സോനമാര്‍ഗ്, ഒരു ചായക്കോപ്പ പോലെ


എഴുത്തും ചിത്രങ്ങളും : ബീന ഗോവിന്ദ്‌

ചായക്കോപ്പയുടെ ആകൃതിയില്‍ കിടക്കുന്നൊരു മഞ്ഞിന്‍ താഴ്വരയില്‍ നിന്നപ്പോള്‍ ചുറ്റും സ്വര്‍ഗം വരെ മുകളിലേക്ക് കിടക്കുന്ന ഹിമശൈലങ്ങളും വ്യക്തമായി കാണാമായിരുന്നു.

-

ശ്രീനഗറില്‍ നിന്ന് എണ്‍പതു കിലോമീറ്ററകലെയാണീ ഹില്‍സ്റ്റേഷന്‍. സുവര്‍ണമേട് എന്നര്‍ത്ഥത്തിലാണീ സ്ഥലത്തിന് സോനമാര്‍ഗ് എന്ന പേരു വന്നതെന്നു പറയപ്പെടുന്നു. മൂന്നു സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലിഡ്ഡര്‍, സിന്ധ്, നീലം നദികള്‍ സോനമാര്‍ഗിലെ ഗ്ലേഷിയറുകളില്‍(ഹിമാനികള്‍) നിന്നാണ് തുടങ്ങുന്നത്.

സമാന്തരമായൊഴുകി ത്ധലം നദിയില്‍ ചെന്നു ചേരുന്ന ഈ പുഴകളില്‍ കനത്ത മത്സ്യസമ്പത്തുണ്ട്. കനത്ത മഞ്ഞുവീഴ്ചയും അശനിപാതവും ഉണ്ടാകാറുണ്ടിവിടെ.മേല്‍ത്തട്ടത്തിലുള്ള ഗ്ലേഷിയറുകളിലേക്ക്(ഹിമാനികള്‍) കുതിരപ്പുറത്തു പോകുകയേ വഴിയുള്ളൂ. മുഴുനീള ട്രെക്കിങ്ങ് സാധാരണക്കാര്‍ക്ക് അസാധ്യമാണെന്നു വേണം പറയാന്‍. ഞങ്ങള്‍ കുതിരകളെ ആശ്രയിക്കാന്‍ തീരുമാനിച്ചു.

കുതിരക്കാരന്മാരുടെ നിര്‍ത്താതെയുള്ള വര്‍ത്തമാനം കേട്ട്, ഇടയ്ക്കിടെ ദാഹം ശമിപ്പിക്കാന്‍ നീരുറവകള്‍ക്കു സമീപം നില്‍ക്കുന്ന കുതിരകളുടെ കഴുത്തിലും പുറത്തും തലോടി, ചുറ്റുപാടുമുള്ള മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് കുറെ മുകളിലെത്തി. വഴിയില്‍ എന്റെ കുതിര, രാജുവെന്നൊരു പാവം , കുഴഞ്ഞുവീണു. തളപ്പുകളില്‍ കാല്‍ കുടുക്കിയിട്ടതിനാല്‍ ഒപ്പം വീഴുകയേ എനിക്കു വഴിയുണ്ടായിരുന്നുള്ളൂ. തണുത്തുറഞ്ഞ മഞ്ഞില്‍ ഒരു കുതിരയുടെ ഭാരം കൂടെ താങ്ങിക്കിടക്കേണ്ടി വരിക ഒട്ടും സുഖമുള്ള കാര്യമല്ല.

കുതിരക്കാരന്മാര്‍ രാജുവിനെ ശാസിച്ച് എഴുന്നേല്‍പ്പിക്കുമ്പോഴേക്കും എനിക്ക് ഒരു നേരം പിന്നിട്ടിരുന്നു . രാജു പതുക്കെ നടന്നു പോയി. എനിക്ക് മറ്റൊരു കുതിരയെ കിട്ടിയെങ്കിലും ഇടതു തോള്‍ കലശലായി വേദനിക്കുന്നുണ്ടായിരുന്നു. കൈവിരലും അതിലേറെ കാലും തൊലി പോയി നീറുന്നുണ്ടായിരുന്നു.

