലോങ്വയെക്കുറിച്ച് അറിയുന്നത്. ശത്രുക്കളുടെ തലയറത്ത് തലയോട്ടി വീട്ടിൽസൂക്ഷിക്കുന്ന ‘ഹെഡ്ഹണ്ടേഴ്സ്’ ആയ കോണിയാക്ക് ഗോത്രവർഗക്കാരാണ് ഇവിടെയുള്ളത്. ഓരോ തലയറക്കുമ്പോഴും ശരീരത്തിൽ പച്ചകുത്തും. ഈ ഗ്രാമത്തിൽ ഇപ്പോഴും രാജാവാണ് നാടുഭരിക്കുന്നത്. കൊട്ടാരത്തിന്റെ പകുതിഭാഗം മ്യാൻമാറിലും പകുതി ഇന്ത്യയിലുമാണ്. 62 ഗ്രാമങ്ങളാണ് ഈ രാജാവ് ഭരിക്കുന്നത്. ഇതിൽ 32 എണ്ണം മ്യാൻമാറിലും 30 എണ്ണം ഇന്ത്യയിലും. പൊതുവേ പോരാളികളായ ഇവർ ബ്രിട്ടീഷുകാരെവരെ  മുട്ടുകുത്തിച്ചിട്ടുണ്ട് എന്നാണ് കഥ. രാജാവിനാവശ്യമായ തോക്കുനിർമിക്കുന്നതടക്കം കുടിൽവ്യവസായമാക്കിയ നാട്.

അരുണാചലിലെ അദ്ഭുതങ്ങൾ

സഞ്ചാരികൾ അധികമെത്തിയിട്ടില്ലാത്ത അരുണാചലിന്റെ കാഴ്ചകൾ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചൈനീസ് അതിർത്തിയിലെ കഹോ വടക്കെ ഇന്ത്യയുടെ ആദ്യഗ്രാമമാണ്. ഇന്ത്യയിലാദ്യമായി സൂര്യനുദിക്കുന്ന ഡോങ് കണ്ടതും അവിടെ താമസിക്കാനായതും അഭിമാനമാണ്.

അരുണാചലിലെത്തന്നെ സീറോ വാലിയിലെ അപതാനി ഗോത്രവിഭാഗക്കാരുടെ വീടുകളും ജീവിതവും വ്യത്യസ്തമാണ്. പണ്ട് മറ്റുവിഭാഗക്കാരായ പുരുഷന്മാരിൽനിന്ന് രക്ഷനേടാൻ ഇവിടെയുള്ള സ്ത്രീകൾ മൂക്കുതുളച്ചും മുഖംനിറയെ പച്ചകുത്തിയുമാണ് ജീവിച്ചിരുന്നത്. ഇത്തരത്തിലുള്ള സ്ത്രീകളുടെ അവസാനത്തെ തലമുറയാണിപ്പോൾ ഇവിടെയുള്ളത്. 300 കിലോമീറ്റർ ഓഫ്റോഡായി വണ്ടിയോടിച്ചെത്തിയ സ്ഥലമാണ് മെച്ചൂക്ക. നെറ്റ് വർക്ക് ഇല്ലാത്ത, പുറത്തുനിന്ന് ആരുംവന്നിട്ടില്ലാത്ത നാട്.

bike epedition
 ആര്യൻ വാലിയിലെ ഗ്രാമീണ സ്ത്രീയ്ക്കൊപ്പം

ആസൂത്രണം ഒരു ലോക്ഡൗണിൽ

 2020 മാർച്ചിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് യാസീനും ഫായിസും യാത്രയ്ക്കായി തയ്യാറെടുത്തത്. ലോൺലി പ്ലാനെറ്റ് എന്ന പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പിൽനിന്നും വായിച്ചറിഞ്ഞ സ്ഥലങ്ങളെ ലിസ്റ്റ് ചെയ്തു. സ്ഥലങ്ങളെക്കുറിച്ച് കൂടുതലറിയാനായി പിന്നെ ശ്രമം. യാത്രാവിവരണങ്ങൾ വായിച്ചും യൂട്യൂബിൽ ലഭ്യമായ വീഡിയോകൾ കണ്ടും ഒരു പ്ലാൻ തയ്യാറാക്കി. കല്പറ്റയിലെ വീട്ടിൽനിന്നാണ് യാത്രപുറപ്പെട്ടത്.

പ്രദേശത്തുകാരുമായി ഇടപഴകി യാത്രയെ അനുഭവിക്കുകയായിരുന്നു ഇവർ. രണ്ടാം തരംഗത്തിൽ രാജ്യം ലോക്കായപ്പോഴും ഇവർ യാത്രചെയ്തുകൊണ്ടേയിരിക്കുകയാണ്. ലോണെടുത്താണ് പണം കണ്ടെത്തിയത്. യാത്രയ്ക്കിടയിൽ പെട്രോൾവില കൂടിയത് ചെലവിനെ ബാധിച്ചു. യൂട്യൂബിൽനിന്നുള്ള വരുമാനം അവിടെ തുണയായി.

