കോഴിക്കോട്: ആര്യന്മാരുടെ പിന്‍തലമുറയെന്നവകാശപ്പെടുന്ന ഒരു ജനവിഭാഗം കശ്മീരിലെ മലമടക്കുകളില്‍ ഇപ്പോഴുമുണ്ട്. ശരീരവടിവും ജീവിതരീതികളുമാണ് ഇവരെ വേറിട്ട് അടയാളപ്പെടുത്തുന്നുന്നത്. കാര്‍ഗിലില്‍നിന്ന് ഏതാണ്ട് 130 കിലോമീറ്റര്‍ വടക്കുകിഴക്കായി ദാ, ഹനു (ഹനു ഗോമ, ഹനു യോഗ്മ), ദാര്‍ചിക്, ഗാര്‍കോണ്‍ എന്നീ ഗ്രാമങ്ങളിലാണ് താമസം.
സിന്ധുനദിയുടെ കരയിലായി ബാള്‍ട്ടിസ്താനിലേക്കുള്ള പാതയിലാണ് ഈ ഗ്രാമങ്ങള്‍. അലക്‌സാണ്ടറുടെ സൈന്യത്തോടൊപ്പം റോമില്‍നിന്ന് കുടിയേറിയ ആര്യന്മാരുടെ പിന്‍തലമുറക്കാരാണിവരെന്നു കരുതപ്പെടുന്നു. അലക്‌സാണ്ടര്‍ മടങ്ങിയപ്പോള്‍ പടയാളികളും മറ്റുചിലരും ഇവിടെ തങ്ങിയെന്നാണു വിശ്വാസം.
ആര്യന്മാരുടെ കുടിയേറ്റം തടയാന്‍ ഗില്‍ജിത്തിലെ രാജാവ് വംശഹത്യയ്‌ക്കൊരുങ്ങുന്നതറിഞ്ഞ് കുറെ പേര്‍ കാര്‍ഗിലിലൂടെ ദായിലേക്കു രക്ഷപ്പെട്ടു. അവര്‍ ദാ, ഹനു, ഗാര്‍കോണ്‍, ദാര്‍ചിക് എന്നീ ഗോത്രഗ്രാമങ്ങളുണ്ടാക്കി. ഇവരുടെ പിന്‍ഗാമികള്‍ ഇന്നും പഴയ ആ വംശശുദ്ധിയില്‍ വിശ്വസിക്കുന്നു.
സ്വയം മിനാരോ എന്നു വിശേഷിപ്പിക്കുമ്പോള്‍ മറ്റു ലഡാക്കികള്‍ അവരെ ബ്രോക്പ എന്നാണു വിളിക്കുന്നത്. ബ്രോക്പകളുടെ ജീവിതത്തെ വിശദമായി പരിചയപ്പെടുത്തുന്ന വിവരണവും അപൂര്‍വ ചിത്രങ്ങളുമടങ്ങിയ യാത്രാനുഭവം മാതൃഭൂമി യാത്ര മാസികയുടെ ഓഗസ്റ്റ് ലക്കത്തില്‍ വായിക്കാം.
ഗുരുവായൂര്‍ സ്വദേശിയായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ സാജിദ് അബൂബക്കറാണ് ഇവരുടെ ജീവിതം പകര്‍ത്തിയത്. ശരീരഭാഷയില്‍ മാത്രമല്ല വസ്ത്രധാരണത്തിലും വ്യത്യസ്തരാണ് ബ്രോക്പകള്‍. ബുദ്ധമതം വേരുറപ്പിക്കുന്നതിനുമുന്‍പ് 'ബോണ്‍' പരമ്പരാഗത മതവിശ്വാസമാണ് അവര്‍ പിന്തുടര്‍ന്നിരുന്നത്.
ബുദ്ധമതം പിന്തുടരുന്നുവെങ്കിലും ബ്രോക്പകള്‍ തങ്ങളുടെ ദേവനായ 'ലാ'യെ ആരാധിക്കുകയും ഉത്സവകാലത്ത് ദേവന് ആടുകളെ ബലിനല്‍കുകയും ചെയ്യാറുണ്ട്. സ്വന്തമായി നട്ടുവളര്‍ത്തുന്നവ മാത്രമേ ഭക്ഷിക്കൂ. പച്ചക്കറി, പഴം തുടങ്ങിയ കൃഷിയില്‍നിന്നുള്ള വരുമാനമാണ് ജീവിതമാര്‍ഗം.
2006-ലാണ് ആര്യന്‍ ജീനുകളെ തേടി ലഡാക്കിലെത്തുന്ന ജര്‍മന്‍ വനിതകളെക്കുറിച്ച് 'ആര്യന്‍ സാഗ' എന്നപേരില്‍ സഞ്ജീവ് ശിവന്റെ

ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ലോകത്ത് നിലനില്‍ക്കുന്നതില്‍ ബ്രോക്പ മാത്രമാണ് വംശശുദ്ധിയുള്ള ഏക ആര്യന്‍ വിഭാഗമെന്ന ഗവേഷണഫലത്തെത്തുടര്‍ന്ന് അവരില്‍നിന്നു ഗര്‍ഭം ധരിക്കാന്‍ ജര്‍മന്‍ വനിതകള്‍ ലഡാക്കിലെത്തിയത്. ആര്യന്‍ വംശത്തിന്റെ ഭാഗമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ജര്‍മന്‍കാര്‍.
Content Highlights: Aryans,Kashmir Valley, Brokpa tribe of Ladakh