കുതിരക്കാരന്‍ ക്ഷമാപണം പോലെ പറഞ്ഞു,സഹോദരി, രാജുവിന് പരിശീലനം നല്‍കി വരുന്നതേയുള്ളൂ. അവന്‍ മല കയറാന്‍ പഠിക്കുന്ന ഘട്ടമാണ്..എനിക്ക് ദേഷ്യവും സങ്കടവും തോന്നി. കുതിരയെ പഠിപ്പിക്കാന്‍ കണ്ടത് എന്റെ ചെലവില്‍...ഉണ്ണിയുടെയും കുഞ്ഞന്റെയും തോളില്‍ താങ്ങി ഒരുവിധം നടന്നു. കുറച്ചിരുന്നു. ദൂരെദൂരെ കനത്ത ഹിമപാളികള്‍, മറ്റു ഭാഗങ്ങളില്‍ തൂമഞ്ഞിന്‍ മേലാപ്പുകള്‍, അവയ്ക്കിടയില്‍ കടും പച്ച നിറത്തില്‍ പൈന്‍മരങ്ങള്‍. സംഘത്തിലെ മറ്റുള്ളവര്‍ നടക്കാന്‍ വയ്യെന്നു പറഞ്ഞ് അവിടെ കണ്ട പാറകളുടെ പുറത്തിരുന്നു വിശ്രമിച്ചു. ഞാന്‍ മഞ്ഞില് തെന്നിത്തെന്നി കുറെ ദൂരം ഒഴുകി നടന്നു.

വേദന താനറിയാതെ വിട്ടുമാറി. കൂടെ മനോജും സൈനികനും കാശ്മീരുകാരനുമായ ഷാഫിയും വന്നു.ഷാഫി പറഞ്ഞുകൊണ്ടിരുന്നു, അയാളുടെ ഭാര്യയെയും കുഞ്ഞുമോളെയും പറ്റി, സ്വന്തം നാടിനെ പറ്റി, അതിന്റെ ഋതുഭേദങ്ങളെ പറ്റി, ഈ സ്വര്‍ഗീയസൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ പറ്റി... പിന്നെയും നടക്കണമെന്നുണ്ടായിരുന്നു. പക്ഷേ കൂടെ വന്നവര്‍ ദൂരെ കാത്തിരിക്കുന്നത് പൊട്ടുപോലെ കാണാം.

ഞങ്ങളപ്പോള്‍ ചായക്കോപ്പയുടെ ആകൃതിയില്‍ താഴ്ന്നു കിടക്കുന്നൊരു മഞ്ഞിന്‍ താഴ്വരയിലായിരുന്നു. ചുറ്റും സ്വര്‍ഗം വരെ മുകളിലേക്കു നീണ്ടുകിടക്കുന്ന ഹിമശൈലങ്ങള്‍..തിരിച്ചുകയറുമ്പോള്‍ ഞങ്ങള്‍ സംസാരിച്ചില്ല. ആ ദൃശ്യമത്രയും ഹൃദയത്തിലേക്കാവാഹിക്കുകയായിരുന്നു.യാത്രപറയുമ്പോള്‍ ഷാഫി ചോദിച്ചു, വരില്ലേ , നിങ്ങളിനിയും..വരും..

അയാളുടെ മുഖത്ത് നിസ്സീമമായ സ്‌നേഹത്തിന്റെ ചിരി വിടര്‍ന്നു. ഞങ്ങള്‍ ഊഷ്മളമായി ഹസ്തദാനം ചെയ്തു.തിരിച്ച് ശ്രീനഗറിലെ ഹോട്ടലിലെത്തുമ്പോഴേക്കും തോള്‍വേദന കാരണം ഞാന്‍ അവശയായിരുന്നു. ഗത്യന്തരമില്ലാതെ സുഹൃത്ത് സുരേഷിനെ തന്നെ അഭയം പ്രാപിച്ചു. ദൂരെ, ജമ്മുവിലിരുന്നുകൊണ്ട് സുരേഷ് ശ്രീനഗറിലെ റോസ് പെറ്റലില്‍ എനിക്കായി ഒരു വൈദ്യനെ ഏര്‍പ്പെടുത്തിത്തന്നു.

ഞങ്ങള്‍ ഹോട്ടലില്‍ എത്തുമ്പോള്‍ തന്നെ മുന്നില്‍ കാത്തിരിപ്പുണ്ടായിരുന്നു, മരുന്നു കിറ്റ് സഹിതം ചികിത്സകന്‍. കുതിര ദേഹത്തു വീണ കഥ അയാള്‍ കൗതുകത്തോടെ കേട്ടു. തോള്‍ പരിശോധിച്ചു. മരുന്നു തന്ന് സമാധാനിപ്പിച്ചു, നോക്കാം, നാളെ രാവിലെയാവുമ്പോഴേക്കും മാറണം.മരുന്നു കഴിച്ചു കിടന്നു. കൈ സ്ലിങ്ങിലാണ്. രാത്രി വേദന സഹിച്ചുറങ്ങി. രാവിലെ കൈയില്‍ വേദനയുണ്ടെങ്കിലും നീരില്ലെന്നു കണ്ടപ്പോള്‍ സമാധാനമായി.ആ വേദനയും കൊണ്ട് കുറച്ചു ദിവസം നടന്നെങ്കിലും പരിക്ക് കൂടുതല്‍ ഗുരുതരമാവാതെ രക്ഷപ്പെട്ടു.

