ബെംഗളൂരു-മൈസൂരു പത്തുവരി അതിവേഗപ്പാത
സംസ്ഥാനത്തിന് പുറത്തെ ഒരു റോഡ് നിര്‍മ്മാണവും അതിന്റെ ഉദ്ഘാടനവുമെല്ലാം മലയാളികളെ, പ്രത്യേകിച്ച് മലബാര്‍ പ്രദേശത്തെ ജനങ്ങളെ ഇത്ര സന്തോഷിപ്പിച്ചത് ആദ്യമായിട്ടാവും. ബെംഗളൂരു-മൈസൂരു പത്തുവരി അതിവേഗപ്പാത. കര്‍ണാടകയിലെ ജനങ്ങളെയെന്നപോലെ തന്നെ കേരളത്തിനും ഏറെ ഉപകാരപ്രദമാണ് ഈ പാതയെന്നതാണ് മലയാളികളെ സംബന്ധിച്ചെടുത്തോളം ഈ പാതയുടെ പ്രസക്തി. യാത്രയ്ക്ക് പുറമെ കേരളത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്കും രാത്രികാല നിരോധനം കാരണം വയനാടിനുണ്ടായ പ്രതിസന്ധികള്‍ കുറയ്ക്കാനും ഈ പാത കരുത്തുപകരും എന്ന പ്രതീക്ഷകളും. ഈ പ്രതീക്ഷകളെല്ലാം പേറിയാണ് മൈസൂരുവില്‍നിന്ന് എക്‌സ്പ്രസ്‌വേയിലേക്ക് പ്രവേശിച്ചത്.
ബെംഗളൂരുവില്‍നിന്ന് നിഡഗട്ടവരെയും അവിടംമുതല്‍ മൈസൂരു വരെയും രണ്ടു ഘട്ടങ്ങളായാണ് ബെംഗളൂരു-മൈസൂരു അതിവേഗപ്പാത നിര്‍മിച്ചിരിക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമാണിത്. 118 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ചെലവ് 9000 കോടി രൂപയോളമാണ്. ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കുകയെന്നതാണ് പാതയുടെ പ്രധാന ലക്ഷ്യം. നിലവില്‍ മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ സമയം എടുക്കുന്ന ഈ യാത്ര അതിവേഗപ്പാതയിലൂടെ 70 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ 20 മിനുട്ട് വരെ സമയം കൊണ്ട് ഓടിയെത്താമെത്താനാകും.
പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടു വീതം സര്‍വീസ് റോഡുകളും ഉള്‍പ്പെടെയാണ് 10 വരിപ്പാത. രണ്ടുവരിപ്പാതകള്‍ സമീപഗ്രാമങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും. മധ്യത്തിലുള്ള ആറുവരിപ്പാതയിലൂടെ മണിക്കൂറില്‍ 150 കിലോ മീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാം. മൈസൂരു മുതല്‍ ബെംഗളൂരു വരെ 145 കിലോ മീറ്റര്‍ ദൂരമാണുള്ളതെങ്കിലും ഇതില്‍ 118 കിലോ മീറ്റര്‍ മാത്രമാണ് എക്‌സ്പ്രസ് ഹൈവേ വരുന്നത്. 34 അണ്ടര്‍പാസുകളും 12 മേല്‍പ്പാലങ്ങളുമാണ് പാത ഉള്‍കൊള്ളുന്നത്. എന്നാലിതില്‍ പണിപൂര്‍ത്തിയായത് 22 അണ്ടര്‍പാസുകളും ആറ് മേല്‍പ്പാലങ്ങളും മാത്രമാണ്.
കയറ്റിറക്കങ്ങളും വളവുകളുമില്ലാതെ നീണ്ടുനിവര്‍ന്നു കിടക്കുന്നതാണ് പത്തു വരി പാത. ഇരുവശങ്ങളിലേക്കുമായി ആറു വരിയിലൂടെ കുതിച്ചുപായുന്ന വാഹനങ്ങള്‍. നഗരങ്ങളിലെ ഗതാഗതക്കുരുക്കും റോഡ് ക്രോസിങ്ങുകളും സ്പര്‍ശിക്കാതെ 118 കിലോ മീറ്റര്‍ സുഖകരമായ യാത്ര. ശരാശരി നൂറ് കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഒരു വാഹനത്തിന് 75-80 മിനിറ്റുകൊണ്ട് മൈസൂരുവില്‍നിന്ന് ബെംഗളൂരുവിലേക്ക് എത്താം. പ്രധാന പട്ടണങ്ങളിലേക്ക് പ്രവേശിക്കാന്‍ പാതയില്‍നിന്ന് സര്‍വീസ് റോഡിലേക്ക് കവാടങ്ങളുണ്ട്. ബിഡദി, രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ, ചന്നപട്ടണ, മദ്ദൂര്‍ എന്നീ ആറിടങ്ങളില്‍ ബൈപ്പാസുകളുണ്ട്. അതിനാല്‍ ഈ നഗരങ്ങളിലെ ഗതാഗത കുരുക്കുകള്‍ പാതയെ ബാധിക്കുന്നതേയില്ല. ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായുള്ള 52 കിലോ മീറ്റര്‍ പാത ബെംഗളൂരുവിന് ഏറെ പേരുദോഷം നേടിക്കൊടുത്ത നഗര ട്രാഫിക്കിനും ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
%20(1).png?$p=b7b1f1e&&q=0.8)
സമാനതകളില്ലാത്ത സഞ്ചാര അനുഭവം
സമാനകളില്ലാത്ത അനുഭവമാണ് ബെംഗളൂരു-മൈസൂരു പത്തു വരി അതിവേഗപ്പാതയിലെ യാത്ര. മൈസൂരു നഗരാതിര്‍ത്തിയിലെ മണിപ്പാല്‍ ആശുപത്രിക്ക് മുന്നിലെ റോഡില്‍ നിന്നാരംഭിക്കുന്ന യാത്ര ചെറുനഗരങ്ങളെയും നെല്‍പ്പാടങ്ങളെയും മലമ്പ്രദേശങ്ങളെയും പിന്നിട്ടാണ് പുരോഗമിച്ചത്. അര മണിക്കൂറില്‍ താഴെ സമയം കൊണ്ട് മാണ്ഡ്യ പിന്നിട്ടു. മദ്ദൂരും ചന്നപട്ടണയും രാമനഗരയും ബിഡദിയുമെല്ലാം പിന്നിട്ടത് അറിഞ്ഞത് പോലുമില്ല. പുറംകാഴ്ചകള്‍ മാറിമാറി വന്നു. തെരുവ് വിളക്കുകളും പൂച്ചെടികളുംവെച്ച് പാത സൗന്ദര്യവത്കരിച്ചിട്ടുണ്ട്. ദീര്‍ഘദൂരത്തിനായുള്ള ആറുവരിപ്പാതയിലെ ഇരുവശങ്ങളിലും ശക്തമായ സുരക്ഷ വേലികളും സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പെര്‍ഫോമന്‍സ് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഇടംകൂടിയാണ് ഈ പാത. ചരക്കുവാഹനങ്ങളും ബസുകളും കാറുകളുമെല്ലാം കുതിച്ചു പായുന്ന കാഴ്ചയായിരുന്നു പാതയിലുടനീളം. നിലവില്‍ ധാരാളം ഓട്ടോകളും ബൈക്കുകളും ഓടുന്നുണ്ടെങ്കിലും ഭാവിയില്‍ ഇത്തരം ചെറുവാഹനങ്ങള്‍ക്കും അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്കും അതിവേഗ പാതയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ അമിതവേഗത അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്. കുറഞ്ഞ സമയംകൊണ്ടുതന്നെ ഏറെ അപകടങ്ങളാണ് ഈ പാതയിലുണ്ടായത്.
.png?$p=d45122b&&q=0.8)
ഇല്ലാതാവുന്ന വഴിയോരകച്ചവടങ്ങള്‍
പാത വന്നതോടെ ഇല്ലാതായത് മൈസൂരു-ബെംഗളൂരു പാതയിലെ നൂറുകണക്കിന് കച്ചവട-ഭക്ഷണ സ്ഥാപനങ്ങള്‍ കൂടിയാണ്. ദീര്‍ഘദൂരത്തിനായുള്ള ആറുവരിപ്പാതയുടെ ഇരുവശങ്ങളിലും സുരക്ഷവേലികളുള്ളതിനാല്‍ ഇടയ്ക്കുള്ള കടകളിലേക്കോ പോയന്റുകളിലേക്കോ യാത്രികര്‍ക്ക് ഇറങ്ങാനാകില്ല. പുതിയ പാതയില്‍ യാത്രദൂരം കുറയുന്നതും ആയാസരഹിതമാവുന്നതും കാരണം ഇടയ്ക്ക് നിര്‍ത്താനോ വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ ഒന്നും യാത്രക്കാര്‍ തയ്യാറാകാനും സാധ്യത കുറവാണ്. യാത്ര തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ നഗരത്തില്‍ വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ ആയിരിക്കും യാത്രക്കാര്‍ മുതിരുക. ഇത് ഈ പ്രദേശങ്ങളിലെയും പാതകള്‍ക്കിടയിലെ ചെറുനഗരങ്ങളിലെയും സാമ്പത്തിക സാമൂഹിക ക്രമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ട്.
