ധിക സഫാരികളും ഇങ്ങനെയാണ്. വെളുപ്പിനേയുള്ള യാത്ര. പ്രതീക്ഷയുടെ ചിറകിലേറി ഉത്സാഹപൂര്‍ണമായ തുടക്കം. വഴിയില്‍ പലയിടത്തും ''ഇതാ ഇപ്പൊ പോയതേയുള്ളൂ'' എന്ന് വിളിച്ചോതുന്ന കാല്‍പ്പാടുകള്‍. പിന്‍തുടര്‍ന്നാല്‍ കാട്ടിലേക്ക് മറയുന്നവ. അടുത്തെവിടെയോ മുഴങ്ങി അന്തരീക്ഷത്തിലലിഞ്ഞ് ഇല്ലാതാകുന്ന അലാം കോളുകള്‍. കാത്തിരിപ്പ്, നിശ്ശബ്ദത. നിരാശയുടെ കാര്‍മേഘങ്ങള്‍ എവിടെയോ തലപൊക്കുന്നു. ഭാഗ്യദേവത കടാക്ഷിക്കുമോ? 

ബാന്ധവ്ഗഢിലെ യാത്രകളും വ്യത്യസ്തമായിരുന്നില്ല. രാമന്‍ ലക്ഷ്മണന് നല്കിയതത്രേ ഈ കോട്ട. ചരിത്രത്തിലും പുരാണങ്ങളിലും പ്രസക്തിയുള്ള സ്ഥ ലം. വിന്ധ്യാപര്‍വതനിരകളാല്‍ ചുറ്റപ്പെട്ട, പുല്‍മേടുകളും ജല
സ്രോതസ്സുകളും നിറഞ്ഞ മനോ ഹരമായ ഭൂപ്രദേശം. രാജാക്കന്മാര്‍ മൃഗയാവിനോദത്തിനായി മാറ്റിവെച്ചിരുന്ന ഇടം. വേട്ടയും കൈയേറ്റവും ഇവിടത്തെ വന്യ സമ്പത്ത് നാശത്തിന്റെ വക്കോളമെത്തിച്ചെങ്കിലും ചാര്‍ജര്‍-സിത ദമ്പതികളുടെ സന്തതിപരമ്പരകളിലൂടെ കരുത്താര്‍ജിച്ച മാര്‍ ജാരരാജാക്കന്മാര്‍ തന്നെയാണ് ഈ കോട്ടയുടെ ഇന്നത്തെ അധിപന്മാര്‍. കരുത്തുകൊണ്ടും ധൈര്യംകൊണ്ടും സൗന്ദര്യം കൊണ്ടും വന്യജീവിപ്രേമിക ളുടെ ഹൃദയം കീഴടക്കിയ പല കടുവകളുടെയും വാസസ്ഥലമാണ് ഇവിടം.

Bandhavgarh 2മേയ് മാസം. മധ്യഭാരതത്തില്‍ ഉഷ്ണക്കാറ്റ് നടമാടുന്ന കാലം. ആദ്യസഫാരി ഏറെക്കുറേ ആദ്യം സൂചിപ്പിച്ചതുപോലെത്തന്നെയായിരുന്നു. കാടും മേടും മലകളും വഴികളും ആസ്വദിച്ച് കാടുചുറ്റി. മാര്‍ജാരരാജന്റെ ഒരനക്കവുമില്ല. കാണാന്‍ കണ്ണുകളും കേള്‍ക്കാന്‍ കാതുകളും തയ്യാറെങ്കില്‍ ബാന്ധവ്ഗഢ് ഒരിക്കലും നമ്മെ നിരാശരാക്കില്ല.