ഈസൗഹൃദവും യാത്ര സമ്മാനിച്ചത്

2018-ൽ ലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദിൽനിന്ന് വഴിതെറ്റിയ ഫായിസിനെ സഹായിച്ചതാണ് യാസീൻ. രണ്ടുപേർക്കും യാത്രയോടാണ് പ്രണയമെന്നറിഞ്ഞപ്പോൾ സൗഹൃദം വളർന്നു. പിന്നീട് ഇന്ത്യയൊട്ടാകെ യാത്രചെയ്യണമെന്ന മോഹമായി. ഗുവാഹാട്ടിയിൽനിന്നാണ് ബത്തേരി സ്വദേശികളായ ലാലു നൗഷാദിനെയും മനു ഷാജുവിനെയും കണ്ടുമുട്ടിയത്. പിന്നീടുള്ള വിശേഷങ്ങളിൽ ഇവരുമുണ്ടായിരുന്നു. കല്പറ്റ അഡ്ലെയ്ഡ് മരമ്പറ്റ വീട്ടിൽ അബ്ദുൾ ബഷീറിന്റെയും റംലയുടെയും മകനാണ് യാസീൻ. കൊടുവള്ളി എരൂൽ കുന്നുമ്മൽ ഹൗസിൽ സൈദ് മുഹമ്മദിന്റെ മകനാണ് ഫായിസ്. വീട്ടുകാരുടെ പിന്തുണയാണ്  പിൻബലം. വീട്ടിലേക്കുള്ള മടക്കത്തിലും പുതിയ യാത്രാസ്വപ്നങ്ങൾ കാണുകയാണിവർ.

മിസോറം കാഴ്ചകൾ

ഇപ്പോഴും വാക്കിടോക്കിയിൽ ആശയവിനിമയം നടത്തുന്നവരാണ് മെഷായി ഗ്രാമത്തിലുള്ളത്. ടൗണായി വളരുന്ന പ്രദേശം, ആളുകളെല്ലാം വികസനം കൊതിക്കുന്നവർ. 10 രൂപ ടാക്സ് നൽകിയാൽ മ്യാൻമാറിലേക്ക് പ്രവേശനം ലഭിക്കുന്ന നാടാണ് മൊറേ. രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ മ്യാൻമാറിൽ ചെലവഴിച്ച് തിരിക്കാം.

കശ്മീർ താഴ്​വരയിലെ മെന്തർ

കോവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് കശ്മീരിലെത്തിയത്. സമ്പൂർണ ലോക്ഡൗൺ എന്നാൽ, വീടിന് പുറത്തിറങ്ങാൻപോലും കഴിയില്ല. പൂഞ്ച് ജില്ലയിലെ മെന്തർ എന്ന ഇന്ത്യൻഗ്രാമം. ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്കടുത്തുള്ള ഇവരുടെ ജീവിതം പ്രയാസങ്ങൾ നിറഞ്ഞതാണ്. നുഴഞ്ഞുകയറ്റക്കാരുടെ ശല്യവും ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധവും എല്ലാം നേരിട്ടനുഭവിക്കുന്ന ജനത. സമാധാനവും സ്വാതന്ത്ര്യവും എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിത്തന്നത് ആ ഒരു മാസമായിരുന്നു. യാത്രികരുടെ സ്വപ്നമായ ലഡാക്ക്, ലേ, നുബ്രാവാലി, പാങ് ങോഗ്, ചങ്ലപാസ് തുടങ്ങിയ സ്ഥലങ്ങളിൽ സാഹസികമായിരുന്നു യാത്ര.  

ആര്യന്മാരുടെ നാട്ടിൽ

യാഥാർഥ ആര്യന്മാർ എന്നുവിശ്വസിക്കുന്ന, അലക്സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്നവരുടെ നാടാണ് ആര്യൻവാലി. യൂറോപ്പിൽനിന്നും മറ്റും സ്ത്രീകൾ ഇവിടെ വരുകയും ഗർഭം ധരിക്കുകയുംചെയ്യുന്ന ‘പ്രഗ്നൻസി ടൂറിസം’ ഉള്ള നാട്. 200 വർഷം പഴക്കമുള്ള വീടുകളാണിവിടെയുള്ളത്. കാർഗിലിന്റെയും ലേ യുടെയും നടുക്കുള്ള പ്രദേശം. ബുദ്ധമതവിശ്വാസികളാണ് ഇവിടെയുള്ളവർ. ‘ഓൾഡ് സിൽക്ക് റോഡി’ന്റെ താഴ്വരകളിൽ താമസിക്കുന്ന ഈഗ്രാമീണർ ഇന്നും മറ്റുള്ളവരുമായി ഇടപഴകാറില്ല.

എവിടെയും ഒരു മലയാളി

കൂടെ യാത്രചെയ്യാനും ചെന്നെത്തുന്ന സ്ഥലങ്ങളിൽ സഹായിക്കാനും എല്ലായിടത്തും മലയാളികളുണ്ടായിരുന്നു. മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ രാജ്ഭവനിലെത്തി കണ്ടു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്കൂളുകളും മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്നത് മലയാളികളാണ്. അവർ ഒരുപാട് സഹായിച്ചു. കശ്മീരിൽ ഒരുമാസം താമസവും ഭക്ഷണവും നൽകിയത് മലയാളിയായ മനോജാണ്. മിസോറം പോലീസിലെ ഉദ്യോഗസ്ഥനായ ഇടുക്കി സ്വദേശി പ്രദീപ് വീട്ടിൽ കൊണ്ടുപോയി സത്കരിച്ചു. ഇന്ത്യൻ ആർമിയിലെ മലയാളി ഉദ്യോഗസ്ഥർ എല്ലാ ഘട്ടത്തിലും സഹായവുമായെത്തി.

Content Highlights: Bike Expedition From Kerala to Border Villages Travel Tourism