ഉത്തരാഖണ്ഡിലെ നൈനിത്താള്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഭീംതാലിലെ ശൈത്യകാലത്തിലൂടെയാണ് ഈ യാത. ഹിമാലയത്തിലെ ഉയര്‍ന്ന വിതാനങ്ങളില്‍ ശൈത്യം അതികഠിനമാകുമ്പോള്‍ താഴ് വാരങ്ങളിലേക്ക് താത്കാലിക താവളം തേടി പറക്കുന്ന പക്ഷികളെ തേടിയുള്ളാരു യാത്ര. ഭീംതാലിലെ മരം കോച്ചുന്ന തണുത്ത പ്രഭാതങ്ങളിലെയും പകലിലെയും സഞ്ചാരത്തിന് ഹരം പകര്‍ന്നുകൊണ്ട് തൂവല്‍ കുപ്പായക്കാര്‍ പാറിനടന്നിരുന്നു.
സമുദ്രനിരപ്പില്‍നിന്ന് 1370 മീറ്റര്‍ ഉയരത്തിലാണ് ഭീംതാല്‍ സ്ഥിതി ചെയുന്നത്. വിസ്തൃതമായി പരന്നുകിടക്കുന്ന ഭീംതാല്‍ തടാകമാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം. വേനല്‍ക്കാലത്തെ അന്തരീക്ഷ താപനില 15 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയും ശൈത്യകാലത്തെ താപനില 2 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ്. എന്നാല്‍ ഡിസംബര്‍ മാസത്തില്‍ -3 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴുമത്രേ. ഇന്ത്യയുടെ തെക്കേയറ്റത്തുനിന്നുള്ള യാത്രികന്‍ ആകുമ്പോള്‍ ശൈത്യകാലം ഒരു വെല്ലുവിളി തന്നെയാണ്.
ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഭീംതാലിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആശ്രയം പുരാതന ഡല്‍ഹി (Old Delhi) റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാത്രി 9.45 ന് പുറപ്പെടുന്ന റാണിഖേത് എക്‌സ്പ്രസ്സാണ്. പുലര്‍ച്ച അഞ്ചു മണിക്ക് യാത്ര ഹല്‍ദ്വാനിയില്‍ അവസാനിക്കുന്നു. സുപ്രസിദ്ധ കടുവവേട്ടക്കാരനും സഞ്ചാരിയും എഴുത്തുകാരനുമായ ജിം കോര്‍ബെറ്റിന്റെ 'കുമയൂണിലെ നരഭോജികള്‍' (Man Etaers of Kumayun) എന്ന പ്രശസ്തമായ ഗ്രന്ഥത്തില്‍ ഹല്‍ദ്വാനി പട്ടണത്തെക്കുറിച്ച് അദ്ദേഹം വര്‍ണിക്കുന്നുണ്ട്. ഹല്‍ദ്വാനിയില്‍നിന്ന് റോഡുമാര്‍ഗമാണ് ഭീംതാലിലേക്ക് എത്തുക. മലനിരകളിലൂടെയും താഴ്വാരങ്ങളിലൂടെയുമുള്ള വളഞ്ഞും പുളഞ്ഞുമുള്ള 13 കിലോമീറ്റര്‍ യാത്ര നയനാനന്ദകരമാണ്. സാറ്റാള്‍, ഒന്‍പതു തടാകങ്ങളുടെ സമുച്ചയമായ നൗകുച്ചിയതാല്‍ മലനിരകളിലെ സുഖവാസകേന്ദ്രമായ നൈനിത്താള്‍, ആപ്പിള്‍ തോട്ടങ്ങളുടെ നാടായ രാംഘര്‍, മുകേശ്വര്‍ എന്നിവിടങ്ങളിലേക്കൊക്കെ ഭീംതാല്‍ വഴിയാണ് പോകുക.
ഭീംതാലിലെ ചിത്രശലഭ ഗവേഷണകേന്ദ്രത്തില്‍ അതിഥിയായി തങ്ങിയിട്ടായിരുന്നു ശൈത്യകാല അതിഥികളായ ഹിമാലയന്‍ പക്ഷികളെ നിരീക്ഷിച്ചിരുന്നത്. ഭീംതാല്‍ പട്ടണത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ജോണ്‍സ് എസ്റ്റേറ്റിലാണ് ചിത്രശലഭ ഗവേഷണകേന്ദ്രം. ഹിമാലയന്‍ ചിത്രശലഭ-നിശാശലഭ ഗവേഷകനായ പീറ്റര്‍ സമറ്റേച്ചെക് ആണ് ഈ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപകന്‍. ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ഗണങ്ങള്‍ ഏറ്റവും അധികം കാണപ്പെടുന്ന ഇടങ്ങളില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് ഈ ഗവേഷണ കേന്ദ്രം. പഴയ മാതൃകയിലുള്ള ബംഗ്ലാവും അതിനു ചുറ്റും പുല്‍ത്തകിടിയും പൈന്‍ ഓക്ക് മരങ്ങളും... ഹിമാലയന്‍ പക്ഷികളുടെ സാന്നിധ്യം ഏറെയുള്ള ഇടം കൂടിയാണിത്.
ഭീംതാലിലെ ശൈത്യകാലം
ശൈത്യകാലത്തിന്റെ തുടക്കമായ നവംബര്‍ മാസത്തില്‍ ഭീംതാലില്‍ ശക്തമായ മഴയും വെയിലും തണുപ്പും കൂടിക്കലര്‍ന്നൊരു കാലാവസ്ഥയാണ്. ഒരു ദിവസം രാവിലെ മഴയാണെങ്കില്‍ ഉച്ചയ്ക്കുശേഷം നല്ല വെയിലായിരിക്കും. പിറ്റേ ദിവസം രാവിലെയും വെയില്‍ തന്നെയായിരിക്കും. ഉച്ചയ്ക്കുശേഷം മഴപെയ്യും. രാത്രികാലങ്ങളില്‍ മരം കോച്ചുന്ന തണുപ്പും. ഡിസംബറും ജനുവരിയും കഠിനമായ ശൈത്യം കാരണം പകല്‍ സൂര്യനെ കാണുന്ന സമയം കുറവായിരിക്കും. അപൂര്‍വമായി സൂര്യന്‍ പുറത്തുവരുന്ന സമയങ്ങളില്‍ ഹിമാലയന്‍
കൊടുമുടികളില്‍നിന്ന് താഴ് വാരങ്ങളിലേക്ക് വിരുന്നിനെത്തുന്ന അപൂര്‍വ പക്ഷികള്‍ ഊര്‍ജസ്വലരായി വിഹരിക്കുന്നു. ഫെബ്രുവരി മാസത്തില്‍ സൂര്യപ്രകാശം നന്നായിട്ടുണ്ടെങ്കിലും പകല്‍ താപനില 2 ഡിഗ്രി മുതല്‍ 7 ഡിഗ്രി വരെയും ചിലപ്പോള്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയും പോകും.
മൂന്നുമണി കഴിഞ്ഞാല്‍ വെയില്‍ മങ്ങിത്തുടങ്ങും. ചെറു മുത്തുകള്‍ വാരി എറിഞ്ഞതുപോലെ ആലിപ്പഴങ്ങള്‍ പെയ്തിറങ്ങും. ഒപ്പം മഴയും. പിന്നെ കാത്തിരിക്കുന്നത്, തണുത്തു വിറങ്ങലിച്ചു പോകുന്ന രാവുകള്‍.
പക്ഷി പാതകള്‍
ഹിമാലയസാനുക്കളിലെ കടുത്ത മഞ്ഞുവീഴ്ചയും ശൈത്യവും കാരണം താഴ് വാരങ്ങളില്‍ ദേശാടകരായി എത്തുന്ന ഓരോ തരം പക്ഷികള്‍ക്കും അവയുടെതായ സഞ്ചാരപഥങ്ങളും ആവാസവ്യവസ്ഥകളുമൊക്കെ ഉണ്ടാകും. കൃത്യമായി ഈ ചുറ്റുപാടില്‍ അവയെ കാണാമെന്നതാണ് പ്രത്യേകത. എന്നാല്‍ ആഹാരലഭ്യതയനുസരിച്ച് തങ്ങളുടെ സഞ്ചാരപഥം ഇടയ്ക്കിടെ മാറ്റുന്ന പക്ഷികളുമുണ്ട്. പാടും കുരുവികളായ (Warblers) ചെറുപക്ഷികള്‍ വള്ളിപ്പടര്‍പ്പുകളിലാകും കൂടുതല്‍ സജീവമാകുക. പൊട്ടിച്ചിരിക്കുന്ന ശബ്ദമുണ്ടാക്കുന്ന ലാഫിങ്ത്രഷ് പക്ഷികള്‍ പൊന്തകള്‍ക്കുള്ളില്‍ ഒളിഞ്ഞു നടക്കുകയും വെയില്‍ കായുവാന്‍ വെളിയിടങ്ങളില്‍ എത്തുകയും ചെയ്യുന്നു. ത്രഷുകളും റെഡ് സ്റ്റാര്‍ട്ടുമൊക്കെ തുറസ്സിലും ഒളിയിടങ്ങളിലും ഒരുപോലെ കഴിയുന്നു. സ്ഥിരവാസികളായ ഖലീജ് ഫെസന്റ് പ്രഭാതങ്ങളിലും വെയില്‍ മങ്ങിയ സായാഹ്നങ്ങളിലും തുറസ്സായ വനപാതകളില്‍ സംഘമായി മേഞ്ഞുനടക്കുണ്ടാകും.
ഭീംതാല്‍ ജോണ്‍സ് എസ്റ്റേറ്റ് പാത
ഭീംതാല്‍ തടാകത്തില്‍ നിന്ന് ജോണ്‍സ് എസ്റ്റേറ്റിലേക്ക് അതിരാവിലെയായിരുന്നു യാത്ര. രണ്ടു കിലോമീറ്റര്‍ നീളുന്ന കല്ല് പതിച്ച വാഹനപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ ഹിമാലയത്തിന്റെ ഔന്നത്യങ്ങളില്‍നിന്ന് താഴ് വാരങ്ങളിലേക്ക് എത്തിയ വിരുന്നുകാരെ കാണാം. ശൈത്യകാലങ്ങളില്‍ 6.45 -7 മണിക്കാണ് നേരം പുലരുക. വെയില്‍ പരക്കുന്നതിനുമുന്‍പ് ചിത്രശലഭ ഗവേഷണ കേന്ദ്രത്തിലെ പുല്‍ത്തകിടിയില്‍ തകൃതിയായി പ്രാണിവേട്ട നടത്തുന്ന ട്രീ പിപിറ്റുകളുടെ, അഥവാ മരവരമ്പന്‍മാരുടെ സംഘത്തെയും കാണാം. വളരെ ലജ്ജാലുക്കളായ ഇവ നേരിയ അനക്കം തട്ടിയാല്‍ മരച്ചില്ലകളില്‍ അഭയം പ്രാപിക്കും. നീണ്ട നീല വാലിളക്കി കൗതുകം ഉണര്‍ത്തുന്ന റെഡ് ബില്‍ഡ് ബ്ലൂ മാഗ് പൈ പക്ഷികളും പറന്നു നടക്കുന്നുണ്ടാകും. ബ്ലു വിസിലിങ് ത്രഷിന്റെ നേര്‍ത്ത ചൂളംവിളി തണുത്ത പ്രഭാതത്തില്‍ ഉയര്‍ന്നു കേള്‍ക്കാം. വെയില്‍ പരന്നാലും 10 മണിവരെ അന്തരീക്ഷ താപനില 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് മാത്രമേ കാണുകയുള്ളൂ. കമ്പിളിക്കുപ്പായങ്ങളും കൈയുറയും മങ്കി ക്യാപ്പും ഇല്ലാതെ പുറത്തിറങ്ങുക അസാധ്യം.
ഒരു നായ കുരയ്ക്കുന്നതുപോലെ ഒച്ചയുണ്ടാക്കികൊണ്ട് കേഴമാനുകള്‍ പാതയ്ക്ക് കുറുകെ ഓടിപ്പോയി. മലഞ്ചെരുവില്‍നിന്ന് ഒരു ഗര്‍ജനം കേട്ടു. പുള്ളിപ്പുലിയുടെതാണ് എന്ന് ഗ്രാമീണന്‍ പറഞ്ഞു. തലേദിവസം രാത്രി ഗവേഷണകേന്ദ്രത്തിന്റെ പുല്‍ത്തകിടിയില്‍ പുള്ളിപ്പുലികള്‍ അലറുന്നത് കേട്ട് പുറത്തിറങ്ങി നോക്കിയിരുന്നു.
ആളനക്കം കുറഞ്ഞ വിജനമായ നാട്ടുപാതയിലൂടെ തിളങ്ങുന്ന നീല വാലിളക്കി ഇരതേടുന്ന ഹിമാലയന്‍ ബ്ലൂടെയല്‍, തണലിടങ്ങളില്‍ ഒളിഞ്ഞ് നടന്ന് ഇര തേടുന്ന തിളങ്ങുന്ന മഞ്ഞക്കുപ്പായമണിഞ്ഞ ഗോള്‍ഡന്‍ ബുഷ് റോബിന്‍, പക്ഷി ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയങ്കരനായ ചുവന്ന തിളങ്ങുന്ന ചുണ്ടുകളോടു കൂടിയ റെഡ് ബില്‍ഡ് ലിയോത്രിക്‌സ്, റൂഫസ് ബ്രേസ്റ്റഡ് അസെന്റര്‍, വെള്ളിക്കണ്ണി കുരുവികള്‍... പക്ഷി പട്ടിക നീളുന്നു.
വെയില്‍ പരക്കുന്നതോടെ പരുക്കന്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് സ്ലേറ്റി ഹെഡഡ് പാരകീറ്റുകള്‍ എന്ന ചാരത്തലയന്‍ കാട്ടുതത്തകള്‍ കൂട്ടത്തോടെ താഴ് വാരങ്ങളില്‍ പറന്നിറങ്ങുന്നു. മറ്റ് കാലങ്ങളില്‍ ആഹാരത്തിന് വന്മരങ്ങളിലെ പഴങ്ങളെ ആശ്രയിക്കുന്ന ചാരത്തലയന്‍ തത്തകള്‍ ശൈത്യകാലത്ത് താഴ് വാരങ്ങളില്‍ പൂത്തുനില്‍ക്കുന്ന കാട്ടുചെടികളിലെ തേന്‍ നുകരുവാന്‍ വളരെ താഴെയെത്തുന്നു. ചിത്രശലഭ ഗവേഷണകേന്ദ്രത്തെ ചുറ്റിപറ്റി മാറില്‍ ഉജ്ജ്വലമായ ഓറഞ്ചുനിറവും പുറം തിളങ്ങുന്ന നീലനിറത്തോടുകൂടിയ റൂഫസ് ബെല്ലിഡ് നില്‍ത്താവ ആണ്‍പക്ഷി ഇരതേടി നടക്കുന്നുണ്ടാകും. ഭീംതാല്‍ തടാകത്തില്‍ കാട്ടുതാറാവുകളായ ടഫ്റ്റഡ് ഡക്കിനെ കാണാം.
ഭീംതാല്‍ ഗ്രാമപാത
വെയില്‍ പരന്നാല്‍ ഭീംതാല്‍ ഗ്രാമപാതയാണ് പക്ഷികളുടെ താവളം. വിവിധയിനം ത്രഷുകളും ഫിഞ്ചുകളും സിബിയയുമൊക്കെ ഇവിടെ കാണാം. സ്വദേശികളായ ഹിമാലയന്‍ ബുള്‍ബുള്‍, ഹിമാലയന്‍ ട്രീ പെ എന്ന ഹിമാലയന്‍ ഓലഞ്ഞാലി, കാണാനഴകുള്ള ബ്ലു വിങ്ഡ് സിവ, ദേശാടകരായ ചെസ്റ്റ് നട്ട് ബെല്ലിഡ് റോക്ക് ത്രൃഷ്, ചെറു മരംകൊത്തിയായ ബ്രൗണ്‍ ഫ്രോന്റേഡ് വുഡ്‌പെക്കര്‍, നിരങ്ങി നടക്കുന്നതുപോലെ മരക്കൊമ്പില്‍ അങ്ങോളമിങ്ങോളം ഓടിനടക്കുന്ന ബാര്‍ ടൈല്‍ഡ് ട്രീ കീപ്പര്‍, ഓറഞ്ചുനിറം മാറില്‍ ജ്വലിപ്പിക്കുന്ന തീക്കുരുവി എന്നിവയടങ്ങിയ പക്ഷികളുടെ വേട്ടസംഘത്തെ കാണാം
ഭീംതാല്‍ - സത്താല്‍ പാത
ഹിമാലയന്‍ പക്ഷികളാല്‍ ഏറെ സമ്പന്നമാണ് കഷ്ടിച്ച് രണ്ടുകിലോമീറ്റര്‍ നീളുന്ന ഭീംതാല്‍ - സത്താല്‍ പാത. ടാറിട്ട റോഡ്. പ്രഭാതങ്ങളില്‍ നമ്മ എതിരേല്‍ക്കുക നീല തിളക്കവുമായി നിലത്ത് ഇരതേടുന്ന സ്‌മോള്‍ നിലാവയാകും. ശൈത്യകാല അതിഥിയായ ബ്ലൂ ഗ്രാന്റഡ് റെഡ്സ്റ്റാര്‍ട് ഇടക്കാടുകളില്‍ പുഴുവേട്ടയിലാണ്. പൊന്തകളില്‍ ചെറുകുരുവികളായ ബഫ് ബാര്‍ഡ് വാര്‍ബ്ലര്‍, ചെറുസംഗീതം പൊഴിച്ച് ധൃതിയില്‍ പ്രാണിവേട്ട നടത്തുന്നു. സ്ഥിരവാസികളായ ഗ്രേറ്റ് ടിറ്റ്, ബ്ലാക്ക് ലോര്‍ഡ് ടിറ്റ്, ഗ്രീന്‍ ബാക്കഡ് ടിറ്റ് എന്നീ മൂന്നിനം ടിറ്റുകളും പക്ഷികളുടെ വേട്ടസംഘ ത്തിലുണ്ടാകും, വിശറിവാല്‍ വിടര്‍ത്തി നൃത്തച്ചുവടുകളോടെ പ്രാണിവേട്ട നടത്തുന്ന വൈറ്റ് ത്രോട്ടഡ് ഫാന്‍ ടെസ്റ്റ് എന്ന വിശറിവാലന്‍ പക്ഷിയുടെ ലഘുസംഗീതം വള്ളിപ്പടര്‍പ്പുകളില്‍ ഉയര്‍ന്ന് കേള്‍ക്കാം.
ഉച്ചവെയില്‍ പരക്കുന്നതോടെ പൊന്തകളിലെ വള്ളിച്ചെടികളിലെ ചെറുപൂക്കുലകളില്‍നിന്ന് തേന്‍ കുടിക്കുവാന്‍ ഹിമാലയന്‍ ശൈത്യകാല അതിഥിയായ് ഗ്രീന്‍ ടെയ്ല്‍ഡ് സണ്‍ ബേര്‍ഡ് എന്ന പച്ചവാലന്‍ തേന്‍കിളി എത്തുന്നു. ഹമ്മിങ് ബേര്‍ഡിനെ അനുസ്മരിപ്പിക്കുമാറ് വായുവില്‍ കുറച്ചുനേരം ചിറകടിച്ച് നിന്നിട്ടാണ്; തേന്‍ നുകരാറ്. ഇതു കാണുമ്പോള്‍ ഉത്തരാഖണ്ഡില്‍ അത്യപൂര്‍വ വിരുന്നുകാരനായ മറ്റൊരു തേന്‍കിളിയുടെ കാര്യം ഓര്‍മ വരുന്നു. ഭീംതാല്‍ പാതയിലൂടെ ഒരു പ്രഭാതത്തില്‍ പക്ഷിനിരീക്ഷണം നടത്തി പോകുമ്പോള്‍ പൊന്തയില്‍ ചുവപ്പിന്റെ തിളക്കം കണ്ടു. എന്താണീ തിളക്കം എന്നറിയാന്‍ പൊന്തയ്ക്കരികില്‍ നിലയുറപ്പിച്ചു. അദ്ഭുതപ്പെടുത്തികൊണ്ട് അത്യപൂര്‍വ വിരുന്നുകാരനായ ഫയര്‍ ടെയ്ല്‍ഡ് സണ്‍ബേര്‍ഡ് എന്ന തീവാലന്‍ തേന്‍കിളികളിലെ ആണ്‍പക്ഷിയെ കാണുകയുണ്ടായി. തീപോലെ തിളങ്ങുന്ന ചുവന്ന നീണ്ട വാലിളക്കി അവന്‍ പൊന്തകളിലെ പൂക്കളിലെ തേന്‍ കുടിച്ചുല്ലസിച്ച് പറന്നുനടന്നു.ഒപ്പം വര്‍ണശോഭയില്ലാത്ത പെണ്‍ പക്ഷിയും.
പക്ഷിപാതകളിലെ നടത്തം കഴിഞ്ഞ് തിരികെ ചിത്രശലഭ ഗവേഷണ കേന്ദ്രത്തിലേക്ക് നടക്കുമ്പോള്‍ വഴിയോരത്തെ പൊന്തയില്‍ വെയില്‍ കായുന്ന നാണംകുണുങ്ങിയായ റൂഫസ് ചിന്‍ഡ് ലാഫിങ് ത്രഷിനെ (Rufous chinned laughingthrush) കണ്ടു. ചെറു ചെടിപ്പടര്‍പ്പുകള്‍ക്കിടയില്‍ സ്ഥിരവാസിയായ ബാക്ക് ചിന്‍ഡ് ബാബര്‍ സംഘത്തോടൊപ്പം വലിയ മഞ്ഞ കണ്‍വട്ടമുള്ള ഹിമാലയന്‍ ശൈത്യകാല അതിഥിയായ വിസിലര്‍ വാര്‍ബര്‍ തത്തിക്കളിക്കുന്നു.
വെയില്‍ മങ്ങുകയാണ്. ഓക്ക് മരങ്ങള്‍ക്കിടയിലൂടെ ഒരാരവം. തത്തപ്പടയുടെ വരവാണ്. ഇത്തവണ താടിവെച്ചതുപോലെ തൊണ്ടയില്‍ കറുപ്പുള്ള റെഡ് ബ്രെസ്റ്റഡ് പാരകീറ്റുകള്‍ ആണ്. അവ കൂട്ടത്തോടെ ഓക്ക് മരങ്ങള്‍ക്കിടയില്‍ പറന്നിറങ്ങി. ഓക്ക് കായ്കള്‍ കൊത്തിയെടുത്തു. അവയുടെ തോടുകള്‍ മഴപോലെ നിലത്ത് പെയ്തിറങ്ങി. ഞൊടിയിടയില്‍ ഓക്ക് കായ്ക്കള്‍ തിന്നു തീര്‍ത്ത് തത്തപ്പട പടിഞ്ഞാറോട്ട് പറന്നു പോയി.

വെയില്‍ മായുകയാണ്. എവര്‍മാന്‍സ് റെഡ്സ്റ്റാര്‍ട്ട് എന്ന ഹിമാലയന്‍ വിരുന്നുകാരന്‍ പക്ഷി ഒരു കാട്ടുചെടിയുടെ തുഞ്ചത്തിളകിയിരുന്നു. ഒപ്പം നാട്ടുകാരനായ ചാരവര്‍ണക്കാരനായ ഗ്രേ ബുഷ് ചാറ്റും. വെയിലില്‍ ഇ ളം റോസ് നിറമുള്ള തൂവലുകള്‍ മിന്നിച്ച് റോസക്കുരുവികള്‍. കൃതിമ താടിവെച്ചതുപോലെ തൊ ണ്ടയില്‍ കറുപ്പ് നിറമുള്ള ബ്ലാക്ക് ത്രോട്ടഡ് ടിറ്റ് എന്ന താടിക്കാരന്‍ ടിറ്റുകളുടെ ചെറുസംഘം പൊന്തക്കാട്ടില്‍ ചാടി നടന്നു. കുസൃതിക്കുട്ടികളുടെ ഭാവമുള്ള ചെറുകുരുവികള്‍, വെയില്‍ മങ്ങിക്കഴിഞ്ഞു. തണുപ്പരിച്ച് കയറി. പൈന്‍ കാട്ടില്‍നിന്ന് ഹിമാലയന്‍ മരമൂങ്ങയുടെ നീണ്ട ഒച്ച ഉയര്‍ന്നു കേട്ടു. ഹിമാലയത്തിലെ വലിയ മൂങ്ങകളില്‍ ഒന്നാണിവ. ചിത്രശലഭ ഗവേഷണകേന്ദ്രത്തിലെ പൈന്‍മരച്ചിലയിലെ സ്ഥിരം ഇരിപ്പിടത്തില്‍ പറന്നുവന്നിരുന്നു വലിയ കണ്ണുകളുരുട്ടി കാണിച്ച് എന്നെ ചാഞ്ഞും ചരിഞ്ഞും നോക്കി.
അത്യപൂര്‍വ കാഴ്ചകളാല്‍ മനംനിറഞ്ഞ് നില്‍ക്കുമ്പോള്‍ മഞ്ഞുവീഴ്ചയുടെ ആരംഭമായി. പുല്‍ത്തകിടിയില്‍ നേര്‍ത്ത മഞ്ഞിന്റെ ആവരണം. ശൈത്യകാല കാഴ്ചകളുടെ നിറങ്ങളുമായി താവളത്തിലേക്ക് മടങ്ങി.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Bheemtal in Nainital, Bird Watching, Uttarakhand, Varieties of Birds