സിദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ, ജസ്സി ഓവന്‍സിനെ ഹിറ്റ്‌ലര്‍ അപമാനിച്ച ബര്‍ലിന്‍ സ്റ്റേഡിയം


അഞ്ജന ശശി

1936ലെ ഒളിമ്പിക്‌സ്, ജസ്സി ഓവന്‍സ്, 1974ലെ ലോകകപ്പ് ഫുട്‌ബോള്‍, 2006ലെ ഫിഫ വേള്‍ഡ് കപ്പ്, സിദാന്‍, മറ്റെരാസി, ദെല്‍ പിയറോ.. 2011ലെ ഫിഫ വിമന്‍ വേള്‍ഡ് കപ്പ്, 2015ലെ യുവേഫ ലീഗ് ഫൈനലില്‍ ബാഴ്‌സയുടെ മൂന്ന് ഗോള്‍.

ജസ്സി ഓവൻസ്, സിദാൻ, ബർലിൻ ഒളിമ്പിക് സ്റ്റേഡിയം

തികച്ചും അപ്രതീക്ഷിതമായിരുന്നു ജര്‍മനിയിലേക്കുള്ള എന്റെ യാത്ര. വിസയെല്ലാം തിരക്കിട്ട് ശരിയാക്കി ബാംഗ്ലൂരില്‍നിന്ന് മ്യൂണിക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു ആദ്യം. അവിടെനിന്ന് ബര്‍ലിനിലേക്ക്. രണ്ടാഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന യാത്ര. മനസ്സില്‍ ഒരു വലിയ ലിസ്റ്റ് ആദ്യമേ ഒരുക്കിയിരുന്നു. ആദ്യത്തെ ആഴ്ചയില്‍ പല കാഴ്ചകളും കണ്ട് നടക്കുമ്പോഴും മനസ്സില്‍ ശക്തമായ ഒരു ആഗ്രഹമുണ്ടായിരുന്നു. അവിടത്തെ പ്രശസ്തമായ ഒളിമ്പിക് സ്റ്റേഡിയം ഒന്നു കാണണം.

സ്വപ്ന സാക്ഷാത്കാരം
ബര്‍ലിനില്‍നിന്നും ട്യൂബ് ട്രെയിനില്‍ കയറി ഒളിമ്പിക് സ്റ്റേഡിയം സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍ ഹൃദയത്തില്‍ നിന്നും ആരവമുയരുന്നുണ്ടായിരുന്നു. 1936ലെ ഒളിമ്പിക്‌സ്, ജസ്സി ഓവന്‍സ്, 1974ലെ ലോകകപ്പ് ഫുട്‌ബോള്‍, 2006ലെ ഫിഫ വേള്‍ഡ് കപ്പ്, സിദാന്‍, മറ്റെരാസി, ദെല്‍ പിയറോ.. 2011ലെ ഫിഫ വിമന്‍ വേള്‍ഡ് കപ്പ്, 2015ലെ യുവേഫ ലീഗ് ഫൈനലില്‍ ബാഴ്‌സയുടെ മൂന്ന് ഗോള്‍. ഈ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ആരങ്ങളുടെ അലയൊലികള്‍ വഴിയിലുടനീളം മുഴങ്ങുന്ന പോലെ തോന്നി.

സ്‌റ്റേഷനില്‍നിന്നും നീണ്ടുകിടക്കുന്ന പാതയിലൂടെ കുറച്ചുദൂരം മുന്നോട്ട് നടന്നു. കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന വലിയൊരു ഗ്രൗണ്ടിന് ഒത്ത നടുക്കായി ദൂരെ രണ്ടു വലിയ സ്തൂപങ്ങള്‍. അതിന് പുറകിലായി വൃത്താകൃതിയിലുള്ള ഒളിമ്പിക് സ്റ്റേഡിയം. രണ്ടു സ്തൂപങ്ങളെയും ബന്ധിപ്പിച്ച് മുകളിലായി ഒളിമ്പിക് ചിഹ്നമായ അഞ്ച് വൃത്തങ്ങള്‍ തൂങ്ങിക്കിടക്കുന്നു. ഏതൊരു കായിക പ്രേമിയുടെയും ഹൃദയം തുടിക്കുന്ന കാഴ്ച. ജര്‍മ്മന്‍ വാസ്തുശില്പി വെര്‍ണര്‍ ജൂലിയസ് മാര്‍ച്ചിന്റെ ഭാവനയില്‍ വിരിഞ്ഞ കെട്ടിടം.