കടുവകള്‍ക്കാണ് പ്രശസ്തമെങ്കിലും വിവിധയിനം പക്ഷികളുടെയും വന്യജീവികളുടെയും വാസസ്ഥലം കൂടിയാണ് ഇവിടം. പീലിവിരിച്ചാടുന്ന മയിലുകളും കുറിക്കണ്ണന്‍ കാട്ടുപുള്ളും (Orange-headed Thrush) നാക മോഹനും (Paradise flycatcher) കള്ളിക്കുയിലും (Sirkeer Malkoha) യുറേഷ്യന്‍ വയല്‍ക്കണ്ണനും (Eurasian Thick Knee) വയല്‍നാ DOOM (Lesser Adjutant Stork) ചെങ്ങാലിപ്രാവും (Turtle Dove) മീന്‍കൂമനും (Brown Fish Owl) കഴുകരാജനും (Read headed Vulture) നവവര്‍ണങ്ങളില്‍ കുളിച്ചു പാറിനടന്നിരുന്ന കാവിയും | (Indian Pitta) എല്ലാം ക്യാമറ ഷട്ടറിന് വിശ്രമം നല്‍കിയതേയില്ല. പ്രഭാതഭക്ഷണത്തിനുശേഷം ഒരു വെള്ളക്കെട്ടിനടുത്ത് കാത്തിരിക്കാന്‍ തീരുമാനിച്ചു. പാറിക്കളിക്കുന്ന നാകമോഹ നെയും മീന്‍പിടിക്കാനിരിക്കുന്ന പൊന്മാനെയും നോക്കിയിരിക്കുമ്പോഴാണ് ആരോ ''കടുവ' എന്ന് വിളിച്ചുപറഞ്ഞത്. നോക്കുമ്പോള്‍ കാട്ടില്‍നിന്ന് വെള്ളക്കെട്ടിനരികിലേക്ക് നടന്നുവരുന്നു, രണ്ടുവയസ്സോളം പ്രായമുള്ള ഒരു കടുവ. വെള്ളക്കെട്ടില്‍ വന്നു വെള്ളം കുടിച്ചശേഷം ഞങ്ങളുടെ ജീപ്പിന് തൊട്ടുമുന്നിലൂടെ നടന്നു.

Bandhavgarh 3

അത് കാട്ടിനുള്ളില്‍ മറഞ്ഞു. ഈ കാഴ്ചയുടെ അമ്പരപ്പ് മാറും മുന്‍പേ അതേ വഴിയിലൂടെ അതാ വരുന്നു മറ്റൊരു കടുവ. ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കി ആരെയോ പ്രതീക്ഷിക്കുന്ന പോലെയാണ് വരവ്. വെള്ളക്കെട്ടിനരികെയെത്തി ഇടയ്ക്കിടെ തലപൊക്കി ഞങ്ങളെ നോക്കി. വെള്ളംകുടിച്ച് ഏറെ നേരം മരത്തണലില്‍ വിശ്രമിച്ചശേഷം അത് ചെടികള്‍ക്കിടയില്‍ മറഞ്ഞു. മഹാമന്‍ കുടുംബത്തിലെ പ്രായപൂര്‍ത്തിയാവാറായ കടുവകളായിരുന്നു രണ്ടുപേരും. കുറച്ചുനേരം കൂടി കാത്തിരുന്നാല്‍ അമ്മയെയും മറ്റൊരു കുട്ടിയെയും കാണാനായേക്കും. എന്നാല്‍ സമയപരിമിതി കാരണം അന്നത്തെ സഫാരി അവ സാനിപ്പിക്കേണ്ടി വന്നു.

പിന്നീടുള്ള സഫാരികള്‍ ഏറെ രസകരമായിരുന്നു. ഒരു വെള്ളക്കെട്ടിനടുത്ത് കാത്തിരിക്കുമ്പോഴാണ് അകലെനിന്ന് അലാം കോള്‍ കേള്‍ക്കുന്നത്. ശബ്ദം കേട്ടയിടം ലക്ഷ്യമാക്കി നീങ്ങി. മരത്തിനിടയിലൂടെ ജീപ്പുകളെയെല്ലാം ശ്രദ്ധിച്ചുകൊണ്ട് അതാ വരുന്നു ഒരു കടുവ. കുറച്ചുനേരം അതിനെ പിന്തുടര്‍ന്നപ്പോഴാണ് അമ്മയ്‌ക്കൊപ്പമെത്താന്‍ പാടുപെട്ടോടുന്ന നാല് കുഞ്ഞുങ്ങളെ കണ്ടത്. പഞ്ഞിക്കെട്ടുപോലെയുള്ള രണ്ടാ മൂന്നോ മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍.

