.jpg?$p=aa62323&f=16x10&w=856&q=0.8)
വിശാൽ വിശ്വനാഥ്
ബസുകളിലും തീവണ്ടികളുടെ ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റുകളിലും കയറി, വഴിയില്‍ക്കണ്ട വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച്, കിലോമീറ്ററുകളോളം നടന്ന് 278 ദിവസത്തെ യാത്ര. ഗ്രാമങ്ങളില്‍ ടെന്റ് അടിച്ച് താമസിച്ചും ഗ്രാമവാസികളുടെ വീടുകളില്‍ അതിഥിയായി കഴിഞ്ഞും ജനങ്ങളെ അടുത്തറിഞ്ഞ ദിനങ്ങള്‍...
ഇന്ത്യയുടെ ജനപദങ്ങളെ നേരിട്ടുകാണാന്‍ ഇറങ്ങിത്തിരിച്ച ബെംഗളൂരുവിലെ മലയാളി യുവാവ് 28 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മടങ്ങിയെത്തി. ബെംഗളൂരുവിലെ ബി.ടി.എം. സെക്കന്‍ഡ് സ്റ്റേജില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി സ്വദേശിയായ വിശാല്‍ വിശ്വനാഥ് ആണ് രാജ്യത്തിന്റെ പല സംസ്‌കാരങ്ങളെ അടുത്തറിയാനായി 'ഭാരത പര്യടനം' നടത്തിയത്.
ബെംഗളൂരുവില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന വിശാല്‍ കഴിഞ്ഞ ജൂലായ് 28നാണ് യാത്ര തുടങ്ങിയത്. കോവിഡ്കാരണം ബിസിനസ് ഇല്ലാതായതോടെ വര്‍ഷങ്ങളായി ആഗ്രഹിച്ച യാത്രയ്ക്ക് തയ്യാറാവുകയായിരുന്നു. താമസിക്കാനുള്ള ടെന്റും അത്യാവശ്യം വസ്ത്രങ്ങളും ഒരു ബാഗിലാക്കി പുറത്തിട്ട് ചെലവിനായി 12,000 രൂപയും കരുതിയായിരുന്നു പുറപ്പെട്ടത്. യാത്രയ്ക്ക് ടിക്കറ്റ് ബുക്കുചെയ്യുകയോ താമസിക്കാന്‍ ഹോട്ടല്‍മുറികള്‍ അന്വേഷിക്കുകയോ ചെയ്യാതെയുള്ള യാത്ര.
ബെംഗളൂരുവില്‍നിന്ന് തീവണ്ടിയില്‍ ഗുവാഹാട്ടിയിലേക്കായിരുന്നു യാത്രയുടെ തുടക്കം. തുടര്‍ന്ന് അരുണാചല്‍പ്രദേശിലേക്ക് നീങ്ങി. പക്ഷേ, കോവിഡ് നിയന്ത്രണങ്ങളില്‍പ്പെട്ട് അങ്ങോട്ടുപോകാനായില്ല. കൊല്‍ക്കത്തയിലെത്തി യാത്ര തുടര്‍ന്നു. ത്ധാര്‍ഖണ്ഡ് പിന്നിട്ട് ബിഹാറിലെ ബോധ്ഗയയിലും ഉത്തര്‍പ്രദേശിലെ വാരാണസിയിലുമെത്തി. അവിടെനിന്ന് ഒരു വാഹനത്തില്‍ ലിഫ്റ്റ് തരപ്പെടുത്തി ലഖ്‌നൗവിലെത്തി. പിന്നീട് ആഗ്രയും കണ്ട് ഡല്‍ഹിയിലെത്തി.
അവിടെനിന്ന് ലഡാക്ക്, കശ്മീര്‍. ഉത്തരേന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ കടന്ന് മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട് വഴി കേരളത്തിലെത്തി കണ്ണൂരിലെ ജന്മനാട്ടില്‍ യാത്ര അവസാനിപ്പിച്ചു.
പണ്ടുമുതലേയുള്ള ആഗ്രഹമായിരുന്നു ഇന്ത്യ മുഴുവന്‍ യാത്രചെയ്യുകയെന്നത്. അതാണിപ്പോള്‍ സാധിച്ചത്. തട്ടുകടകളില്‍നിന്നായിരുന്നു പലപ്പോഴും ഭക്ഷണം. കൈയിലുള്ള പണം തീര്‍ന്നപ്പോള്‍ ബെംഗളൂരുവില്‍നിന്ന് ഭാര്യ റിയ ചെറിയതുക അയച്ചുതന്നെന്ന് 32കാരനായ വിശാല്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..