പരിഹാസ്പുരാ
ചരിത്രത്തില്‍ നിന്ന് മനസ്സിന് ഒരിടവേളയായിരുന്നു ഗുല്‍മാര്‍ഗ് സന്ദര്‍ശനം. പീര്‍പഞ്ചല്‍ റേഞ്ചിന്റെ പരിധിയില്‍ ബാരാമുള്ള ജില്ലയിലെ ഒരതിമനോഹര ഹില്‍സ്റ്റേഷന്‍. ഗൗരിമാര്‍ഗ് (ഗൗരിദേവിയുടെ വഴി) എന്നാണിവിടം മുമ്പ് അറിയപ്പെട്ടിരുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ചാക് രാജവംശത്തിലെ യൂസഫ് ഷായാണ് ഗൗരിമാര്‍ഗ് എന്ന പേര് ഗുല്‍മാര്‍ഗ് എന്നാക്കി മാറ്റിയത്. ശ്രീനഗറില്‍ നിന്ന 56 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്തും. പൂക്കളുടെ മെത്തയെന്നായിരുന്നു പ്രദേശം അറിയപ്പെട്ടിരുന്നത്.
ശൈത്യകാലത്ത് മഞ്ഞില്‍ മുങ്ങിക്കിടക്കുന്ന ഇവിടെ വസന്തകാലത്ത് ഡെയ്‌സി, ഫൊര്‍ഗെറ്റ് മീ നോട്ട്, ബട്ടര്‍കപ്പ് തുടങ്ങി വിവിധയിനം പൂക്കളുടെ വിലാസമായിരിക്കും. ഇന്ത്യയുടെ ഹാര്‍ട്ട് ലാന്‍ഡ് ഓഫ് വിന്റര്‍ സ്‌പോര്‍ട്സ് എന്നും ഗുല്‍മാര്‍ഗ് അറിയപ്പെടുന്നു. നായാട്ടിനും ഗോള്‍ഫ് കളിക്കും അനുയോജ്യമായിരുന്ന ഇവിടെ ബ്രിട്ടീഷുകാര്‍ മൂന്ന് ഗോള്‍ഫ് കോഴ്‌സുകള്‍ സ്ഥാപിച്ചു. അതിലൊന്ന് സ്ത്രീകള്‍ക്കു വേണ്ടി മാത്രമായിരുന്നു.1927ല്‍ ബ്രിട്ടീഷുകാര്‍ ഇവിടെ ഒരു സ്‌കീയിങ്ങ് ക്ലബ്ബും 1928ല്‍ ആര്‍മി സ്‌കീസ്‌കൂളും സ്ഥാപിച്ചു.

അതാണ് പിന്നീട് ആര്‍മിയുടെ ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ സ്‌കൂളായി മാറിയത്. ഗുല്‍മാര്‍ഗ് സ്വപ്നസദൃശമായ ഒരിടമാണ്. കേബിള്‍ കാറിനു സമാനമായ ഗൊണ്ടോളയില്‍ താഴെ നോക്കിയാല്‍ കാണാവുന്ന മഞ്ഞിന്റെ വെള്ളത്തൂവലുകള്‍ക്കു മുകളിലൂടെ, പൈന്‍മരങ്ങള്‍ക്കിടയിലൂടെ, ഞങ്ങള്‍ ഒഴുകിപ്പറന്നെത്തിയത് കണ്ണെത്താദൂരത്തോളം ആകാശത്തിന്റെ അതിരുകളോളം പരന്നു നിറഞ്ഞ് കിടക്കുന്ന മഞ്ഞിന്‍ കൂമ്പാരത്തിലേക്കാണ്. 14000 അടി ഉയരത്തിലാണ് തട്ടുതട്ടുകളായി കിടക്കുന്ന ഈ മഞ്ഞുമല.