റോഡരികിലെത്തിയപ്പോള്‍ അമ്മക്കടുവ ഒന്ന് നിന്നു. വണ്ടികളെയൊക്കെ ഒന്ന് നോക്കി. മക്കള്‍ ഒപ്പമെത്തി എന്നുറപ്പുവ രുത്തി പതുക്കേ മറുവശത്തേക്കു നീങ്ങി. ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും അമ്മയെപ്പോലെ ഒന്ന് ഗൗരവത്തില്‍ നോക്കിയാണ് അവരും റോഡിനു കുറുകേ നടന്നത്. ഇടയ്ക്ക് പല്ലെല്ലാം കാട്ടി ഒന്ന് പേടിപ്പിക്കാനും ഒരാള്‍ മറന്നില്ല.

Bandhavgarh 4
മാന്‍കൂട്ടത്തിനുനേരെ നടന്നടുക്കുന്ന സോളോയും കുഞ്ഞുങ്ങളും

വൈകീട്ടുള്ള സഫാരിയില്‍ ഒരുപക്ഷേ, ഡോട്ടി എന്ന കടുവയെയും കുട്ടികളെയും കാണാനായേക്കുമെന്നായിരുന്നു. പ്രതീക്ഷ. ഡോട്ടിയുടെ ടെറിട്ടറി ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് വഴിയരികില്‍ വാലുപൊക്കി മണം പിടിച്ചു ജാഗരൂകനായി നില്‍ക്കുന്ന ഒരു മ്ലാവ് ശ്രദ്ധയില്‍ പെട്ടത്. ഇവിടെയെവിടെയോ കടുവയുടെ സാന്നിധ്യമുണ്ടല്ലോ എന്ന് പറഞ്ഞപ്പോഴേക്കും കുറച്ചു ദുരെയായി മഞ്ഞയിലെ കറുപ്പ് വരകള്‍ തെളിഞ്ഞുകാണാന്‍ തുടങ്ങി. മരങ്ങള്‍ക്കിടയിലൂടെ അത് നടന്നടുത്തപ്പോള്‍ അതിനൊപ്പം കുഞ്ഞുങ്ങളുമുണ്ട്. വീണ്ടും നാലുകുഞ്ഞുങ്ങള്‍, മൂന്നോ നാലോ മാസം പ്രായം കാണും. മുന്നിലുള്ള വാഹനങ്ങളെ ഒട്ടും കൂസാതെ അവയ്ക്കിടയിലൂടെ കുറച്ചകലെയുള്ള കുളം ലക്ഷ്യമാക്കി അമ്മക്കടുവ നീങ്ങി. മുളങ്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞങ്ങളെ പാളിനോക്കി, നാലുപേരും അമ്മയ്‌ക്കൊപ്പം നടന്നുനീങ്ങി.

വിശാലമായ പുല്‍മേടായിരുന്നു അത്. നടുവില്‍ ഒരു കുളവും. പുല്‍മേട്ടില്‍ നിറയെ മാനുകള്‍. ആരും ഇവരുടെ വരവ് ശ്രദ്ധിച്ചിട്ടില്ല. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. എവിടെനിന്നോ ഒരു അലാം കോള്‍ മുഴങ്ങി. നിമിഷങ്ങള്‍ക്കകം മാന്‍കൂട്ടം അവിടെനിന്നപ്രത്യക്ഷരായി. അമ്മക്കടുവയും കുഞ്ഞുങ്ങളും വെള്ളത്തിലിറങ്ങി. മക്കളെ വെള്ളത്തില്‍ കളിക്കാന്‍ വിട്ടശേഷം അമ്മക്കടുവ കുളക്കരയില്‍ പുല്‍ക്കൂട്ടത്തിനുള്ളില്‍ വിശ്രമിക്കാന്‍ പോയി. നാലുപേരും ഏറെനേരം വെള്ളത്തിലും കരയിലുമായി കളിച്ചും കലഹിച്ചും ചെലവഴിച്ച ശേഷം അമ്മയ്‌ക്കൊപ്പം പുല്‍മേട്ടില്‍ മറഞ്ഞു.

നേരം സന്ധ്യയോടടുക്കുന്നു. ഡോട്ടിയെ കാണാന്‍ കൂടി ഒന്ന് ശ്രമിച്ചേക്കാം. ഞങ്ങളെത്തുമ്പോഴേക്കും ജീപ്പുകള്‍ അവിടെ നിറഞ്ഞിരുന്നു. പോക്കുവെയി ലില്‍ സ്വര്‍ണാഭയോടെ ഡോട്ടി മുളങ്കൂട്ടത്തില്‍നിന്ന് പുറത്തിറങ്ങി. ശ്രദ്ധയോടെ പിന്‍കാലുകളിറക്കി വെള്ളത്തിലിറങ്ങി. ഇളംവെയില്‍ കാഞ്ഞു. തെളിനീര്‍ കുടിച്ചു. ചുറ്റും പാറുന്ന ഈച്ചകളെ വാല്‍ വീശിയാട്ടി. ഇടയ്ക്കിടെ ക്യാമ റകളിലേക്കെല്ലാം ഒന്ന് നോക്കി ഉച്ചമയക്കത്തിന്റെ ആലസ്യം മാറിയില്ലെന്നവണ്ണം കോട്ടുവായ ഇട്ട് കുറച്ചുനേരം അവിടെയിരുന്ന ശേഷം പുല്‍മേടിനെ ലക്ഷ്യമാക്കി നീങ്ങി. കുറച്ചകലെയായി ഇതൊന്നും ശ്രദ്ധിക്കാതെ ഒരു കാട്ടുപന്നി നില്‍ക്കുന്നുണ്ട്. ഡോട്ടി ഒന്ന് നിന്നു. പുല്ലിനിടയിലൂടെ പതുങ്ങി ഇരയെ ലക്ഷ്യമാക്കി നീങ്ങി. ഒരു വേട്ട കാണാനുള്ള ഭാഗ്യം!

തിരിച്ചുപോകാനുള്ള സമയമായി എന്ന് ഗൈഡ് ഓര്‍മിപ്പിച്ചു. പിന്നീടുള്ള സഫാരികളില്‍ വേറെയും ചില അമ്മക്കടുവകളെ കാണാന്‍ സാധിച്ചു. തന്റെ കുഞ്ഞുങ്ങളുമായി സധൈര്യം വണ്ടികള്‍ക്കുമുന്‍പിലൂടെ നടന്നുപോയിരുന്ന ഡോട്ടിയുടെ സഹോദരി പോട്ടി എന്ന കടുവ ബാന്ധവ്ഗഢിലെ ആകര്‍ഷണ കേന്ദ്രമായിരുന്നു. അടുത്തിടെയാണ് കുഞ്ഞുങ്ങളെയെല്ലാം മറ്റൊരു കടുവ കൊന്നുകളഞ്ഞത്. അത് കാടിന്റെ നിയമം. വനപാലകരുടെയും പ്രകൃതിസ്‌നേഹികളുടെയും പ്രവര്‍ത്തനഫലമായി കടുവകളുടെ എണ്ണം ഇവിടെ  വര്‍ധിച്ചിരിക്കുന്നു. ഭക്ഷ്യശൃംഖലയുടെ നെറുകയില്‍ നില്‍ക്കുന്ന കടുവകളുടെ എണ്ണം വനസമ്പത്തിനെയാണ് സൂചിപ്പി ക്കുന്നത്. ഇവിടെക്കണ്ട അമ്മക്കടുവകളും കുഞ്ഞുങ്ങളും ഒരു നല്ല ഭാവിയെയാണ് സൂചിപ്പിക്കുന്നത്.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Bandhavgarh Safari, Forest Safari, Madhyapradesh Tourism, Mathrubhumi Yathra