ധീരതയുടെയും വീര്യത്തിന്റെയും വിജയത്തിന്റെയും പലായനത്തിന്റെയും ഏടുകളും മുഖപ്പുകളും ഇത്രേത്തോളം അവശേഷിപ്പിച്ചൊരു ഭൂമിക വേറെയുണ്ടോന്ന് ബദാമിയും പട്ടടക്കലും തോന്നിപ്പിച്ചാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല. ചരിത്രത്തെ ആവാഹിച്ച അവിടുത്തെ കല്ലുകളും മണ്ണും നിര്‍മിതികളും ചാലൂക്യരുടെ തേര്‍വേഗത്തിന്റെയും ചുവന്നകല്ലില്‍ അവര്‍ വിരിയിച്ചെടുത്ത കലാപ്രപഞ്ചത്തിന്റെയും കഥ പറയുന്നു. കര്‍ണാടകയിലെ ബാഗല്‍ക്കൊട്ട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഭൂപ്രേദേശം ബദാമി ചാലൂക്യരുടെ രാജ്യതലസ്ഥാനമായിരുന്നു. വാതാപി എന്നും അറിയപ്പെട്ടിരുന്ന ഇവിടം പുരാണത്തിലെ അഗസ്ത്യമഹര്‍ഷിയുടെയും വാതാപിയുടെയും ഏടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാന്‍. ബദാമിയിലെ അഗസ്ത്യതടാകം ഇതു സാക്ഷ്യപ്പെടുത്തുന്നു.
ബാംഗ്ലൂര്‍ നിന്ന് ബസിലോ ട്രെയിനിലോ (സോനാപ്പൂര്‍ ഗോള്‍ഗുംബാസ് എക്‌സ്പ്രസ്സ്) ഒരു രാത്രികൊണ്ടു ബദാമിയില്‍ എത്തിച്ചേരാം. അപ്പൂപ്പന്‍താടിയെന്ന വനിതാ യാത്രാക്കൂട്ടായ്മയുടെ യാത്രികരായാണ് ഞങ്ങള്‍ പോയത്. പതിവുപോലെ 6:50നു ബാംഗ്ലൂരില്‍ നിന്നു പുറപ്പെടേണ്ട ഗോല്‍ഗുംബാസ് എക്‌സ്പ്രസ്സില്‍ 6:48നു കയറി വീണ്ടും ഞങ്ങള്‍ ( ഞാനും പൊന്നിയും, ഈ പോസ്റ്റിലെ പടങ്ങള്‍ക്ക് കടപ്പാട്: പൊന്നി സിറിയക്കിനാണ്) ധീരമാതൃകയായി. ഞങ്ങളെ കടത്തിവെട്ടിയ ധീരയുണ്ടെന്നു പിന്നീടു അറിഞ്ഞു. ട്രെയിന്‍ എടുത്തതിനു ശേഷം സ്റ്റേഷനില്‍ എത്തിയ ചാള്‍സ് ശോഭരാജിന്റെ പാരമ്പര്യത്തില്‍പ്പെട്ടൊരു ധൈര്യശാലി. മൂന്ന് മണിക്കൂര്‍ വൈകി ബദാമി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങളെ എതിരേറ്റത് കാലെടുത്തു വെച്ചപ്പോള്‍ ആഴ്ന്നുപോകുന്ന ചുവന്നമണലാണ്. ചുവപ്പു രാശിക്കൂടിയ മണ്ണും ചുവന്ന മണല്‍കല്ലുകളുമാണ് ബദാമിയുടെ മുഖമുദ്ര. ബദാമിന്റെ നിറമുള്ള കല്ലുകളാവാം ഒരുപക്ഷെ ഈ ദേശത്തിനു ബദാമിയെന്ന പേര് ചാര്‍ത്തികൊടുത്തത്.
ചാലൂക്യ രാജവംശത്തിലെ അതികായരായ പുലികേശി, മംഗലേശ, കീര്‍ത്തിവര്‍മന്‍, വിക്രമാദിത്യന്‍ തുടങ്ങിയവരുടെ ശാസനങ്ങള്‍ അടങ്ങിയ ഗുഹാക്ഷേത്രങ്ങളും, ശിലകളും, ഇവയില്‍ ചിലതു ബദാമി മ്യൂസിയത്തിലും സംരക്ഷിച്ചിരിക്കുന്നു. ബദാമിയിലെ ചരിത്രസ്മാരകങ്ങള്‍ അഗസ്ത്യതടാകത്തിന്റെ ഇരുപുറങ്ങളിലുമായി ചിതറിക്കിടക്കുന്നു. ദക്ഷിണഭാഗത്തു സ്ഥിതി ചെയ്യുന്ന നാലു ഗുഹാക്ഷേത്രങ്ങളാണ് ബദാമിയുടെ തലയെടുപ്പ്. ഒന്നാം ഗുഹക്ഷേത്രത്തില്‍ ശിവന്‍ ലിംഗരൂപത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പതിനെട്ടു കൈകളുള്ള അപൂര്‍വമായ നടരാജരൂപം ഇവിടെ കാണാന്‍ കഴിയും. വിഷ്ണുവിനായി പണികഴിപ്പിച്ചതാണ് രണ്ടാം ഗുഹാക്ഷേത്രം. പാലാഴിമഥനത്തിന്റെ വിവിധ ഏടുകള്‍ ശില്‍പങ്ങളില്‍ അതീവമിഴിവോടെ ചാലൂക്യരുടെ രാജശില്‍പികള്‍ കൊത്തിവെച്ചിരിക്കുന്നു. മൂന്നാം ഗുഹാക്ഷേത്രവും വിഷ്ണുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചു നിര്‍മിച്ചിട്ടുള്ളതാകുന്നു. ക്ഷേത്രങ്ങളില്‍ ഏറ്റവും ചെറുതാണ് നാലാമത്തേതായ പൂര്‍ത്തീകരിക്കാത്ത ജൈന ക്ഷേത്രം. അഗസ്ത്യതടാകത്തിന്റെ ഉത്തരഭാഗത്താണ് അപ്പര്‍ ശിവാലയയും, ലോവര്‍ ശിവാലയയും.
ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പട്ടടക്കല്‍, ബദാമിയില്‍ നിന്നു 22 കി.മി. മാറി മണല്‍കല്ലില്‍ തീര്‍ത്ത മറ്റൊരു മാസ്മരികതയാണ്. ദ്രാവിഡ -നാഗരിക സംയോജിത ശൈലിയില്‍ തീര്‍ത്ത പത്തു ക്ഷേത്രങ്ങളാണു പട്ടടക്കലുള്ളത്. പല്ലവരെ തുരത്തിയ ചാലൂക്യ രാജാവ് വിക്രമാദിത്യന്‍ തന്റെ മകന്റെ പട്ടാഭിഷേകത്തിനായി മാലപ്രഭാ നദീതീരത്തുള്ള പട്ടടക്കലാണ് തിരഞ്ഞെടുത്തത്. മാലപ്രഭയുടെ ആഴങ്ങളില്‍ നിന്നു മുക്കിയെടുത്ത പച്ചകല്ലുകളാല്‍ ആണ് ഇവിടുത്തെ വിഗ്രഹങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഗലഗളനാഥ, കാശിവിശ്വേശര, ജംബുലിംഗ ക്ഷേത്രങ്ങള്‍ കൊത്തുകലയുടെ മറുകരയിലേക്കു നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു. പല്ലവരുടെ മേല്‍ തങ്ങള്‍ നേടിയ വിജയചരിത്രം കാലത്തിന്റെ തേരോട്ടത്തില്‍ മായ്ക്കപ്പെടാതിരിക്കാന്‍ ചാലൂക്യരാജ്ഞിമാര്‍ പണികഴിപ്പിച്ച വിരൂപാക്ഷ ക്ഷേത്രത്തിലും, മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലും പണിത ശില്‍പികളുടെ പേര് കൊത്തിവെപ്പിക്കാന്‍ അവര്‍ മറന്നില്ല.
ആദ്യകാല ചാലൂക്യരുടെ തലസ്ഥാനമായിരുന്നു ഐഹോള്‍. ആര്യാപുര ശാസനങ്ങള്‍ക്കും, എണ്ണമറ്റ ക്ഷേത്രസമുച്ചയങ്ങള്‍ക്കും പേര് കേട്ടതാകുന്നു. മല്ലികാര്‍ജുജുന്‍, രാവണഫാടി, ലധ്കന്‍, ഹച്ചമല്ലി തുടങ്ങിയ സമുച്ഛയങ്ങള്‍ സമസ്ത പ്രപഞ്ചങ്ങളെയും ആവാഹിച്ച ശില്പചാതുര്യതയുടെ പെരുമ വിളിച്ചോതുന്നു. ബദാമിയുടെ വര്‍ത്തമാനകാലം ഈ ഊഷര ഭൂമിയിലെ ചുവന്നനിലങ്ങളില്‍ കടുകും കരിമ്പും ചോളവും വിളയിക്കുന്ന തീയില്‍ ചുട്ടെടുത്ത കളിമണ്‍ രൂപങ്ങള്‍ പോലെയുള്ള ഒരു കൂട്ടം മനുഷ്യരുടേതാണ്. പടയോട്ടങ്ങളെയും കലയെയും ഒരുപോലെ സ്‌നേഹിച്ചിരുന്ന രാജാക്കന്മാര്‍ വാണിരുന്ന വീഥികളിലൂടെ ആടുകളെയും നയിച്ചു കൊണ്ടു ചരിത്രത്താളുകളില്‍ ഇടംപിടിക്കാത്ത ജീവിതയുദ്ധം ചെയ്യുന്നു അവര്‍.
Content Highlights: Badami Travel, Appoppanthadi Flyhigh, Women Travel