sonamarg
സോനാമാര്‍ഗ്‌

മലയിടിച്ചിലില്‍ മുടങ്ങി സോജിലാ
സോനമാര്‍ഗില്‍ നിന്ന് സോജിലാപാസ്സിലേക്കു(സോജിലാ ചുരം) പോകാനായിരുന്നു പരിപാടി. ആര്‍മിക്കു വേണ്ടി ചരക്കുവാഹനങ്ങള്‍ പോകുന്ന കാര്‍ഗില്‍-ദ്രാസ്സ് നാഷണല്‍ ഹൈവേയിലാണ് സോനമാര്‍ഗും സ്ഥിതി ചെയ്യുന്നത്. ശ്രീനഗറില്‍ നിന്ന് ഏതാണ്ട് 110 കിലോമീറ്റര്‍ ദൂരെയാണ് 11575 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോജിലാ ചുരം. ലോകത്തിലേറ്റവും അപകടരമായ ചുരം പാതകളിലൊന്നാണ് ശ്രീനഗര്‍-ലേഹ് ദേശീയപാത1 കടന്നു പോകുന്ന ഈ പ്രദേശം.

താപനില ഏറ്റവും താഴുന്ന സമയത്ത് ഈ പാത വര്‍ഷത്തില്‍ 150 ദിവസത്തോളം അടച്ചിടും. 1947-48 ഇന്ത്യ-പാക് യുദ്ധസമയത്ത് ലഡാക്ക് പിടിച്ചടക്കാനുള്ള ശ്രമത്തിനിടയില്‍ പാക്കിസ്താന്‍ സോജിലാ കൈയേറിയിരുന്നു. അന്ന് ഓപ്പറേഷന്‍ ബൈസണ്‍ എന്ന സൈനികനടപടിയിലൂടെ ആര്‍മി സോജിലാ തിരിച്ചു പിടിച്ചത് ചരിത്രമാണ്. അത്യത്ഭുതകരമായി ലോകത്തില്‍ ഏറ്റവും ഉയരമുള്ള സ്ഥലത്ത് ടാങ്കുകള്‍ ഉപയോഗിച്ച് യുദ്ധം ചെയ്ത് വിജയം കൈവരിച്ച ഇന്ത്യന്‍ ആര്‍മിയുടെ ധീരചരിത്രം കൂടിയാണത്.

യാത്രക്ക് നിയന്ത്രണങ്ങളുള്ള സോജിലാ ചുരം കാണാന്‍ സുരേഷ് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.സോനമാര്‍ഗില്‍ നിന്ന് പുറപ്പെടാന്‍ നേരത്താണ് ഞങ്ങളെ നിരാശയിലാഴ്ത്തി സുരേഷിന്റെ സന്ദേശം വന്നത്. യാത്ര സാധ്യമല്ല. കാലാവസ്ഥ അപകടകരമായി മാറിയിരിക്കുന്നു. വഴി മഞ്ഞു വീഴ്ചയും മഴയും കൊണ്ട് പ്രവചനാതീതമാണ്.

പൊതുവേ അപായം നിറഞ്ഞ റോഡ് മഴ കൂടി പെയ്തതോടെ ചെളിനിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നു. പാറക്കല്ലുകള്‍ അടര്‍ന്നു വീണ് വഴി തടസ്സപ്പെട്ട സാഹചര്യവുമുണ്ട്. കഷ്ടിച്ച് പത്തു കിലോമീറ്റര്‍ മാത്രം ആ വഴിയില്‍ മുന്നോട്ടു പോയി ആര്‍മി ക്യാമ്പുള്ള റോഡിന്റെ തുടക്കം കണ്ട് ഞങ്ങള്‍ ഹതാശരായി മടങ്ങി. മഴ കനത്തു പെയ്യാന്‍ തുടങ്ങിയിരുന്നു. ഞങ്ങളോടൊപ്പം ത്ധലം നദി വഴിയിലുടനീളം ദീര്‍ഘദൂരം ഒഴുകി വരുന്നുണ്ടായിരുന്നു.

(തുടരും......)

Content Highlights: beena govind kashmir diary part four

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented