കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം രീതിയിൽ തൃശ്ശൂർ ചിറ്റിലപ്പിള്ളിയിലെ വീട്ടിലിരുന്നു മുഷിഞ്ഞപ്പോൾ ആത്മജ് പാലക്കാട്ടെ കൂട്ടുകാരനായ അലനെ വിളിച്ചു. ചോദ്യമിതായിരുന്നു- ഞാൻ എവറസ്റ്റിലേക്ക് പുറപ്പെടുന്നു. കൊടുമുടി കീഴടക്കലാണ് ലക്ഷ്യം. നടക്കില്ലെന്നറിയാം. പരമാവധി ദൂരം കീഴടക്കും തിരികെ പോരും. കൂടെ വരുന്നോ?

അമേരിക്കൻ ഐ.ടി. കമ്പനിയിൽ ഡേറ്റാ സയന്റിസ്റ്റായ 25 -കാരൻ ആത്മജും ഹൈദരാബാദിലെ ഐ.ടി. കമ്പനിയിൽ ജീവനക്കാരനായ 23 -കാരൻ അലനും എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങിയത് നവംബർ 15-നാണ്. വിമാനത്തിൽ കാഠ്മണ്ഡുവിലെത്തി അവിടെനിന്ന് എട്ടുദിവസം നടന്ന് സമുദ്രനിരപ്പിൽ നിന്ന് 5365 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. തുടർയാത്രയ്ക്ക് കടമ്പകളേറെയാണ്. ചുരുങ്ങിയത് 50 ലക്ഷം രൂപ വേണം. അടുത്ത യാത്രയിൽ പണം സമ്പാദിച്ച് കൊടുമുടി കീഴടക്കാമെന്ന ആത്മവിശ്വാസവുമായി ഇരുവരും മടങ്ങി. നവംബർ 29-ന് നാട്ടിലെത്തി.

ഒരു ചെറു ട്രക്കിങ് എന്നുപറഞ്ഞ് വീട്ടിൽനിന്ന് പുറപ്പെട്ട ആത്മജ് എവറസ്റ്റിന്റെ ബേസ് ക്യാമ്പിലെത്തിയാണ് മടങ്ങിയതെന്നറിഞ്ഞപ്പോൾ മാതാപിതാക്കൾക്ക് അതിശയം.

Aatmaj
ആത്മജ് അച്ഛൻ‍ ജനാർദനൻ അമ്മ ഷീല എന്നിവർക്കൊപ്പം

നാല് പതിറ്റാണ്ടായി ഡൽഹി നഗര ജീവിതത്തിന്റെ സ്പന്ദനങ്ങൾ അറിയുന്ന പ്രശസ്ത ഫോട്ടോഗ്രാഫറാണ് അച്ഛൻ പി.ജി. ജനാർദനൻ. ഡൽഹിയിൽ ഫോട്ടോഗ്രാഫിക്സ് എന്ന സ്ഥാപനം നടത്തുന്ന ജനാർദനനെ അറിയാത്ത ‍ഡൽഹി മലയാളികളില്ല.

Aatmaj 2
ആത്മജ് എവറസ്റ്റ് ബേസ് ക്യാമ്പിൽ

കോവിഡ് കാലത്ത് ചിറ്റിലപ്പിള്ളിയിലെ വീട്ടിലേക്ക് ബെംഗളൂരുവിൽനിന്ന് 2020 ജൂലായിൽ എത്തിയതാണ് ആത്മജ്. അതേ സമയത്താണ് ഡൽഹിയിലും കോവിഡ് രൂക്ഷമായി ജനാർദനനും ഭാര്യ ഷീലയും ചിറ്റിലപ്പിള്ളിയിലെ വീട്ടിലെത്തിയത്.

പന്ത്രണ്ടാം ക്ലാസ് പഠനംകഴിഞ്ഞ് ഡൽഹിയിൽനിന്ന് 2014-ൽ കേരളത്തിലേക്ക് ബി.ടെക് പഠനത്തിനായി വന്ന ആത്മജും മാതാപിതാക്കളും പിന്നീട് ഒരുമിച്ച് താമസം തുടങ്ങിയത് ഈ കോവിഡ് കാലത്താണ്.

എവറസ്റ്റ് ലക്ഷ്യമിട്ടുള്ള യാത്ര പ്ലാൻ ചെയ്യുന്ന കാലത്താണ് എവറസ്റ്റിലേക്ക് പോയ മലപ്പുറത്തെ യുവാവ് കൊടുമുടിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. അതിനാലാണ് ആത്മജ് വീട്ടുകാരോട് യാത്രക്കാര്യം പറയാതിരുന്നത്.

ഗോരഖ്പുരിൽ വിമാനമിറങ്ങവേ പരിചയപ്പെട്ട ഗൂർഖാ റൈഫിൾസിലെ ധാപ്പ നേപ്പാൾ അതിർത്തി കടക്കാനും വഞ്ചിക്കപ്പെടാതിരിക്കാനും സഹായിച്ചതും കാൽനടയാത്രയുടെ മൂന്നാംനാൾ പരിചയപ്പെട്ട ഫ്രാൻസുകാരനായ ഫിലിപ്പ് കൈയഴിഞ്ഞ് സഹായിച്ചതും ഒരു ദിവസം 400 മീറ്ററിൽ കൂടുതൽ കുന്നുകയറ്റം പാടില്ലെന്ന എവറസ്റ്റ് കുന്നുകയറ്റ നിയമം പഠിച്ചതുെമല്ലാമാണ് ആത്മജിന്റെ നല്ല അനുഭവങ്ങൾ.

Content Highlights: Atmaj's everest base camp travel, everest hiking