സൂക്ഷിക്കുക; കുഴിയില്ലെങ്കിലും ടോളുകളുണ്ട്
.png?$p=1a149d1&&q=0.8)
വാഹനങ്ങളെ ആറായി തരം തിരിച്ചായിരിക്കും ടോള്‍ ഈടാക്കുക. അതിവേഗപാതയില്‍ ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ടവരെയുള്ള ഭാഗത്തെ ടോളാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു മുതല്‍ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലെ നിദാഘട്ട വരെയും (56 കിലോ മീറ്റര്‍) നിദാഘട്ട മുതല്‍ മൈസൂരു വരെയുമായി (61 കിലോ മീറ്റര്‍) രണ്ടു ഭാഗങ്ങളായാണ് അതിവേഗപാത. ബെംഗളൂരു മുതല്‍ നിദാഘട്ടവരെയുള്ള ആദ്യ സെക്ഷനില്‍ 135 രൂപയായിരിക്കും ടോള്‍ ഈടാക്കുക. തിരിച്ചും യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഇത് 205 രൂപ ഈടാക്കും. ഫാസ്ടാഗ് ഇല്ലാത്ത വാഹനമാണെങ്കില്‍ ഇത് ഇരട്ടിയാകും. നിദാഘട്ട മുതലുള്ള ഭാഗത്തിന്റെ പണി തീരുന്നതോടെ അവിടെയും ടോള്‍ ആരംഭിക്കും. ഇവിടെ 120 രൂപയായിരിക്കും ഭാവിയില്‍ ഈടാക്കുക.
അതേസമയം, പ്രതിമാസ പാസ് നേടുകയാണെങ്കില്‍ 4525 രൂപയാണ് ടോള്‍ നിരക്ക്. സാമാന്യം നല്ല രീതിയിലുള്ള ടോള്‍ തന്നെയാണ് ഈടാക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ നേരത്തെയുള്ള മൈസൂര്‍-ബെംഗളൂരു യാത്രയിലെ ഇന്ധനച്ചെലവിലും ഇപ്പോഴത്തെ ഇന്ധനച്ചെലവിലും വലിയ വ്യത്യാസമാണ് ഉണ്ടാവുക. യാത്രയിലുള്ള സൗകര്യങ്ങളും വിലയിരുത്തുമ്പോള്‍ ഈ ടോള്‍ അധികമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
പ്രതീക്ഷയോടെ വയനാടും സമീപ ജില്ലകളും
.png?$p=d65065b&&q=0.8)
ബന്ദിപ്പുര്‍ വനത്തിലൂടെ രാത്രി ഒമ്പതു മുതലുള്ള യാത്രാനിരോധനം വയനാടിന്റെ കാര്‍ഷിക വിനോദസഞ്ചാരമേഖലയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ടെക്കികളാണ് വാരാന്ത്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളിലധികവും. രാത്രിയില്‍ യാത്രചെയ്ത് ഇവിടെയെത്താന്‍ കഴിയാത്തതിനാല്‍ പലരും കൂര്‍ഗിലേക്ക് കേന്ദ്രം മാറ്റിയിരുന്നു. ബെംഗളൂരുവില്‍നിന്ന് യാത്ര ചെയ്ത് എത്തുമ്പോഴേക്കും യാത്രാനിരോധനം തുടങ്ങും എന്നതായിരുന്നു പ്രതിസന്ധി. അതിവേഗ പാതയിലൂടെയുള്ള യാത്ര മൂന്ന് മണിക്കൂര്‍ വരെ സമയം ലാഭിക്കുമെന്നതിനാല്‍ ഈ പ്രതിസന്ധി ഒരു പരിധിവരെയെങ്കിലും പരിഹരിക്കും എന്നാണ് ടൂറിസം മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്. എക്‌സ്പ്രസ്‌ഹൈവേയിലൂടെയുള്ള യാത്രാനുഭവത്തിനായി എത്തുന്നവര്‍ മൈസൂരുവിലെയും വയനാട്ടിലെയും വിനോദസഞ്ചാര സാധ്യകള്‍ ഉപയോഗിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. വയനാട്ടില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളുടെ ചരക്കു ഗതാഗതത്തിനും പാത നിര്‍ണായകമാകും. ഐ.ടി. നഗരമായ ബെംഗളൂരുവിന്റെയും ടൂറിസ്റ്റ് നഗരമായ മൈസൂരുവിന്റെയും വികസനത്തിനും പാത പുതിയ വേഗം പകരും.
Content Highlights: bengaluru mysuru 10 lane expressway travel experience
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..