ഇന്ന് ഈ സ്റ്റേഡിയം ബര്‍ലിന്‍ ഒളിമ്പിയപാര്‍ക്കിന്റെ ഭാഗമാണ്. 2004ല്‍ നവീകരിച്ചതിനുശേഷം, ഒളിമ്പിയാസ്റ്റേഡിയത്തിന് 74,475 സ്ഥിരം ശേഷിയുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ജര്‍മ്മനിയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്.

ഹെര്‍ത്തയുടെ ഹോം ഗ്രൗണ്ട്

കവാടത്തിലൂടെ ഉള്ളില്‍ പ്രവേശിച്ച് ടിക്കറ്റെടുത്ത് സ്റ്റേഡിയത്തിനകത്തേക്ക് കടന്നു. ഓഡിയോ ഗൈഡിന്റെ സഹായത്തോടെയായിരുന്നു യാത്ര. 11 ജിമ്മുകള്‍, ശുചീകരണ മുറികള്‍, ഓഫീസുകള്‍. ഒരുപാട് മുറികളും വലിയ വരാന്തകളും. ഇത് ഒളിമ്പിക് സ്റ്റേഡിയം മാത്രമല്ല, ജര്‍മന്‍ നാഷണല്‍ ടീമായ ഹേര്‍ത്താ ബി.എസ്.സി.യുടെ ഹോം ഗ്രൗണ്ട് കൂടിയാണ്. ഗാലറിയിലേക്ക് കടക്കുമ്പോള്‍ പരിശീലനം കഴിഞ്ഞു ഒരുകൂട്ടം ഫുട്‌ബോള്‍ കളിക്കാര്‍ എതിരെ വരുന്നുണ്ടായിരുന്നു. ഒന്നും ആലോചിച്ചില്ല, അടുത്തുകൂടി പോയ കൂട്ടത്തില്‍ ഒരാളോട് ഹായ് പറഞ്ഞു. ഇംഗ്ലീഷ് വശമില്ലാത്ത ആളായിരുന്നെങ്കിലും അവരവിടെ പരിശീലനത്തിന് വന്നതാണെന്ന് അയാള്‍ പറഞ്ഞതില്‍നിന്നുംമനസ്സിലായി. പുറകെ വന്നവരോടെല്ലാം ചിരിക്കുമ്പോഴും എന്റെ മുഖത്ത് പ്രതീക്ഷിക്കാതെ അവരെയെല്ലാം കണ്ടതിന്റെ അമ്പരപ്പുണ്ടായിരുന്നു. തൊട്ടുമുമ്പത്തെ ദിവസം അവിടെ യഥാര്‍ഥ മത്സരമുണ്ടായിരുന്നു എന്നുകൂടി കേട്ടതോടെ മനസ്സ് പറഞ്ഞു, 'ശോ, ഇന്നലെ വന്നാല്‍ മതിയായിരുന്നു.'

Also Read

അയാൾ പറഞ്ഞു; ഠാക്കൂർ ഭായി കൊടും കുറ്റവാളിയാണ്; ...

45 വർഷങ്ങൾ, 14 ഡിഗ്രിയിൽ നിന്ന് 32 ഡിഗ്രിയിലെത്തിയ ...

45 വർഷങ്ങൾ, 14 ഡിഗ്രിയിൽ നിന്ന് 32 ഡിഗ്രിയിലെത്തിയ ...

അവിടെനിന്ന് ഗ്യാലറിയിലേക്ക് ഇറങ്ങി അല്‍പനേരം അവിടെയിരുന്നു. ലോകകപ്പ് ഫൈനലില്‍ എക്‌സ്ട്രാ ടൈമിലും 1-1 നേടി സമനിലയിലായ ഇറ്റലിഫ്രാന്‍സ് കളി ഓര്‍മയിലെത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 5-3 ന് തകര്‍ത്ത് ഇറ്റലി കിരീടം ചൂടിയത് ഓര്‍മയിലെത്തി. കൂടെ സിദാന്റെ നിരാശ ഇരുണ്ടുകൂടിയ മുഖവും. എത്രയെത്ര മത്സരങ്ങള്‍ക്ക് വേദിയായ ഇടമാണിതെന്ന് ഓരോ തവണയും മനസ്സിനെ ഞാന്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.