ഏറ്റവും മുകളില്‍ എത്തിപ്പെടുന്നവര്‍ ഏറെയില്ല. പാതിയെത്തിയാല്‍ തന്നെ അമ്പരന്നു പോകും. ആ കാഴ്ച എങ്ങനെ വിവരിക്കാനാണ്...ലോകത്തില്‍ നിന്നും ബഹുദൂരമകലെ, അമ്പരിപ്പിക്കുന്ന പ്രാലേയഭംഗിയില്‍ അടിമുടി പരിലസിച്ചു നില്‍ക്കുന്ന ഒരിടം..കണ്ണില്‍ വെളുപ്പും തണുപ്പും നിറഞ്ഞ് കാഴ്ച മറയുന്നു. സ്‌നോ റൈഡുകള്‍ക്ക് നിര്‍ബന്ധിച്ച് നിരവധി പേര്‍ ടൂറിസ്റ്റുകളെ വന്നു പൊതിയുന്നു.
സ്‌കീയിങ്ങ് പരിചയമില്ലാത്തവരാണെങ്കിലും അവരുടെ വാചാടോപത്തില്‍ ഞങ്ങളും വീണു എന്നു പറഞ്ഞാല്‍ മതിയല്ലോ. കാലുകള്‍ മഞ്ഞില്‍ പുതഞ്ഞു താഴ്ന്നു പോകുന്നു. രക്ഷയ്ക്ക് അവര്‍ തന്ന പ്രത്യേക ബൂട്ടുകളണിഞ്ഞു. ചെയ്തു തുടങ്ങിയപ്പോഴാണ് അപകടം മനസ്സിലായത്. അത്യാവശ്യം പരിശീലനമില്ലാതെ സംഭവം ബുദ്ധിമുട്ടാണ്. തപ്പിത്തടഞ്ഞ് വീഴാതെ മഞ്ഞിലൊഴുകാന്‍ ശ്രമിച്ച മിക്കവരും പരാജയപ്പെടുന്നു. പറ്റില്ലെന്നു പറഞ്ഞ് ശ്രമം അവസാനിപ്പിച്ചപ്പോഴാണ് അടുത്ത പണി കിട്ടിയത്. ആകെ അഞ്ചു മിനിറ്റിന്റെ പരിശ്രമത്തില്‍ തോറ്റിട്ടും ആറു പേര്‍ക്ക് 12000 രൂപ നല്‍കണമെന്ന് അവര്‍.

ഞെട്ടിപ്പോയ ഞങ്ങള്‍ ഒരു പാട് വില പേശി അവസാനം 10000ല്‍ ഒതുക്കി. എങ്കിലും നടക്കാത്ത സ്‌കീയിങ്ങിന് വലിയ വില കൊടുത്തതിന്റെ നിരാശ ഞങ്ങളെ പിടികൂടി. ഭേദം ഐസ് സ്‌കൂട്ടറായിരുന്നു. ആയിരം രൂപ കൊടുത്താല്‍ ഒരു റൗണ്ടടിച്ചു വരാം. സ്വയം ഓടിക്കാന്‍ വയ്യെങ്കില്‍ ഡ്രൈവര്‍ ഓടിച്ചോളും. പിന്നാലെ സ്‌ളെഡ്ജ് വണ്ടിക്കാരും പിടിവിടാതെ ഉണ്ടാവും. പണം തട്ടിപ്പറിക്കുന്ന ഈ ഏര്‍പ്പാട് ഒരുവിധമെല്ലാവരുടെയും മനസ്സ് മടുപ്പിക്കുന്നതാണെന്നു പറയാതെ വയ്യ. നേരത്തേ ചാര്‍ജ് പറഞ്ഞുറപ്പിച്ചില്ലെങ്കില്‍ മഞ്ഞുമല തിരിച്ചിറങ്ങുമ്പോഴേക്കും പോക്കറ്റ് കാലിയായിരിക്കും. ഇനി അത്തരം റൈഡുകളൊന്നുമില്ലെങ്കിലും ആ മഞ്ഞുമലയില്‍ അല്‍പനേരം വെറുതെയിരുന്നാല്‍ തന്നെ മതി. കാണുന്നതിനെയൊക്കെ നമ്മള്‍ സ്‌നേഹിച്ചു പോകും.
(തുടരും.........)
Content Highlights: beena govind kashmir diary part three
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..