കത്താതെ കത്തുന്ന ദീപശിഖ

1936 ഒളിമ്പിക്‌സിന്റെ ദീപ ശിഖ ഇന്നും അവിടെയുണ്ട്. അതിനടുത്തേക്ക് നടക്കുമ്പോള്‍ ചെവിയില്‍ ഓഡിയോ പലതും പറയുന്നുണ്ടായിരുന്നു. ജര്‍മനിയില്‍നിന്ന് കിട്ടുന്നതിലുമധികം കഥകള്‍ നേരത്തെ വായിച്ചിരുന്നത് മനസ്സില്‍ തികട്ടിവന്നു. ജസ്സി ഓവന്‍സ് എന്ന അത്ഭുത മനുഷ്യന്റെ വിജയവും ഹിറ്റ്‌ലര്‍ എന്ന സ്വേച്ഛാധിപതിയുടെ അവഗണനയുമെല്ലാം മനസ്സില്‍ ഒന്നിനുപിറകെ ഒന്നായി ഓര്‍മയിലെത്തി.

അമേരിക്കന്‍ അത്‌ലറ്റായിരുന്നു കറുത്ത വര്‍ഗ്ഗക്കാരനായിരുന്ന ഇതിഹാസതാരം ജസ്സി ഓവന്‍സ്. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ ലോംഗ് ജമ്പ്, 100, 200മീറ്റര്‍ ഓട്ടം, 4 x 100മീറ്റര്‍ റിലേ എന്നിവയില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടിയ പ്രതിഭയായിരുന്നു അദ്ദേഹം. ഒരു ഒളിമ്പിക് ഗെയിംസില്‍ നാല് സ്വര്‍ണ്ണ മെഡലുകള്‍ നേടുന്ന ആദ്യത്തെ അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റായി ജസ്സി ഓവന്‍സ് മാറിയത് ഈ ഗ്രൗണ്ടില്‍ വെച്ചാണ്.

ഒളിമ്പിക്‌സ് അവസാനിച്ചതിന് ശേഷം, ഓവന്‍സിനെ ഹിറ്റ്‌ലര്‍ 'അപമാനിച്ചു' എന്ന് അവകാശപ്പെടുന്ന കഥകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓവന്‍സ് തന്റെ ആദ്യ മെഡല്‍ നേടിയപ്പോള്‍ ആദരിക്കാന്‍ നില്‍ക്കാതെ ഹിറ്റ്‌ലര്‍ സ്റ്റേഡിയം വിട്ടു. ആര്യന്‍ ഇതര വിഭാഗത്തില്‍പ്പെട്ട ഒരു കായികതാരത്തിന്റെ കഴിവ് അംഗീകരിക്കാന്‍ ഹിറ്റ്‌ലര്‍ ആഗ്രഹിച്ചിരുന്നില്ല. ഇത് ലോകം മുഴുവനുമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ഓവന്‍സിനെ മാത്രമല്ല, വെള്ളക്കാരല്ലാത്ത എല്ലാ കായികതാരങ്ങളെയും ഹിറ്റ്‌ലര്‍ അഭിനന്ദിക്കാന്‍ മടികാണിച്ചു.

അത്തരം ഏറെ കഥകള്‍ക്ക് സാക്ഷിയായി കാലത്തിനിപ്പുറവും തലയുയര്‍ത്തി നില്‍ക്കുന്ന ദീപശിഖയുടെ ഫോട്ടോകളെടുക്കാന്‍ സന്ദര്‍ശകര്‍ മത്സരിക്കുന്നുണ്ടായിരുന്നു. അതിനുതൊട്ടടുത്ത ചുമരില്‍ ചരിത്രം പേറുന്ന പേരുകള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു.

ഗോലിയോയും പില്ലും

സ്‌റ്റേഡിയത്തിന് പുറത്ത് ഒരു ഭാഗത്ത് സൈലീഷ്യന്‍ മാര്‍ബിളില്‍ തീര്‍ത്ത വിശാലമായ നീന്തല്‍ക്കുളമുണ്ട്. ജര്‍മ്മന്‍ വാട്ടര്‍ പോളോ ടീമിന്റെ പരിശീലന സ്ഥലമാണിവിടം. സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഇടങ്ങളില്‍ പല തരം പ്രതിമകളുണ്ട്. നാസി ഭരണകാലത്ത് ശില്പി കാള്‍ ആല്‍ബിക്കര്‍ ഉണ്ടാക്കിയ പല പ്രതിമകളും 2006ലെ ലോകകപ്പിനോടനുബന്ധിച്ച് സ്‌റ്റേഡിയത്തിന് ചുറ്റിലും പല ഭാഗത്തായി കൊണ്ടുവെച്ചിട്ടുണ്ട്. അത് അവിടെനിന്നും എടുത്തുമാറ്റണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിട്ടും കുറച്ചുവര്‍ഷങ്ങളായി.

2006 ലോകകപ്പിന്റെ ഭാഗ്യചിഹ്നമായിരുന്ന ഗോലിയോയും സംസാരിക്കുന്ന ഫുട്‌ബോള്‍ പില്ലും സ്റ്റേഡിയത്തില്‍ ഇപ്പോഴുമുണ്ട്. അതിനടുത്ത് പോയിനിന്ന് ഫോട്ടോയെടുക്കുമ്പോള്‍ ഉള്ളില്‍ അന്നത്തെ ഫൈനലിന്റെ ആരവം മുഴങ്ങുന്നപോലെ തോന്നി.

സിദാന്റെ ചുവപ്പ് കാര്‍ഡും മെറ്റരാസിയും

2006 ലോകകപ്പ് ഫൈനല്‍ വേദിയായിരുന്നു അത്. ഫ്രാന്‍സും ഇറ്റലിയുമായുള്ള ആ കളി കാണാന്‍ സ്റ്റേഡിയവും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളും കാത്തിരുന്ന നിമിഷങ്ങള്‍. 2004-ല്‍ ലോക ഫുട്‌ബോളില്‍നിന്ന് വിരമിച്ച സിദാന്‍ ലോകകപ്പിനു വീണ്ടും ടീമില്‍ തിരിച്ചെത്തുകയും ഫ്രാന്‍സിനെ മത്സരത്തില്‍ നയിക്കുകയും ചെയ്തു. എന്നാല്‍ സിദാന്റെ അന്താരാഷ്ട്ര വിടവാങ്ങലിന് ഏറ്റവുമധികം മങ്ങലേല്‍പ്പിച്ച മത്സരം കൂടിയായി അതുമാറുകയായിരുന്നു.

ഫൈനല്‍ മത്സരത്തില്‍ ആദ്യ ഗോള്‍ സിദാന്റെ വകയായിരുന്നു. എന്നാല്‍ മത്സരം അവസാനിക്കുന്നതിനുമുമ്പ് ഇറ്റലിയെ സമനിലയിലെത്തിച്ച് മെറ്റരാസി ഗോള്‍ മടക്കി. അപ്പോള്‍ മുതല്‍ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചിരുന്നു. പരസ്പരം വാക്കുകള്‍കൊണ്ടും ആംഗ്യങ്ങള്‍കൊണ്ടും അവര്‍ പോരടിച്ചു. ഒടുവില്‍ ക്ഷ്മ നശിച്ച് സിദാന്‍ തലകൊണ്ട് മെറ്റരാസിയെ ആഞ്ഞിടിച്ചു. മെറ്റരാസി പരുക്കേറ്റ് നിലത്തുവീണു. സിദാന് നേരെ ചുവപ്പുകാര്‍ഡ് ഉയര്‍ന്നു.

പിന്നീട് മെറ്റരാസി തന്നെ വിവാദത്തെക്കുറിച്ച് മാധ്യമങ്ങളോട് വിവരിച്ചിരുന്നു. ആദ്യ പകുതിയില്‍ സിദാന്‍ ഗോള്‍ നേടിയപ്പോള്‍ത്തന്നെ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ മെറ്റരാസിയോട് കോ്ച്ച് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായി. മൂന്നാമത് നേര്‍ക്കുനേര്‍ വന്നപ്പോള്‍, മത്സരം കഴിഞ്ഞാല്‍ മെറ്റരാസിക്ക് തന്റെ ഷര്‍ട്ട് തരാം എന്ന് സിദാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് സിദാന്റെ ഷര്‍ട്ടിനേക്കാള്‍ സിദാന്റെ സഹോദരിയെ കിട്ടുന്നതാണ് താല്‍പര്യമെന്നായിരുന്നു മെറ്റരാസിയുടെ മറുപടി. അതാണ് സിദാനെ പ്രകോപിപ്പിച്ചതും ഇടിക്ക് കാരണമായതും അതുവഴി സിദാന്റെ ചുവപ്പ് കാര്‍ഡിലേക്ക് വഴിവെച്ചതും.

തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ 5-3 ന് വിജയിച്ച് ഇറ്റലി കിരീടം ചൂടി. അതില്‍ ഒരുഗോള്‍ മെറ്റരാസിയുടെ വകയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിലെ മികച്ചതാരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സിദാന്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തു.

അല്പം ചരിത്രം

1919ല്‍ കുതിര സവാരി മത്സരങ്ങള്‍ക്കായി 13000 ആളുകളെ ഇരുത്താവുന്ന രീതിയില്‍ നിര്‍മ്മിതമായതാണ് ഈ സ്റ്റേഡിയം. ജര്‍മന്‍ സ്റ്റേഡിയം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് പല കായിക ഇനങ്ങള്‍ക്കും ഇവിടെ ഇടമുണ്ടായി. വടക്കുഭാഗത്ത് നടുവിലായി വലിയൊരു നീന്തല്‍ക്കുളമുണ്ടാക്കി.

സ്റ്റേഡിയത്തിനെ ചുറ്റി വലിയൊരു സൈക്ലിങ് ട്രാക്കും ഉണ്ടായിരുന്നു. 1916ല്‍ ഒളിമ്പിക്‌സിനുവേണ്ടി തയ്യാറാക്കിയതെങ്കിലും അവിടെ ഒന്നാംലോക മഹായുദ്ധത്തെത്തുടര്‍ന്ന് ഒളിമ്പിക്‌സ് നടന്നില്ല. യുദ്ധത്തിനുശേഷമുള്ള രണ്ട് ഒളിമ്പിസിലേക്കും ജര്‍മന്‍ ജനതയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല. പിന്നീട് കായികലോകം വീണ്ടും ഒന്നായപ്പോള്‍ 1936ല്‍ ഒളിമ്പിക്‌സ് നടത്താനുള്ള വേദിയായി ബര്‍ലിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഹിറ്റ്‌ലറിന്റെ നേതൃത്വത്തിലുള്ള നാസിപ്പടയ്ക്ക് ഇതിനോട് വലിയ താല്‍പര്യം ഇല്ലായിരുന്നെങ്കിലും ലോകത്തിനുമുമ്പില്‍ തങ്ങളുടെ ശക്തികാണിക്കാനുള്ള അവസരം നന്നായി ഉപയോഗിക്കാന്‍തന്നെ അവര്‍ തീരുമാനിച്ചു.

രണ്ടര വര്‍ഷം കൊണ്ട് നിലവിലുണ്ടായിരുന്ന സ്‌റ്റേഡിയം പൊളിച്ച് പുതിയ സ്റ്റേഡിയം ബര്‍ലിനില്‍ നിര്‍മിച്ചു. 130 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന സ്‌പോര്‍ട്‌സ് പാര്‍ക്കായാണ് അത് വിഭാവനം ചെയ്തത്. മത്സരങ്ങള്‍ക്കും പരിശീലനത്തിനുമുള്ള എല്ലാ വിധ സൗകര്യങ്ങളോടെയുമാണ് അത് ഒരുങ്ങിയത്. ഒരു ലക്ഷത്തിലധികം പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ 64000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

പിന്നീട് 1974ലാണ് സ്റ്റേഡിയത്തിന് വീണ്ടും മാറ്റം വരുത്തിയത്. ലോകകപ്പ് ഫുട്‌ബോളിനുവേണ്ടിയായിരുന്നു അത്. പത്താമത്തെ ഫിഫ ലോകകപ്പായിരുന്നു അത്. ഇന്ന് കാണുന്ന ആധുനിക ലോകകപ്പിന്റെ ആദ്യ വേദികൂടിയായിരുന്നു 1974-ലെ ലോകകപ്പ്.

1990കളിലെത്തിയപ്പോഴേക്കും സ്‌റ്റേഡിയത്തിന് കാര്യമായ അറ്റകുറ്റപ്പണിവേണ്ടിവന്നു. ഒരിടയ്ക്ക് 'റോമിലെ കൊളോസിയം' പോലെ പതുക്കെ തകരാന്‍വരെ അനുവദിക്കുന്നതിനെ ജര്‍മനിയിലെ ചിലര്‍ അനുകൂലിച്ചു. എന്നാല്‍ 2006ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദിയായി ഫിഫ ബെര്‍ലിനെ തിരഞ്ഞെടുത്തതോടെ വന്‍മാറ്റമാണ് സ്‌റ്റേഡിയത്തിലുണ്ടായത്. ലോകത്തെ തന്നെ മികച്ച സ്‌റ്റേഡിയങ്ങളിലൊന്നായി അത് മാറി.

സ്‌റ്റേഡിയം സന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഉള്ളില്‍ വളരെ സന്തോഷം തോന്നി. സ്‌പോര്‍ട്‌സ് ഇഷ്ടവിഷയമായതുകൊണ്ടുതന്നെ മനസ്സില്‍ പല മത്സര ചിത്രങ്ങളും അപ്പോഴും ഫ്രെയിമുകളായി മിന്നിമറയുന്നുണ്ടായിരുന്നു. ഉള്ളില്‍ ഒരുപാട് ഓര്‍മകളും നിറച്ചുള്ള മടക്കയാത്രയായിരുന്നു അത്.

Content Highlights: berlin olympic stadium travel germany

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented